ചെറുതേനീച്ചയും ആന്‍റിഗണും
ചെറുതേനീച്ചയും ആന്‍റിഗണും
Monday, September 24, 2018 3:56 PM IST
തേന്‍ രണ്ടു തരമുണ്ട്. വന്‍തേനും ചെറുതേനും. ഇതില്‍ വന്‍ തേന്‍ ഭക്ഷണത്തിനും ചെറുതേന്‍ ഔഷധനിര്‍മാണത്തിനും ഔഷധമായി കഴിക്കാനും ഉപയോഗിക്കുന്നു. വന്‍തേന്‍ ഉത്പാദനം ഏറെ സങ്കീര്‍ണമല്ല. എന്നാല്‍ ചെറുതേനീച്ച വളര്‍ത്തലും തേന്‍ ഉത്പാദനവും സങ്കീര്‍ണവും സൂഷ്മത വേണ്ടതുമാണ്. സീസണില്‍ കിലോകണക്കിനു വന്‍ തേന്‍ ലഭിക്കുമെങ്കില്‍ ചെറുതേന്‍ ഒരു കൂട്ടില്‍ നിന്ന് ഒരു കിലോയില്‍ കൂടുതല്‍ ലഭിക്കില്ല.

ചെറുതേനിന്‍റെ ഗുണങ്ങളും സങ്കീര്‍ണതകളും

ഔഷധനിര്‍മാണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ചെറുതേന്‍. ഒരുതുള്ളി തേന്‍, തുളസി നീരിലോ പനിക്കൂര്‍ക്ക, ചുമക്കൂ ര്‍ക്ക ഇവയില്‍ ഏതിന്‍റെയെങ്കിലും നീരിലോ ചാലിച്ച് രണ്ടുനേരവും ശിശുക്കള്‍ക്ക് കൊടുത്താല്‍ പനി, ചുമ, കഫം, ശ്വാസം മുട്ടല്‍ എന്നിവയുണ്ടാകില്ല. മാത്രമല്ല സുഖനിദ്രയും ലഭിക്കും. ഉന്മേഷത്തോടെ പ്രഭാതത്തില്‍ ഉണരാനും കഴിയും. ദിവസവും ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ കണ്ണിനു തിളക്കവും ബുദ്ധിക്കു പ്രകാ ശവും ലഭിക്കും. ചര്‍മ്മത്തിനു നല്ല നിറവും മൃദുത്വവുമുണ്ടാകും. പഠനത്തില്‍ ഉണര്‍വും ഉന്മേഷവും നേടാനുമാകും.

പ്രായമായവര്‍ ഒരു സ്പൂണ്‍ തേന്‍ രാവിലേയും വൈകുന്നേരവും കഴിക്കുന്നതു ശീലമാക്കിയാല്‍ ചുമ, പനി, കഫം, ശ്വാസംമുട്ടല്‍ എന്നിവ പിടിപെടില്ല. പ്രമേഹരോഗികള്‍ക്കും ഈ രീതി ഗുണകരമാണ്.

കൂടൊരുക്കല്‍, തേനെടുക്കല്‍

ചെറുതേനീച്ചകളെ വളര്‍ ത്താന്‍ മണ്‍കലമാണു നല്ലത്. ഇതിനു പ്രത്യേക കാരണവുമുണ്ട്. നനയാതെ സൂക്ഷിച്ചാല്‍ വേനല്‍ക്കാലത്തും വര്‍ഷകാലത്തും സന്തുലിതമായ കാലാ വസ്ഥ കലത്തിനുള്ളില്‍ നിലനിര്‍ത്താന്‍ കഴിയും. തേനീച്ചകള്‍ക്ക് മുട്ട ഒരുക്കാനും തേന്‍ ശേഖരിക്കാനും ധാരാളം സ്ഥലം ലഭിക്കുകയും ചെയ്യും. വായ് വട്ടം കൂടുതലുള്ള കലമായിരുന്നാല്‍ സുഗമമായി തേനെടുക്കുകയും ചെയ്യാം.

പുതിയ കൂടൊരുക്കല്‍ (മുട്ടമാറ്റിവയ്ക്കല്‍)

കലം തുറന്ന് ഈച്ചകള്‍ക്ക് പുറത്തേക്കു പറന്നു പോകാന്‍ സമയം കൊടുക്കണം. കൂടുതുറന്ന് മുട്ടമാറ്റലും തേനെടുക്കലും രാവിലെ പത്തിനുമുന്‍പ് ചെയ്യുന്നതായിരിക്കും നല്ലത്. ഈ സമയത്ത് വേലക്കാരി ഈച്ചകള്‍ പുറത്തുപോയിരിക്കും. റാണി ഈച്ച മുട്ടകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. റാണിക്ക് മറ്റീച്ചകളേക്കാള്‍ വലിപ്പമുണ്ടെങ്കിലും അതിനെ കണ്ടുപിടിച്ച് പൂതിയ കൂട്ടിലാ ക്കുക അത്ര എളുപ്പമല്ല.

കലത്തിന്റെ വായ് ഭാഗത്താണ് മുട്ടശേഖരിക്കുന്നത്. മുകള്‍ ഭാഗത്ത് ബ്രൗണ്‍ നിറത്തോടുകൂടിയ വിരിയാറായ മുട്ടകളും താഴെഭാഗത്ത് വെളുത്ത നിറത്തിലുള്ള ഇളം മുട്ടകളും കാണാം. നല്ല മൂര്‍ച്ചയുള്ളതും കനം കുറഞ്ഞതുമായ കത്തികൊണ്ട് മൂപ്പ തു ശതമാനം മുട്ട, കൂട്ടില്‍ അവശേഷിക്കത്തക്കവിധത്തില്‍ അറുത്തെടുത്ത് പുതിയകലത്തില്‍ നിക്ഷേപിക്കണം. കുറച്ചു തേനും പൂമ്പൊടിയും കൂടി കലത്തില്‍ നിക്ഷേപിക്കണം. വിരിഞ്ഞിറങ്ങുന്ന ഈച്ചകള്‍ക്കു ഭക്ഷിക്കാനാണിത്. കലംതുറന്ന അവസ്ഥയില്‍ രണ്ടുമണിക്കൂര്‍ സൂക്ഷിക്കണം. ഈ സമയംകൊണ്ട് പുറത്തുപോയ കുറെ ഈച്ചകള്‍ കലത്തില്‍ കടന്നുകൂടിയിരിക്കും. കലം ഉറുമ്പുകേറാത്തവിധം മെഴുകുകൊണ്ടച്ച് നനയാത്ത സ്ഥല ത്ത് തൂക്കിഇടണം. ഒരാഴ്ച കഴിയുമ്പോള്‍ മുട്ടവിരിഞ്ഞ് ഈച്ചകള്‍ ഒരുപകല്‍ മുഴുവന്‍ പറന്നു നടക്കുകയും വൈകുന്നേരം കൂട്ടില്‍ കയറുകയും ചെയ്യും. ഈ സമയത്ത് നിലത്ത് അനേകം ഈച്ചകള്‍ ചത്തുകിടക്കുന്നതായിക്കാണാം. ഇത് ആവശ്യത്തില്‍ കൂടുതലുള്ള മടിയന്‍ ഈച്ചകളെ വേലക്കാരി ഈച്ചകള്‍ കൊന്നിടുന്നതാണ്. മുട്ടവിരിഞ്ഞ് പുതിയ റാണിയുണ്ടായില്ലെങ്കില്‍ ഒന്നു രണ്ടു മാസത്തിനകം ഈച്ചകള്‍ മുഴുവന്‍ കൂടുപേക്ഷിച്ച് പുറത്തു പോകുകയും കലം കാലിയായിത്തീരുകയും ചെയ്യും.

