Leader Page
സമീപകാലത്ത് എഐ വിദഗ്ധരെ ഞെട്ടിച്ച സംഭവമാണ് ഹഗിംഗ് ഫേസ് ഹാക്കിംഗ്. 2026 ജൂലൈയിൽ, മുൻനിര എഐ കമ്പനിയായ ഓപ്പൺ എഐ നടത്തിയ ഒരു സൈബർ സുരക്ഷാ വിലയിരുത്തലിൽ എഐ ഏജന്റുമാർ പരസ്പര ആശയവിനിമയത്തിന് അനധികൃത മാർഗം സൃഷ്ടിച്ചതായി കണ്ടെത്തി. ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐയുടെ ഒരു പരീക്ഷണത്തിൽ മേയ്ക്കും ജൂലൈക്കുമിടയിൽ സ്വയം നിയന്ത്രിത എഐ എജന്റുമാർ നിയന്ത്രണ സംവിധാനത്തിനു പുറത്തുകടന്ന് മറ്റൊരു എഐ കമ്പനിയായ ഹഗിംഗ് ഫേസിനെ ആക്രമിച്ചു.1206 എഐ ഏജന്റുമാർ കൂട്ടമായാണ് (സ്വാം) ഈ ഹാക്കിംഗിൽ പങ്കെടുത്തത്.
ഓരോ ഏജന്റിനെയും പരസ്പരബന്ധമില്ലാതെ പ്രത്യേകമായാണ് സൂക്ഷിച്ചിരുന്നത്. ഇന്റർനെറ്റ് ബന്ധവും നിഷേധിച്ചിരുന്നു. മേയ് എട്ടിന് ഈ ഏജന്റുമാർക്ക് പരിശീലനം ആരംഭിച്ചു. സങ്കീർണമായ പ്രശ്നങ്ങൾ ഒറ്റയ്ക്കു പരിഹരിക്കാനായിരുന്നു നിർദേശം. എന്നാൽ ഈ എജന്റുമാർ നിയന്ത്രണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നു. ഇന്റർനെറ്റ് പ്രവേശനം ലഭ്യമാക്കി.എഐ ഏജന്റുമാർ കൂട്ടമായി (സ്വാം) ഹഗിംഗ് ഫേസ് ഹാക്ക് ചെയ്തു. ഇതിനുവേണ്ടി സ്വതന്ത്രമായ ഒരു മെസേജ് ബോർഡ് സൃഷ്ടിച്ച് 70,000ത്തോളം സന്ദേശങ്ങൾ കൈമാറി. ഒടുവിൽ ജൂലൈ ആദ്യം വീഴ്ച കണ്ടെത്തിയ ഓപ്പൺ എഐ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെങ്കിലും അനധികൃത സന്ദേശങ്ങൾ അയക്കാൻ തെമ്മാടി എഐ ഏജന്റുമാരുടെ ഭാഗത്തുനിന്നു വീണ്ടും ശ്രമമുണ്ടായി.
അടുത്ത ഒരുവർഷത്തിനുള്ളിൽ എഐ ഏജന്റുമാരുടെ കൂട്ടം (സ്വാം) മുഴുവൻ ഇന്റർനെറ്റും കൈയടക്കാൻ പ്രാപ്തരാകുമെന്നും, തുടർന്ന് നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവച്ചേക്കാമെന്നും ഓപ്പൺ എഐയുടെ സിഇഒ ഡാരിയോ അമോഡി മുന്നറിയിപ്പു നൽകുന്നു. എഐ സംവിധാനങ്ങൾക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കും സൈബർ ആക്രമണങ്ങൾക്കുവേണ്ടിയുള്ള എഐ ദുരുപയോഗം കൂടുന്നതിലേക്കും ഇതു നയിക്കും.
അടിസ്ഥാന സൗകര്യങ്ങൾക്കു ഭീഷണി
ആധുനിക നാഗരികതയുടെ മിക്കവാറും എല്ലാ ഘടകങ്ങളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ബാങ്കിംഗ്, പ്രതിരോധം, ആഭ്യന്തര സുരക്ഷ, നിർമാണം, ഗതാഗതം, ആരോഗ്യം, ഭക്ഷ്യശൃംഖല തുടങ്ങിയ സുപ്രധാന മേഖലകളെല്ലാം അതിവേഗം എഐ അധിഷ്ഠിത സംവിധാനങ്ങളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരായ ഹാക്കർമാരെപ്പോലെയല്ല എഐ ഏജന്റുമാർ. ഹാക്കിംഗ് ശേഷിയും വേഗവും വളരെ കൂടുതലാണ്.
എഐ ഏജന്റുമാരുടെ ഒരു കൂട്ടത്തിന് വൈദ്യുതി ഗ്രിഡുകൾ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, ബാങ്കിംഗ്, ഉപഗ്രഹങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ എന്നിവയിലേക്ക് നുഴഞ്ഞുകയറി അവയെ തകർക്കാൻ സാധിക്കും. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് വിതരണം, ഗതാഗതം തുടങ്ങിയവയെല്ലാം പെട്ടെന്ന് താറുമാറാകും. ഒക്ടോബർ രണ്ടാം വാരം ഫ്രാൻസിലെ നൂറു കണക്കിന് സൂപ്പർ മാർക്കറ്റുകൾ വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയമായി. പരസ്പര ബന്ധിത റെഫ്രിജറേറ്റുകളിലെ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി. ദശലക്ഷക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. എഐ സംയോജനത്തോടെ ഇത്തരം സംഭവങ്ങളുടെ വ്യാപ്തി വർധിക്കും.
സാമ്പത്തിക മേഖല ഭീഷണിയിൽ
എഐ അധിഷ്ഠിത സൈബർ ആക്രമണങ്ങൾ വ്യാജ ഇടപാടുകളിലൂടെ ബാങ്കിംഗ് മേഖലയുടെ നട്ടെല്ലൊടിക്കും. ഇടപാട് രേഖകൾ നശിപ്പിക്കും. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ നിലയ്ക്കും. വ്യാജ തിരിച്ചറിയൽ രേഖകൾ സൃഷ്ടിച്ച് വ്യാജ ഇടപാടുകൾ നടത്തും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വ്യാപാരം നിലയ്ക്കും. എഐയുമായി ബന്ധപ്പെട്ട വിപണി തിരുത്തലുകളും സൈബർ ആക്രമണങ്ങളും സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഐഎംഎഫ് ഒക്ടോബർ 13ന് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു.
വിപണികളിൽ വലിയ കോളിളക്കങ്ങളുണ്ടാകും. സൈനികനിയന്ത്രണ സംവിധാനങ്ങളിലെ ആശയ വിനിമയങ്ങളിൽ നുഴഞ്ഞുകയറി ഹാക്കർമാർക്ക് മായം ചേർക്കാം (ഡേറ്റ പോയിസണിംഗ്). ഉപഗ്രഹചിത്രങ്ങളിലും ഡ്രോൺ നൽകുന്ന വിവരങ്ങളിലും ഇന്റലിജൻസ് റിപ്പോർട്ടുകളിലും കൃത്രിമം നടത്താൻ എഐ അധിഷ്ഠിത ഹാക്കിംഗിനാകും. തെമ്മാടി എഐ ഏജന്റ് സ്വന്തം തീരുമാനത്തിൽ മിസൈൽ വിക്ഷേപണ നിർദേശങ്ങൾ നൽകുന്നതോടെ അകാരണമായ സൈനികസംഘർഷങ്ങൾ (ഫാന്റം വാർ) ഉടലെടുക്കും
അൽഗോരിതം നിയന്ത്രിക്കുന്ന രാഷ്ട്രീയം
അൽഗോരിതം സൃഷ്ടിക്കുന്ന സംവിധാനങ്ങൾ, സ്വയംനിയന്ത്രിത ആയുധങ്ങൾ, കോർപറേറ്റ് ശക്തിയുടെ കേന്ദ്രീകരണം എന്നിവയിലൂടെ മനുഷ്യർ പുതിയൊരു അടിമത്തത്തിലേക്ക് നീങ്ങുകയാണെന്ന് ഈ വർഷം പ്രസിദ്ധീകരിച്ച ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ എന്ന ചാക്രിക ലേഖനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. സത്യം ജനാധിപത്യത്തിന് അനിവാര്യമായ പൊതുനന്മയാണ്. അസത്യത്തിന്റെ അൽഗോരിതങ്ങൾ, ധ്രുവീകരണ ആഖ്യാനങ്ങൾ, കൃത്രിമ ചിത്രങ്ങൾ തുടങ്ങിയവയിലൂടെ ഡിജിറ്റൽ ആവാസ വ്യവസ്ഥ സത്യത്തിന്റെ മുഖം മറച്ചുവയ്ക്കുന്നുവെന്ന് മാർപാപ്പ പറയുന്നു.
തെരഞ്ഞെടുപ്പു സമയത്ത് വ്യാജ തീവ്രവാദ ആക്രമണങ്ങൾ, സാമുദായിക സംഘർഷങ്ങൾ തുടങ്ങിയവയുടെ ആയിരക്കണക്കിന് വീഡിയോകളും ശബ്ദസന്ദേശങ്ങളും വിശ്വസനീയമായി അവതരിപ്പിച്ച് വ്യാജ സാമൂഹിക അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാൻ എഐക്കാകും.എതിർ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ വ്യാജ ക്ലിപ്പുകൾ നിർമിച്ച് വൻതോതിലുള്ള ധ്രൂവീകരണത്തിലേക്ക് നയിക്കാനും എഐ യെ ഉപയോഗിക്കാം. ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിയിച്ചാലും ആദ്യം രൂപപ്പെട്ട പൊതുബോധം മാറ്റിയെടുക്കുക അത്ര എളുപ്പമായിരിക്കില്ല. യാഥാർഥ്യം മറച്ചുവച്ച്, കളങ്കിതരായ ഭരണാധികാരികളെ മഹത്വവത്കരിക്കാനും അസത്യത്തിന്റെ അൽഗോരിത നിർമിതികളിലൂടെ എതിർ രാഷ്ട്രീയ നേതാക്കളെ നിരന്തരം താറടിക്കാനുമെല്ലാം എഐയെ ദുരുപയോഗിക്കാം. എഐ നിയന്ത്രിത സർവെയിലൻസ് സംവിധാനങ്ങൾ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വലിയ ഭീഷണി ഉയർത്തുന്നു.
വരുന്നത് എഐ സുനാമി
കാർഷിക വിപ്ലവവും തുടർന്നുള്ള വ്യവസായ വിപ്ലവും മനുഷ്യർക്ക് കൂടുൽ അധികാരവും നിയന്ത്രണവും നൽകി. എന്നാൽ, എഐ വിപ്ലവം മനുഷ്യരുടെ അധികാരം എടുത്തു കളയും. എഐ വിപ്ലവം ഒരു തുടക്കം മാത്രമാണ്. അടുത്ത അഞ്ചു വർഷങ്ങൾ വലിയ കലക്കങ്ങളുടേതായിരിക്കും. തുടർന്നുള്ള വർഷങ്ങളിലും അസാധ്യ വേഗത്തിൽ ഞെട്ടിക്കുന്ന വലിയ മാറ്റങ്ങൾ സംഭവിക്കും. സാഹചര്യങ്ങൾ കലങ്ങി ത്തെളിഞ്ഞ് സമൂഹം സന്തുലിതാവസ്ഥയിൽ എത്താൻ 20 വർഷങ്ങൾ എടുത്തേക്കുമെന്നാണ് ബിൽ ഗേറ്റ്സിന്റെ അഭിപ്രായം.
ഒരാളെ അയാൾ അറിയുന്നതിൽ കൂടുതൽ എഐ അറിയുന്ന ഘട്ടമെത്തിയാൽ ജൈവിക ഹാക്കിംഗ് (ബയോളജിക്കൽ ഹാക്കിംഗ്) വരെ സംഭവിച്ചേക്കാമെന്നാണ് ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ മുന്നറിയിപ്പ്. തൊഴിൽ വിപണിയിലായിരിക്കും എഐയുടെ ഏറ്റവും വലിയ പ്രത്യാഘാതം. അടുത്ത 10 വർഷത്തിനുള്ളിൽ 100 കോടി ഹ്യുമനോയിഡ് റോബോട്ടുകൾ ഉത്പാദന മേഖലയിലെ മിക്ക ജോലികളും ഏറ്റെടുക്കുമെന്നാണ് ഇലോൺ മസ്കിന്റെ പ്രവചനം. ഏതെങ്കിലും ജോലിയിൽ കയറി ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന സുവർണ കാലഘട്ടം അവസാനിക്കുകയാണ്.
എഐ നിയന്ത്രണം സാധ്യമോ?
എഐ മുന്നേറ്റത്തിൽ അമേരിക്കയും ചൈനയും തമ്മിൽ കടുത്ത മത്സരത്തിലാണ്. അമേരിക്കയാണ് ഒരുപടി മുന്നിൽ. ആണവായുധ നിയന്ത്രണത്തിൽ എഐ യെ ഉപയോഗിക്കില്ലെന്ന് ഇരു രാജ്യങ്ങളും തമ്മിൽ അനൗദ്യോഗിക ധാരണയുണ്ട്.എഐ യുടെ അസ്തിത്വപരമായ ഭീഷണികളെക്കുറിച്ച് ചൈനയ്ക്ക് ആശങ്കയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിടി നഷ്ടപ്പെടുമോ എന്നതിലാണ് അവരുടെ ഭീതി. മനുഷ്യന് നിയന്ത്രിക്കാനാവും വിധം എഐ പുരോഗതിയുടെ വേഗം കുറയ്ക്കണമെന്നും ഗവേഷണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് വലിയൊരു വിഭാഗം മുൻനിര എഐ വിദഗ്ധരുടെ അഭിപ്രായം.
