ഇന്ത്യൻ ബാങ്കുകളുടെ ലാഭക്ഷമത കുറയും
Saturday, April 4, 2020 12:02 AM IST
മുംബൈ: മൂഡീസ് ഇന്ത്യൻ ബാങ്കുകളുടെ ഭാവിസാധ്യത നെഗറ്റീവ് നിലവാരത്തിലേക്കു താഴ്ത്തി; ഇതുവരെ സുസ്ഥിരം ആയിരുന്നു. ബാങ്കുകൾ വായ്പ കൊടുത്ത പണം തിരികെക്കിട്ടാൻ പ്രയാസം നേരിടുമെന്നാണു രാജ്യാന്തര റേറ്റിംഗ് സ്ഥാപനമായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സർവീസസിന്റെ വിലയിരുത്തൽ. കോവിഡ് ബാധ മൂലം സാന്പത്തിക പ്രവർത്തനങ്ങൾ തടസപ്പെടുന്നതു തന്നെ കാരണം.
വലിയ കന്പനികളും ചെറുകിട - ഇടത്തരം സ്ഥാപനങ്ങളും റീട്ടെയിൽ മേഖലയുമൊക്കെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്താനിടയുണ്ട്. ബാങ്കിതര ധനകാര്യ കന്പനി (എൻബിഎഫ്സി)കളുടെ ദൗർബല്യവും ബാങ്കുകൾക്കും പ്രശ്നമാകും. പല എൻബിഎഫ്സികളും പിടിച്ചുനിൽക്കാൻ പ്രയാസപ്പെടും. പൊതുമേഖലാ ബാങ്കുകളാണു താരതമ്യേന ഭദ്രമെന്നും മൂഡീസ് കരുതുന്നു.
കിട്ടാക്കടങ്ങൾക്കുവേണ്ടി കൂടുതൽ തുക വകയിരുത്തേണ്ടതും പലിശ വരുമാനം കുറയുന്നതും ബാങ്കുകളുടെ ലാഭക്ഷമത കുറയ്ക്കും.
പൊതുമേഖലാ ബാങ്കുകളിലേക്കു കേന്ദ്രം മൂലധനനിക്ഷേപം നടത്തേണ്ടിവരുമെന്നും മൂഡീസ് കരുതുന്നു.