ടിവി പുരത്തിനു ജീവനായി ജൈവ പാല്‍
റെജി ജോസഫ്

വൈക്കം ടിവി പുരത്തുനിന്നുള്ള ജീവന്‍ ബ്രാന്‍ഡ് ജൈവപാലും ജൈവതൈരും കൊച്ചിയും പിന്നിട്ട് ആലപ്പുഴയിലും വില്‍പനയ്‌ക്കെത്തിയിരിക്കുന്നു. വൈകാതെ ജൈവ വെണ്ണയും ജൈവ നെയ്യും ടിവിപുരത്തെ കര്‍ഷകര്‍ കൈമുദ്ര ചാര്‍ത്തി വിറ്റഴിക്കും. ചില്ലുകുപ്പിയില്‍ നിറച്ചു വില്‍ക്കുന്ന ജൈവപാലിനു ലിറ്ററിന് വില 70 രൂപ. ടിവി പുരത്തെ ക്ഷീര സംരംഭകനായ മാന്തുവള്ളില്‍ ബിജു മാത്യുവിന്റെ നേതൃത്വത്തില്‍ ദിവസം ഏഴായിരം ലിറ്റര്‍ ജൈവപാലാണ് വില്‍ക്കുന്നത്. മില്‍മ ഉള്‍പ്പെടെ ക്ഷീരസംഘങ്ങള്‍ക്ക് വര്‍ഷത്തില്‍ 3.20 ലക്ഷം ലിറ്റര്‍ പാല്‍ അളന്നു വിറ്റ റിക്കാര്‍ഡിനും ഉടമയാണ് ഈ ക്ഷീരകര്‍ഷകന്‍. ടിവി പുരത്തെ ജീവന്‍ഫാമില്‍ ജഴ്‌സി, ഗീര്‍, എച്ച്.എഫ്, കാങ്കയം, സിന്ധി ഇനങ്ങളില്‍പ്പെട്ട 220 ആരോഗ്യമുള്ള പശുക്കളാണ് ബിജുവിന്റെ അരുമകള്‍. ഇതില്‍ 190 പശുക്കള്‍ക്ക് ഇപ്പോള്‍ കറവയുണ്ട്. 24 ലിറ്റര്‍ വരെ പാല്‍ചുരത്തുന്ന ഗോക്കളെ ഈ തൊഴുത്തില്‍ കാണാം. ഒരു പശുവിന് ശരാശരി 15 ലിറ്റര്‍ പാ ല്‍ എന്നതാണ് കണക്ക്. പൂര്‍ണമായും ജൈവതീറ്റ നല്‍കി ഉത്പാദിപ്പിക്കുന്ന ജൈവപാലിനു മാത്രമല്ല ഗോമൂത്രത്തിനും ചാണകത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്.

20 വര്‍ഷം മുമ്പ്, പഠനത്തിനുശേഷം തുടങ്ങിയതാണ് പശുവളര്‍ത്തല്‍.

പശുവളര്‍ത്തലിലൂടെ സ്വയംപര്യാപ്തത എന്ന ആശയത്തിലൂടെ കേരളത്തില്‍ ക്ഷീരവിപ്ലവത്തിന് നാന്ദികുറിച്ച പിതൃസഹോദരന്‍ ഫാ.ജോസഫ് മുട്ടുമനയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിജു തൊഴുത്തിലേക്ക് കാല്‍വച്ചു കയറിയത്. അധ്യാപകനായിരുന്ന പിതാവ് എം.എം. മാത്യുവും പിന്‍തുണയുമായി ഒപ്പമുണ്ടായിരുന്നതിനാല്‍ ബിജുവിന് ഇന്നേവരെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വീട്ടിലുണ്ടായിരുന്ന രണ്ടു പശുക്കളെ കൂടാതെ മൂന്നു പശുക്കളെ കൂടി വാങ്ങി മുപ്പതാം വയസില്‍ തുടങ്ങിയ പശുവളര്‍ത്തല്‍ ഇന്നൊരു മാതൃകാ ഫാമിലേക്കു വളര്‍ന്നിരിക്കുന്നു. ഒപ്പം സ്വന്തം നാട്ടിലെ ക്ഷീരകര്‍ഷകരെ ഒന്നാകെ കോര്‍ത്തിണക്കി വലിയൊരു കൂട്ടായ്മയായി കരുത്താര്‍ജിച്ചിരിക്കുന്നു.