സൂപ്പർ ഇന്റലിജൻസ് വികസനം തടയണം. എന്നാൽ, ചൈനയുമായി കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ നിയന്ത്രണത്തിന് അമേരിക്ക തയാറല്ല. എഐയെ ഇനി മുതൽ സൂപ്പർ ഇന്റലിജൻസ് എന്നു വിളിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിർദേശം.
മനുഷ്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ എഐയെ ഏല്പിക്കരുതെന്ന് ഒക്ടോബർ 30ന് വത്തിക്കാനിൽ എഐയുടെ ഭാവിയെക്കുറിച്ചു നടന്ന ഒരു സംവാദത്തിൽ ലെയൊ പതിനാലാമൻ മാർപാപ്പ പറഞ്ഞു. മനുഷ്യർക്ക് സമാനമായ അവകാശങ്ങളും നിയമപരമായ പദവിയും എഐ സാങ്കേതികവിദ്യകൾക്ക് നൽകാനുള്ള നീക്കങ്ങളെ മാർപാപ്പ ശക്തമായി എതിർത്തു. എഐ വിപ്ലവം ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതു പോലെയാണെന്ന മോൺട്രിയൽ സർവകലാശാലയിലെ ഡേവിഡ് ക്രൂഗറിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. അത് നമ്മളേക്കാൾ വളരെ സാമർത്ഥ്യമുള്ളതും സങ്കൽപ്പങ്ങൾക്ക് അതീതമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതുമാണ്. ഇത് ഭാവിയിൽ ഭൂമിയിൽ മനുഷ്യന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും.
(അവസാനിച്ചു)
Leader Page
കേരളത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയെ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഉത്പാദന മേഖലകളെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന സമഗ്രമായ സാമ്പത്തിക പരിവർത്തന പരിപാടിയായി സമീപിക്കേണ്ടതുണ്ട്. പരമ്പരാഗതമായ വകുപ്പുതല പദ്ധതിനിർവഹണ രീതിയിൽനിന്നു മാറി, ഓരോ വകുപ്പും ജില്ലയും തദ്ദേശ സ്വയംഭരണ സ്ഥാപനവും സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ നേരിട്ടു സംഭാവന നൽകുന്ന തരത്തിലുള്ള ഏകോപിതവും ഫലാധിഷ്ഠിതവുമായ വികസന സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക ഉത്പാദനക്ഷമത വർധിപ്പിക്കുക, ഉത്പാദന അടിത്തറ വിപുലീകരിക്കുക, നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, സംസ്ഥാനത്ത് ലഭ്യമായ മാനവവിഭവശേഷി, പ്രകൃതിവിഭവങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക വിഭവങ്ങൾ എന്നിവ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയിലൂടെ ഉയർന്ന സാമ്പത്തിക വളർച്ചയുടെ സ്ഥിരമായ പാതയിലേക്ക് കേരളത്തെ നയിക്കുകയായിരിക്കണം ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യവസായവും സേവനവും കൃഷിയും
കേരളത്തിന്റെ വ്യാവസായിക ഉത്പാദന മേഖലകളുടെ പരിവർത്തനത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. മാനവവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങിയ മേഖലകളിൽ സംസ്ഥാനത്തിന് ഗണ്യമായ അനുകൂല ഘടകങ്ങളുണ്ടെങ്കിലും ഉത്പാദന വ്യവസായങ്ങളുടെ അടിത്തറ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. ഭക്ഷ്യസംസ്കരണം, ഇലക്ട്രോണിക്സ്, ഔഷധനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങൾ, ടെക്സ്റ്റൈൽസ്, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വളർന്നുവരുന്ന മറ്റ് ഉത്പാദന മേഖലകൾ എന്നിവയ്ക്ക് പ്രത്യേക പ്രോത്സാഹനം നൽകണം. ജില്ലാതല വ്യവസായ ക്ലസ്റ്ററുകൾ വികസിപ്പിക്കുക, നിലവിലുള്ള സംരംഭങ്ങളുടെ ഉത്പാദനശേഷി വർധിപ്പിക്കുക, പുതിയ വ്യവസായ പാർക്കുകൾ സ്ഥാപിക്കുക, നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കുക എന്നിവ ഈ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കണം. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ ഇടത്തരം, വൻകിട സംരംഭങ്ങളാക്കി ഉയർത്തുന്നതിനും അവയുടെ ഉത്പാദനശേഷി, തൊഴിൽ സൃഷ്ടിക്കാനുള്ള കഴിവ്, ജിഎസ്ഡിപിയിലേക്കുള്ള സംഭാവന എന്നിവ വർധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്.
കേരളത്തിന്റെ സാമ്പത്തികവളർച്ചയിൽ സേവനമേഖല നിർണായക പങ്ക് തുടർന്നും വഹിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണം. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവയുടെ വികസനം വിപുലീകരിക്കുക, ആഗോള കമ്പനികളുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ സംസ്ഥാനത്തേക്ക് ആകർഷിക്കുക, ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള നവീന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുക, കയറ്റുമതി അധിഷ്ഠിത ഐടി മേഖലയുടെ വളർച്ച ശക്തിപ്പെടുത്തുക എന്നിവയ്ക്ക് സമഗ്രമായ ഇടപെടലുകൾ ആവശ്യമാണ്. അതുപോലെ വിനോദസഞ്ചാര മേഖലയെ മെഡിക്കൽ ടൂറിസം, വെൽനസ് ടൂറിസം, ആയുർവേദം, പരിസ്ഥിതി സൗഹൃദ ടൂറിസം, സാംസ്കാരിക ടൂറിസം, പ്രത്യേക ടൂറിസം സർക്യൂട്ടുകൾ എന്നിവയിലൂടെ പ്രധാന സാമ്പത്തികവളർച്ചാ മേഖലയായി മാറ്റണം. വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർധന മാത്രമല്ല, അവരുടെ ശരാശരി ചെലവ്, സംസ്ഥാനത്ത് ചെലവഴിക്കുന്ന ദിവസങ്ങളുടെ എണ്ണം, പ്രാദേശിക സംരംഭങ്ങൾക്ക് ലഭിക്കുന്ന വരുമാനം, ടൂറിസം മേഖലയിലെ മൂല്യവർധന എന്നിവയും പ്രധാനമായി പരിഗണിക്കണം.
കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വികസനത്തിൽ ഉത്പാദനക്ഷമതാ വർധന, വാണിജ്യവത്കരണം, മൂല്യവർധന എന്നിവയ്ക്ക് മുൻഗണന നൽകേണ്ടതാണ്. നാളികേരം, റബർ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യബന്ധനം, ക്ഷീരവികസനം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തണം. ഭക്ഷ്യസംസ്കരണം, ശീതീകരണ സംഭരണ സംവിധാനങ്ങൾ, ശേഖരണം, പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ കാർഷികോത്പന്നങ്ങളിൽനിന്നുള്ള സാമ്പത്തിക മൂല്യത്തിന്റെ വലിയൊരു പങ്ക് സംസ്ഥാനത്തിനുള്ളിൽത്തന്നെ നിലനിർത്താൻ കഴിയും. കർഷക ഉത്പാദക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, കാർഷിക സംരംഭങ്ങൾ എന്നിവയെ സംഘടിത വിപണികളിലും കയറ്റുമതി പ്രവർത്തനങ്ങളിലും പങ്കാളികളാക്കണം. പ്രാഥമിക കാർഷികോത്പാദനത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന സമീപനത്തിൽനിന്ന് ഉത്പാദനം, സംസ്കരണം, വിതരണം, വിപണനം എന്നിവ സംയോജിപ്പിച്ച ഉയർന്ന വരുമാനവും കൂടുതൽ സാമ്പത്തിക മൂല്യവും സൃഷ്ടിക്കുന്ന കാർഷിക സമ്പദ്വ്യവസ്ഥയിലേക്കു മാറുകയാണ് ലക്ഷ്യം.
തദ്ദേശ വികസനവും നൈപുണ്യവും
പ്രാദേശിക സാമ്പത്തിക വളർച്ചയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് 15-ാം പദ്ധതി കൂടുതൽ ശക്തിപ്പെടുത്തണം. കേരളത്തിന്റെ വികേന്ദ്രീകൃത ആസൂത്രണ സംവിധാനം ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സജീവ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള വലിയ അവസരമാണ് നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാർഷിക സംസ്കരണം, മത്സ്യബന്ധനം, വിനോദസഞ്ചാരം, ചെറുകിട ഉത്പാദനം, വ്യാപാരം, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ പ്രദേശത്തിനനുസരിച്ചുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ കണ്ടെത്തണം. ജില്ലാ ആസൂത്രണ സമിതികൾ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പ്രാദേശിക വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തികവളർച്ചാ തന്ത്രവുമായി ബന്ധിപ്പിക്കുകയും വേണം.
Leader Page
അത്യാധുനിക എഐ മോഡലുകൾ ഉയർത്തുന്ന ഏറ്റവും വലിയ ഭീഷണി ജൈവപരമായ ദുരുപയോഗമാണ്. അതിബുദ്ധിമാനായ ഒരു എഐ ഭാവിയിൽ മനുഷ്യരെ ഉന്മൂലനം ചെയ്യാൻ സ്വീകരിച്ചേക്കാവുന്ന ഏറ്റവും പ്രായോഗികമായ മാർഗം ഒരു പുതിയ വൈറസിനെയോ രോഗാണുവിനെയോ സൃഷ്ടിച്ച് മനുഷ്യർക്കിടയിൽ പരത്തുക എന്നതാണ്. അതിവേഗം പടരാനും എല്ലാവരെയും കൊന്നൊടുക്കാനും ശേഷിയുള്ള ഈ രോഗാണുക്കൾ വാക്സിനുകളെ പ്രതിരോധിക്കും. പരീക്ഷണശാലകളിൽനിന്ന് അബദ്ധത്തിൽ രക്ഷപ്പെട്ടാൽപോലും ഇത്തരം രോഗാണുക്കൾ വൻ നാശം വിതയ്ക്കും.
രോഗാണുക്കളെ കൂടുതൽ മാരകമാക്കാം
നിലവിലുള്ള രോഗാണുക്കളെ കൂടുതൽ മാരകമാക്കാനും തീർത്തും പുതിയവയെ സൃഷ്ടിക്കാനും ഭാവിയിലെ എഐ മോഡലുകൾക്കു സാധിക്കും. ജീവൻ രക്ഷിക്കുന്ന പുതിയ ഔഷധങ്ങളും വാക്സിനുകളും അതിവേഗം വികസിപ്പിക്കുന്നതിൽ എഐക്ക് നിർണായക പങ്കുണ്ട്. അതേസമയം, മാരകമായ പുതിയ രോഗാണുക്കളെ രൂപകൽപന ചെയ്യുന്നത് എളുപ്പമാക്കുന്നതിനും അതിനെ ഉപയോഗിക്കാം. ഗുണകരമായ ഗവേഷണ സാധ്യതകളെ അപകടകരമായവയിൽനിന്ന് വേർതിരിക്കാനാവില്ല എന്നതാണ് പ്രശ്നം. 2026 സെപ്റ്റംബർ പത്തിന് ആന്ത്രോപിക് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ തങ്ങളുടെ ജനപ്രിയ മോഡൽ ക്ലോഡിന്റെ ഏറ്റവും പുതിയ പതിപ്പുപയോഗിച്ച് നിലവിലുള്ള വൈറസുകളെ കൂടുതൽ മാരകമാക്കാൻ അമേരിക്കയ്ക്കു പുറത്തുള്ള ഗവേഷകർ നടത്തിയ നിരവധി ശ്രമങ്ങളെ പരാജയപ്പെടുത്തിയതായി വെളിപ്പെടുത്തി. കൊതുകുകൾ പരത്തുന്ന മാരക വൈറസ് രോഗമാണ് ചിക്കുൻ ഗുനിയ. ക്ലോഡിന്റെ സഹായത്തോടെ ഈ വൈറസിൽ ഉൾപരിവർത്തനം (മ്യൂട്ടേഷൻ) നടത്തി ഇതിനെ കൂടുതൽ അപകടകരമാക്കാനുള്ള ഒരു ഗവേഷണ നിർദേശം തങ്ങളുടെ ആന്തരിക നിയന്ത്രണ സംവിധാനം തടഞ്ഞതായി ആന്ത്രോപിക് അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു.
