Editorial Audio
സമരം ചെയ്ത തൊഴിലാളികളെ പിന്തുണച്ച വിദ്യാർഥിനിക്കെതിരേ ദേശീയസുരക്ഷാ നിയമം ചുമത്തിയ ജില്ലാ മജിസ്ട്രേറ്റ് പിഴയൊടുക്കണമെന്നു കോടതി. "ഓർവെലിയൻ ഡിസ്റ്റോപ്പിയ' വേണ്ടെന്നും പറഞ്ഞു. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമെന്നു കരുതുന്ന മാനികൾ ബാക്കിയുണ്ട്.
"1984' ജോർജ് ഓർവെലിന്റെ നോവലാണ്. ജനാധിപത്യരാജ്യത്തു സംഭവിക്കരുതാത്ത ഏകാധിപത്യ പ്രവണതകളാണ് പ്രമേയം. കഥ വായിച്ചവർ, ജനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും സ്വാതന്ത്ര്യമില്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തെ പിന്നീട് "ഓർവെലിയൻ ഡിസ്റ്റോപ്പിയ'എന്നു വിശേഷിപ്പിക്കാൻ തുടങ്ങി. ഇക്കഴിഞ്ഞ ദിവസം, അലഹബാദ് ഹൈക്കോടതി, ഉദ്യോഗസ്ഥരുടെ അപചയങ്ങൾ ഉത്തർപ്രദേശിനെ "ഓർവെലിയൻ ഡിസ്റ്റോപ്പിയ' ആക്കി മാറ്റുമെന്നു മുന്നറിയിപ്പു നൽകി.
നോയ്ഡയിലെ തൊഴിലാളി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഡൽഹി സർവകലാശാലാ വിദ്യാർഥിനി അകൃതി ചൗധരിയെ ദേശീയസുരക്ഷാ നിയമം (എന്എസ്എ) ചുമത്തി അഞ്ചുമാസം തടവിലിടാൻ ഉത്തരവിട്ട നോയ്ഡ ജില്ലാ മജിസ്ട്രേറ്റും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകളുമായ മേധാ രൂപത്തിനും അതു നടപ്പാക്കിയ പൊലിസുകാർക്കും അഞ്ചു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. പ്രശ്നം അതല്ല; വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അഴിക്കുള്ളിലാക്കാൻ തനിച്ച് ഒരുദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ധൈര്യപ്പെടില്ല എന്നതാണ്.
തനിച്ചല്ലെന്ന് അയാളെ ഓർമിപ്പിക്കുന്ന ഭരണാധികാരിയാണ് "ഓർവെലിയൻ ഡിസ്റ്റോപ്പിയ'യിലെ അദൃശ്യനായ പ്രതിനായകൻ. അയാളെ ഏതിരുട്ടിലും തിരിച്ചറിയുന്ന ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർ രാജ്യത്ത് വർധിച്ചു. എതിർക്കുന്നവരെ ദേശദ്രോഹിയാക്കുന്ന ഈ രാഷ്ട്രീയത്തെ ഇന്ത്യയിലെ പ്രതിപക്ഷവും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും പണ്ടേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, കോടതി പറയുന്പോൾ അതിന്റെ ഗൗരവമേറും.
2026 ഏപ്രിലിൽ നോയിഡയിൽ കൂലിവർധനയ്ക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനുംവേണ്ടി സമരത്തിനിറങ്ങിയ തൊഴിലാളികളെ സന്ദർശിച്ചു പിന്തുണച്ചതാണ് അകൃതി ചൗധരിയുടെ കുറ്റം. ചുമത്തിയത് ദേശീയസുരക്ഷാ നിയമം! ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് അഞ്ചു മാസമായി തുടരുന്ന ജുഡീഷ്യൽ കസ്റ്റഡി ഉത്തരവാണ് കോടതി റദ്ദാക്കിയത്. ജനക്കൂട്ടത്തെ തീവയ്പിനും കല്ലേറിനും പ്രേരിപ്പിച്ചത്രേ. ഹൈക്കോടതി കണ്ടെത്തിയത്: ""ഇതൊരു കെട്ടിച്ചമച്ച കഥയാണ്. തെളിവുകളുടെ പിന്തുണയില്ലാതെ പൊലിസ് കൊണ്ടുവന്ന എൻഎസ്എ അപേക്ഷ ഇഴകീറി പരിശോധിക്കേണ്ടിയിരുന്ന മേധ അതു ചെയ്യാതെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തു.
തെളിവിന്റെ തരിന്പുപോലുമില്ല. ജനങ്ങൾക്കു തെരുവിലിറങ്ങാനും സമാധാനപരമായി ഒത്തുകൂടാനും അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയിലുണ്ട്. തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഇത്തരം അപചയങ്ങൾ ഉത്തർപ്രദേശിനെ "ഓർവെലിയൻ ഡിസ്റ്റോപ്പിയ'ആക്കി മാറ്റും.'' ഈ വിധിയുടെ മുനയിൽ തങ്ങളും കോർക്കപ്പെട്ടിരിക്കുന്നുവെന്നു സർക്കാരുകൾ തിരിച്ചറിയണം. ഈ കോടതി നിരീക്ഷണത്തിൽ തങ്ങളുടെ വിധിയുണ്ടെന്നു ജനങ്ങളുമറിയണം.