ശുദ്ധവും ഗുണസമ്പുഷ്ടവുമായ പാല്‍ ഉത്പാദിപ്പിച്ചു വില്‍ക്കുക എന്ന ലക്ഷ്യത്തില്‍ മൂന്നു വര്‍ഷം മുന്‍പാണ് ഓര്‍ഗാനിക് മില്‍ക്ക് എന്ന ആശയം ബിജു പ്രാവര്‍ത്തികമാക്കിയത്. ഇതൊരു വിജയമായപ്പോള്‍ അയല്‍ക്കാരായ 37 ക്ഷീരകര്‍ഷകരെ ഒപ്പം ചേര്‍ത്തൊരു ക്ഷീരസൊസൈറ്റിക്കു രൂപം നല്‍കി. ഇന്ന് ടിവി പുരത്തെ ജീവന്‍ ജൈവപാല്‍ കര്‍ഷക കൂട്ടായ്മയുടെ പെരുമ ചെറുതല്ല. ഇവര്‍ വാങ്ങിക്കൂട്ടുന്ന പുരസ്‌കാരങ്ങളും ചില്ലറയല്ല.

പശുക്കള്‍ക്കുള്ള തീറ്റ അപ്പാടെ ജൈവമാണ്. തമിഴ്‌നാട്ടിലെ കമ്പം, തേനി, സത്യമംഗലം ഗ്രാമങ്ങളില്‍ നിന്നും രണ്ടര മാസമായ ചോളം മൂപ്പെത്തും മുന്‍പ് വെട്ടി ലോറിയില്‍ വൈക്കത്തെത്തിക്കും. അവിടെ ഒരു പറ്റം കര്‍ഷകര്‍ ബിജുവിന്റെ പശുക്കള്‍ക്കു മാത്രമായി ജൈവവളമിട്ട് ചോളം വളര്‍ത്തുകയാണ്. അരിഞ്ഞ ചോളത്തിനൊപ്പം പരുത്തിയും പയറുപൊടിയും തവിടും ഉള്‍പ്പെടെ 20 വിഭവങ്ങള്‍ ചേര്‍ന്ന തീറ്റയാണ് പശുക്കള്‍ക്കുനല്‍കുന്നത്. ധാന്യങ്ങള്‍ ആവശ്യമനുസരിച്ച് എത്തിച്ചുകൊടുക്കാന്‍ തമിഴ് നാട്ടില്‍ ഏജന്‍സികളുണ്ട്. ഫാമില്‍ തയാറാക്കുന്ന ഈ തീറ്റക്കൂട്ട് പാലിന്റെ ഗുണമേന്‍മ ഏറെ വര്‍ധിപ്പിക്കുമെന്നാണ് ലാബില്‍ പതിവായി പാല്‍ പരിശോധന നടത്തി വരുന്ന ഇദ്ദേഹത്തിന്റെ അനുഭവം. രാവിലെയും ഉച്ചകഴിഞ്ഞുമായി ഒരു പശുവിന് 35 കിലോയോളം തീറ്റ കൊടുക്കും. സുപ്രീം കാലത്തീറ്റ ഒരു കിലോ വീതം നല്‍കുന്നു. സിഒ- 3 ഇനം പുല്ല് ഫാമിനോടു ചേര്‍ന്ന് ഒന്‍പത് ഏക്കറില്‍ നട്ടുവളര്‍ത്തുന്നു. പുല്ല് വളര്‍ത്തല്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതുവഴി ശാക്തീകരണത്തിനും വരുമാനത്തിനും വനിതാസ്വാശ്രയസംഘങ്ങള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നു. ഫാമില്‍ കാലികള്‍ക്കു കുടിവെള്ളം കൊടുക്കുന്ന കാര്യത്തില്‍ പിശുക്കൊന്നുമില്ല. വേണ്ടിടത്തോളം കുടിക്കാന്‍ ശുദ്ധമായ വെള്ളം പുല്‍ത്തൊട്ടിയോടു ചേര്‍ന്ന് നിറച്ചുവച്ചിരിക്കുന്നു. പശുവിനെ ദിവസവും കുളിപ്പിക്കുന്നതിനേക്കാള്‍ ബ്രഷ് ചെയ്യുന്നതാണ് ഉത്തമം എന്നതാണ് ബിജുവിന്റെ പക്ഷം. കറവയ്ക്കു മുന്‍പ് പാല്‍പാത്രവും അകിടും കീടനാശിനി ഉപയോഗിച്ചു ശുചിയാക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തുന്നില്ല.

