നാളികേര മേഖല വിലത്തകർച്ചയിൽ; കൊപ്രയാട്ട് വ്യവസായം പ്രതിസന്ധിയിൽ
വിപണി വിശേഷം / കെ.ബി. ഉദയഭാനു
Monday, September 19, 2022 12:48 AM IST
നാളികേര മേഖല വിലത്തകർച്ചയുടെ നെല്ലിപ്പലക ദർശിച്ചിട്ടും തിരിഞ്ഞു നോക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല, കേരളത്തിന്റെ സന്പദ്ഘടനയിൽ തന്നെ വിള്ളലുവന്ന വിഷയത്തിൽ മുഖം തിരിച്ചത് വൻ ദുരന്തത്തിന് ഇടയാക്കും. കാലാവസ്ഥ തെളിഞ്ഞു, ഉൽപാദകർ റബർ വെട്ടിന് ഒരുങ്ങിയത് കണ്ട് ടയർ ലോബി ഷീറ്റ് വിലയിൽ കത്തിവെച്ചു. സുഗന്ധവ്യഞ്ജന വിപണി ദീപാവലി ഡിമാൻഡിനെ ഉറ്റ്നോക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കുടുതൽ വെളിച്ചെണ്ണ വ്യാപാരം നടക്കുന്ന ചിങ്ങം പോയി മറഞ്ഞതോടെ കൊപ്രയാട്ട് വ്യവസായ രംഗം പുതിയ പ്രതിസന്ധിയിലേയ്ക്ക്. മില്ലുകാർ നഷ്ടം സഹിച്ച് കൊപ്രയാട്ടിയാൽ ആ എണ്ണയ്ക്ക് ഒരു വിപണി കണ്ടെത്തുക ദുഷ്കരമാവും.
ദീപാവലി മുന്നിലുണ്ടങ്കിലും ഈ വേളയിൽ വെളിച്ചെണ്ണ വിപണി ചൂടുപിടിക്കില്ലെന്ന യാഥാർഥ്യം മില്ലുകാർക്ക് വ്യക്തമായി അറിയാം. രാജ്യത്ത് എറ്റവും കൂടുതൽ ഭക്ഷ്യയെണ്ണയുടെ വിൽപ്പന നടക്കുന്നത് ഈ അവസരത്തിലാണെങ്കിലും അവരുടെ പാചകയെണ്ണകളുടെ പട്ടികയിൽ ഇടം കണ്ടെത്താൻ വെളിച്ചെണ്ണയ്ക്കാവാഞ്ഞതിനാൽ ശ്രദ്ധിക്കപ്പെടുക സൂര്യകാന്തിയും നിലകടലയും പാം ഓയിലും സോയയും മറ്റുമാവും. വിദേശ ഭക്ഷ്യയെണ്ണകളുടെ അതിപ്രസരം ഓണവേളയിൽ പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് കനത്ത തിരിച്ചടിയായി.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി സർവകാല റെക്കോർഡിലേയ്ക്ക് നീങ്ങുകയാണ്. മുൻവർഷത്തെ അപേക്ഷിച്ച് പാം ഓയിൽ ഇറക്കുമതി ആഗസ്റ്റിൽ 35 ശതമാനം ഉയർന്ന് 13.75 ലക്ഷം ടണ്ണായി. 2021 ആഗസ്റ്റിൽ വരവ് 10.16 ലക്ഷം മാത്രമായിരുന്നു.
ഈ മാസവും കനത്തതോതിൽ എണ്ണ എത്തുമെന്ന സൂചന കണക്കിലെടുത്താൽ ദക്ഷിണേന്ത്യൻ എണ്ണകുരു കർഷകർ നക്ഷത്രമെണ്ണുമെന്ന കാര്യം നിശ്ചയമാണ്. കൊച്ചിയിൽ 10,650 രൂപയിൽ നിന്ന് പാം ഓയിൽ വില വാരാവസാനം 9300 ലേയ്ക്ക് ഇടിഞ്ഞു. ഇറക്കുമതി ഈ വിധം തുടർന്നാൽ നാളികേര കർഷകർ നിലനിൽപ്പ് ഭീഷണിയെ അഭിമുഖീകരിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ നീങ്ങും.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാവുകയോ, ഇറക്കുമതി ഡ്യൂട്ടി ഉയർത്തുകയോ ചെയ്താൽ മാത്രമേ ആഭ്യന്തര കർഷകരെ സംരക്ഷിക്കാനാവു. വെളിച്ചെണ്ണ വില കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് ക്വിന്റലിന് 6200 രൂപയും കൊപ്ര വില 4950 രൂപയും ഇടിഞ്ഞു. വാരാന്ത്യം കൊച്ചിയിൽ കൊപ്ര 7900 രൂപയായും വെളിച്ചെണ്ണ 13,400 രൂപയിലുമാണ്. പിണ്ണാ ക്ക് വില 2700‐2900 ലേയ്ക്ക് താഴ്ന്നു.
കന്നി പിറന്നതോടെ ചിങ്ങത്തെ അപേക്ഷിച്ച് കാലാവസ്ഥ തെളിയുമെന്ന് പ്രതീക്ഷയിൽ കർഷകർ തോട്ടങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചു. റബർ വെട്ട് ഊർജിതമാകും മുമ്പേ വ്യവസായ ലോബി ഷീറ്റ് വിലയിൽ കത്തിവെച്ചത് ഉത്പാദന കേന്ദ്രങ്ങളെ ഞെട്ടിച്ചു. രണ്ടാഴ്ച്ചകൊണ്ട് നാലാം ഗ്രേഡ് റബർ വില 15,900 രൂപയിൽ നിന്ന് 14,900 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 800 രൂപ കുറഞ്ഞ് 14,000‐14,500 രൂപയായി. ഒട്ടുപാൽ വില ഈ കാലയളവിൽ 1200 രൂപ കുറഞ്ഞ് 9,800 രൂപയായി. ലാറ്റക്സ് 9000 ലേയ്ക്ക് ഇടിഞ്ഞു. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് വില വാരാവസാനം 12,692 രൂപയിലാണ്.
ഉത്സവ ദിനങ്ങൾ കഴിഞ്ഞിട്ടും കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക് വരവ് ഉയരാഞ്ഞത് ഉത്തരേന്ത്യൻ വാങ്ങലുകാരെ സമ്മർദത്തിലാക്കുന്നു. അതേ സമയം നിരക്ക് ഉയർത്താതെ ചരക്ക് സംഭരിക്കാനുള്ള ശ്രമത്തിലാണ് അന്തർസംസ്ഥാന ഇടപാടുകാർ. കൊച്ചിയിൽ അൺ ഗാർബിൾഡ് 49,900 രൂപയിലും ഗാർബിൾഡ് 51,900 രൂപയിലുമാണ്. കാർഷിക മേഖലയിൽ മുളക് സ്റ്റോക്ക് ചുരുങ്ങിയതിനാൽ ചരക്ക് ഇറക്കാൻ വലിയൊരു പങ്ക് കർഷകരും ഉത്സാഹം കാണിക്കുന്നില്ല. ദീപവലി അടുക്കുന്ന സാഹചര്യത്തിൽ വിപണി മികവ് കാണിക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്റേറാക്കിസ്റ്റുകൾ.
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളറാണ്, ബ്രസീൽ 3400 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും വിയെറ്റ്നാം 3500 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മലേഷ്യ 5900 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
ഏലത്തിന് ഉത്തരേന്ത്യൻ ഡിമാൻഡ് ഉയർന്നു. ലേല കേന്ദ്രങ്ങളിൽ ചരക്ക് ശേഖരിക്കാൻ പല അവസരത്തിലും ഇടപാടുകാർ മത്സരിച്ചു. വാങ്ങൽ താത്പര്യത്തിന്റെ മികവിൽ ശരാശരി ഇനങ്ങൾ ആയിരം രൂപയ്ക്ക് മുകളിൽ ഇടം കണ്ടെത്തിയെങ്കിലും വിലക്കയറ്റം തുടരുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഇടപാടുകാർക്കായില്ല. മികച്ചയിനങ്ങൾ കിലോ 1559 രൂപ വരെ കയറി. ശരാശരി ഇനങ്ങൾ കിലോ 1052 രൂപ വരെ ഉയർന്ന് ഏലക്ക കൈമാറ്റം നടന്നു.