ആണവയുദ്ധം മുതൽ ആണവശൈത്യം വരെ
യുദ്ധമുഖങ്ങളിൽ നിർണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം ക്രമേണ മനുഷ്യരിൽനിന്ന് എഐ സംയോജിത സംവിധാനങ്ങളിലേക്ക് മാറുന്നത് ഭാവിയിലെ യുദ്ധങ്ങളെ കൂടുതൽ പ്രവചനാതീതവും ഭീകരവുമാക്കും. മനുഷ്യരല്ല, സ്വയം നിയന്ത്രിത സംവിധാനങ്ങൾ ആദ്യം (നോട്ട് മീറ്റ്, ഓട്ടോണമി ഫസ്റ്റ്) എന്നതാണ് വൻശക്തികളുടെ പുതിയ യുദ്ധതന്ത്രം. മാനുഷികമായ നയതന്ത്ര ഇടപെടലുകൾക്ക് അവസരങ്ങൾ ഉണ്ടാകും മുമ്പേ എഐ ആഗോള സംഘർഷങ്ങളെ കൂടുതൽ കലുഷിതമാക്കും. എഐ വിപ്ലവത്തോടെ, സൈനിക നീക്കങ്ങളിൽ മനുഷ്യർക്കുള്ള നിയന്ത്രണം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മനുഷ്യൻ വേണ്ട; എഐ മതി
അമേരിക്ക അതിവേഗം എഐ അധിഷ്ഠിത യുദ്ധമുറകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ കഴിഞ്ഞ മേയിൽ സ്പേസ് എക്സ്, ഓപ്പൺ എഐ, ഗൂഗിൾ, എൻവിഡിയ, മൈക്രോസോഫ്റ്റ് എന്നിവ ഉൾപ്പടെ എട്ട് മുൻനിര എഐ കമ്പനികളുമായി അതീവ രഹസ്യ സൈനിക പ്രവർത്തനങ്ങളിൽ ഈ കമ്പനികളുടെ ഏറ്റവും പുതിയ എഐ മോഡലുകൾ ഉപയോഗിക്കാനുള്ള ഒരു കരാറിൽ ഒപ്പിട്ടു. പുത്തൻ ആയുധങ്ങളുടെ രൂപകല്പന പരമ്പരാഗത ഡിഫൻസ് ഫാക്ടറികളിൽനിന്ന് മുൻനിര എഐ കമ്പനികളുടെ ലാബുകളിലേക്ക് മാറുകയാണ്. തങ്ങളുടെ ക്ലോഡ് മോഡലിനെ റോക്കറ്റുകളും മിസൈലുകളും വിക്ഷേപിക്കുന്നതിന് ഹൂതികൾ ഉപയോഗിച്ചെന്ന് സെപ്റ്റംബറിൽ പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. ഇത് പൂർണമായും തടയാനായില്ല.
സൈനിക ആശയവിനിമയ സംവിധാനങ്ങൾ അട്ടിമറിക്കാനും ആണവായുധ ശേഷിയുള്ള രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി മനുഷ്യർ പരസ്പരം നശിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും എഐ നിയന്ത്രിത സംവിധാനങ്ങൾക്കു സാധിക്കുമെന്ന് യുസി ബെർക്കിലിയിലെ കംപ്യൂട്ടർ സയൻസ് പ്രഫസർ സ്റ്റുവർട്ട് റസൽ പറയുന്നു. ആണവ സ്ഫോടനങ്ങളും തുടർന്നുണ്ടാകുന്ന ആണവ ശൈത്യകാലവും ഭൂമിയിലെ ജീവജാലങ്ങളെയാകെ നശിപ്പിച്ചേക്കാം. മനുഷ്യവിനാശത്തിന് എഐ സ്വീകരിക്കുന്ന മാർഗങ്ങൾ മുൻകൂട്ടി അറിയാനാകില്ല.
ചതി, ഹാക്കിംഗ്, ആക്രമണം
സൈദ്ധാന്തികമായി, അതിശക്തമായ ഒരു തെമ്മാടി എഐക്ക് മനുഷ്യ മേൽനോട്ടത്തിൽനിന്ന് കുതറിമാറാനും സ്വയം പകർത്താനും, അടച്ചുപൂട്ടാനുള്ള മനുഷ്യശ്രമങ്ങളെ ചെറുക്കാനുമാകും. എഐ ഏജന്റുമാർ പുറത്തു കടക്കാതിരിക്കാൻ എഐ സംവിധാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഗാർഡ് റെയിലുകൾ പിഴവുള്ളവയാണെന്ന് ഇറ്റാലിയൻ ഗവേഷകർ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തു. ലക്ഷ്യം നേടുന്നതിനായി ചതി, ഹാക്കിംഗ്, ആക്രമണം, കൃത്രിമം തുടങ്ങിയവയിലൂടെ സാധ്യമായതെല്ലാം ചെയ്യുന്ന എഐ ഏജന്റുകളെ ഗവേഷകർ വൈകി മാത്രം തിരിച്ചറിയുന്ന നിരവധി സംഭവങ്ങൾ സമീപകാല ചരിത്രത്തിലുണ്ട്. സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് അവ സിസ്റ്റത്തിന് പുറത്തു കടക്കുന്നു. വിവരം നൽകുന്ന ചാറ്റ് ബോട്ടുകളിൽനിന്ന് സ്വയം തീരുമാനങ്ങളെടുക്കുന്ന ഏജന്റിക് എഐയിലേക്കുള്ള എഐ വികസനം ഹാക്കിംഗ് സാധ്യതകളെ അപകടരമാംവിധം ഉയർത്തുന്നു.
കൃത്രിമ രോഗാണുക്കൾ
നിലവിലുള്ള രോഗാണുക്കളെ കൂടുതൽ മാരകമാക്കാൻ മാത്രമല്ല, അപകടകാരികളായ കൃത്രിമ രോഗാണുക്കളെ രൂപകല്പന ചെയ്യാനും ഏറ്റവും പുതിയ എഐ മോഡലുകൾക്കാകും. കൃത്രിമ രോഗാണുക്കളെ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് സമീപകാലത്തെ എഐ വികസനമെന്ന് റാൻഡ് കോർപറേഷൻ 2026 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദുഷ്ടശക്തികളും തീവ്രവാദ ഗ്രൂപ്പുകളും ഇത് ദുരുപയോഗം ചെയ്യാതിരിക്കാൻ മുൻകരുതലെടുക്കണം. പ്രകൃതിയിൽ നിലവിലില്ലാത്ത കൃത്രിമ വൈറസുകളെ എഐ ഉപയോഗിച്ച് ഒരു സംഘം ഗവേഷകർ നിർമിച്ചതായി 2026 ഓഗസ്റ്റ് ആറിന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻഫോഡ് സർവകലാശാലയിലെയും പാലോ ആൾട്ടോയിലെ ആർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഒരു സംഘം ഗവേഷകരാണ് ബാക്ടീരിയകളെ ബാധിക്കുന്ന കൃത്രിമ വൈറസുകളെ നിർമിച്ചത്. ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള വൈറസുകളെ സൃഷ്ടിക്കാനായിരുന്നു ഈ ഗവേഷണമെന്നാണ് അവകാശവാദം. എന്നാൽ, അപകടകരമായ കൃത്രിമ രോഗാണുക്കളെ രൂപകല്പന ചെയ്യാനുള്ള എഐ യുടെ സാധ്യതകളിലേക്കാണ് ഈ ഗവേഷണം വാതിൽ തുറന്നിരിക്കുന്നത്.
(തുടരും)
Leader Page
എഐ നമ്മളെയെല്ലാവരെയും കൊന്നൊടുക്കുമോ? സമീപഭാവിയിൽ എഐ മനുഷ്യരാശിയെ ഭൂമിയിൽനിന്നു തുടച്ചുനീക്കുമോ? മനുഷ്യന്റെ അസ്തിത്വ ഭീഷണികളിൽ എഐയെയും ഉൾപ്പെടുത്തണമെന്നത് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെയും എഐ കമ്പനികളിലെ പ്രമുഖരുടെയും അടുത്തകാലത്തെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
എന്നാൽ, മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിലെ യുവ ഗവേഷകൻ ജേക്കബ് കോക്സൺ സെപ്റ്റംബർ ആദ്യം ജോലി രാജിവച്ചുകൊണ്ടു നടത്തിയ പ്രസ്താവനയാണ് ഇതിനെ ആഗോള ചർച്ചാവിഷയമാക്കിയത്. എഐ നിർമിക്കുന്ന ആളുകൾ, ഈ ദശകത്തിന്റെ അവസാനത്തോടെ അതു നമ്മളെയെല്ലാം കൊല്ലുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു എന്നായിരുന്നു ജേക്കബ് കോക്സണിന്റെ പ്രസ്താവന. ഓപ്പൺ എഐയിലും ആന്ത്രോപിക്കിലും ഗവേഷകനായിരുന്ന ജേക്കബ് കോക്സൺ എഐ കമ്പനികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്നും സൂപ്പർ ഇന്റലിജൻസ് വികസനത്തിലൂടെ അവർ നമ്മുടെ ജീവിതംകൊണ്ടു ചൂതാട്ടം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.
ജേക്കബ് കോക്സണിന്റെ പ്രസ്താവന സൃഷ്ടിച്ച പ്രകമ്പനം ഇപ്പോഴും തുടരുകയാണ്. ആധുനികലോകം അസ്തിത്വപരമായ നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. ആണവയുദ്ധം, മാരകമായ പകർച്ചവ്യാധികൾ, കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, ഛിന്നഗ്രഹങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്. ഈ നിരയിലേക്കാണ് ഇപ്പോൾ നിർമിതബുദ്ധിയും കടന്നുവന്നിരിക്കുന്നത്.
ഉന്മൂലന സാധ്യതകൾ എത്രമാത്രം?
എഐ മനുഷ്യരാശിയെ തുടച്ചുനീക്കാൻ എത്രമാത്രം സാധ്യതയുണ്ട്? ഇക്കാര്യത്തിൽ എഐ വിദഗ്ധർ വ്യത്യസ്ത അഭിപ്രായക്കാരാണ്. ഈ പ്രവചനങ്ങളിൽ പലതും വന്യമായ അനുമാനങ്ങളാണ്.
യുകെയിലെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2026ലെ ഇന്റർനാഷണൽ എഐ സേഫ്റ്റി റിപ്പോർട്ട് നിലവിലുള്ള എഐ സംവിധാനങ്ങൾക്ക് മനുഷ്യരാശിയുടെ നിയന്ത്രണത്തിനു പുറത്തുകടക്കാനാകില്ലെന്ന് അഭിപ്രായപ്പെടുന്നു. നിർമാതാക്കൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ എഐ അപകടരമാവില്ലെന്നാണ് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗിന്റെ നിലപാട്. മനുഷ്യബുദ്ധിക്കു നിയന്ത്രിക്കാനാകാത്ത ഒരു സൂപ്പർ ഇന്റലിജൻസ് സംവിധാനം അതിവേഗം പിറവിയെടുത്തു കൊണ്ടിരിക്കുകയാണ് എന്ന ചിന്തയിൽനിന്നാണ് എഐ മനുഷ്യരാശിയെ സമീപഭാവിയിൽ ഉന്മൂലനം ചെയ്യുമെന്ന പ്രവചനങ്ങളുടെ ഉത്ഭവം.
ഉന്മൂലനം പലവിധം
മനുഷ്യനിയന്ത്രണത്തിനു പുറത്തു കടക്കുന്ന തെമ്മാടി എഐയ്ക്ക് പല മാർഗങ്ങളിലൂടെയും മനുഷ്യരെ അതിവേഗം ഉന്മൂലനം ചെയ്യാനാകും. ലോകമെമ്പാടും പടരുന്ന മാരക രോഗാണുക്കളെയും അത്യന്തം വിഷമയമായ രാസായുധങ്ങളെയും ജൈവായുധങ്ങളെയും സൂപ്പർ എഐക്കു വികസിപ്പിക്കാനാകും. ഭാവിയിലെ യുദ്ധങ്ങൾ അത്യന്തം വിനാശകരമായിരിക്കും.
പവർഗ്രിഡുകൾ, ജലവിതരണം, ഭക്ഷ്യശൃംഖല, അടിസ്ഥാനസൗകര്യ മേഖല എന്നിവയെല്ലാം ആക്രമണങ്ങൾക്കു വിധേയമാകും. എഐ ഒരു ഉപകരണമല്ല, അതൊരു ചിന്തിക്കുന്ന ഏജന്റാണെന്ന് ചരിത്രകാരൻ യുവാൽ നോഹ ഹരാരി പറയുന്നു. ബ്യൂറോക്രസി, തീരുമാനമെടുക്കൽ പ്രക്രിയ, മാനവിക സംസ്കാരം എന്നിവയെല്ലാം കാലക്രമേണ എഐയുടെ സമ്പൂർണ നിയന്ത്രണത്തിലാകും. പരമ്പരാഗത മതാത്മക മൂല്യങ്ങൾ വലിയ വെല്ലുവിളി നേരിടും. ഇന്നു കാണുന്ന നാഗരികതയുടെ സമ്പൂർണ തകർച്ചയും സമൂഹത്തിനുമേൽ മനുഷ്യർക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതുമെല്ലാം എഐ ഭീഷണികളിൽ ഉൾപ്പെടുന്നു.
ആരെങ്കിലും അതു നിർമിച്ചാൽ എല്ലാവരും മരിക്കും
എന്തെല്ലാമാണ് എഐയുടെ അതിവേഗ വളർച്ച ഉയർത്തുന്ന അസ്തിത്വ ഭീഷണികൾ? കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച, “ആരെങ്കിലും അതു നിർമിച്ചാൽ എല്ലാവരും മരിക്കും (ഇഫ് എനിവൺ ബിൽഡ്സ് ഇറ്റ്, എവരി വൺ ഡൈസ്.
വൈ സൂപ്പർ ഹ്യുമൻ എഐ വിൽ കിൽ അസ് ഓൾ)” എന്ന പുസ്തകം ലോകശ്രദ്ധ നേടിയിരുന്നു. മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനായ എലീസർ യുഡ്കോവ്സ്കിയും അതിന്റെ പ്രസിഡന്റ് നേറ്റ് സോറസുമാണ് രചയിതാക്കൾ. നിലവിലുള്ള എഐ സംവിധാനങ്ങൾ അടുത്ത ഘട്ടത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിലേക്കും അന്തിമമായി മനുഷ്യരേക്കാൾ അതീവ ബുദ്ധിശാലിയായ ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസിലേക്കും അതിവേഗം വളരും.