അര ലിറ്റര്‍, ഒരു ലിറ്റര്‍ അളവുകളില്‍ അണുവിമുക്തമാക്കിയ ചില്ലുകുപ്പിയിലാണ് പാല്‍ വില്‍പന. പുലര്‍ച്ചെ അഞ്ചിനു കറന്നെടുക്കുന്ന പാല്‍ കര്‍ഷകര്‍ തന്നെ വാനുകളില്‍ ആറിന് എറണാകുളത്തെ ഫ്‌ളാറ്റുകളിലും വില്ലകളിലും റിസോര്‍ട്ടുകളിലും എത്തിച്ച് വില്‍പന നടത്തുന്നു. വൈകുന്നേരം കറന്നെടുക്കുന്ന പാല്‍ ശീതികരിച്ചു സൂക്ഷിച്ച് പിറ്റേന്നു രാവിലത്തെ കറവയ്‌ക്കൊപ്പം ചേര്‍ത്തു വില്‍ക്കും. കുപ്പി വീടുകളില്‍നിന്നു തിരികെയെടുക്കാനും കഴുകി അണുവിമുക്തമാക്കാനും കൊച്ചിയില്‍ ഏതാനും പേരുടെ സേവനമുണ്ട്. കുപ്പിപ്പാല്‍ കൂടാതെ പ്ലാസ്റ്റിക് കവറുകളിലും ജീവന്‍ പാല്‍ വില്‍പനയുണ്ട്.

ടിവി പുരം കടന്ന് ബിജുവിന്റെ തൊഴുത്ത് കര്‍ണാടകത്തിലെ ബെല്‍ഗാം വരെ എത്തിയിരിക്കുന്നു. ബല്‍ഗാമിലെ ഫാമില്‍ 160 പശുക്കളാണുള്ളത്. ജീവന്‍ ഫാമില്‍നിന്നുള്ള പശുക്കിടാക്കളെ രണ്ടു മാസം പ്രായമെത്തുമ്പോള്‍ ബെല്‍ഗാമിലേക്കു കൊണ്ടുപോകും. മൂരിക്കിടാക്കളെ നാട്ടില്‍തന്നെ ഇറച്ചിക്കു വില്‍ക്കും. ബല്‍ഗാമിലെ കാലിവളര്‍ത്തല്‍ ഇവിടത്തേതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ഓള്‍ ഇന്ത്യ നാഷണല് സീഡ് ഡെലലപ്‌മെന്റ് സൊസൈറ്റി ബെല്‍ഗാമില്‍ അയ്യായിരം ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ക്ഷീരകര്‍ഷകര്‍ക്കു തീറ്റയ്ക്കായി നല്‍കിയിട്ടുണ്ട്. വിശാലമായ ഈ പുല്‍ക്കാട്ടില്‍ പശുക്കളെ അഴിച്ചുവിടുകയാണ് പതിവ്. രാജ്യത്ത് വംശനാശം നേരിടുന്നതും തദ്ദേശിയവുമായ എല്ലാ ഇനം പശക്കളെയും ഈ കര്‍ഷകന്‍ ബെല്‍ഗാമില്‍ വളര്‍ത്തി പരിപാലിക്കുന്നു. മലയരയന്‍മാരായ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അവിടത്തെ ഗ്രാമത്തില്‍ കാലിമേയ്ക്കല്‍ തൊഴിലാക്കിയ മൂപ്പന്‍മാര്‍ ഏറെപ്പേരുണ്ട്. രാവിലെ പശുക്കളെ തൊഴുത്തില്‍നിന്നു കൊണ്ടുപോയി വൈകുവോളം തീറ്റിച്ചു വയര്‍ നിറച്ചുകൊണ്ടുവരുമ്പോള്‍ ഒരു പശുവിന് 10 രൂപ നിരക്കിലാണ് വേതനം. 100 പശുക്കളെ മേയിക്കാന്‍ കൊണ്ടുപോകുന്ന മൂപ്പന് ദിവസം ആയിരം രൂപ കൂലി. ബെല്‍ഗാമിലെ തൊഴുത്തില്‍ കറന്നെടുക്കുന്ന പാല്‍ അവിടെ തന്നെ വില്‍ക്കുകയാണ്. വൈകാതെ അവിടെ നിന്നുള്ള ജൈവപാല്‍ നാട്ടിലെത്തിച്ചു കൂടിയ വിലയ്ക്കു വില്‍ക്കാനും ബിജുവിന് ആലോചനയുണ്ട്. കാലികളെ മേയിക്കുന്ന ഗോത്രവാസി മൂപ്പന്‍മാരുടെ കൊച്ചുമക്കള്‍ക്കായി ബിജു ഒരു പഠനകളരി അവിടെ തുറന്നിട്ടുണ്ട്. സ്‌കൂളില്‍ പോകാതെയും പഠനം ഇടയ്ക്കു നിറുത്തിയും അലസരായി നടക്കുന്ന കുട്ടികളെ ഒരുമിപ്പിച്ച് അവര്‍ക്ക് അക്ഷരം പറഞ്ഞുകൊടുക്കാന്‍ ഒരു അധ്യാപകനെ ഇദ്ദേഹം നിയമിച്ചിരിക്കുന്നു. തൊഴുത്തിനോടു ചേര്‍ന്ന ഷെഡ്ഡിലോ മരണത്തണലിലോ കുട്ടികളെ ഇരുത്തി അക്ഷര പഠിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വലിയ വിജയമായിരിക്കുന്നു.


