ടിസിഎസ് അറ്റാദായം 24 ശതമാനം കൂടി
Thursday, January 10, 2019 10:34 PM IST
മുംബൈ: ഡിസംബറിലവസാനിച്ച മൂന്നാം ത്രൈമാസത്തിലും ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) മികച്ച റിസൽട്ട്. അറ്റാദായം 24.1 ശതമാനം വർധിച്ച് 8,105 കോടി രൂപയായി.
വിറ്റുവരവ് 20.8 ശതമാനം വളർന്ന് 37,338 കോടി രൂപയിലെത്തി. എന്നാൽ ഡോളർ കണക്കിൽ വരുമാന വർധന 12.1 ശതമാനമേ ഉള്ളൂ. ഈ നിരക്ക് 14 ത്രൈമാസങ്ങളിലെ ഏറ്റവും ഉയർന്നതാണെന്നു മാനേജിംഗ് ഡയറക്ടർ രാജേഷ് ഗോപിനാഥൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കന്പനിയാണു ടിസിഎസ്.
കന്പനി ഇടക്കാല ലാഭവീതമായി ഓഹരി ഒന്നിനു നാലു രൂപ പ്രഖ്യാപിച്ചു. നേരത്തേ രണ്ടു തവണ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിരുന്നു. കന്പനിയിലെ ജീവനക്കാരുടെ എണ്ണം 4,17,929 ആയി ഉയർന്നു. ഡിസംബർ ത്രൈമാസത്തിൽ 6.827 പേർ അധികമായി ചേർന്നു.
പ്രതി ഓഹരി വരുമാനം 21.60 രൂപയായി ഉയർന്നിട്ടുണ്ട്. യുകെയിൽനിന്നുള്ള വരുമാനം 25.1 ശതമാനവും യൂറോപ്യൻ യൂണിയനിൽനിന്നുള്ളത് 17.6 ശതമാനവും വർധിച്ചു.
ജീവനക്കാരുടെ പിരിഞ്ഞുപോക്ക് 11.1 ശതമാനമായി താണു.