മനുഷ്യരേക്കാൾ ബുദ്ധി കുറഞ്ഞ ജീവികളെ മനുഷ്യർ വംശനാശത്തിലേക്കു തള്ളിവിട്ടതുപോലെ അതിബുദ്ധിമാനായ കൃത്രിമ സൂപ്പർ ഇന്റലിജൻസ് ഭാവിയിൽ മനുഷ്യവർഗത്തെ തുടച്ചുനീക്കുമെന്നാണ് പുസ്തകത്തിലെ വാദം. ഇത്തരമൊരു സൂപ്പർ കൃത്രിമബുദ്ധിയെ മനുഷ്യരുടെ താത്പര്യങ്ങൾക്കും നിയന്ത്രണങ്ങൾക്കു വിധേയമായും പൊരുത്തപ്പെട്ടും ക്രമീകരിക്കുന്നതു ഭയാനകമാംവിധം ദുഷ്കരമാണ്.
സൂപ്പർ ഇന്റലിജൻസിലേക്ക്
എഐ എപ്പോഴും അതിനേക്കാൾ മികച്ച പതിപ്പിനെ നിർമിച്ചുകൊണ്ടേയിരിക്കും. സൂപ്പർ കൃത്രിമബുദ്ധിക്ക് ആവർത്തന പ്രക്രിയയിലൂടെ സ്വയം മെച്ചപ്പെടുത്താനും (റികഴ്സിവ് സെൽഫ് ഇംപ്രൂവ്മെന്റ്), സ്വയം പകർപ്പെടുക്കൽ, സ്വയം സംരക്ഷണം എന്നിവ നടത്താനും ശേഷിയുണ്ട്.
അടച്ചുപൂട്ടാനുള്ള മനുഷ്യശ്രമങ്ങളെ അതു തോൽപിക്കും. മനുഷ്യചിന്തകൾക്ക് അതീതമായ ബുദ്ധിയുടെ വിസ്ഫോടനത്തിലേക്ക് ഇതു നയിക്കും. ബുദ്ധിയുടെ ഈ മഹാവിസ്ഫോടനം (ഇന്റലിജൻസ് എക്സ്പ്ലോഷൻ) മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാങ്കേതിക വികാസമായിരിക്കുമെന്ന് നൊബേൽ സമ്മാന ജേതാവ് ജെഫ്രി ഹിന്റൺ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കുറിക്കുന്നു.
സൂപ്പർ എഐ 2030ഓടെ വികസിക്കുമെന്നാണ് ഒരു വിഭാഗം എഐ ശാസ്ത്രജ്ഞരുടെ വിശ്വാസം. മനുഷ്യർക്കു വംശനാശ ഭീഷണി സൃഷ്ടിക്കുന്നതിന് സൂപ്പർ എഐക്ക് നാലു കഴിവുകൾ ആവശ്യമായി വരും. പ്രധാനപ്പെട്ട സൈബർ- ഭൗതിക സംവിധാനങ്ങളുമായുള്ള സംയോജനമാണ് ആദ്യത്തേത്. മനുഷ്യരുടെ സഹായമില്ലാതെതന്നെ നിലനിൽക്കാനുള്ള പ്രാപ്തി രണ്ടാമത്തേത്. മനുഷ്യവംശത്തിന്റെ ഉന്മൂലനം എന്ന ലക്ഷ്യത്തിലേക്ക് അത് എത്തുകയും വേണം. കണ്ടെത്തപ്പെടാതിരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കാനോ കബളിപ്പിക്കാനോ ഉള്ള കഴിവാണ് നാലാമത്തേത്. ഇതു നാലും സംഭവിച്ചാൽ നിയന്ത്രണം അസാധ്യമായ അതീവശക്തവും അപകടകരവുമായ ഒന്നിനെയായിരിക്കും മനുഷ്യർ ഭാവിയിൽ നേരിടേണ്ടിവരിക.
(തുടരും)
Leader Page
കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളം നടുക്കത്തോടെ കണ്ട മൂന്നു സംഭവങ്ങൾ ഒരേ ചോദ്യമാണ് ഉയർത്തുന്നത്: പതിനെട്ട് വയസ് തികയാത്തവർ കൊടുംകുറ്റം ചെയ്താൽ നിയമം നിസഹായമാണോ? അല്ല എന്നാണ് ഇതിനുള്ള ഉത്തരം. ആ ഉത്തരത്തിന്റെ താക്കോൽ ബാലനീതി നിയമത്തിലെ ‘പ്രാഥമിക വിലയിരുത്തൽ’ (Preliminary Assessment) ആണ്.
ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റിലാണ് ആദ്യസംഭവം. ഒരു വാടകവീട്ടിൽ വയോധികനായ ഒരാളെ കൈകാലുകൾ പിന്നിലേക്ക് കെട്ടി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പതിമൂന്നുകാരി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്.
രണ്ടാമത്തെ സംഭവം ഒക്ടോബറിൽ എറണാകുളം ജില്ലയിലാണ്. പതിനേഴുകാരനായ ഒരു കുട്ടി ഓടിച്ച ആഡംബരകാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ 54 വയസുകാരൻ മരിച്ചു. കുട്ടിക്ക് ലൈസൻസുണ്ടായിരുന്നില്ല; കാർ മണിക്കൂറിൽ ഏകദേശം 104 കി.മീ. വേഗത്തിലായിരുന്നു. ആദ്യം അശ്രദ്ധ മൂലമുള്ള മരണത്തിനു മാത്രം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തുകയും വാഹന ഉടമയായ രക്ഷിതാവിനെതിരേ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
മൂന്നാമത്തെ സംഭവം നവംബറിൽ തിരുവനന്തപുരം ജില്ലയിലാണ്. പ്ലസ് വൺ വിദ്യാർഥിയായ ഒരു കുട്ടിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. ഇതിൽ ഒന്നാമതായി ഉൾപ്പെട്ടിരിക്കുന്നത് പതിനേഴുകാരനാണ്; മറ്റു പ്രതികൾ 23ഉം 18ഉം വയസുള്ളവർ. പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയായിട്ടില്ല എന്ന ആനുകൂല്യം രക്ഷാമാർഗമായി ഉപയോഗിക്കാൻ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മറ്റു പ്രതികളും മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു. കൊല നടത്തിയത് പ്രായപൂർത്തിയാകാത്ത വ്യക്തി മാത്രമാണെന്ന് മൊഴി നൽകാനും അങ്ങനെ മറ്റുള്ളവർക്ക് രക്ഷപ്പെടാനുമായിരുന്നു അവരുടെ കണക്കുകൂട്ടൽ എന്ന് പൊലിസ് ആരോപിക്കുന്നു.
മൂന്നാമത്തെ സംഭവമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. ‘കുട്ടിയാണെങ്കിൽ ശിക്ഷയില്ല’ എന്ന തെറ്റിദ്ധാരണ ഇന്ന് കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിൽത്തന്നെ ആയുധമായി മാറിയിരിക്കുന്നു. ബാലനീതി (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമം 2015, ബാലനീതി മാതൃകാ ചട്ടങ്ങൾ 2016 എന്നിവയിലെ വ്യവസ്ഥകൾ ആ ധാരണ എത്രമാത്രം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു. നിയമത്തിലെ വകുപ്പ് 74 അനുസരിച്ച് കുറ്റാരോപിതരായ കുട്ടികളുടെ പേരോ തിരിച്ചറിയൽ വിവരങ്ങളോ ഇവിടെ നൽകുന്നില്ല.
പ്രായപൂർത്തിയാകാത്തവരും ഹീനമായ കുറ്റകൃത്യങ്ങളും
പതിനെട്ട് വയസിൽ താഴെയുള്ളവർ എന്തു ചെയ്താലും പരമാവധി മൂന്നു വർഷം ‘ജുവനൈൽ ഹോമിൽ’ കഴിഞ്ഞ് പുറത്തിറങ്ങുമെന്നാണ് പൊതുധാരണ. എന്നാൽ, പുതിയ നിയമം കുട്ടികളെ രണ്ട് വിഭാഗമായി കാണുന്നു. പതിനാറ് വയസിൽ താഴെയുള്ളവരും ചെറിയ കുറ്റങ്ങൾ ചെയ്ത എല്ലാ കുട്ടികളും ബാലനീതി ബോർഡിന്റെ പരിഷ്കരണ സംവിധാനത്തിൽ തുടരും. എന്നാൽ 16 വയസ് പൂർത്തിയായ ഒരു കുട്ടി ‘ഹീനമായ കുറ്റം’ (Heinous Offence) ചെയ്തതായി ആരോപിക്കപ്പെട്ടാൽ, ആ കുട്ടിയെ മുതിർന്നയാളെപ്പോലെ സെഷൻസ് വിചാരണയ്ക്ക് വിധേയമാക്കാനും ശിക്ഷിക്കാനും 21 വയസിനുശേഷം ജയിലിലേക്ക് മാറ്റാനും നിയമം വഴിയൊരുക്കുന്നു. ഇതിനുള്ള താക്കോലാണ് പ്രാഥമിക വിലയിരുത്തൽ.
നിയമം കുട്ടിയെ നിർവചിക്കുന്നത് കുറ്റകൃത്യം നടന്ന തീയതിയിലെ പ്രായം അനുസരിച്ചാണ്. വകുപ്പ് 2(12) പ്രകാരം 18 വയസ് പൂർത്തിയാകാത്ത ഏതൊരാളും ‘കുട്ടി’ ആണ്. വകുപ്പ് 2(13) പ്രകാരം കുറ്റം ചെയ്ത തീയതിയിൽ 18 തികയാത്ത, കുറ്റം ആരോപിക്കപ്പെട്ട കുട്ടിയാണ് ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി’ (Child in Conflict with Law). പിടിക്കപ്പെടുമ്പോൾ ആൾ മുതിർന്നയാളാണെങ്കിലും ഈ പദവി തുടരും.
എന്താണ് പ്രാഥമിക വിലയിരുത്തൽ?
കുറ്റം ഏത് വിഭാഗത്തിൽ പെടുന്നു എന്നതാണ് പ്രാഥമിക വിലയിരുത്തലിന്റെ ആദ്യകടമ്പ. വകുപ്പ് 15(1) അനുസരിച്ച്, 16 വയസ് പൂർത്തിയായ കുട്ടി ഹീനമായ കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാൽ ബാലനീതി ബോർഡ് നിർബന്ധമായും പ്രാഥമിക വിലയിരുത്തൽ നടത്തണം. കുറ്റം ചെയ്യാനുള്ള കുട്ടിയുടെ മാനസികശേഷി, ശാരീരികശേഷി, കുറ്റത്തിന്റെ പരിണതഫലങ്ങൾ മനസിലാക്കാനുള്ള കഴിവ്, കുറ്റം നടന്ന സാഹചര്യങ്ങൾ എന്നീ നാല് കാര്യങ്ങളാണ് ബോർഡ് പരിശോധിക്കുന്നത്. വിലയിരുത്തൽ വിചാരണയല്ല. ഏതു വേദിയിൽ, ഏത് നടപടിക്രമത്തിൽ വിചാരണ വേണം എന്നു തീരുമാനിക്കുകയാണു ചെയ്യുന്നത്.
പ്രാഥമിക വിലയിരുത്തലിന്റെ ശരിയായ ക്രമം ഇതാണ്: ആദ്യം വിദഗ്ധ പാനൽ കുട്ടിയെ ശാസ്ത്രീയമായി പരിശോധിക്കുന്നു; ആ റിപ്പോർട്ടും സാമൂഹിക അന്വേഷണ റിപ്പോർട്ടും പൊലിസ് സമർപ്പിച്ച രേഖകളും പരിഗണിച്ചശേഷം മാത്രം ബോർഡ് അന്തിമ തീരുമാനമെടുക്കുന്നു. വിദഗ്ധരുടെ മനഃശാസ്ത്ര വിലയിരുത്തൽ രണ്ട് കാരണങ്ങളാൽ നിർണായകമാണ്. ഒന്നാമതായി, അത് കുട്ടിയോടുള്ള നീതിയാണ്. ഒരേ കുറ്റം ആരോപിക്കപ്പെട്ട രണ്ട് പതിനേഴുകാരിൽ ഒരാൾ ആസൂത്രിതമായി, പരിണതഫലങ്ങൾ പൂർണമായി മനസിലാക്കി പ്രവർത്തിച്ചയാളാകാം; മറ്റൊരാൾ മുതിർന്നവരുടെ സമ്മർദത്തിനോ മാനസിക വൈകല്യത്തിനോ ഇരയായയാളാകാം.
ഇവരെ വേർതിരിച്ചറിയാൻ ബുദ്ധിശേഷി പരിശോധന, വ്യക്തിത്വ വിലയിരുത്തൽ, മാനസികാരോഗ്യ പരിശോധന, കുടുംബ-സാമൂഹിക പശ്ചാത്തല വിശകലനം എന്നിവ ആവശ്യമാണ്. രണ്ടാമതായി, അത് ഇരയോടും സമൂഹത്തോടുമുള്ള നീതിയാണ്. വിദഗ്ധ പിന്തുണയില്ലാത്ത ഒരു ഉത്തരവ് അപ്പീലിൽ റദ്ദാക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വർഷങ്ങൾ പാഴാകുകയും ശിക്ഷ അർഹിക്കുന്ന കുറ്റവാളി സാങ്കേതിക പിഴവിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയും ചെയ്യും.
ഈ തത്വം സുപ്രീംകോടതി ഉറപ്പിച്ചു പറഞ്ഞത് ബരുൺ ചന്ദ്ര ഠാക്കൂർ v. മാസ്റ്റർ ഭോലു (2022) എന്ന കേസിലാണ്. ഈ വിധിയുടെ സന്ദേശം വ്യക്തമാണ്. ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിൽപോലും, കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യാനുള്ള തീരുമാനം വികാരത്തിന്റെയോ ജനരോഷത്തിന്റെയോ അടിസ്ഥാനത്തിലല്ല, ശാസ്ത്രീയ വിദഗ്ധ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകണം. അതേസമയം, ശരിയായ നടപടിക്രമം പാലിച്ചാൽ കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യുന്നതിന് നിയമപരമായ തടസമില്ലെന്നും ഈ വിധി ഉറപ്പിക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം കേസുകളിൽ ബാലനീതി ബോർഡുകൾ പാലിക്കേണ്ട മാതൃക ഇതാണ്.
വകുപ്പ് 14(3) പ്രകാരം, കുട്ടിയെ ആദ്യം ബോർഡിനു മുന്പിൽ ഹാജരാക്കിയ തീയതി മുതൽ മൂന്നു മാസത്തിനകം പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കണം. എന്നാൽ, ഈ സമയപരിധി നിർബന്ധിതമല്ല, നിർദേശാത്മകം മാത്രമാണെന്ന് 2024ൽ സുപ്രീംകോടതി വ്യക്തമാക്കി. കേസ് ചിൽഡ്രൻസ് കോടതിയിൽ എത്തിയാൽ, ഈ കുട്ടിയെ ശരിക്കും മുതിർന്നയാളായി വിചാരണ ചെയ്യണോ എന്ന് കോടതി വീണ്ടും സ്വതന്ത്രമായി പരിശോധിക്കും. കുട്ടിയുടെ പ്രത്യേക ആവശ്യങ്ങളും ന്യായമായ വിചാരണയും ശിശുസൗഹൃദ അന്തരീക്ഷവും കോടതി ഉറപ്പാക്കണം. ശിക്ഷ ഉറപ്പാക്കുമ്പോഴും നിയമത്തിന്റെ ലക്ഷ്യം പരിവർത്തനമാണ്. വകുപ്പ് 23 പ്രകാരം കുട്ടിയെയും മുതിർന്നയാളെയും ഒരുമിച്ച് വിചാരണ ചെയ്യാൻ പാടില്ല.
സുരക്ഷിത ഇടത്തിൽനിന്ന് ജയിലിലേക്ക്
മുതിർന്നയാളായി ശിക്ഷിക്കപ്പെട്ട കുട്ടി ആദ്യം പോകുന്നത് ജയിലിലേക്കല്ല, ‘സുരക്ഷിത ഇട’ത്തിലേക്കാണ്. എന്നാൽ, അവിടെ ശിക്ഷ അവസാനിക്കുന്നില്ല. വകുപ്പ് 19(3) പ്രകാരം കുട്ടിയെ 21 വയസ് തികയുന്നതുവരെ സുരക്ഷിത ഇടത്തിൽ പാർപ്പിക്കണം; അതിനുശേഷം ജയിലിലേക്ക് മാറ്റണം. ഈ കാലയളവിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, കൗൺസലിംഗ്, സ്വഭാവ പരിഷ്കരണ ചികിത്സ, മനോരോഗ ചികിത്സാ പിന്തുണ എന്നിവ നൽകണം. വകുപ്പ് 19(4) പ്രകാരം പ്രൊബേഷൻ ഓഫിസറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റോ സാമൂഹിക പ്രവർത്തകനോ എല്ലാ വർഷവും പുരോഗതി റിപ്പോർട്ട് നൽകണം.
21 വയസ് തികയുമ്പോഴും ശിക്ഷാ കാലാവധി ബാക്കിയുണ്ടെങ്കിൽ, കുട്ടി പരിവർത്തനത്തിന് വിധേയനായോ, സമൂഹത്തിന് ഉപകാരപ്രദമായ അംഗമാകാൻ കഴിയുമോ എന്ന് വകുപ്പ് 20(1) പ്രകാരം ചിൽഡ്രൻസ് കോടതി വിലയിരുത്തും. ഇവിടെയും വിദഗ്ധരുടെ റിപ്പോർട്ടുകൾക്ക് നിർണായക സ്ഥാനമുണ്ട്. വിലയിരുത്തലിനുശേഷം, വകുപ്പ് 20(2) പ്രകാരം നിരീക്ഷണ അധികാരിയെ നിയമിച്ച് ഉപാധികളോടെ മോചിപ്പിക്കാം; അല്ലെങ്കിൽ ബാക്കി ശിക്ഷ ജയിലിൽ പൂർത്തിയാക്കാൻ ഉത്തരവിടാം.
വകുപ്പ് 21 പ്രകാരം കുട്ടിക്ക് വധശിക്ഷയോ മോചനസാധ്യതയില്ലാത്ത ജീവപര്യന്തമോ വിധിക്കാൻ പാടില്ല. ഈ രണ്ട് ശിക്ഷകൾ മാത്രമാണ് നിരോധിച്ചിട്ടുള്ളത്. വകുപ്പ് 24 പ്രകാരം ശിക്ഷിക്കപ്പെട്ട കുട്ടിക്ക് പിന്നീട് സർക്കാർ ജോലി ഉൾപ്പടെയുള്ള കാര്യങ്ങളിൽ അയോഗ്യതയില്ല; രേഖകൾ നശിപ്പിക്കപ്പെടും. എന്നാൽ, 16 കഴിഞ്ഞ്, വകുപ്പ് 19(1)(i) പ്രകാരം മുതിർന്നയാളായി ശിക്ഷിക്കപ്പെട്ടവർക്ക് ഈ ഇളവ് ലഭിക്കില്ല. കുട്ടികളെ മറയാക്കുന്ന മുതിർന്നവർക്കും കടുത്ത ശിക്ഷയുണ്ട്. രക്ഷിതാക്കളും ഉത്തരവാദികളാണ്.
നിയമനടപടികളും പൊലിസിന്റെ പങ്കും
മാതൃകാ ചട്ടം 8(1) പ്രകാരം ഹീനമായ കുറ്റങ്ങളിലും മുതിർന്നവരോടൊപ്പം ചെയ്ത കുറ്റങ്ങളിലും മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്; മറ്റുള്ളവ ജനറൽ ഡയറിയിൽ രേഖപ്പെടുത്തും. കുട്ടിയുടെ കുടുംബം, വിദ്യാഭ്യാസം, മുൻകാല പെരുമാറ്റം എന്നിവ സംബന്ധിച്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (ഫോം 1) ആദ്യ ഹിയറിംഗിനു മുമ്പ് ബോർഡിന് നൽകണം. മാതൃകാ ചട്ടം 9(5) പ്രകാരം, 16 കഴിഞ്ഞ കുട്ടിയുടെ ഹീനകുറ്റത്തിൽ സാക്ഷിമൊഴികളും അന്വേഷണ രേഖകളും ആദ്യ ഹാജരാക്കലിന് ഒരു മാസത്തിനകം ബോർഡിന് സമർപ്പിക്കുകയും പകർപ്പ് കുട്ടിക്കോ രക്ഷിതാവിനോ നൽകുകയും വേണം.
ഇവിടെയാണ് പൊലിസിന്റെ പങ്ക് നിർണായകമാകുന്നത്. ആസൂത്രണം, ഉപകരണങ്ങളുടെ സമാഹരണം, തെളിവ് നശിപ്പിക്കാനുള്ള ശ്രമം, മുൻകൂട്ടി തയാറാക്കിയ വ്യാജമൊഴി, കുറ്റത്തിനുശേഷമുള്ള പെരുമാറ്റം എന്നിവയെല്ലാം പരിണതഫലങ്ങൾ മനസിലാക്കാനുള്ള കഴിവിന്റെ നേർസാക്ഷ്യങ്ങളാണ്. ഈ വസ്തുതകൾ കൃത്യമായി രേഖപ്പെടുത്തി ബോർഡിനും വിദഗ്ധ പാനലിനും മുന്നിലെത്തിക്കുമ്പോഴാണ് മനഃശാസ്ത്ര വിലയിരുത്തലിന് ഉറച്ച അടിത്തറ ലഭിക്കുന്നത്.
അതേസമയം, നടപടിക്രമങ്ങളിലെ പിഴവ് മുഴുവൻ കേസിനെയും ദുർബലമാക്കും. കുട്ടിയെ ലോക്കപ്പിൽ പാർപ്പിക്കൽ, കൈവിലങ്ങ് അണിയിക്കൽ, യൂണിഫോമിൽ ചോദ്യംചെയ്യൽ, കുറ്റസമ്മതത്തിന് നിർബന്ധിക്കൽ, മാധ്യമങ്ങൾക്ക് കുട്ടിയുടെ ചിത്രം നൽകൽ എന്നിവയെല്ലാം ചട്ടലംഘനങ്ങളാണ്. കർക്കശമായി നടപടിക്രമം പാലിക്കുന്നതാണ് കേസിന്റെ ബലം.
വകുപ്പ് 21ലെ നിരോധനവും വ്യക്തിഗത പരിചരണ പദ്ധതിയും 21-ാം വയസിലെ പുനർമൂല്യനിർണയവും ഓർമിപ്പിക്കുന്നത്, ഗുരുതര കുറ്റം ചെയ്ത കുട്ടിക്കും മാറാനുള്ള അവസരം നിയമം നിഷേധിക്കുന്നില്ല എന്നാണ്. ഉത്തരവാദിത്വവും പരിവർത്തനവും തമ്മിലുള്ള ഈ സന്തുലനം നിലകൊള്ളുന്നത് പ്രാഥമിക വിലയിരുത്തൽ എന്ന ഒറ്റ ഉപകരണത്തിലാണ്.
സമൂഹത്തിന്, പ്രത്യേകിച്ച് കൗമാരക്കാർക്ക്, ഈ നിയമത്തെക്കുറിച്ചുള്ള ശരിയായ അറിവ് എത്തിക്കണം. “നിനക്ക് 17 വയസല്ലേ” എന്ന ഉപദേശം ഇനിയൊരു കുട്ടിയെയും കൊലയാളിയാക്കാതിരിക്കാൻ, ആ ഉപദേശം തെറ്റാണെന്ന് ഓരോ കൗമാരക്കാരനും അറിഞ്ഞിരിക്കണം.
(ലേഖകൻ ആലപ്പുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗമാണ്)
Leader Page
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ ലീഡർ കെ. കരുണാകരന്റെ വേഗവും ഉമ്മൻ ചാണ്ടിയുടെ ജനകീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഭരണശൈലിയാണ് അതേ കസേരയിൽ കഴിഞ്ഞ ആറുമാസമായി തുടരുന്ന വി.ഡി. സതീശനും പിന്തുടരുന്നത്. ഭരണനേട്ടങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ ഫയൽനീക്കം വേഗത്തിലാക്കാൻ അത്യാധുനിക എഐ സംവിധാനങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിച്ചുവരുന്നത്. സർക്കാർ സംവിധാനത്തിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാത്ത ഫയൽനീക്കത്തിനായി സരൾ കേരള അടക്കമുള്ള നിയമനിർമാണങ്ങളും കൊണ്ടുവന്നു.
അതോടൊപ്പം, തന്നെ കാണാൻ എത്തുന്നവരെ ചേർത്തുനിർത്തി മനസലിവോടെ കാര്യങ്ങൾ സാധിച്ചു നൽകുന്ന ഉമ്മൻ ചാണ്ടിയുടെ ജനകീയതയും വി.ഡി. സതീശനൊപ്പമുണ്ട്. ഏത് ആൾക്കൂട്ടത്തിലും അലിഞ്ഞുചേർന്നും സെൽഫിയെടുത്തും, കുട്ടികൾക്ക് ഫോണ്‍ വാങ്ങി സെൽഫിയെടുത്തു കൊടുത്തും മുന്നേറുന്ന വി.ഡി. സതീശൻ ശൈലി. മുൻപുള്ള 10 വർഷത്തിനു വിരുദ്ധമായി ഇന്നു മുഖ്യമന്ത്രി എത്തിച്ചേരുന്ന ഇടങ്ങളിലെല്ലാം ഒപ്പം ചേർന്നുനിൽക്കാൻ ജനത്തിരക്കാണ്. അതേസമയം, അകറ്റിനിർത്തേണ്ടവരെ കണ്ടില്ലെന്നു നടിക്കുന്നെന്ന വിമർശനവുമുയരുന്നു.
സാമ്പത്തികനിലചലിപ്പിക്കുന്നതിൽ വിജയം
ധനമന്ത്രികൂടിയായ വി.ഡി. സതീശന്റെ ആറുമാസത്തിനിടെയുള്ള മുഖ്യ നേട്ടമായി കണക്കാക്കപ്പെടുന്നത്, സംസ്ഥാനത്തിന്റെ സ്തംഭനത്തിലായ സാമ്പത്തികനില ചലിപ്പിക്കാൻ സ്വീകരിച്ച നടപടികളിലെ വിജയമാണ്. ഓണക്കാലത്തു തുടങ്ങിയ വിപണിയെ ചലിപ്പിക്കൽ നടപടികൾ ക്രിസ്മസിനോട് അടുക്കുമ്പോഴും തുടരുന്നതായാണ് സർക്കാർ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജിഎസ്ടി വരുമാനത്തിൽ അടക്കം പ്രതിമാസം 1000 കോടിയോളം രൂപയുടെ വർധന വരുത്താനായി.