തേന്‍ ശേഖരിക്കല്‍

വളറെയേറെ സൂക്ഷ്മതയോ ടും ശ്രദ്ധയോടും ചെയ്യേണ്ടകാര്യമാണ് തേന്‍ ശേഖരിക്കല്‍. ഈച്ച യും മുട്ടയും നീക്കം ചെയ്ത കലത്തിന്റെ എല്ലാഭാഗത്തുമായാണ് തേനറകള്‍ കാണുക. ഏറെ കനം കുറഞ്ഞ മെഴുകുകൊണ്ട് നിര്‍മിച്ച ഗോളങ്ങളിലാണ് തേന്‍ ശേഖരിക്കുന്നത്. കൈവിരല്‍ ചെറുതായി തട്ടിയാല്‍ ഗോളം പൊട്ടി തേന്‍ പുറത്തേക്കൊഴുകും. തേന്‍ ശേഖരിക്കാന്‍ ചില ഉപകരണങ്ങള്‍ കരുതണം. ഇടയകലമുള്ള തുണികൊണ്ട് വായ മൂടിക്കെട്ടിയ ഒരു സ്റ്റീല്‍ പ്പാത്രം, ഒരു സ്റ്റീല്‍ തവി, ഒരു സ്പൂണ്‍, ഒരു കഷണം തുണി ഇത്രയുമൊരുക്കിയാല്‍ തേന്‍ ശേഖരിക്കാന്‍ തുടങ്ങാം. സ്റ്റീല്‍ തവി കൊണ്ട് ഏറെ ശ്രദ്ധയോടെ ഒരു സൈഡു മുതല്‍ തേന്‍ കോരിയെടുക്കണം. അവശേഷിക്കുന്ന ഭാഗത്തെ തേനറ കൈ തട്ടിപ്പൊട്ടാതെ ശ്രദ്ധിക്കണം. കോരിയെടുത്ത തേന്‍ കട്ടകള്‍ സ്പൂണ്‍കൊണ്ടി ളക്കി സ്റ്റീല്‍പ്പാത്രത്തില്‍ കെട്ടിയ തുണിയില്‍ വീഴ്ത്തണം. കുറച്ചു തേന്‍, കലത്തില്‍ നിലനിര്‍ത്തി ബാക്കിതേന്‍ കോരിഎടുക്കണം. കലത്തിന്റെ അടിയില്‍ ഊര്‍ന്നു ചാടിയതേന്‍ മുട്ട ഇളകാതെ കോരിയെടുക്കണം. കലത്തിന്റെ അടിയില്‍ ഊര്‍ന്നു ചാടിയ തേന്‍ ഒട്ടും അവശേഷിക്കാതെ തുണികൊണ്ട് തൂത്തെടുക്കണം. കലത്തില്‍ തേന്‍ വീണുകിടന്നാല്‍ പുളിച്ച് ദുര്‍ഗന്ധം കലത്തില്‍ നിറയും. ഇങ്ങനെയുണ്ടായാല്‍ ഈച്ചകള്‍ എല്ലാം ചത്തുപോകും. തേനെടുത്തശേഷം ദ്വാരങ്ങള്‍ മെഴുകുകൊണ്ടടച്ച് കലത്തിന്റെ പുറത്ത് തേന്‍വീണിട്ടുണ്ടെങ്കില്‍ തുടച്ചു കളയണം. ഇല്ലെങ്കില്‍ ഉറുമ്പു വന്ന് ഈച്ചയെശല്യം ചെയ്യും. ഭദ്രമായി അടച്ചകലം എടുത്ത സ്ഥലത്തുതന്നെ തൂക്കിയിടുക.


സ്റ്റീല്‍ പാത്രം വെയിലത്തുവച്ചാല്‍ കുറഞ്ഞ സമയം കൊണ്ട് തേന്‍ പൂര്‍ണമായും ഊര്‍ന്ന് സ്റ്റീല്‍പ്പാത്രത്തില്‍ വീഴും. തുണി അഴിച്ചുമാറ്റി സ്റ്റീല്‍ പാത്രത്തിലെ തേന്‍ നെറ്റിട്ടു മൂടി ഒരു ദിവസം വെയിലത്തുവച്ച് ജലാംശം വറ്റിച്ചശേഷം കഴുകി വൃത്തിയാക്കിയ കുപ്പിയില്‍ ഉറുമ്പു കടക്കാത്തവിധം അടച്ചു സൂക്ഷിക്കണം. പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കണം.