ടിവി പുരത്തെ തൊഴുത്തില്‍ പിറക്കുന്ന ഒത്ത പശുക്കിടാക്കളെ ഫാമില്‍തന്നെ കറവയ്ക്കായി വളര്‍ത്തുന്നതിനാല്‍ കിടാക്കളെ വിലകൊടുത്തു വാങ്ങേണ്ടതില്ല. ബീജസങ്കലനം നടത്താന്‍ ആളും സംവിധാനവും ഇവിടെ സ്വന്തമായുണ്ടുതാനും. അവശ്യം മരുന്നും ജീവന്‍ ഫാമില്‍ സ്റ്റോക്കുണ്ട്. ഇങ്ങനെയെങ്കിലും ഇടയ്ക്കിടെ വൈക്കത്തുനിന്നു മൃഗഡോക്ടര്‍ എത്തി പശുക്കളെ പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നുണ്ട്. അകിടുവീക്കവും കുളമ്പുരോഗവും ഏറെ സൂക്ഷിക്കണമെന്നാണ് ബിജുവിനു പറയാനുള്ളത്. ഒരു പശുവിന് ദിവസം 240 രൂപ ചെലവ്. ഒരു പശു 15 ലിറ്റര്‍ പാല്‍ തന്നാല്‍ അത് മൂല്യവര്‍ധിതമാക്കി 650 രൂപ വരുമാനമുണ്ടാക്കാമെന്നാണ് ബിജുവിന്റെ അനുഭവം.