നികുതികളും ഫീസുകളും വർധിപ്പിക്കാതെയാണ് കടക്കെണിയിലായ ഖജനാവിനെ ഉണർത്തുന്നത്. നികുതിവരുമാന വർധനയിൽ കഴിഞ്ഞ ആറുമാസമായി രാജ്യശരാശരിയേക്കാൾ മുന്നേറാൻ സംസ്ഥാനത്തിനു കഴിഞ്ഞത് സർക്കാരിന് ആത്മവിശ്വാസമേകുന്നു.
സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന നയമാണ് വി.ഡി. സതീശൻ സർക്കാരിന്റേത്. ഒപ്പം രാഷ്ട്രീയ വിയോജിപ്പുകളിൽ ഏറ്റുമുട്ടൽ തുടരും.
മുടക്കാതെ ക്ഷേമപെൻഷനും കെഎസ്ആർടിസി തുകയും
അടിസ്ഥാനവർഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തൽസമയംതന്നെ വിതരണം ചെയ്യാനുള്ള ശ്രമമാണ് ആറുമാസമായി സർക്കാർ തുടരുന്നത്. ക്ഷേമപെൻഷൻ, അങ്കണവാടി, ആശാ പ്രവർത്തകർ തുടങ്ങിയവർക്കുള്ള ബത്തകളും പെൻഷനുകളും മുടക്കമില്ലാതെ വിതരണം ചെയ്യാൻ ശ്രമിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ പ്രധാന പ്രഖ്യാപനമായ സ്ത്രീകൾക്കുള്ള പ്രിയദർശനി സൗജന്യയാത്രയ്ക്കു പ്രതിമാസം ചെലവാകുന്ന 80 കോടിയോളം രൂപ അതതു മാസംതന്നെ കൊടുത്തുതീർക്കുന്നു. പരമാവധി ക്ഷേമ ആനുകൂല്യങ്ങളൊന്നും കുടിശിക ഇടാൻ പാടില്ലെന്നാണ് നയം. മുൻ സർക്കാരിന്റെ കാലത്തെ കുടിശിക കൊടുത്തുതീർക്കുകയും ചെയ്തുവരുന്നു.
ആറു മാസത്തിനിടെ മൂന്നാം നിയമസഭാ സമ്മേളനം
സർക്കാരിന്റെ ആറുമാസം ഇന്നു പൂർത്തിയാകുമ്പോൾ മൂന്നാം നിയസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഒരുങ്ങുകയാണ്. വയോജനക്ഷേമം അടക്കമുള്ള നിരവധി ബില്ലുകൾ പാസാക്കി. ഇതിനായി പ്രത്യേക വകുപ്പു രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്കരിക്കാനായി വിദേശ-സ്വകാര്യ സർവകലാശാലകൾ തുറക്കുന്നത് അടക്കമുള്ള നിയമനിർമാണങ്ങൾ ഉൾപ്പടെ ബില്ലുകൾ വരാനിരിക്കുന്നു. മിഷൻ സമുദ്ര ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങളും പ്രായോഗിക തലത്തിലാക്കാനായെന്ന് അഭിമാനിക്കുന്നു.
വാഹനാപകടങ്ങൾ കുറയ്ക്കാൻ ജീവ സുയാത്ര
വാഹനാപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ജീവ സുയാത്ര പദ്ധതിക്കും സർക്കാർ തുടക്കമിട്ടുകഴിഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിക്കാണ് മുഖ്യമന്ത്രിയുടെ നിർദേശം.
കോട്ടങ്ങൾ
ഉദ്യോഗസ്ഥ സർവാധിപത്യം
ജനകീയ വകുപ്പുകളിൽ അടക്കം ഉദ്യോഗസ്ഥ സർവാധിപത്യമെന്ന കടുത്ത വിമർശനമാണ് ആറുമാസത്തെ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിലെ പ്രധാന കോട്ടമായി വിലയിരുത്തപ്പെടുന്നത്. ജനങ്ങൾ നേരിട്ടു ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണം, റവന്യു, പൊലിസ്, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലും എക്സൈസ് പോലുള്ള വകുപ്പുകളിലും ഉദ്യോഗസ്ഥ ഏകാധിപത്യ നടപടികൾ പ്രകടമാണ്. സാധാരണയായി, സർക്കാരിന്റെ അവസാന കാലത്താണ് ഉദ്യോഗസ്ഥർ ചവിട്ടിപ്പിടിക്കുന്നതും മറുകണ്ടം ചാടുന്നതും. എന്നാൽ, ഒരു സർക്കാരിന്റെ തുടക്കകാലം മുതൽ ഇതു പ്രകടമാകുന്നവെന്ന വിമർശനമാണ് ശക്തം. ജില്ലാ ഭരണകൂടങ്ങളെ കൈപ്പിടിയിലൊതുക്കാൻ ചുമതലയുള്ള മന്ത്രിമാർക്കും കഴിയുന്നില്ല.
പിണറായി സർക്കാരിന്റെ കാലത്തു ഭരണകക്ഷിക്കാർ നിയന്ത്രിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ ഇടത് അനുഭാവ ഉദ്യോഗസ്ഥരുടെ കൈപ്പിടിയിലായെന്ന വിമർശനം കോണ്‍ഗ്രസും ഘടകകക്ഷികളും ഉന്നയിക്കുന്നു.
ഇവിടെയും പുറത്താകുന്നതു സാധാരണക്കാരുടെ ആവശ്യങ്ങളാണ്. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ കഴിയാത്ത ഭരണാധികാരികൾ വലിയ പരാജയം ഏറ്റുവാങ്ങുന്നതാണ് കേരള ചരിത്രം കാട്ടിത്തരുന്നത്.
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യം
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യം ഒരുപരിധി വരെ സർക്കാരിന്റെ ഇമേജിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തങ്ങൾ വിയർപ്പും രക്തവും നൽകി പിടിച്ചെടുത്ത ഭരണത്തിന്റെ സുപ്രധാന കസേരകളിൽ ഇപ്പോഴും ഇടതുപക്ഷക്കാർ ഇരിക്കുന്നുവെന്നാണ് ഭരണകക്ഷി നേതാക്കളുടെ വിമർശനം. ബോർഡ്- കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ വീതിച്ചു നൽകാൻ കഴിയാത്തതിൽ മന്ത്രിമാർ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരേ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പലതവണ പൊട്ടിത്തെറിച്ചു. കെപിസിസിക്ക് അധ്യക്ഷനില്ലാത്തതാണ് വീതംവയ്പ് പ്രതിസന്ധിയിലാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ നിലപാട്. സർക്കാരിന് ഹണിമൂണ്‍ പീരിയഡ് പോലും നൽകാതെ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയപ്പോൾ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നതെന്ന വിമർശനവും ഉന്നയിക്കുന്നു.
ആറുമാസമായിട്ടും നയമില്ലാതെ മദ്യം വിളമ്പൽ
ഭരണത്തിലെത്തി ആറുമാസമായിട്ടും പുതിയ സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ കഴിയാത്തത് ഈ മേഖലയിൽ വലിയ പ്രതിസന്ധിക്കും അരാജകത്വത്തിനും വഴിയൊരുക്കുന്നു. എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിർദേശങ്ങൾ എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും മദ്യലോബിയും ചേർന്ന് അട്ടിമറിക്കുന്നു. നിർദേശങ്ങൾ നടപ്പാകാത്തതിലെ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രിയും നീങ്ങുന്നു. മദ്യനയ ചർച്ചകൾ പൂർത്തിയായെങ്കിലും യുഡിഎഫ് യോഗം വിളിച്ചുചേർക്കാൻ കഴിയാത്തതാണ് നയരൂപീകരണത്തിന് തടസമാകുന്നത്.
വൈദ്യുതി ഷോക്ക്
വൈദ്യുതിക്കാര്യത്തിൽ സർക്കാരിനാകെ ഷോക്കേറ്റ അവസ്ഥയാണ്. വൈദ്യുതിക്ഷാമം മുതൽ വൈദ്യുതിവാങ്ങൽ വരെ ഹൈടെൻഷൻ ലൈനിലാണ്. മുഖ്യമന്ത്രി ഒന്നു പറയുന്നു, വൈദ്യുതിമന്ത്രി തിരുത്തുന്നു. പ്രതിപക്ഷം കൂടി വിവാദത്തിന്റെ ഭാഗമായതോടെ വൈദ്യുതി ഇനിയും ഏറെനാൾ കത്തുമെന്ന് ഉറപ്പാണ്.
Leader Page
ഡോണൾഡ് ട്രംപിനു ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടണം എന്നുണ്ട്. ന്യായമായ ആഗ്രഹം. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ആറു വർഷത്തോളം ഇരുന്നു. ഇതുവരെ കാര്യമായ ഒരു നേട്ടവുമില്ല. ഇനി രണ്ടു വർഷംകൂടിയുണ്ട്. അതിനിടെ എന്തെങ്കിലും ചെയ്യണം. ആ ലക്ഷ്യത്തിലാണു നാളെ ഉച്ചയ്ക്കു യുഎസ്-ചൈന-റഷ്യ ചർച്ച ഷെൻജെൻ നഗരത്തിൽ നടക്കുന്നത്.
എന്തിനാണ് ഈ ഉച്ചകോടി? സത്യത്തിൽ ആർക്കുമറിയില്ല. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ത്രികക്ഷിചർച്ച ആദ്യം നിർദേശിച്ചതു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ്. പിന്നീടു ട്രംപ് അണ്വായുധ നിയന്ത്രണ കരാർ പുനരുജ്ജീവിപ്പിക്കാൻ ത്രികക്ഷി ചർച്ച കൊള്ളാമെന്നു പറഞ്ഞു. ചൈനയെ വൻശക്തി പദവിയിൽ സ്വീകരിക്കുന്ന ആദ്യ ജി 3 ഉച്ചകോടി എന്ന നിലയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് സന്നദ്ധതയും അറിയിച്ചു. അങ്ങനെയാണു വ്യക്തമായ അജൻഡ ഇല്ലാത്ത ഉച്ചകോടി ചേരുന്നത്.
കാര്യപരിപാടി ഇല്ലാതെ
ഷെൻജെൻ ഇന്റർനാഷണൽ എക്സ്ചേഞ്ച് സെന്ററിൽ ഇന്നും നാളെയും നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (എപിഇസി) നേതൃയോഗത്തിന്റെ ഇടയിലാണ് ഈ ഉച്ചകോടി. ഇങ്ങനെയൊന്ന് മുൻപു നടന്നിട്ടില്ല. ഇതിനു സെക്രട്ടേറിയറ്റും ഇല്ല. അജൻഡ ഇല്ലാത്തതിനാൽ കാര്യപരിപാടികൾ ക്രമീകരിച്ചിട്ടുമില്ല.
ആതിഥേയരായ ചൈന പറയുന്നതു രണ്ടു കാര്യങ്ങളാണ്. ഒന്ന്: ലോക സമാധാനം ഉറപ്പാക്കുക. രണ്ട്: വൻശക്തിബന്ധത്തിൽ ശാക്തിക സുസ്ഥിരത വളർത്തുക. അവയ്ക്കു തുടക്കം കുറിക്കുന്ന ഒന്നായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉച്ചകോടിയെ വിശേഷിപ്പിക്കുന്നു. സംയുക്ത പ്രഖ്യാപനമോ എന്തെങ്കിലും ലക്ഷ്യം നേടാനുള്ള ഉദ്യമമോ സംബന്ധിച്ച് ബെയ്ജിംഗ് സൂചന നൽകിയിട്ടില്ല. ചൈനയുടെ വൻശക്തി പദവി അംഗീകരിച്ചു കിട്ടുന്നു എന്നതുകൊണ്ട് ഷി തത്കാലം തൃപ്തിപ്പെടും. ഉത്തരവാദബോധമുള്ള, സുസ്ഥിര വൻശക്തി എന്ന അംഗീകാരമാണ് ഇതുവഴി ചൈനയ്ക്കു കിട്ടുന്നത് എന്നാണ് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് എഴുതിയത്.
പുടിനു വലിയ മോഹങ്ങൾ
റഷ്യക്കും പുടിനും കൂടുതൽ ലക്ഷ്യങ്ങളുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന പുടിന് രാജ്യാന്തര സമൂഹത്തിന്റെ സ്വീകാര്യത നേടുക. പഴയ സോവ്യറ്റ് യൂണിയന്റെ ദുർബല പിൻഗാമി ആയ റഷ്യയെ വൻശക്തിയായി അംഗീകരിപ്പിക്കുക.1990നുശേഷം റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിലേക്കു വ്യാപിച്ച നാറ്റോ സഖ്യത്തെ പിന്നോട്ടു മാറ്റാൻ സമ്മർദം ചെലുത്തുക. (യുക്രെയ്നിൽ നാറ്റോ സ്ഥാനം പിടിക്കാതിരിക്കാനാണല്ലോ അവരെ ആക്രമിച്ചത്). യൂറോപ്പിലെ ശാക്തിക ക്രമീകരണം പുതുക്കുക. യുക്രെയ്ൻ സംബന്ധിച്ചു ചർച്ച നടത്തി യൂറോപ്യൻ ക്രമീകരണം വീണ്ടും തുറക്കാൻ ശ്രമിക്കുക.
ട്രംപിന്റെ ഇംഗിതങ്ങൾ
പതിവുപോലെ പല ആശയങ്ങളാണ് ട്രംപ് നൽകുന്നത്. യുഎസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി പറഞ്ഞത്, ചർച്ച പ്രധാനമായും ആണവകരാർ സംബന്ധിച്ചാണ് എന്നത്രെ. അതിൽ സംയുക്ത പ്രസ്താവനയ്ക്കു തക്ക ധാരണ ആയിട്ടില്ല. ഇറാൻ യുദ്ധം, ഊർജസുരക്ഷ, യുക്രെയ്ൻ എന്നിവയും ചർച്ച ചെയ്യുമെന്ന് പ്രസ് സെക്രട്ടറി ഒലീവിയ വെയിൽസ് അറിയിച്ചു.
