Friday, May 20, 2022 2:37 AM IST
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനുഭവിക്കുന്നവരില്‍ ഭൂരിഭാഗത്തിനും പറയാനുണ്ടാവുക.
തലയുടെ ഏതെങ്കിലും ഒരു വശത്തുനിന്ന് തുടങ്ങി മറ്റു വശങ്ങളിലേക്കു വ്യാപിക്കുന്നതാണ് മൈഗ്രേന് തലവേദനയുടെ പൊതുസ്വഭാവം. ചിലരില്‍ ഇതോടൊപ്പം കഴുത്ത് വേദന, ഷോള്‍ഡര്‍ വേദന തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മുടിയില്‍ ചെറിയ ചലനമുണ്ടാകുന്നത്, മുഖം കഴുകുന്നത് എന്നിവ പോലും ഈ സമയത്ത് അസഹനീയമായ വേദനയ്ക്കു കാരണമാകാറുണ്ട്. മൈഗ്രേന് മൂര്ധന്യാവസ്ഥയില് എത്തുമ്പോള്‍ ചുറ്റുമുള്ളതെല്ലാം രോഗിക്ക് അലോസരമുണ്ടാക്കുകയും വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യും.
എന്താണ് മൈഗ്രേന്?
ശരീരത്തില്‍ ബാഹ്യമായോ ആന്തരികമായോ ഉണ്ടാകുന്ന സമ്മര്‍ദങ്ങളോടു തലച്ചോറിലെ ചില നാഡികള്‍ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇതു കടുത്ത വേദനയ്ക്കു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് മൈഗ്രേന്.
കാരണങ്ങള്‍
വ്യത്യസ്തമായ കാരണങ്ങള്‍ക്കൊണ്ടു മൈഗ്രേന് അനുഭവപ്പെടാറുണ്ട്. യാത്ര, അമിതമായി വെയിലേല്‍ക്കുന്നത്, കൃത്യസമയത്തു ഭക്ഷണം കഴിക്കാതിരിക്കുന്നത്, മാനസിക സമ്മര്‍ദം, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഉറക്കം നഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം മൈഗ്രേന് ഉണ്ടാകുന്നതിനു കാരണമാകും. സ്ത്രീകളില്‍ ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടും മൈഗ്രേന് അനുഭവപ്പെടാം. സാധാരണ 30 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് മൈഗ്രേന് കൂടുതലായി അനുഭവപ്പെടുന്നത്.
ചികിത്സ ഫലപ്രദമാകണമെങ്കില്‍
പൊതുവേ രണ്ടു രീതിയിലാണ് ചികിത്സ നല്‍കുന്നത്. മൈഗ്രേന് അനുഭവപ്പെട്ടതിനു ശേഷം അതില്‍നിന്ന് ആശ്വാസം ലഭിക്കുന്നതിനായി വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിക്കാം. മൈഗ്രേന് തടയുന്നതിനായി നിശ്ചിത ഇടവേളകളില്‍ കൃത്യമായി കഴിക്കുന്നതിനായും മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. തുടര്‍ച്ചയായി മൈഗ്രേന് തലവേദന അനുഭവിക്കുന്നവര്‍ക്കാണ് ഇത് നിര്‍ദേശിക്കാറുള്ളത്. ആറു മാസം മുതല്‍ 12 മാസം വരെ തുടര്‍ച്ചയായി ചികിത്സ തുടരുകയാണെങ്കില്‍ മൈഗ്രേന് തലവേദന തടയാന്‍ തികച്ചും ഫലപ്രദമാണ്.
എന്നാല്‍, ഏതു രീതിയിലുള്ള ചികിത്സയും പൂര്‍ണമായ ഫലം നല്കണമെങ്കില് ജീവിതശൈലിയില്‍ അനുയോജ്യമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം എന്നിവ കൂടി ശ്രദ്ധിച്ചാല്‍ വളരെ വേഗത്തില്‍ ഫലം ലഭിക്കും. കൂടാതെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഫലപ്രദമാണ്. ഉചിതമായ സമയത്ത് ചികിത്സ തേടിയില്ലെങ്കിലോ കൃത്യമായി പിന്തുടര്‍ന്നില്ലെങ്കിലോ ഇത് ക്രോണിക് മൈഗ്രേന് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. പ്രാരംഭഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ഏറെ പ്രയാസമാണ് ഈ അവസ്ഥ. ക്രോണിക് മൈഗ്രേന് നിയന്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ട്രോക്ക് പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിക്കുമെന്ന കാര്യവും ഓര്‍മ്മയില്‍ വേണം.
ഇവ ശ്രദ്ധിക്കാം
മാനസിക സമ്മര്‍ദം മൈഗ്രേന് തലവേദനയ്ക്ക് പ്രധാന കാരണമായതിനാല്‍ എല്ലായ്പ്പോഴും മനസിനു സന്തോഷം നല്കുന്ന കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. ദീര്‍ഘയാത്ര ചെയ്യുമ്പോഴും അമിതമായി വെയിലേല്‍ക്കുന്ന സമയങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും പ്രയോജനം ചെയ്യും. ഇതോടൊപ്പം ജങ്ക് ഫുഡ് ഇനങ്ങള്‍ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. നിര്‍ജലീകരണം മൈഗ്രേന് വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കും.
ഡോ. വി.പി. അശോക്
(കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകൻ)