സിഎച്ച്ആർ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ആർജവം കാട്ടേണ്ട അവസാനദിനങ്ങളാണിത്. അതീവ ഗൗരവത്തോടെ മുഖ്യമന്ത്രി നേരിട്ടിടപെട്ട് ജനപക്ഷത്തുനിന്ന് തീരുമാനമെടുക്കുകയും അത് കുറ്റമറ്റരീതിയിൽ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അല്ലെങ്കിൽ കേരളം ഇതുവരെ കാണാത്തരീതിയിലുള്ള കുടിയിറക്കിനായിരിക്കും ഇടുക്കി സാക്ഷ്യംവഹിക്കുക.
ഭൂപ്രശ്നങ്ങളുടെ അഴിയാക്കുരുക്കുകളിൽപ്പെട്ടുഴലുന്ന ഇടുക്കിയിലെ ജനങ്ങളെ സഹായിക്കാൻ ആരുമില്ലേ? ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടുക്കിയിലെ നാൽക്കവലകളിൽ പറയുന്നതൊന്നും ഭരണ സിരാകേന്ദ്രങ്ങളിലും അതുവഴി സുപ്രീംകോടതിയിലും എത്തുന്നില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെയും സിഎച്ച്ആർ ഉൾപ്പെടെയുള്ള ഭൂമിപ്രശ്നങ്ങളുടെയും കാര്യത്തിൽ ഇടുക്കിയിലെത്തുമ്പോൾ നാട്ടുകാർക്കൊപ്പമെന്ന് ആണയിടുന്നവർ, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഹൈറേഞ്ചിൽനിന്നിറങ്ങിയാൽ പറഞ്ഞതൊക്കെ മറക്കുന്നുവെന്നതും ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു.
എന്നാൽ, കാർഡമം ഹിൽ റിസർവ് (സിഎച്ച്ആർ) എന്ന സംരക്ഷിത ഏലം മേഖലയുടെ കാര്യത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പം ശക്തമായി നിലകൊണ്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കേരളത്തിനുതന്നെ താങ്ങാനാവില്ലെന്നു തിരിച്ചറിയുന്നത് നന്നായിരിക്കും.
പരിസ്ഥിതിയുടെ പേരിൽ കടലാസ് സംഘടനകളുണ്ടാക്കി ദുരൂഹമായി കേസുകൾ നടത്തുന്നവർക്കൊപ്പം വനംവകുപ്പിനെ കയറൂരിവിടുന്ന സർക്കാർ സമീപനമാണ് സിഎച്ച്ആർ വിഷയത്തിലെ ജനവിരുദ്ധത. ഇതു തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി ഗൗരവതരമായ ഇടപെടൽ നടത്താൻ വൈകരുത്.
1822ലെ രാജവിളംബര പ്രകാരം ഏലമല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നതിൽ 2,10,000 ഏക്കര്‍ വനഭൂമിയാണെന്നാണ് കോടതിയില്‍ പരിസ്ഥിതി സംഘടനയുടെ പേരില്‍ നല്‍കിയിരിക്കുന്ന കേസ്. രാജവിളംബരത്തില്‍ 15,720 ഏക്കറാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മുഴുവന്‍ പ്രദേശവും വനമാണെന്നാണ് പരാതിക്കാരും ഇവരെ പിന്തുണയ്ക്കുന്ന ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയും വാദിക്കുന്നത്.
1980ലെ കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍ ഈ പ്രദേശത്തെ ഉള്‍പ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം. 1980ലെ കേന്ദ്ര വനനിയമം ഭേദഗതി ചെയ്ത് 2023ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഭേദഗതിയനുസരിച്ച് 1996 ഡിസംബര്‍ 12 വരെ തരംമാറ്റല്‍ നടത്തിയിട്ടുള്ള വനഭൂമിയെ വനനിയമത്തില്നിന്ന് ഒഴിവാക്കി.
എന്നാൽ, ഈ നിയമത്തിന്റെ പരിരക്ഷയും സിഎച്ച്ആറിനു നിലവില്‍ ലഭിക്കില്ല. 1996നു ശേഷം സിഎച്ച്ആര്‍ വനമാണെന്ന് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ സംസ്ഥാനം കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ് കാരണം.
2022ല്‍ വനംമന്ത്രി നിയമസഭയില്‍ നല്കിയ രേഖകളിലും 2006ലും 2007ലും സര്‍ക്കാര്‍ നല്കിയ രേഖകളിലും സിഎച്ച്ആര്‍ വനമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വനം, റവന്യു വകുപ്പുകള്‍ വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ അതു പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടറിയിക്കാനാണ് സുപ്രീംകോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎച്ച്ആര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം നൽകാൻ ഈ മാസം 23 വരെയാണ് സുപ്രീംകോടതി സാവകാശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 15നകം നിലപാടറിയിക്കാന്‍ സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതിന് സര്‍ക്കാര്‍ തയാറായില്ല.
സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതു ധിക്കരിച്ചതിന്റെ പേരില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍ക്കുമെതിരേ കോടതിയലക്ഷ്യത്തിനു നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ജൂലൈ 24ന് നടത്തിയ സിറ്റിംഗില്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ഓഗസ്റ്റ് 22ന് ഉദ്യോഗസ്ഥര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്കി. കേസ് ഈ മാസം 23നു പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിക്കണം.
സിഎച്ച്ആർ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ ആർജവം കാട്ടേണ്ട അവസാനദിനങ്ങളാണിത്. അതീവ ഗൗരവത്തോടെ മുഖ്യമന്ത്രി നേരിട്ടിടപെട്ട് ജനപക്ഷത്തുനിന്നു തീരുമാനമെടുക്കുകയും അത് കുറ്റമറ്റ രീതിയിൽ കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
അല്ലെങ്കിൽ കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള കുടിയിറക്കിനായിരിക്കും ഇടുക്കി സാക്ഷ്യം വഹിക്കുക. 1910 മുതല്‍ സിഎച്ച്ആര്‍ റവന്യു ഭൂമിയാണെന്നതിനു രേഖകളുണ്ട്. ഏലം കൃഷിക്കായി റവന്യു ഓഫീസറെ നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവുകളും 1958ലെ കേരളത്തിന്റെ ഉത്തരവുകളും രേഖകളിലുണ്ട്.
1958ല്‍ സിഎച്ച്ആറിന്റെ അവകാശം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനംവകുപ്പിനുമായി ചുമതലപ്പെടുത്തിയുള്ള ഉത്തരവാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതു സമര്‍ഥമായി സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ ആകുന്നില്ലെങ്കില്‍ സിഎച്ച്ആര്‍ കേന്ദ്ര വനനിയമത്തിന്റെ പരിധിയിലാകും.
സിഎച്ച്ആർ വനനിയമത്തിന്റെ പരിധിയിലായാൽ ഏലം കൃഷിയും ഏലം കര്‍ഷകരും മാത്രമല്ല പ്രതിസന്ധിയിലാകുന്നത്. സിഎച്ച്ആറിനുള്ളില് ചതുപ്പിനും പുല്‍മേടുകള്‍ക്കുമൊക്കെ പട്ടയം നല്‍കിയിട്ടുണ്ട്. കോളനൈസേഷന്‍ സ്കീമിലും ഗ്രോ മോര് ഫുഡ് സ്കീമിലും ജവാന്മാരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലുമെല്ലാം പട്ടയം നല്കിയ ഭൂമിയുമുണ്ട്.
വനനിയമത്തിന്റെ പരിധിയില്‍ വന്നാല്‍ എല്ലാവിധ നിർമാണ-വികസന പ്രവർത്തനങ്ങളും നിലയ്ക്കും. ലക്ഷക്കണക്കിനു ജനങ്ങള്‍ സാവധാനം കുടിയൊഴിപ്പിക്കപ്പെടും. ഉടുന്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ മുഴുവന്‍ ജനവാസത്തെയും ഇതു പ്രതികൂലമായി ബാധിക്കും. ഇത്രയധികം ജനങ്ങളുടെ ജീവിതത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കുന്ന ഈ വിഷയത്തിൽ അഴകൊഴമ്പൻ സമീപനമല്ല ജനപ്രതിനിധികൾ കാട്ടേണ്ടത്.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടുക്കി ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഇടപെടേണ്ട സമയമാണിത്.