പുതിയ തേന്‍പെട്ടി

വളരെ ലളിതവും ചെലവുകുറഞ്ഞതുമായ പുതിയ തേന്‍ കൂടിന്റെ പരീക്ഷണഘട്ടത്തിലാണ് ഞാനിപ്പോള്‍.
ആവശ്യമായ വസ്തുക്കള്‍

1. നാലിഞ്ച് പിവിസി പൈപ്പിന്റെ ഒരടിനീളമുള്ള ഒരു കഷണം.
2. ഇതിന്റെ രണ്ട് അടപ്പ് (വാങ്ങാന്‍ കിട്ടും)

പിവിസി പൈപ്പ് , വാളുപയോഗിച്ച് നെടുകെ കീറുക. പൈപ്പിന്റെ അടിഭാഗം, നടുക്ക് അരയടി ഒഴിച്ച് രണ്ടറ്റവും അറത്തു മുറിക്കുക. രണ്ടടപ്പിലും ഈച്ചയ്ക്കു കയറാനും ഇറങ്ങാനും ഓരോ ദ്വാരം നടുക്ക് അരയടി ഒഴിച്ച് രണ്ടറ്റവും അറത്തു മുറിക്കുക. രണ്ടടപ്പിലും ഈച്ചയ്ക്ക് കയറാനും ഇറങ്ങാനും ഓരോ ദ്വാരം തീര്‍ക്കുക. ഒരു തടിക്കഷണം ഉപയോഗിച്ച് പിവിസി പൈപ്പ് മലര്‍ത്തി വയ്ക്കാന്‍ കഴിയും. ഇതു വഴി തേന്‍ എടുക്കല്‍ എളുപ്പമാകും. രണ്ടടപ്പിലും മുട്ടവച്ച് പൈപ്പിന്റെ രണ്ടറ്റവും അടയ്ക്കുക. ഈച്ചകള്‍ രണ്ടടപ്പുകളിലും മുട്ട ഇടും. മറുഭാഗത്ത് തേനും ശേഖരിക്കും. പുതിയ പൈപ്പില്‍ മുട്ട പകര്‍ത്താനും ഇപ്രകാരം ചെയ്യാം. തേന്‍ ശേഖരിക്കാനും എളുപ്പം കഴിയും. മിനുസമുള്ള പ്രതലത്തില്‍ മുട്ടയും തേന്‍ കുമിളകളും പിടിച്ചിരിക്കില്ല. അതുകൊണ്ട് പൈപ്പിനകത്തും അടപ്പിനകത്തും ചെറുതേന്‍ മെഴുക് ഉരുക്കി തേച്ചുപിടിപ്പിക്കണം. പരീക്ഷണം രണ്ടാം വര്‍ഷമാണ്. ഈ വര്‍ഷം കൂടി വിജയമെന്നു കണ്ടാല്‍ കലത്തില്‍ നിന്നും ഈ സംവിധാനത്തിലേക്കു മാറ്റും.

ആന്‍റിഗണും തേനീച്ചയും

തേനീച്ചയ്ക്ക് തേനും പൂമ്പൊടിയും ശേഖരിക്കാന്‍ ആന്റിഗണ്‍ എന്ന പുഷ്പലതയും നൈറ്റ് റോസ് എന്ന പൂമരവും നല്ലതാണ്.

ആന്‍റിഗണ്‍ എന്ന വള്ളിച്ചെടിനട്ട് ചുറ്റിക്കയറി പടരാന്‍ സംവിധാനമൊരുക്കിയാല്‍ 365 ദിവസവും സമൃദ്ധമായി പൂവുണ്ടാകും. വെള്ളയും, ചുവപ്പും പൂവുണ്ടാകുന്ന രണ്ടുതരം ചെടികളുണ്ട്. ഇതിന്റെ പൂവില്‍ തേനും പൂമ്പൊടിയുമുണ്ട്. നൈറ്റ് റോസ് എന്ന പൂമരവും തേനീച്ചകള്‍ക്കുള്ള ഭക്ഷണമൊരുക്കുന്നവയാണ്.
ഫോണ്‍: എം.എം. ജോസഫ്- 0482 2214013, 9745752878.

എം. എം. ജോസഫ്
മുന്‍ അസി. സെക്രട്ടറി, റബര്‍ബോര്‍ഡ്‌