ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
Wednesday, August 16, 2023 12:34 PM IST
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സനുഷയുടെ മടങ്ങിവരവ്. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉർവശിയുടെ മകളുടെ വേഷം. ഇന്ദ്രന്‍സ്, സാഗർ എന്നിവരും മുഖ്യവേഷങ്ങളില്‍. തിരിച്ചുവരവിനെപ്പറ്റി ചോദിക്കുന്നവരോട് ഇത്രയും കാലം താൻ ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നുവെന്ന് സനുഷ.

‘മലയാളത്തില്‍ നിന്നു മാത്രമാണ് മാറിനിന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും പടങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തില്‍ വേറിട്ട, രസകരമായ, വളരെ സ്പെഷലായ വേഷങ്ങൾക്കു കാത്തിരുന്നു. അതിനിടെ മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കാനുമായി ' - സനുഷ പറയുന്നു.



ഉര്‍വശിയും ഇന്ദ്രന്‍സും

എന്‍റെ കഥാപാത്രം, സിനിമയുടെ കഥ, പിന്നണിയിലുള്ളവർ, ഉര്‍വശി, ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ടി.ജി.രവി തുടങ്ങിയ അഭിനേതാക്കള്‍... ഇതൊക്കെയാണ് എന്നെ ജലധാര പമ്പ്സെറ്റില്‍ എത്തിച്ചത്. ഒരു പമ്പ് സെറ്റിനെ ചുറ്റിപ്പറ്റിയാണു കഥാസഞ്ചാരം. ഫാമിലി ഡ്രാമ എന്‍റര്‍ടെയ്നറാണിത്. എന്‍റെ പ്രിയതര വേഷങ്ങളിലൊന്നാണ് ജലധാരയിലെ ചിപ്പി. നന്നായി ആസ്വദിച്ചു ചെയ്ത സിനിമയുമാണ്.

ഉര്‍വശിയും ഇന്ദ്രന്‍സുമാണ് നായികയും നായകനും. സിനിമ കണ്ടുതുടങ്ങിയ കാലംമുതൽ എന്നെ അതിശയിപ്പിച്ച ഉര്‍വശിക്കൊപ്പം അഭിനയിക്കാനായതു ഭാഗ്യം. സീന്‍ ചെയ്യുമ്പോഴുള്ള റിയാക്ഷനുകള്‍ ഉള്‍പ്പെടെ ഏറെ കാര്യങ്ങള്‍ പഠിക്കാനായി. മലയാള സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും സിംപിളായ നടനാണ് ഇന്ദ്രന്‍സ്. ഷൂട്ടിംഗിലുടനീളം അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു.



നഷ്ടബോധമില്ല

മലയാളത്തില്‍നിന്നു മാറിനിന്ന വര്‍ഷങ്ങളിലൊക്കെ ധാരാളം കഥകള്‍ കേട്ടിരുന്നു. അതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല എന്ന പൂര്‍ണ ബോധ്യമുള്ളതിനാലാണ് വേണ്ടെന്നുവച്ചത്. പരീക്ഷക്കാലത്തു വന്ന ചില സിനിമകളും ഉപേക്ഷിക്കേണ്ടിവന്നു. അതിലും നഷ്ടബോധമില്ല.

എനിക്കു പറഞ്ഞിട്ടുള്ള വേഷങ്ങള്‍ എന്നെ തേടിവരുമെന്നു വിശ്വസിക്കുന്നു. എന്‍റേതല്ലാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്തും കഴിഞ്ഞ കാര്യങ്ങള്‍ ആലോചിച്ചും സങ്കടപ്പെടാറില്ല. കൂടുതല്‍ നല്ല കഥകളും കഥാപാത്രങ്ങളും വരാനിരിക്കുന്നതേയുള്ളൂ.



ആറു വര്‍ഷം മാത്രമാണ് മലയാളത്തില്‍ ഞാന്‍ സിനിമ ചെയ്യാതിരുന്നത്. അതിനിടെ ഇവിടെ കാര്യമായ മാറ്റങ്ങള്‍ വന്നതായി തോന്നുന്നില്ല. ഇപ്പോള്‍ വ്യത്യസ്തയുള്ള കഥകള്‍ വരുന്നുണ്ട്. അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളുണ്ട്. അവർക്ക് ബെസ്റ്റ് പെര്‍ഫോമന്‍സിനുള്ള അവസരങ്ങളുണ്ട്.

വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളല്ലാതെ നടിമാര്‍ക്കും കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ വീണ്ടും വരുന്നതില്‍ സന്തോഷമുണ്ട്.



ഭാഷ ഏതായാലും

ഇതുവരെ അഭിനയിച്ച നാലു ഭാഷകളില്‍ ജോലിയുടെ സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം തോന്നിയിട്ടില്ല. ഏതാണു കൂടുതല്‍ നല്ലതെന്നും പറയാനാവില്ല. ഭാഷയില്‍ മാത്രമാണു വ്യത്യാസം.

ഭാഷ ഏതുതന്നെയാണെങ്കിലും എന്നെ സംബന്ധിച്ച് സിനിമയും അതിലെ എന്‍റെ കഥാപാത്രവുമാണു പ്രധാനം. കൂടെ അഭിനയിക്കുന്നവരും പ്രേക്ഷകരും എന്നെ അവരിലൊരാളായി സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഏതു ഭാഷയില്‍ വര്‍ക്ക് ചെയ്യുന്നതും മനോഹരമായ അനുഭവം തന്നെയാണ്.



മരതകം, ലിക്കര്‍ ഐലന്‍ഡ്

ജലധാര പമ്പ്സെറ്റിനൊപ്പം ചെയ്ത മരതകം, ലിക്കര്‍ ഐലന്‍ഡ് എന്നിവ പോസ്റ്റ് പ്രൊഡക്ഷനിലാണ്. മരതകത്തില്‍ ബിബിന്‍ ജോര്‍ജിന്‍റെ പെയറാണ്. ഡോണ എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഒരു ടൈം ലൂപ്പിൽ കഥ പറയുന്ന പരീക്ഷണചിത്രമാണത്.

ലിക്കര്‍ ഐലന്‍ഡില്‍ റോഷന്‍ മാത്യുവിന്‍റെ പെയറാണ്. അതില്‍ എന്‍റെ കഥാപാത്രം രുക്മിണി ഡിസൈനറാണ്. രണ്ടു സിനിമകളും വൈകാതെ റിലീസാകും.



പുതിയ സിനിമകളുടെ ചര്‍ച്ചകള്‍ തുടരുന്നു. ഇന്ന കഥാപാത്രം മാത്രമേ ചെയ്യൂ എന്നില്ല. പ്രേക്ഷകര്‍ എന്നും ഓര്‍മിക്കുന്ന നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യണമെന്നാണ് ആഗ്രഹം.

ടി.ജി.ബൈജുനാഥ്