ക്രിപ്റ്റോയ്ക്കു വിലക്കില്ല?, ആസ്തിയായി സൂക്ഷിക്കുന്നതിന് അനുമതിയുണ്ടാകുമെന്നും റിപ്പോർട്ട്
Wednesday, November 17, 2021 11:28 PM IST
മുംബൈ: രാജ്യത്തു ക്രിപ്റ്റോകറൻസി ഇടപാടുകൾക്കു പൂർണ വിലക്ക് ഏർപ്പെടുത്തുന്നതിനു പകരം അവയ്ക്കു കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ബിൽ ആയിരിക്കും കേന്ദ്രസർക്കാർ അവതരിപ്പിക്കുകയെന്നു റിപ്പോർട്ട്.
സാധന സേവനങ്ങൾക്കു വിലയായി ക്രിപ്റ്റോകറൻസികൾ നൽകുന്നതിനു പൂർണ വിലക്കുണ്ടാകും.
എന്നാൽ ഓഹരികൾ, ബോണ്ടുകൾ, സ്വർണം തുടങ്ങിയവയുടെ മാതൃകയിൽ ആസ്തിയായി ക്രിപ്റ്റോകറൻസികൾ സൂക്ഷിക്കുന്നതിനു വിലക്കുണ്ടാവില്ല.
സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കാകും (സെബി) ക്രിപ്റ്റോകറൻസി ആസ്തികളുടെ നിയന്ത്രണച്ചുമതലയെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ ഇടപാടുകൾ നികുതിക്കു വിധേയമാക്കുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.
വരുന്ന ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോ കറൻസി ബിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ അയൽരാജ്യമായ ചൈന ക്രിപ്റ്റോ മൈനിംഗിനു പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.
2018ൽ ക്രിപ്റ്റോകറൻസി ഇടപാടുകൾക്കു വിലക്കേർപ്പെടുത്തിക്കൊണ്ട് ആർബിഐ ഉത്തരവിറക്കിയെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു.