ജൈവം മാത്രം ചാണകപ്പൊടി, ചാരം, കരിയിലകൾ, കോഴിക്കാഷ്ഠം തുടങ്ങിയവയാണ് വളം. വീട്ടിൽ ബയോഗ്യാസും ഉണ്ട്. അടുക്കള മാലിന്യങ്ങളിൽ നിന്നുള്ള ബയോ സ്ലറിയും ഉപയോഗിച്ചു വരുന്നു. വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവ ചാണകത്തിൽ അലിയിച്ചുണ്ടാക്കുന്ന വളവും ഉപയോഗിക്കാറുണ്ട്.
ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സഹധർമിണി ശ്രീകലയുടെ കുടുംബ ഭാഗത്തിലെ വീട്ടിൽ താമസമാക്കുന്നത് 20 വർഷങ്ങൾക്കു മുന്പാണ്. 50 ചെടിച്ചട്ടികളിലാണ് മട്ടുപ്പാവ് കൃഷി തുടങ്ങിയത്. ഇപ്പോൾ അഞ്ഞൂറിലേറെ ചെടിച്ചട്ടികളും ഗ്രോബാഗുകളുമുണ്ട്. 2019 ൽ ജോലിയിൽ നിന്നു വിരമിച്ചതോടെയാണ് കൃഷിയിൽ സജീവമായത്.
സ്വന്തം നാടായ ആലുംകുഴിയിൽ ഹരികേശൻ നായർക്ക് കൃഷി ചെയ്യാൻ ധാരാളം ഭൂമിയുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ താമസമാക്കിയതോടെ പരിമിതമായ സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാമെന്നായിരുന്നു ആലോചന. അങ്ങനെയാണ് മട്ടുപ്പാവിലും, സണ് ഷേയ്ഡിലുമൊക്കെയായി കൃഷി ആരംഭിച്ചത്.
മട്ടുപ്പാവിൽ ചോർച്ച വരാതിരിക്കാൻ ചുടുകല്ലുകൾ നിശ്ചിത അകലത്തിൽ നിരത്തിയ ശേഷമാണ് കൃഷി. പാലോടുള്ള കുടുംബ പറന്പിലും ഇപ്പോഴും കൃഷിയുണ്ട്. കൃഷി സംബന്ധിച്ച് ഒരു പരിശീലന ക്ലാസുകളിലും അദ്ദേഹം പോയിട്ടില്ല. അച്ഛനമ്മമാരിൽ നിന്നു ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലാണ് കൃഷി.
മട്ടുപ്പാവിൽ ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും മണ്ണ് നിറയ്ക്കുന്നത് മുതലുള്ള കൃഷിപ്പണികൾ തനിച്ചാണ് ചെയ്യുന്നത്. ദിവസവും രാവിലെ 3 മണിക്കൂർ കൃഷിയിടത്തിൽ ചെലവാക്കും. വൈകുന്നേരങ്ങളിലും കൃഷി പരിപാലനമുണ്ട്.
ഇതുവഴി എന്നും വെയിൽ കൊള്ളാൻ കഴിയുമെന്നതും ആരോഗ്യ സംരക്ഷണത്തെ സഹായിക്കുന്നു. കൃഷിയിൽ താത്പര്യമുള്ളവർക്കും പരിചയക്കാർക്കും വിത്തും തൈകളും സൗജന്യമായി നൽകും. ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പങ്കിട്ട് നൽകും.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, വിരമിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ഹരികേശൻ നായർ, ഏറെ സമയവും കൃഷിക്കായി മാറ്റി വച്ചിരിക്കുകയാണ്.
കഐസ്ഇബിയിൽ നിന്നു വിരമിച്ച ഭാര്യ ശ്രീകലയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എല്ലാ ഓണത്തിനും വീട്ടിലെ കൃഷി വിളവുകൾ കൊണ്ടാണ് ഓണസദ്യ. ഇത്തവണയും അതിന് മാറ്റമില്ല.
ഫോണ്: 9497849823