ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഗരംമസാലപൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, ഉപ്പ്.
വഴറ്റാൻ രണ്ട് ടേബിൾസ്പൂണ്‍ എണ്ണ, പട്ട ഒരു കഷണം, കുരുമുളക് അര ടീസ്പൂണ്‍, ഗ്രാന്പു ആറെണ്ണം, ഒരു ടേബിൾസ്പൂണ്‍ കറിവേപ്പില, സവാള രണ്ടെണ്ണം, പച്ചമുളക് മൂന്നെണ്ണം നടുവേ കീറിയത്, ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു വലിയ സ്പൂണ്‍. കാൽ കപ്പ് തേങ്ങ, അഞ്ച് കശുവണ്ടി, ഒരു ടീസ്പൂണ്‍ കസ്കസ് എന്നിവ ചേർത്ത് അരച്ചത്.
തയാറാക്കുന്ന വിധം: എണ്ണ ചൂടാക്കി മസാലക്കൂട്ടുകൾ വഴറ്റുക. ഇതിൽ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. മൂപ്പെത്തിയാൽ ഇതുമായി ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇറച്ചി പുരട്ടിയ മസാലയോടുകൂടി ചേർത്ത് വഴറ്റി ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കുക.
അവസാനം അരച്ചുവച്ച കൂട്ടും ചേർത്ത് ഒന്നുകൂടി ഇളക്കി നന്നായി ചേർന്നാൽ ഇറക്കിവയ്ക്കാം. ചാറ് കുറുകിയിരിക്കും. പാലപ്പത്തിനൊപ്പം വിളന്പാം.
പാലപ്പം
ചേരുവകൾ: രണ്ട് കപ്പ് പച്ചരി, ഒരുകപ്പ് ചുരണ്ടിയ തേങ്ങ, അര കപ്പ് വെന്ത ചോറ്, ഉപ്പ് ആവശ്യത്തിന്. അര കപ്പ് ഇളംചൂടുവെള്ളത്തിൽ യീസ്റ്റ് കലക്കി പഞ്ചസാരയും ചേർത്തു വയ്ക്കുക.
തയാറാക്കുന്ന വിധം: അരി കുതിരാൻ വയ്ക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങായും ചോറും ഉപ്പുംകൂടി നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിവച്ചിരിക്കുന്ന യീസ്റ്റ് ചേർത്തിളക്കുക. മൂന്നു മണിക്കൂർ കഴിഞ്ഞാൽ മാവ് പൊങ്ങിവരും. നല്ലതുപോലെ ഇളക്കി കോരി ഒഴിക്കാൻ പാകത്തിലാക്കുക. അപ്പച്ചട്ടി ചൂടായശേഷം ഒരുതവി കോരിയൊഴിച്ച് ചുറ്റിച്ചെടുക്കുക. അടച്ചുവച്ച് ചെറുതീയിൽ വേവിക്കുക. മറിച്ചിടേണ്ട. അരിക് വിട്ടുവന്നാൽ എടുത്തുമാറ്റാം. ഇതുപോലെ ബാക്കിയുള്ള മാവുകൊണ്ട് അപ്പം ഉണ്ടാക്കാം. ഇതോടൊപ്പം കഴിക്കാൻ ചിക്കൻ സ്റ്റൂ നന്നായിരിക്കും.
നെയ്ചോറ്
ചേരുവകൾ: നെയ്യ് രണ്ടു ടേബിൾസ്പൂണ്‍, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, ഗ്രീൻപീസ് അര കപ്പ്, ബസ്മതി അരി ഒന്നര കപ്പ്, ഉപ്പ് ആവശ്യത്തിന്, സവാള അരിഞ്ഞത് രണ്ടെണ്ണം, പച്ചമുളക് മൂന്നെണ്ണം നടുപൊളിച്ചത്, അലങ്കരിക്കാൻ കശുവണ്ടിയും മല്ലിയിലയും.
തയാറാക്കുന്ന വിധം: അരി കഴുകി അരമണിക്കൂർ കുതിരാൻ വയ്ക്കുക. നെയ്യ് ചൂടാക്കി സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. വേണമെങ്കിൽ രണ്ട് ഏലയ്ക്കാ ചതച്ചതും ഒരു കഷണം പട്ടയും ചേർക്കാം
ഇതു വഴന്നാൽ പച്ചക്കറി ചേർത്ത് വഴറ്റുക. വെള്ളം മാറ്റിയ ശേഷം അരിയും ചേർത്തിളക്കുക. വഴന്നശേഷം മൂന്നുകപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തിളക്കുക. തിളവന്നാൽ തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. വിളന്പുന്ന പാത്രത്തിലാക്കി അലങ്കരിച്ച് ഒരു സാലഡിനൊപ്പം വിളന്പാം.
ക്രിസ്മസ് കേക്ക്
ചേരുവകൾ: (1) മൈദ ഒരുകപ്പ്, മുക്കാൽ ടീസ്പൂണ്‍ ബേക്കിംഗ് പൗഡർ, അര ടീസ്പൂണ്‍ സോഡാപ്പൊടി, കാൽ ടീസ്പൂണ്‍ ഉപ്പ്, പട്ട പൊടിച്ചത് അര ടീസ്പൂണ്‍, ഗ്രാന്പു പൊടിച്ചത് അര ടീസ്പൂണ്‍, കേക്ക് ജീരകം (ഷാജീര) അര ടീസ്പൂണ്‍.
കറുത്ത മുന്തിരി മുക്കാൽ കപ്പ്, ഈന്തപ്പഴം അരിഞ്ഞത് കാൽ കപ്പ്, കശുവണ്ടി, ബദാം പൊടിച്ചത് അര കപ്പ്, മുട്ട രണ്ടെണ്ണം, വാനില എസൻസ് ഒരു ടീസ്പൂണ്‍, എണ്ണ അരകപ്പ്, പഞ്ചസാര ഒന്നര കപ്പ്, ഓറഞ്ചിന്റെ പുറത്തെ തൊലി ചുരണ്ടിയത് ഒരു ടേബിൾസ്പൂണ്‍.
തയാറാക്കുന്ന വിധം: 180 ഡിഗ്രിയിൽ ഓവൻ ചൂടാക്കിയിടുക. കേക്ക് പാത്രത്തിൽ നെയ്യ് പുരട്ടി അടിയിൽ ബട്ടർപേപ്പർ വയ്ക്കുക. മുകളിൽ അല്പം മൈദ. (1) ൽ കൊടുത്തിരിക്കുന്ന പൊടികൾ തൂവുക. എല്ലാംകൂടി കൂട്ടിയോജിപ്പിച്ചു വയ്ക്കുക. കട്ടിയുള്ള വലിയ പാത്രത്തിൽ അര കപ്പ് പഞ്ചസാര എടുത്ത് കാരമൽ ആക്കാൻ വയ്ക്കുക. അത് ഉരുക്കി തേൻനിറം ആയാൽ അര കപ്പ് ചൂടുവെള്ളം ഒഴിച്ച് കലക്കിയെടുക്കുക.
ഇതിലേക്ക് ഉണക്കമുന്തിരിയും ഇട്ട് ഇളക്കി ഇറക്കിവയ്ക്കുക. മറ്റൊരു പാത്രത്തിൽ മുട്ട രണ്ടും അടിച്ച് അതിലേക്ക് എണ്ണയും എസൻസും ചേർത്തിളക്കി ഒരുകപ്പ് പഞ്ചസാര പൊടിച്ചതും ചേർത്തിളക്കി ഉരുക്കിവച്ച കൂട്ടിലേക്ക് ചേർത്തിളക്കുക. ഇതിലേക്ക് പൊടികളെല്ലാം കുറേശേയിട്ട് നന്നായി യോജിപ്പിച്ച് കശുവണ്ടിയും ചേർത്ത് ബേക്ക് ചെയ്യാൻ വയ്ക്കുക. 50 മിനിറ്റുകൊണ്ട് കേക്ക് വെന്തുകിട്ടും. ഓവനിൽനിന്ന് പുറത്തെടുത്ത് തണുത്തതിനു ശേഷം മുറിക്കാം.
ബീഫ് ഉലർത്തിയത്
ചേരുവകൾ: അര കിലോ ബീഫ് ചെറിയ കഷണങ്ങളാക്കിയത്, രണ്ടു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞൾ, അര കപ്പ് തേങ്ങാക്കൊത്ത് കഷണങ്ങളാക്കിയത്, ഗരംമസാലപ്പൊടി ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി.
താളിപ്പിനുവേണ്ടി: രണ്ടു സവാള അരിഞ്ഞത്, രണ്ടു പച്ചമുളക് കീറിയത്, വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഒരു ടേബിൾസ്പൂണ്‍, കടുക്, കറിവേപ്പില, ഉപ്പ്, വഴറ്റാൻ എണ്ണ.
തയാറാക്കുന്ന വിധം: കഴുകി വൃത്തിയാക്കിയ ഇറച്ചി മസാലപ്പൊടികൾ ചേർത്ത് കുക്കറിൽ നല്ലതുപോലെ വേവിച്ചെടുക്കുക. എണ്ണ ചൂടാക്കി ആദ്യം തേങ്ങാക്കൊത്ത് വഴറ്റി മാറ്റിവയ്ക്കുക. കടുകും കറിവേപ്പിലയും ഇതിൽ സവാള ഇട്ട് പൊട്ടിയതിനുശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി ഇറച്ചിയിട്ട് ഉപ്പും ചേർത്ത് നല്ലതുപോലെ വറ്റിച്ചെടുക്കുക. വിളന്പാൻനേരം മൂപ്പിച്ച തേങ്ങാക്കൊത്ത് മുകളിൽ വിതറി അലങ്കരിക്കുക.
മട്ടണ്‍ കറി
ചേരുവകൾ: ഒരു കിലോ ആട്ടിറച്ചി കഷണങ്ങളാക്കിയത്. സവാള അരിഞ്ഞത് രണ്ടെണ്ണം, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു ടേബിൾസ്പൂണ്‍, ഒരു തക്കാളി അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം കീറിയത്, മുളകുപൊടി രണ്ടു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, മല്ലിപ്പൊടി ഒരു ടീസ്പൂണ്‍, മഞ്ഞൾപൊടി അര ടീസ്പൂണ്‍, പട്ട ഒരുകഷണം, ഗ്രാന്പു അഞ്ചെണ്ണം, ഏലയ്ക്ക അഞ്ചെണ്ണം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്.
തയാറാക്കുന്ന വിധം: അര കപ്പ് എണ്ണ ചൂടാക്കി മുഴുവനോടെയുള്ള മസാലക്കൂട്ടും കറിവേപ്പിലയും ഇട്ട് മൂത്താൽ സാവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിക്കുക. പിന്നെ തക്കാളിയും ചേർത്തിളക്കി യോജിപ്പിച്ച് മസാലപ്പൊടികൾ ചേർത്ത് മൂത്തുകഴിഞ്ഞ് ഇറച്ചിയും ഉപ്പും ചേർത്തിളക്കി ഒരുകപ്പ് ചൂടുവെള്ളം ചേർത്ത് കുക്കറിൽ അടച്ച് വേവിക്കുക. നല്ലതുപോലെ വെന്തു ചാറ് കുറുകിയാൽ ഇറക്കിവച്ച് മല്ലിയില തൂവി വിളന്പാം.
ഓമന ജേക്കബ്