വൈക്കം: വീടിനുള്ളിൽ ടിവി സ്റ്റാൻഡിന് കീഴിലുള്ള അലമാരയിൽനിന്ന് പുസ്തകമെടുക്കുന്നതിനിടയിൽ വിദ്യാർഥിനിക്ക് മൂർഖന്റെ കടിയേറ്റു.
വൈക്കം തോട്ടുവക്കം കാവുമ്മേൽ ജിജോയുടെ മകൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അന്ന ജിജോയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പാമ്പ് കടിയേറ്റത്.
ജിജോയുടെ സുഹൃത്ത് അനീഷും അയൽവാസകളും ചേർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂർഖൻപാമ്പിനെ പിടികൂടി.
വലതുകാലിന്റെ പാദത്തിൽ കടിയേറ്റ അന്നയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു.