പ്രതീകാത്മക ചിത്രം
ചെന്നൈ: മധുര തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാനാണ് അനുമതി. ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശമായി ഈ അനുമതിയെ കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി.
എന്നാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, പൊലിസ് കമ്മീഷണർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ച് ജില്ലാ കളക്ടർ തെരഞ്ഞെടുക്കുന്ന പരിമിതമായ സംഘത്തിന് മാത്രമേ കൽത്തൂണിന് സമീപം പ്രവേശനമുണ്ടാകൂ.
ആവശ്യമെങ്കിൽ സുരക്ഷയ്ക്കായി സിആർപിഎഫിന്റെ സഹായം തേടാമെന്നും കോടതി നിർദേശിച്ചു. ദീപം തെളിക്കുന്നതിനിടെ മുദ്രാവാക്യം വിളിക്കാനോ ഘോഷയാത്ര നടത്താനോ പാടില്ല. പുതിയ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും ദർഗയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് തടസമുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു. അനുമതി അന്തിമതീർപ്പല്ലെന്നും കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിരുപ്പരൻകുന്ദ്രം മലയിൽ പതിറ്റാണ്ടുകളായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിൽ കാർത്തിക ദീപം തെളിക്കുന്നുണ്ട്. ഇതിന് പുറമെ സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തർക്കം ഉടലെടുത്തത്. കൽത്തൂണിൽ ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Tags : KarthigaiDeepam Thiruparankundram SupremeCourt TamilNadu Madurai DeepamControversy