ശേഷം സ്ക്രീനില്‍ കല്യാണി!
Wednesday, September 27, 2023 2:45 PM IST
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയസംഗീതം. അനിരുദ്ധ് രവിചന്ദറിന്‍റെ ആലാപനസൗന്ദര്യം.

രസക്കൂട്ടുകള്‍ ഒന്നൊഴിയാതെ ചേര്‍ത്തു മലപ്പുറത്തിന്‍റെ ജീവിതാവേശം കഥാപാത്രങ്ങളിൽ നിറച്ച് സംവിധായകന്‍ മനു സി. കുമാര്‍ ഒരുക്കിയ ശേഷം മൈക്കില്‍ ഫാത്തിമ തിയറ്ററുകളിലേക്ക്. ആദ്യ സിനിമയുടെ നിർമാണ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനു.



കഥയുടെ തീപ്പൊരി

ന്യൂസ് ഡോക്യുമെന്‍ററികളല്ലാതെ ഷോര്‍ട്ട് ഫിലിമോ മ്യൂസിക് വീഡിയോയോ ചെയ്തിട്ടില്ല. ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. പക്ഷേ, പത്തു വർഷമായി സിനിമകൾ കണ്ടും സ്ക്രിപ്റ്റുകള്‍ എഴുതിയും സിനിമയിലെത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അല്ലാതെ, ഒരുദിവസം ചാനല്‍ ഫ്ളോറില്‍ നിന്നിറങ്ങിവന്നു പടം ചെയ്തതല്ല.

2018ലാണ് ഈ സ്ക്രിപ്റ്റെഴുതിയത്. ക്രിക്കറ്റ് കമന്‍റേറ്ററായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഒരു മൂവി. അങ്ങനെയായിരുന്നു ആലോചന. രവിശാസ്ത്രിയുടെ ഒരു കമന്‍ററിയിൽനിന്നു ചിതറിയ കഥയുടെ തീപ്പൊരി. അതു മലയാളത്തിലെത്തിയപ്പോൾ ഫുട്ബോള്‍ കമന്‍റേറ്ററാകാന്‍ ആഗ്രഹിക്കുന്ന മലപ്പുറത്തെ ഫാത്തിമയെന്ന അനൗണ്‍സറായി.



വരനെ ആവശ്യമുണ്ട് റിലീസായ സമയത്താണ് കല്യാണിയോടു കഥ പറഞ്ഞത്. തന്‍റേതായ ചില മാനറിസങ്ങള്‍, രസമുള്ള സംസാരരീതി, പിന്നെ, സ്വാഭാവികമായ ചന്തം. ഈ വേഷം കല്യാണിക്ക് ഇണങ്ങുമെന്നു തോന്നി.

"ശേഷം മൈക്ക് ഫിനിഷിംഗ് പോയന്‍റിലേക്കു കൈമാറുന്നു' എന്നത് എന്‍റെ നാട്ടിലെ വള്ളംകളി വിവരണക്കാരുടെ പതിവു ഡയലോഗാണ്. അവിടെനിന്ന് "ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ടൈറ്റിൽ. സ്ക്രിപ്റ്റ് അസിസ്റ്റന്‍റായ അസ്റ അൻജുമിന്‍റെ സഹായത്തോടെ സംഭാഷണങ്ങൾക്കു മലപ്പുറം ചന്തം ചാർത്തി.



കല്യാണിയുടെ വിശ്വാസം

രണ്ടു നിര്‍മാതാക്കള്‍ മാറിയാണ് ഈ സിനിമ വിജയ് ചിത്രം ലിയോയുടെ നിര്‍മാതാവ് ജഗദീഷ് പളനിസ്വാമി, മോഹന്‍ലാല്‍ സിനിമ റാമിന്‍റെ നിര്‍മാതാവ് സുതന്‍ സുന്ദരം എന്നിവരിലെത്തിയത്. കല്യാണി എന്‍റെ കഥയില്‍ വിശ്വസിച്ചു കൂടെനിന്നതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. ഇതു സിനിമയാക്കുന്നതില്‍ ഞാനെടുത്ത അത്രതന്നെ പരിശ്രമം കല്യാണിയില്‍ നിന്നും ഉണ്ടായി.

മലപ്പുറത്തെ സാധാരണ പെണ്‍കുട്ടിയാണ് ഫാത്തിമ. ഒരാളോടു ഹലോ എന്നു പറയുന്നതിനു പകരം അഞ്ചാറു വാചകങ്ങൾ വരെ വിളന്പുന്നതാണ് അവളുടെ പ്രകൃതം. ആ ലെവലിലേക്ക് എത്തണം. മലബാർ ഫ്ലേവറുള്ള ഭാഷ വശമാക്കണം. അതിനു സഹായകമായ കുറിപ്പുകള്‍ കല്യാണി രൂപപ്പെടുത്തിയിരുന്നു. നീണ്ട ഡയലോഗുകളും കമന്‍ററികളും കാണാതെ പഠിച്ചാണ് സെറ്റിലെത്തിയത്.

എന്‍റെ മനസിലുള്ള അനൗണ്‍സര്‍ ഫാത്തിമയായി കല്യാണി മാറുകയായിരുന്നു. കളിയാവേശം എന്നതിനപ്പുറം കമന്‍റേറ്റർ മോഹം മനസിൽ നിറച്ച മിഡില്‍ ക്ലാസുകാരിയുടെ ജീവിതമാണു സിനിമ പറയുന്നത്.



അനിരുദ്ധിന്‍റെ പാട്ട്

ചില മുതിർന്ന ഫുട്ബോള്‍ താരങ്ങളും സെലിബ്രിറ്റികളും അവരായിത്തന്നെ ഈ സിനിമയിലുണ്ട്. 5,000 കാണികള്‍ പങ്കെടുത്ത മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്തു. മലപ്പുറംകാരുടെ ഫുട്ബോള്‍ സ്നേഹത്തിന്‍റെ ചിത്രങ്ങള്‍ ആവോളമുണ്ടെന്നുകരുതി ഇതു സ്പോര്‍ട്സ് സിനിമയല്ല. കളര്‍ഫുള്‍ ഫാമിലി എന്‍റര്‍ടെയ്നറാണ്. ഈ കഥ മുന്നോട്ടുകൊണ്ടു പോകുന്നത് ഒരു കുടുംബമാണ്.

മിന്നല്‍മുരളി ഫെയിം ഫെമിന, ഷഹീന്‍ സിദ്ദീഖ്, അനീഷ് ജി. മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കബീര്‍ സിംഗ്, ബാഗി2, ബാഗി3 തുടങ്ങിയ സിനിമകളുടെ കാമറാമാന്‍ സന്താനകൃഷ്ണ രവിചന്ദ്രന്‍റെ ഛായാഗ്രഹണം. കിരൺ ദാസിന്‍റെ എഡിറ്റിംഗ്.



പ്രൊഡ്യൂസര്‍ ജഗദീഷ് പളനിസ്വാമി വഴിയാണ് അനിരുദ്ധിന്‍റെ ആദ്യ മലയാളം പാട്ടിന് അരങ്ങൊരുങ്ങിയത്. ഒരു പ്രത്യേക താളത്തിലുള്ള ടട്ട ടട്ടറ....എന്ന പാട്ടിനു വേറിട്ട ശബ്ദം വേണമെന്നതു ഹിഷാമിന്‍റെ ആഗ്രഹമായിരുന്നു.

സംവിധാനം ചലഞ്ചിംഗ് ആയിട്ടല്ല ഞാന്‍ കണ്ടത്. ആർട്ടിസ്റ്റുകളോട് ഇങ്ങനെ ചെയ്താല്‍ നന്നാവും എന്നൊക്കെ പറഞ്ഞു സിനിമ ചെയ്ത രസകര നിമിഷങ്ങളായാണ്. അതു വളരെ കൂളായി ആസ്വദിച്ചുതന്നെ ചെയ്തു.

ടി.ജി.ബൈജുനാഥ്