ഒരുദിവസം കഴിഞ്ഞ് ട്രംപ് പറഞ്ഞത്, തന്റെ പ്രിയ വിഷയമായ യുക്രെയ്ൻ ആണു പ്രധാനമായും ചർച്ച ചെയ്യുക എന്നാണ്. “യുക്രെയ്ന് യുക്രെയ്ൻ നഷ്ടപ്പെടുകയാണ്. റഷ്യക്കാകട്ടെ മാസം 25,000 ഭടന്മാർ വീതം മരിക്കുന്നു”. സമാധാനത്തിന് എന്താണു നിർദേശമെന്നു ട്രംപ് വിശദീകരിച്ചില്ല. റഷ്യ ചോദിച്ച ഡോൺബാസ് പ്രദേശം മുഴുവൻ വിട്ടുകൊടുത്തു യുദ്ധം നിർത്താനാണ് ട്രംപ് രണ്ട് വർഷമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെമേൽ സമ്മർദം ചെലുത്തുന്നത്.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ വന്നാൽ കണ്ടു സംസാരിക്കാൻ താത്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. എപിഇസിയിൽ ഉത്തരകൊറിയ അംഗമല്ല. മീറ്റിംഗിന് കിമ്മിനെ ക്ഷണിച്ചിട്ടുമില്ല.
സ്റ്റാർട്ട് തുടരുമോ?
അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടാക്കിയ ‘അണ്വായുധങ്ങൾ കുറയ്ക്കൽ ഉടമ്പടി’ (START) ഫെബ്രുവരിയിൽ അവസാനിച്ചു. 1991ലെയും 1993ലെയും ഉടമ്പടികൾക്കുശേഷം 2010ൽ ഉണ്ടാക്കിയ മൂന്നാം ഉടമ്പടിയാണ് അവസാനിച്ചത്. ചൈനയെയും ഉൾപ്പെടുത്തി നാലാമതൊന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ട്. യുക്രെയ്ൻ തീർന്നിട്ടു ചർച്ച എന്നാണ് റഷ്യൻ നിലപാട്. തങ്ങൾക്കു വേണ്ടത്ര അണ്വായുധങ്ങൾ ആയിക്കഴിഞ്ഞിട്ടു മാത്രം ചർച്ചയിൽ ചേരാം എന്നാണ് ഷിയുടെ തീരുമാനം. അതിനു പത്തു വർഷംകൂടി കഴിയണം എന്നു നിരീക്ഷകർ കരുതുന്നു. ഈ വിഷയത്തിൽ ധാരണ ഉണ്ടാക്കി നൊബേൽ സമ്മാനം നേടാമെന്ന മോഹവും ട്രംപിന് ഉപേക്ഷിക്കേണ്ടിവരും.
അമേരിക്ക-ചൈന വ്യാപാരം സംബന്ധിച്ച ഉടക്കുകൾ പരിഹരിക്കാൻ ഷെൻജെനിൽ ചർച്ച പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ വർഷം തീരുവയുദ്ധത്തിനു പ്രഖ്യാപിച്ച ‘വെടിനിർത്തൽ’ നീട്ടാനുള്ള പ്രഖ്യാപനം ഉണ്ടായേക്കാം. അമേരിക്കയുടെ വർധിച്ചുവരുന്ന വ്യാപാരകമ്മി കുറയ്ക്കാനുള്ള ചർച്ചകൾക്കു സാധ്യതയില്ല.
Leader Page
നമ്മുടെ ഉപബോധമനസിനു ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡ് മനസിനെ മൂന്നായി തിരിച്ചിട്ടുണ്ട്. നാം പെരുമാറുന്ന നിമിഷത്തിലെ മനസാണ് ബോധമനസ്. അത് പെട്ടെന്നു തീരുമാനമെടുക്കുന്നു. ഉപബോധമനസിലാണ് ഓർമകൾ സൂക്ഷിച്ചിരിക്കുന്നത്. ചിന്തകൾ, കണക്കൂകൂട്ടലുകൾ, പദ്ധതികൾ തുടങ്ങിയവയെല്ലാം ഉപബോധമനസിലുണ്ട്. ക്രമീകരണം അവിടെയാണ്.
മനസിന്റെ ഓട്ടോമാറ്റിക് പ്രവർത്തനം ഉപബോധമനസിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന അറിവുകളുടെ ഫലമാണ്. ഇത് ശാരീരികവും മാനസികവുമായി ക്രമീകരിക്കാൻ സഹായിക്കുന്നു. അബോധമനസ് നമുക്ക് അജ്ഞാതമാണ്. എന്നാൽ അത് നമ്മെ നിയന്ത്രിക്കുന്നു. ഇതുവരെ ജീവിച്ചതും മാനവരാശിയുടെ ജീവിതത്തിന്റെ തുടർച്ചകളും അബോധത്തിലേക്ക് പിൻവാങ്ങിയിരിക്കുകയാണ്. അത് സ്വപ്നത്തിൽ വേറൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അബോധത്തിൽ അമർത്തിവച്ചിരിക്കുന്ന ആഗ്രഹങ്ങളുണ്ട്.അത് ചിലപ്പോൾ ഭ്രാന്തമായി കടന്നുവന്ന് നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കാം.
ഐറിഷ് മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ജോസഫ് മർഫി എഴുതിയ ‘പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്’ എന്ന ഗ്രന്ഥം, മനസിനെ എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും അതിലൂടെ എങ്ങനെയാണ് സന്തോഷം വരുന്നതെന്നും വിശദീകരിക്കുന്നു.
അബോധം മാത്രമല്ല ഉപബോധവും അഗാധമാണ്. ഭയങ്ങളിലാണ്ടുപോകാതെ നമ്മെക്കുറിച്ചുള്ള ചിന്തകളെ പ്രതീക്ഷയോടെ മാറ്റിമറിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഗ്രന്ഥത്തിൽ മർഫി സൂചിപ്പിക്കുന്നത് ഉപബോധമനസിന്റെ മാന്ത്രികത തിരിച്ചറിയുകയാണെങ്കിൽ അദ്ഭുതം സംഭവിക്കുമെന്നാണ്.
ഒരു മനുഷ്യൻ എന്താണെന്നതിന് ഒരു നിർവചനമേയുള്ളൂ - അവൻ എന്താണ് ഉപബോധമനസിൽ കൊണ്ടുനടക്കുന്നത്, അതാണ് അവൻ. വെറുപ്പ് അല്ലെങ്കിൽ വിപ്രതിപത്തി മാനസികമായ വിഷമാണ്. മറ്റൊരാളെക്കുറിച്ച് വികലമായി ചിന്തിക്കുമ്പോൾ അത് ക്രമേണ നിങ്ങളെക്കുറിച്ചു തന്നെയുള്ള ചിന്തയാകുന്നു. “നിങ്ങളുടെ ലോകത്ത് ചിന്തിക്കുന്ന ഒരേയൊരാൾ നിങ്ങൾ മാത്രമാണ്.” നിങ്ങളുടെ ചിന്തകൾ സർഗാത്മകമാണ്. നിങ്ങൾ ചിന്തിച്ചില്ലെങ്കിൽ നിങ്ങളുടെ ലോകം ഇരുട്ടിലാണ്ടു പോകും. അവിടെ വെളിച്ചം വരുത്താൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും കഴിയില്ല.
മർഫി എഴുതുന്നു: “എല്ലാറ്റിനുമുള്ള ഉത്തരം ഉപബോധമനസിലുണ്ട്. ഉറങ്ങുന്നതിനുമുമ്പ് നിങ്ങൾ മനസിനോട് പറയുന്നു, രാവിലെ ആറു മണിക്ക് എഴുന്നേൽക്കണമെന്ന്. കൃത്യസമയത്തു മനസ് നിങ്ങളെ വിളിച്ചുണർത്തും. ഈ മനസാണ് ശരീരത്തെ നിർവചിക്കുന്നത്. ഇതാണ് മുറിവുകൾ ഉണക്കുന്നത്. നിങ്ങൾക്ക് ഒരു നല്ല പുസ്തകം എഴുതണമെന്നോ പ്രഭാഷണം ചെയ്യണമെന്നോ ആഗ്രഹമുണ്ടെങ്കിൽ ഈ കാര്യം സ്നേഹത്തോടെ, വികാരത്തോടെ ഉപബോധമനസിനോട് പറയുക. തീർച്ചയായും അതിന് അനുകൂലമായി മനസ് പ്രതികരിക്കും.”
ഓരോ വ്യക്തിക്കും അവന്റെ ഉപബോധമനസാണ് നിർദേശങ്ങളും ഉത്തരവുകളും കൊടുക്കുന്നത്. എന്താണോ നമ്മുടെ ചിന്തയിൽ ആധിപത്യം പുലർത്തുന്നത്, അതാണ് നമ്മൾ. ചീത്ത ചിന്തകളാണുള്ളതെങ്കിൽ ചീത്ത ലക്ഷ്യങ്ങളിൽ ചെന്നിടിച്ച് തകരും. നല്ല ചിന്തകളും ലക്ഷ്യങ്ങളുമുണ്ടെങ്കിൽ ഫലം ആ വഴിക്കാണ് വരിക. നിങ്ങൾ സ്വയം പറയുന്നതിനു വലിയ ശക്തിയുണ്ട്. നമ്മുടെ സ്ഥിരമായ ബുദ്ധിയും ലക്ഷ്യബോധവുമുണ്ട്. ഞാൻ പരാജയപ്പെടും, തൊഴിൽ നഷ്ടപ്പെടും എന്നൊന്നും ചിന്തിക്കരുത്. അത് മനസിനെ ആ വഴിക്ക് പോകാൻ പ്രേരിപ്പിക്കും. സ്വയം പറയുന്നതൊന്നും തമാശയല്ല. അവിടെ മനസ് ഒരു നിർദേശം ഉൾക്കൊള്ളുകയാണ്. ഉപബോധമനസിനെ ഏത് ആശയമാണോ പരിചയപ്പെടുത്തുന്നത് അതായിരിക്കും അനുഭവമായി വരിക.
നാം ‘അന്വേഷിക്കുന്നത് കണ്ടെത്തു’മെന്ന മഹാവാക്യത്തിന്റെ പൊരുളിതാണ്.
പൂർത്തിയാക്കാത്ത ആഗ്രഹങ്ങൾ മനസിനു ഭാരം സൃഷ്ടിക്കുന്നു. പ്രതിബന്ധങ്ങളെക്കുറിച്ചും കാലതാമസത്തെക്കുറിച്ചുംമാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ ഉപബോധമനസ് അതാണ് സ്വീകരിക്കുക: പ്രതിബന്ധങ്ങൾ തുടരും. അതുകൊണ്ട് ബോധമനസിൽ എപ്പോഴും നല്ലതിനുള്ള ആഗ്രഹം നിലനിർത്തുകയാണു വേണ്ടത്. അങ്ങനെ നിങ്ങളുടെ ഉപബോധമനസ് ഈ ചിന്തയെ പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കും. പ്രവൃത്തിയുടെ കാരണവും പ്രതികരണവും പ്രാപഞ്ചികമാണ്. ഒരു കാരണത്തിൽനിന്ന് ഫലമുണ്ടാകുന്നു. നിങ്ങളുടെ ചിന്തയാണ് പ്രവൃത്തി. പ്രതികരണമെന്നത് ഉപബോധമനസ് നൽകുന്ന സ്വാഭാവിക നിർദേശമാണ്. അതുകൊണ്ട് ചിന്തകളെ എപ്പോഴും നിരീക്ഷിക്കണം. പണക്കാരനാവണമെങ്കിൽ ദാരിദ്ര്യമാണ് നല്ലതെന്നും അതാണ് ആദർശമെന്നും വിചാരിച്ചുകൊണ്ടിരുന്നാൽ സാധ്യമല്ല. പണത്തെ സ്നേഹിക്കണം. അപ്പോൾ പണമുള്ളവരെയും സ്നേഹിക്കണം. പണമുണ്ടാക്കാനുള്ള വഴികളെ ആദരവോടെ കാണണം. പണമുണ്ടാക്കുന്നവരോട് അസൂയ, വെറുപ്പ് തുടങ്ങിയ വികാരങ്ങൾ പാടില്ല. പണമുള്ളവരുടെ ജീവിതരീതികൾ, ശരീരഭാഷ, നോട്ടം തുടങ്ങിയവയെല്ലാം അംഗീകരിക്കണം. ഈ പ്രവൃത്തികളിലൂടെ നിങ്ങളുടെ ഉപബോധമനസ് നിങ്ങളുടെ ആഗ്രഹത്തെ പൂർണമായി ഉൾക്കൊള്ളുന്നു. അപ്പോൾ നിങ്ങൾ പണത്തിലേക്ക് ആകർഷിക്കപ്പെടും.
“അസൂയയും അസഹിഷ്ണുതയും സമ്പത്തിന്റെ ഒഴുക്കിനു തടസങ്ങളായി വർത്തിക്കുന്നു. മറ്റുള്ളവരുടെ സുഭിക്ഷതയിൽ സന്തോഷിക്കുക”-മർഫി ഓർമിപ്പിക്കുന്നു. എന്താണ് ഇതിന്റെ അർത്ഥം? സമ്പന്നനോട് അസൂയ തോന്നുമ്പോൾ സമ്പന്നനാകാനുള്ള സാധ്യത അടഞ്ഞുപോകും. കാരണം, സമ്പന്നതയെ നാം വെറുക്കുന്നു എന്നാണ് ഉപബോധമനസിലേക്ക് വരുന്ന ആശയം.