അഞ്ചു പ്രസവം വരെയേ ഒരു പശുവിനെ ഫാമില്‍ നിറുത്താറുള്ളു. ഇതുകഴിഞ്ഞാല്‍ പശുക്കളെ ജൈവ പാല്‍ കര്‍ഷക ക്ലസ്റ്ററിനു വളര്‍ത്താന്‍ കൊടുക്കും. ഇനിയുള്ള കാലത്ത് പാല്‍ മാത്രം വിറ്റ് പശുവളര്‍ത്തലില്‍നിന്നു ലാഭമുണ്ടാക്കാമെന്നു കരുതേണ്ടെന്നാണ് ബിജുവിന്റെ അനുഭവം. പാല്‍ വരുമാനത്തിലെ ഒരു ഭാഗം മാത്രമാണ്. പാല്‍ സംസ്‌കരിച്ചു തൈരും വെണ്ണയും നെയ്യുമൊക്കെയാക്കി വില്‍ക്കണം. ചാണകവും മൂത്രവും ജൈവവളവുമൊക്കെ തൊഴുത്തിലെ വരുമാനമാണ്. ജീവന്‍ ഫാമിലെ ചാണകം വില്‍പനയും കണ്ടു പഠിക്കേണ്ടതാണ്. ഉണക്കച്ചാണകം കിലോ പത്തു രൂപ നിരക്കില്‍ വില്‍ക്കും. കൂടാതെ ചാണകത്തിനൊപ്പം വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയൊക്കെ ചേര്‍ത്ത് ഓരോ കൃഷിക്കും അനുയോജ്യമായ വളം കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ നിര്‍ദേശത്തില്‍ തയാറാക്കി വില്‍ക്കുന്നു. തെങ്ങ്, വാഴ, ഏലം, കുരുമുളക്, ഗ്രാമ്പൂ തുടങ്ങിയവയ്‌ക്കൊക്കെ പ്രത്യേകം വളങ്ങള്‍ തയാറാക്കി ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്നു. തൊഴുത്തു കഴുകുന്ന വെള്ളം തോട്ടത്തിലേക്ക് ഒഴുക്കുക വഴി വളക്കൂറുള്ള ജൈവഭൂമിയായി മാറിയിരിക്കുന്നു. ഇവിടെ വാഴയും പച്ചക്കറിയുമൊക്കെ നൂറു മേനിയാണ് വിളവ്. ഗോമൂത്രം ആയൂര്‍വേദ ഫാര്‍മസികള്‍ വാങ്ങുന്നുണ്ട്. മൂത്രം യഥാസമയം ശേഖരിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് പ്രത്യേകമായ ഒരു കൂലിവിഹിതവുമുണ്ട്.

തൊഴുത്ത് എപ്പോഴും വൃത്തിയായിരിക്കണം. നില്‍പ്പും കിടപ്പുമൊക്കെ പശുക്കള്‍ക്ക് സുഖകരമായിരിക്കണം. റബര്‍ മാറ്റ് വിരിച്ച് അതിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്. ജീവന്‍ ഫാമിന്റെ നിര്‍മാണവും കണ്ടുപഠിക്കേണ്ടതാണ്. തൊഴുത്തിനു മുകളില്‍ ടിന്‍ ഷീറ്റ്. അതിനു താഴെ ഓല മേഞ്ഞിരിക്കുന്നു. ഓല പൊടിഞ്ഞു വീഴാതിരിക്കാന്‍ മേച്ചിലിനു താഴെ ഗ്രീന്‍ നെറ്റ്. അഞ്ചു വര്‍ഷം ഇടവിട്ട് ഓല മാറി പുതിയതു മേയും. കൂടുതല്‍ കുളിര്‍മ കിട്ടാന്‍ ഫാനുകള്‍ നിരയായുണ്ട്. രാവിലെയും വൈകുന്നേരവും കീടനാശിനി ഉപയോഗിച്ചു തൊഴുത്തു കഴുകും. നാലു നിരയായി പശുക്കള്‍ നില്‍ക്കുന്ന ഫാമില്‍ 65 ചതുരശ്ര അടി അകലം പാലിച്ചാണ് ഓരോ പശുവിനെയും കെട്ടിയിരിക്കുന്നത്. സ്വന്തം പശുക്കളിള്‍നിന്നുള്ള ആദായം മാത്രമല്ല നാട്ടിലെ ക്ഷീരകര്‍ഷകരെയെല്ലാം ലാഭത്തില്‍ വളര്‍ത്തുകയും നയിക്കുകയും ചെയ്യുകയാണ് ഈ കര്‍ഷകസ്‌നേഹി. ടിവി പുരത്തിന്റെ കാര്‍ഷിക ചൈതന്യമാണ് ജീവന്‍ കൂട്ടായ്മ. പശുവളര്‍ത്തലില്‍ ബിജുവിന് പ്രോത്സാനവും സഹായവുമായി ഭാര്യ എല്‍സിയും മക്കളായ മരിയയും മാത്യുവും ഒപ്പമുണ്ട്. ബിജു മാത്യു -ഫോണ്‍: 9495188705.