തൊഴിലാളികൾ സമരം നടത്തിയ നോയിഡ യുപിയിലാണ്. 2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം 289 പേർ പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുപി. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന, അവർക്കെതിരേ ഏറ്റവുമധികം വിദ്വേഷപ്രസംഗങ്ങൾക്കു വേദിയൊരുക്കുന്ന, ദളിതർക്കെതിരേ ഏറ്റവുമധികം അക്രമങ്ങൾ അരങ്ങേറുന്ന, ആൾക്കൂട്ട ആക്രമണങ്ങളുടെയും ബുൾഡോസർരാജിന്റെയും തറവാടായ യുപി! ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജനാധിപത്യവിരുദ്ധതയിൽ തൊട്ടുപിന്നാലെയുണ്ട്.
ഇക്കഴിഞ്ഞ ദിവസം, പ്രതിയെ കയറുകൊണ്ട് കെട്ടി റോഡിലൂടെ കെട്ടിവലിക്കുകയും കൈകൾ ബന്ധിച്ച് ദണ്ഡുകൊണ്ട് വീഴുവോളം മർദിക്കുകയും ചെയ്തത് അഫ്ഗാനിസ്ഥാനിലായിരുന്നില്ല, ഗുജറാത്തിലെ ഭാവ്നഗറിലായിരുന്നു. പ്രതി ലിവിംഗ് ടുഗെദറിലായിരുന്ന യുവതിയെ കൊന്നയാളല്ലേ എന്നു ന്യായീകരിക്കാൻ തക്കവിധം നമ്മിൽ ചിലരെങ്കിലും "ഓർവെലിയൻ ഡിസ്റ്റോപ്പിയ'യിലെ "വിധേയ'രായിരിക്കുന്നു. പ്രതി കൊലപാതകിയാണെന്നു വയ്ക്കൂ. കോടതിയുടെ അനുമതിയില്ലാതെ ശിക്ഷിക്കാൻ പൊലിസിന് അനുവാദമില്ല. ഇതു ജനാധിപത്യ രാജ്യമാണ്.
ഹൈക്കോടതിവിധിയിലെ ശക്തമായ മറ്റൊരു നിരീക്ഷണവും രാജ്യത്തിനു മുന്നിലുണ്ട്. ""അകൃതിയെ തടവിലാക്കിയതുവഴി തൊഴിലാളികൾക്കുവേണ്ടി സംസാരിക്കാനും പ്രതിഷേധിക്കാനും തയാറാകുന്നവർക്കു താക്കീതു നൽകാനാണ് മേധ ശ്രമിച്ചത്. രാഷ്ട്രീയ മേലാളന്മാരോടല്ല, മറിച്ച് യജമാനന്മാരായ ജനങ്ങളോടും ഭരണഘടനയോടുമാണ് ഉദ്യോഗസ്ഥർ കൂറുകാണിക്കേണ്ടത്.'' തീർച്ചയായും ഇങ്ങനെ ചിലരെ അഴിക്കുള്ളിലാക്കി ബാക്കിയുള്ളവരെ ഭയപ്പെടുത്താൻ സർക്കാരുകൾക്കു കഴിയും. പക്ഷേ, ജനാധിപത്യത്തിന്റെ വേരുകൾ ഇരട്ടി പുതുമുകുളങ്ങളെ പൊക്കിക്കൊണ്ടുവരുമെന്നതാണ് യാഥാർഥ്യം. ചിലപ്പോൾ അതു കുട്ടികളായിരിക്കും. മുതിർന്നവരുടെയത്ര ക്ഷീണിതരോ ഭീരുക്കളോ അല്ലാത്തവർ! പാറ്റകളെപ്പോലെ പെട്ടെന്നു പെരുകുന്നവർ!
മലയാളി ജഡ്ജി അതുൽ ശ്രീധരനും ജസ്റ്റീസ് അചൽ സച്ദേവും ഉള്പ്പെട്ട ബെഞ്ചാണ് യുപിയുടെ ജനാധിപത്യ വ്യതിചലനം ചൂണ്ടിക്കാണിച്ചത്. മേൽക്കോടതികളിൽ എന്താകും സ്ഥിതിയെന്നറിയില്ല. കഴിഞ്ഞ 12 വർഷത്തിനിടെ ജുഡീഷ്യൽ നിയമനങ്ങളിൽ "കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ' വർധിച്ചെന്ന് അടുത്തയിടെ പറഞ്ഞത് മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡോ. എസ്. മുരളീധറാണ്. കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കുന്നതിന്റെ ഫലമാണ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. അധികാരപ്രമത്തതയും വർഗീയതയും കെട്ടുപിണഞ്ഞ യുപിയിൽ അതിത്തിരി കൂടൂതലാണെന്നേയുള്ളൂ. ബാക്കിയിടങ്ങളിലും "ഓർവെലിയൻ ഡിസ്റ്റോപ്പിയ' യാഥാർഥ്യമാണ്.
എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്യേട്ടനെക്കുറിച്ചാണ് ജോർജ് ഓർവെൽ "1984'ൽ പറയുന്നത്. പക്ഷേ, ഭയപ്പെടുത്താനും കടിക്കാനും രാഷ്ട്രീയവത്കരിച്ച ഉദ്യോഗസ്ഥരെ അഴിച്ചുവിടുന്ന യജമാനന്മാർ ജനങ്ങളുടെ നിരീക്ഷണത്തിലാണെന്ന് 2026 പറയുന്നു. ജനാധിപത്യം ഇന്ത്യയെഴുതിയ വിഷാദനോവലല്ല, ശുഭപര്യവസായിയായ ഭരണഘടനയാണ്. "ഓർവെലിയൻ ഡിസ്റ്റോപ്പിയ' യാഥാർഥ്യമാകരുത്. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമെന്നു കരുതുന്ന മാനികൾ ഉണരുകതന്നെ ചെയ്യും.
Tags : DEEPIKAEDITORIAL