ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
Tuesday, September 19, 2023 2:07 PM IST
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ ഷെയ്ൻനിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായെത്തിയത്.

ഇതിൽ ഷെയ്ൻ നിഗത്തിന്‍റെ ജോഡിയായാണ് മഹിമ നന്പ്യാർ ആർഡിഎക്സിൽ തിളങ്ങിയത്. ഷെയ്നിനൊപ്പമുള്ള മഹിമയുടെ നീല നിലവേ... എന്ന ഗാനരംഗം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ്.



ഇതിനിടെ, മഹിമയുടെ മഹിമ വീണ്ടും ഉയർത്തി മറ്റൊരു ഭാഗ്യം തേടിയെത്തിയിരിക്കുന്നു. ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ബയോപിക്കിലും മഹിമ നായികയായി എത്തുന്നു.

ഇതിഹാസ ക്രിക്കറ്റ് താരത്തിന്‍റെ ഭാര്യയായി അഭിനയിക്കാൻ അവസരം കിട്ടിയതിന്‍റെ ആവേശത്തിലാണ് മഹിമ. അന്താരാഷ്ട്ര വേദികളിൽ വരെ പ്രദർശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ചിത്രം എന്ന നിലയിൽ മഹിമയുടെ മഹിമ ഇനിയും ഉയരും.



ചിത്രീകരണം പൂർത്തിയായ 800 എന്ന ഈ ചിത്രത്തിൽ മതി മലർ എന്ന കഥാപാത്രമായാണ് മഹിമ നമ്പ്യാര്‍ വേഷമിടുന്നത്. കാര്യസ്ഥന്‍ (2010) എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഹിമ.

2012ല്‍ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറി. തുടർന്നു 14 തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ, മാസ്റ്റർപീസ്, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും വാലാട്ടി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നാലെ ആർഡിഎക്സും.



ആര്‍ഡിഎക്സിന്‍റെ സംവിധായകന്‍ നഹാസ് ഈ സിനിമയ്ക്കു മുന്പ് ആരവം എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിലെ നായികാവേഷത്തിലേക്കു വിളിച്ചിരുന്നു. ആ സമയത്ത് വേറൊരു തമിഴ് സിനിമയുടെ തിരക്കിലായതിനാല്‍ ആ സിനിമ ചെയ്യാൻ മഹിമയ്ക്കായില്ല. പിന്നീട് ആര്‍ഡിഎക്സിലേക്കു വിളിച്ചു.

മിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥ കേട്ടപ്പോള്‍തന്നെ തനിക്കിഷ്ടപ്പെട്ടതായി മഹിമ പറയുന്നു. അതിലെ കഥാപാത്രത്തിന് ഒരു ഭൂതകാലവും വര്‍ത്തമാനകാലവുമൊക്കെയുണ്ട്.



പത്താം ക്ലാസില്‍ തുടക്കം

"പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. ഒരു മാഗസിനില്‍ വന്ന എന്‍റെ ഒരു ഫോട്ടോ കണ്ടിട്ടാണ് ദിലീപേട്ടന്‍ നായകനായ കാര്യസ്ഥനില്‍ അദ്ദേഹത്തിന്‍റെ സഹോദരീവേഷം ചെയ്യാന്‍ വിളിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാണ് പുതിയൊരു അവസരം വരുന്നത്.

കാര്യസ്ഥനിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷിബു ജി. സുശീലന്‍ ചേട്ടൻ ആണ് പിന്നീട് ആദ്യ തമിഴ് സിനിമയിലേക്ക് ഫോട്ടോ അയച്ചുകൊടുക്കുന്നത്. 2012ല്‍ പുറത്തുവന്ന സട്ടൈ ആണ് ആദ്യ തമിഴ് ചിത്രം. പിന്നീട് വിജയ് സേതുപതിയുടെ സിനിമയില്‍ നല്ലൊരു വേഷംചെയ്തു. ആ ഷിബുച്ചേട്ടന്‍ ആണിപ്പോള്‍ എന്‍റെ പ്രോഗ്രാമുകൾ മാനേജ് ചെയ്യുന്നത്.



