മനസുണർത്താൻ ഉദ്യാന ചികിത്സ
മനസുണർത്താൻ ഉദ്യാന ചികിത്സ
Wednesday, December 29, 2021 2:08 PM IST
ഞാനെന്തിന് ഈ ബുദ്ധിമുട്ടൊക്കെ സഹിച്ചു കൃഷിചെയ്യണം? വല്ല പച്ചക്കറിക്കടയിലും പോയി പത്തോ അന്പതോ രൂപ കൊടുത്താൽ കിട്ടില്ലേ ഇവയൊക്കെ? പിന്നെന്തിനു പ്രകൃതിയോടും രോഗ, കീടങ്ങളോടും മല്ലിട്ടുസമയം കളയണം?. കൃഷിയിൽ ആദ്യമായിറങ്ങുന്നവരും ഇറങ്ങാൻ ആഗ്രഹിക്കുന്നവരുമൊക്കെ ഒരുവേള ഇങ്ങനെയും ചിന്തിച്ചേക്കാം. ഈ വാദങ്ങളെ സാധൂകരിക്കുന്ന കാരണങ്ങളും കണ്ടേക്കാം.

ഒരു കിലോ പച്ചമുളക് ജൈവരീതിയിൽ വിളയിക്കാൻ ചെലവാക്കുന്ന പണം, അധ്വാനം ഇവയെല്ലാം വച്ചു നോക്കുന്പോൾ കടയിൽ നിന്നു വാങ്ങുന്നതു തന്നല്ലേ ലാഭം? ഇങ്ങനെയൊക്കെ ചിന്തിച്ച് കൃഷിയിൽ നിന്നു മാറുന്നവർ മനസിലാക്കേണ്ട ഒരു മറുവശമുണ്ട് കൃഷിക്ക്. കൃഷി നമ്മുടെ മനസിലും ശരീരത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണവ. ഇതിന്‍റെ ഗുണഫലങ്ങൾ പണത്തിന്‍റെ തോതുപയോഗിച്ച് അളക്കാവുന്നതിലും അപ്പുറമാണ്.

കൃഷിയും അമേരിക്കൻ ഹോർട്ടിക്കൾച്ചറൽ തെറാപ്പി അസോസിയേഷനും

കൃഷി ശരീരത്തിനും മനസിനും നൽകുന്ന സൗഖ്യത്തെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തുന്ന സംഘടനയാണ് അമേരിക്കൻ ഹോർട്ടിക്കൾച്ചറൽ തെറാപ്പി അസോസിയേഷൻ. ഒരു ചികിത്സാരീതി എന്ന നിലയിൽ കൃഷി ഉപയോഗിച്ചപ്പോൾ വിവിധ തലത്തിലുള്ള മനുഷ്യരിൽ അതുണ്ടാക്കിയ മാറ്റങ്ങൾ അദ്ഭുതാവഹമായിരുന്നു.

പ്രായമായവരിൽ: സിംഗപ്പൂരിൽ അറുപതിനും എണ്‍പതിനും മധ്യേ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ കൃഷിയിൽ ഏർപ്പെട്ടവരുടെ മാനസീകാരോഗ്യവും സുസ്ഥിതിയും വർധിക്കുന്നതായി കണ്ടെത്തി.

ചിക്കാഗോയിലെ കുട്ടികൾ: സ്കൂൾ പഠനത്തിനൊപ്പം പൂന്തോട്ട, അടുക്കളത്തോട്ട പരിപാലനവും ഉൾപ്പെടുത്തി ചിക്കാഗോയിൽ ഒരു പഠനം നടന്നു. ഭക്ഷ്യസ്വയംപര്യാപ്തതയേക്കുറിച്ച് വ്യക്തമായ അവബോധം കുട്ടികളിൽ രൂപപ്പെട്ടുവെന്നു മാത്രമല്ല, അതിനായുള്ള വലിയ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ഈ കുട്ടികൾക്കായി. പഠനത്തിലെ പിരിമുറുക്കം ഇല്ലാതായതിനൊപ്പം മറ്റുള്ളവരോടു സ്നേഹവും കരുതലുമുള്ള സ്വഭാവം കുട്ടികളിൽ വളർന്നതായി പഠനം കണ്ടെത്തി.

ജയിലുകൾ പൂന്തോട്ടങ്ങളായപ്പോൾ: ജയിലുകളിലെ തടവുകാരിലും വലിയ മാറ്റങ്ങൾ വരുത്താൻ കൃഷിക്കാവുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ, പൂന്തോട്ട പരിപാലനത്തിലേർപ്പെട്ട തടവുകാരിൽ കുറ്റവാസന കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ജോലിചെയ്തു ജീവിക്കണമെന്ന മാനസീകാവസ്ഥ ഉണ്ടായതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ഒപ്പം, കരുതലും സഹജീവി സ്നേഹവും വർധിക്കുന്നതായും കണ്ടെത്തി. ബുദ്ധി പരിമിതികൾ അതിജീവിക്കാൻ: നോർത്ത് കരോളിനയിൽ ബൗദ്ധിക പരിമിതിയുള്ള യുവാക്കളിലാണ് ഉദ്യാനചികിത്സ നടത്തിയത്. പരിമിതികളെ അതിജീവിച്ച് ബൗദ്ധികവികാസം നേടാൻ കൃഷിയിലൂടെ സാധിച്ചതായാണ് ഇവിടത്തെ കണ്ടെത്തൽ.

കൃഷിയിലേർപ്പെട്ട കുട്ടികളിൽ ഓർമശക്തിയും ധാരണാശേഷിയും വർധിച്ചതായും മനുഷ്യരുമായി നല്ല രീതിയിൽ പെരുമാറാനുള്ള വൈദഗ്ധ്യം ലഭിച്ചതായും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മസിലുകളുടെ ഏകീകരിച്ചുള്ള പ്രവർത്തനം സാധ്യമായതിനൊപ്പം ഭാഷാ വൈദഗ്ധ്യം നേടുന്നതിലും ഉദ്യാനങ്ങളിലെ ഇടപെടലുകൾക്കായി.

എന്താണ് ഉദ്യാന ചികിത്സ?

ചികിത്സാ ഉദ്യാനങ്ങളോടുള്ള താത്പര്യം ഗണ്യമായി വർധിക്കുന്നുണ്ടിന്ന്. സാധാരണ പൂന്തോട്ടങ്ങളല്ല ചികിത്സാ ഉദ്യാനങ്ങൾ. പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണിവ. ന്ധഅമേരിക്കൻ സൊസൈറ്റി ഓഫ് ലാൻഡ്സ്കേപ് ആർക്കിടെക്റ്റ്സ്’ ചികിത്സാ ഉദ്യാനങ്ങൾ രൂപകൽപന ചെയ്യാൻ പരിശീലനം നൽകുന്നുണ്ട്. രോഗസൗഖ്യം നൽകാൻ ഉപകരിക്കുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ആവാസവ്യവസ്ഥയാണിത്. വ്യത്യസ്ത നിറങ്ങൾ, സുഗന്ധം എന്നിവ നൽകുന്ന സസ്യങ്ങൾ ഇതിലുണ്ടാകും. പച്ചപുതച്ച നടപ്പാതകൾ, ഇവയുടെ ഉയർച്ച താഴ്ചകൾ തുടങ്ങി ഉദ്യാനചികിത്സകരാണ് തോട്ടത്തിന്‍റെ ഘടന ചിട്ടപ്പെടുത്തുന്നത്.

വ്യത്യസ്ത നിറങ്ങളുടെ കാഴ്ച


ഉദ്യാനങ്ങളിലെ വ്യത്യസ്തമായ നിറങ്ങൾ തലച്ചോറിലെ വ്യത്യസ്ത ഭാഗങ്ങളിലാണ് തിരിച്ചറിയപ്പെടുന്നത്. ഇത് തലച്ചോറിനെ മുഴുവൻ ഉദ്ദീപിപ്പിക്കുന്നു. വ്യത്യസ്ത നിറങ്ങളുള്ള പൂക്കളും കായ്കളുമൊക്കെ കണ്ടുകൊണ്ടുള്ള നടത്തം തലച്ചോറിനു നൽകുന്ന സൗഖ്യം ചില്ലറയല്ല. ശാരീരികവും മാനസികവുമായ രോഗസൗഖ്യവും ഇതുമൂലമുണ്ടാകുന്നു.

ഗന്ധചികിത്സയും തലച്ചോറും

സസ്യങ്ങളുടെ സുഗന്ധവും ഉദ്യാന ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്(അരോമ തെറാപ്പി). സുഗന്ധ തൈലങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബ്ദം, കാഴ്ച എന്നിവയേക്കാൾ പെട്ടന്ന് തലച്ചോറിനെ സ്വാധീനിക്കാൻ ഗന്ധത്തിനു കഴിയും. ഇങ്ങനെ തലച്ചോറിലെത്തുന്ന സുഗന്ധം, അവിടെയുണ്ടാക്കുന്ന വൈകാരിക, ശാരീരിക പ്രതികരണങ്ങൾ ഓർമശക്തി വീണ്ടെടുക്കുന്നതിനു വരെ പര്യാപ്തമാണ്.

പെറ്റ്സുകളും ചികിത്സയാണ്

നമ്മൾ വീടുകളിൽ വളർത്തുന്ന നായകൾ, പൂച്ചകൾ, പക്ഷികൾ എല്ലാം ഒരു ചികിസ്തയുടെ ഭാഗമായും ഉപയോഗിക്കുന്നു. പെറ്റ്സ് തെറാപ്പി എന്നാണിതിനു വിളിപ്പേര്. ശരീരത്തിന്‍റെ കഴിവുകൾ വർധിപ്പിക്കുക, ആശയവിനിമയശേഷിയും സാമൂഹിക കഴിവുകളും വികസിപ്പിക്കുക തുടങ്ങി നിരവധി മാറ്റങ്ങൾ മനുഷ്യരിലുണ്ടാക്കാൻ വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും കഴിയും. പിരിമുറുക്കം കുറച്ച് തലച്ചോറിനു സൗഖ്യം പകരുന്നതാണിവയും.

ചുരുക്കത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മനുഷ്യനെ മനുഷ്യനാക്കുമെന്നു സാരം. ശാരീരിക, മാനസിക ആരോഗ്യം വീണ്ടെടുക്കാൻ നമ്മുടെ വീട്ടുവളപ്പിലെ കാർഷിക പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണ്. കൃഷി ഒരു ജീവിതചര്യയാക്കിയാൽ ആശുപത്രിയിൽ കയറിയിറങ്ങാതെ തന്നെ ജീവിതം മുന്നോട്ടു നീക്കാം.

രോഗമുണ്ടാകാതിരിക്കാനും കൃഷിയിലേക്കിറങ്ങുന്നതു നന്ന്. ആധുനിക ലോകം സമ്മാനിക്കുന്ന പിരിമുറുക്കത്തിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാനും നിറമുള്ള കാർഷിക കാഴ്ചകൾ നമ്മെ സഹായിക്കും. നമ്മുടെ അടുക്കളത്തോട്ടങ്ങളും അകത്തള സസ്യങ്ങളും പൂന്തോട്ടവുമെല്ലാം നമ്മളെ ആരോഗ്യവാ·ാരാക്കും. അപ്പോൾ മടിച്ചു നിൽക്കേണ്ട വീട്ടിലൊരു അടുക്കളത്തോട്ടവും പൂന്തോട്ടവുമൊക്കെ നിർമിച്ചോളൂ.

ചരിത്രത്താളുകളിലെ ഉദ്യാന ചികിത്സ

ഇന്ദ്രിയങ്ങളെ ശാന്തമാക്കാൻ ഉദ്യാനചികിത്സ ആരംഭിച്ചത് പുരാതന മെസപ്പട്ടോമിയക്കാരാണ്. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുന്പുതന്നെ ഈ ചികിത്സാരീതി നിലനിന്നിരുന്നെന്നതിനു രേഖകളുണ്ട്. സൗന്ദര്യം, സുഗന്ധം, ഒഴുകുന്ന വെള്ളം, തണുത്ത കാലാവസ്ഥ എന്നിവ ഇന്ദ്രിയങ്ങളെ ശാന്തമാക്കുമെന്നു പുരാതന പേർഷ്യക്കാരും കണ്ടെത്തിയിരുന്നു.

പുരാതന ഈജിപ്ഷ്യൻ ഫിസിഷൻമാർ മാനസിക രോഗമുള്ളവരോട് ഒരു പൂന്തോട്ടത്തിനു ചുറ്റും നടക്കാൻ നിർദ്ദേശിച്ചിരുന്നതായി അമേരിക്കൻ ഹോർട്ടിക ൾച്ചറൽ തെറാപ്പി അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട്. വിഷാദ രോഗികളെ സന്തോഷത്തിലേക്ക് ആനയിക്കാൻ മധ്യകാലത്തെ ആശ്രമആശുപത്രികളിൽ തോട്ടങ്ങൾ നിർമിച്ചിരുന്നു. മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും രോഗചികിത്സയ്ക്കും ഉദ്യാനങ്ങളിലെ അധ്വാ നം സഹായകരമാണെന്ന് തെളിയിച്ചത് 19-ാം നൂറ്റാണ്ടിലാണ്.

അമേരിക്കൻ സൈക്കാട്രിയുടെ പിതാവെന്നറിയപ്പെടുന്ന ഡോ. ബെഞ്ച മിൻ റഷ് ആയിരുന്നു ഇതിനു പിന്നിൽ. ഒന്നാം ലോകമഹായുദ്ധ ത്തിനു ശേഷം നടന്ന സൈനീക പുനരധിവാസത്തിലും ഹോർട്ടിക ൾച്ചറൽ തെറാപ്പി വിജയകരമായി ഉപയോഗിച്ചിരുന്നു.

ടോം ജോർജ്
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)
ഫോണ്‍: 94474 637 21.