സട്ടൈ എന്ന എന്ന തമിഴ് ചിത്രം ചെയ്ത് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തുന്നത്. മാസ്റ്റര്‍പീസില്‍ അഭിനയിച്ചെങ്കിലും മമ്മൂക്കയ്ക്കൊപ്പം കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. മധുരരാജയിലാണ് ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്. ജയ്‌യെ പരിചയമുണ്ടായിരുന്നെങ്കിലും മധുരരാജയിലാണ് ഒന്നിച്ച് അഭിനയിക്കുന്നത്.

ജയ്ക്ക് മലയാളം വലിയ വശമുണ്ടായിരുന്നില്ല. എനിക്ക് തമിഴ് അറിയാം. അതുകൊണ്ട് ജയ്യെ മലയാളം ഡയലോഗൊക്കെ പറഞ്ഞു മനസിലാക്കിക്കൊടുത്തത് ഞാനായിരുന്നു. മധുരരാജയില്‍ എന്‍റെ ആദ്യ സീന്‍ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു.



വലിയ ടെന്‍ഷനില്‍നിന്ന എന്നോടു സംവിധായകന്‍ വൈശാഖേട്ടനാണ് പോയി മമ്മൂക്കയുടെ അനുഗ്രഹമൊക്കെ വാങ്ങാൻ പറഞ്ഞത്. ഞാന്‍ പോയി മമ്മൂക്കയുടെ കാലിൽ തൊട്ടപ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഇടപെട്ടു. അദ്ദേഹത്തിന്‍റെ പെരുമാറ്റത്തിൽ എന്‍റെ ടെൻഷൻ എവിടെയോ പോയിമറഞ്ഞു.'

"കുടിക്കമാട്ടേനാ...' ക്ലിക്കായി

"കാര്യസ്ഥൻ കഴിഞ്ഞു തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുടിക്കമാട്ടേനാ... എന്നൊരു ഡബ്സ്മാഷ് ചെയ്യുന്നത്. എനിക്കു തോന്നുന്നത് മലയാളികൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് ഈ വീഡിയോയിലൂടെയാണെന്നാണ്. ഷൂട്ട് ചെയ്ത ശേഷം ഒരു ഫ്രണ്ടിന് വെറുതെ അയച്ചുകൊടുത്തു.



ഇതു കൊള്ളാലോ, എന്തായിത് പോസ്റ്റ് ചെയ്യാത്തതെന്നൊക്കെ അവൾ ചോദിച്ചു. എനിക്കു ചമ്മലാണെന്നു പറഞ്ഞു. അവൾ നിർബന്ധിച്ചതോടെ ഞാനതു പോസ്റ്റ് ചെയ്തു.

നിമിഷങ്ങൾക്കകം നിരവധി ലൈക്കുകൾ വന്നു. പിന്നാലെ പലരും ഈ വീഡിയോ റീക്രിയേറ്റ് ചെയ്തു. ഫോളോവേഴ്സൊക്കെ കുതിച്ചുയർന്നു. വളരെ മാജിക്കലായ ഒരു അനുഭവമായിരുന്നു അത്.



മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ പറയുന്ന, ഞാൻ നായികയാകുന്ന 800 എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തമിഴ്, തെലുങ്ക് ഭാഷയ്ക്കു പുറമെ ശ്രീലങ്കയിൽ റിലീസ് ചെയ്യാനായി സിംഹള ഭാഷയിലുമായാണ് സിനിമ ഒരുങ്ങുന്നത്.

സ്ലംഡോഗ് മില്യണയറിലെ മധുർ മിത്തലാണ് മുരളിയായി എത്തുന്നത്. ഭൂരിഭാഗവും ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്തത്. ചെന്നൈയിലും ലണ്ടനിലും ഷൂട്ട് ഉണ്ടായിരുന്നു.



അതിനു മുന്പ് ചന്ദ്രമുഖി 2 എന്ന തമിഴ് സിനിമ ചെയ്തിരുന്നു. രാഘവേന്ദ്ര ലോറൻസാണ് നായകൻ. ഈ സിനിമ 20ന് തിയറ്ററുകളിലെത്തും.'

കാസർഗോഡാണ് മഹിമയുടെ വീട്. അച്ഛൻ സുധാകരൻ, അമ്മ വിദ്യ, സഹോദരൻ ഉണ്ണികൃഷ്ണൻ. ഗോപിക എന്നായിരുന്നു പേര്. ആദ്യ തമിഴ് ചിത്രം ചെയ്യുന്ന സമയത്ത് മഹിമ എന്നാക്കുകയായിരുന്നു.

പ്രദീപ് ഗോപി