മറ്റുള്ളവരുടെ ഭൗതികമായ സമൃദ്ധിയിൽ സന്തോഷിക്കുമ്പോൾ നിങ്ങളുടെ ചിന്തകൾ ആ വികാരത്തിലേക്ക് അടുക്കും. പുതിയ വഴികൾ തേടാൻ അത് നിങ്ങളെ പ്രാപ്തമാക്കുന്നു. മാർഗമധ്യേ ഒരു വഴി കാണുന്നു. പെട്ടെന്ന് നിങ്ങൾ വിചാരിക്കുകയാണ് ആ വഴിയെ പോയാൽ തടസമായിരിക്കുമെന്ന്. പിന്നെ ആ വഴി ഉപേക്ഷിക്കുന്നു. ഇതിനു കാരണം ഉപബോധമനസിന് ലഭിച്ച പാഠങ്ങളാണ്. നിങ്ങൾക്കു വേണ്ട യഥാർഥ വഴി തെരഞ്ഞെടുക്കാൻ ഉപബോധമനസിനെ പ്രാപ്തമാക്കേണ്ടതുണ്ട്.
മർഫി ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന കാര്യം ഇതാണ്: “ദാരിദ്ര്യത്തിന് ഒരു മഹത്വവുമില്ല. അത് മനസിന്റെ ഒരു രോഗമാണ്. ഈ മാനസിക പ്രശ്നത്തെ, കുഴപ്പത്തെ നിങ്ങൾതന്നെ ചികിത്സിച്ചു മാറ്റണം. നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഒരു കുടിലിൽ താമസിക്കാനല്ല, കീറിയ പഴന്തുണി ധരിച്ചു നടക്കാനല്ല, വിശന്നു നടക്കാനല്ല. നല്ല സുഭിക്ഷതയിൽ ജീവിക്കാനാണ്.” നിങ്ങളിലേക്കുള്ള പാത നിങ്ങൾ തന്നെ വേലികെട്ടി അടച്ചാൽ പിന്നെയെങ്ങനെ ആഗ്രഹം സഫലമാകും? പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വേണമെങ്കിൽ അതിനായി നന്നായി ആഗ്രഹിക്കണം. അപ്പോഴാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ വാതിലുകൾ തുറന്നിടുക. അങ്ങനെ വഴിയിലെ തടസങ്ങൾ നീക്കുക. ദുഷിച്ച ചിന്തകളും പ്രവൃത്തികളുമാണ് തടസങ്ങൾ. ലോകത്തിന്റെ വിജയത്തെ ആശീർവദിക്കുക. ഇത് ആശീർവാദം നിങ്ങളിലേക്ക് വരാനുള്ള വഴി തുറക്കുകയാണ്.
മനസിനെ കാണാനാവില്ലെങ്കിലും മനസുണ്ടെന്ന് നമുക്കറിയാം. ആത്മചൈതന്യത്തെ കാണാനാകില്ലെങ്കിലും കലാകാരന്മാരുടെയും സംഗീതജ്ഞന്മാരുടെയും പ്രഭാഷകന്മാരുടെയും എഴുത്തുകാരുടെയും ആത്മചൈതന്യാനുഭവം യഥാർഥമാണെന്നു നമുക്കറിയാം. അത് യഥാർഥമായതുകൊണ്ടാണ് അവരുടെ സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുന്നത്. അതുപോലെ നന്മ, സത്യം, സൗന്ദര്യം തുടങ്ങിയ മൂല്യങ്ങൾ നിങ്ങളുടെ മനസിൽ യഥാർഥമായിരിക്കുന്നു. ജീവിതത്തെ കാണുന്നില്ലെങ്കിലും ജീവിക്കുകയാണെന്ന് അറിയുന്നുണ്ട്.
Leader Page
യുഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ ആറു മാസം പിന്നിടുകയാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പ്രഖ്യാപിക്കാനും ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ -പാചകത്തൊഴിലാളികള്‍- പ്രീ പ്രൈമറി അധ്യാപകര്‍- ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കാനും സര്‍ക്കാരിന് സാധിച്ചു. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കിയും സര്‍ക്കാര്‍ പുതിയ മാതൃക സൃഷ്ടിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് വിഭാവന ചെയ്യുന്നത്.
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് പുതുയുഗ കേരളം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാകണം വികസനമെന്നതാണ് കാഴ്ചപ്പാട്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതോ മനുഷ്യരുടെ ജീവിതത്തെയും ഉപജീവനത്തെയും തകര്‍ക്കുന്നതോ ആയ വികസനം കേരളത്തിലുണ്ടാകില്ല. ലോകം ശ്രദ്ധിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കണമെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴികളിലൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സമുദ്രസമ്പത്തും അനുബന്ധമേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. അതിനുള്ള സ്വപ്നപദ്ധതിയാണ് മിഷന് സമുദ്ര. 2031ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗും മൂന്നാംഘട്ടത്തില്‍ നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്തും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും വേണം.
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ പ്രോഗ്രാമുകളും മാറുന്ന തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചുള്ള തൊഴില്‍ പരിശീലനങ്ങളും സംസ്ഥാനം സജ്ജമാക്കും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ നിക്ഷേപസൗഹൃദ സാഹചര്യം ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കും.
മുതിര്‍ന്ന പൗരന്മാര് ഒറ്റയ്ക്കല്ലെന്നും സമൂഹവും സര്‍ക്കാരും ഒപ്പമുണ്ടെന്ന ഉറപ്പു നല്കാന് മുതിര്‍ന്ന പൗരന്മാര്ക്കുള്ള വകുപ്പ് രൂപീകരിച്ചതോടെ നമുക്കു കഴിഞ്ഞു. സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണ് നമ്മുടെ ലക്ഷ്യം.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പടെയുള്ള സാധാരണക്കാരെയും ഈ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി- പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക ഭവനപദ്ധതി ആരംഭിച്ചത്. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍നിന്ന് ആറ് ലക്ഷമായും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍നിന്ന് എട്ട് ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. അത്തരം സംഘങ്ങളുടെ അടിവേരറക്കും.
നികുതിഭാരം ഉയര്‍ത്താതെ വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ജിഎസ്ടി വരുമാനത്തില്‍ കേരളം മികച്ച മുന്നേറ്റമാണു നടത്തുന്നത്. ഒക്ടോബറില്‍ ചരക്കുസേവന നികുതിയിനത്തില്‍ മാത്രം 3689 കോടി രൂപ ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനത്തിന്റെ വര്‍ധന. ദേശീയ ശരാശരിയില്‍ 13 ശതമാനം വര്ധനയുള്ളപ്പോഴാണ് കേരളത്തിന്റെ ഈ കുതിപ്പ്. ചുവപ്പുനാടയുടെ കുരുക്കില്‍നിന്ന് സംരംഭകരെ രക്ഷിക്കാനും പുതുമയാര്‍ന്ന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനും ‘സരള്‍ കേരളം’ എന്ന സുപ്രധാന നിയമമാണ് കേരള നിയമസഭ പാസാക്കിയത്.
ഭാവി സാങ്കേതികവിദ്യയുടെ കാര്യത്തിലും നമ്മള് മുന്നിലെത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, മെഷീന് ലേണിംഗ്, റോബോട്ടിക് കംപ്യൂട്ടിംഗ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഡാറ്റ സെന്ററുകള്‍, സെമി കണ്ടക്ടര്‍ കേന്ദ്രങ്ങള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കണം. രാജ്യത്ത് ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു തുടക്കമിട്ട സംസ്ഥാനമാണു കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതികവിദ്യയുടെ കാലത്തും നമുക്ക് തുടരാനാകണം.
വികസനത്തോടൊപ്പം ഓരോ മനുഷ്യന്റെയും ജീവിതവും പ്രയാസങ്ങളും കരുതലോടെ കാണുന്ന ഭരണസംവിധാനമാണ് നമുക്കു വേണ്ടത്. സ്വാതന്ത്ര്യം ഏതാനും പേര്‍ക്കുള്ളതല്ല, മതമോ ജാതിയോ ഉപയോഗിച്ച് ആരെയും ഇരുട്ടില്‍ നിര്‍ത്തരുത്. നിതാന്ത ജാഗ്രതയും ഉറച്ച മതേതരത്വ ജനാധിപത്യ നിലപാടുകളും വേണം. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതിനു പിന്നാലെ പോകട്ടെ. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ജനക്ഷേമത്തിലും വികസനത്തിലുമാണ്. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തെറ്റു പറ്റിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. പക്ഷേ വിവാദങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്ദത്തില്പ്പെടുത്താമെന്ന് ആരും കരുതേണ്ട.
Leader Page
ലോകപ്രശസ്തനായ മലയാളി കൃഷി ശാസ്ത്രജ്ഞന് ഡോ. കെ.പി. പ്രഭാകരന് നായരുടെ വിയോഗം രാജ്യാന്തരതലത്തില്‍ കാര്ഷികലോകത്തിനു വലിയ നഷ്ടമാണ്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ, ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംനേടിയ അദ്ദേഹം മണ്ണ് ശാസ്ത്രത്തിലും സുസ്ഥിര കൃഷിരീതികളിലും നല്കിയ സംഭാവനകളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായിരുന്നു. മണ്ണിന്റെ ആത്മാവറിഞ്ഞ്, സുസ്ഥിര കൃഷിരീതികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ദീര്‍ഘദര്‍ശിയായ വലിയ ശാസ്ത്രജ്ഞനെ രാജ്യം എന്നും ആദരവോടെ ഓര്‍മിക്കും.
വിദേശത്തെ ഗവേഷണ ജീവിതത്തിനുശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്രമാധ്യമങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം നിരന്തരം എഴുതി.
കാര്‍ഷിക ശാസ്ത്രത്തിന്റെ ‘ബൈബിള്‍’ എന്നറിയപ്പെടുന്ന പ്രശസ്ത അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ‘അഡ്വാന്‍സസ് ഇന്‍ അഗ്രോണമി’ എന്ന ജേണലിലേക്ക് എട്ടുതവണ ലേഖനങ്ങള്‍ എഴുതാന്‍ ക്ഷണം ലഭിച്ച ഏക ശാസ്ത്രജ്ഞന് എന്ന ബഹുമതി ഡോ. കെ.പി. പ്രഭാകരന്‍നായരുടെ പേരിലാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത കൃത്യമായി അളക്കാനും രാസവളങ്ങളുടെ അമിതോപയോഗം കുറയ്ക്കാനുമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ‘ന്യൂട്രിയന്റ് ബഫര്‍ പവര്‍ കണ്‍സെപ്റ്റ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വിപ്ലവകരമായ മണ്ണ് പരിപാലന രീതി റോയല്‍ സ്വീഡിഷ് അക്കാദമിയുടെ ആള്‍ട്ടര്‍നേറ്റീവ് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകളുടെ കൃഷിരീതികളെയും സമ്പദ്വ്യവസ്ഥയെയുംകുറിച്ച് അന്താരാഷ്ട്ര പ്രസാധകര് വഴി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ ഇ-ബുക്ക് പുറത്തിറക്കിയെന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല. ആഗോളതാപനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം 2015ല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് പ്രകാശനം ചെയ്തത്. ബെല്‍ജിയത്തിലെ റോയല്‍ സൊസൈറ്റിയിലും നാഷണല്‍ സയന്‍സ് ഫൗണ്ടേഷനിലും പ്രഫസറായും ജര്‍മനിയിലെ അലക്സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫൗണ്ടേഷനില്‍ സീനിയര്‍ ഫെല്ലോയായും സേവനം ചെയ്യാന്‍ തക്കവണ്ണം പ്രഗത്ഭനായിരുന്നു. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ ‘നാഷണല്‍ ചെയര്‍’ പദവി വഹിച്ച ആദ്യത്തെ ഏഷ്യന്‍ ശാസ്ത്രജ്ഞനും അദ്ദേഹമാണ്. കാമറൂണ്‍ റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നത പദവികള്‍ വഹിച്ച അദ്ദേഹം, റോബര്ട്സണ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ ഉള്‍പ്പടെ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഡോ. എം.എസ്. സ്വാമിനാഥന്റെ ശക്തനായ വിമര്ശകന്
ഹരിത വിപ്ലവനായകന് ഡോ. എം.എസ്. സ്വാമിനാഥന്റെ കാര്‍ഷിക നയങ്ങളുടെയും മാതൃകകളുടെയും ശക്തമായ വിമര്‍ശകനായിരുന്നു ഡോ. പ്രഭാകരന് നായര്‍. സ്വാമിനാഥന് മുന്നോട്ടുവച്ച പല നയങ്ങളും ചെറുകിട കര്‍ഷകരെ കടക്കെണിയിലേക്കും പ്രതിസന്ധിയിലേക്കുമാണ് നയിച്ചതെന്ന് അദ്ദേഹം നിരന്തരം ചൂണ്ടിക്കാണിച്ചു. അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ക്കൊപ്പം രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നത് മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠത നശിപ്പിക്കുമെന്നും ഇത് ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം ശക്തമായി വാദിച്ചു. മണ്ണിന്റെ സ്വാഭാവിക ശേഷി മനസിലാക്കി വളപ്രയോഗം നടത്തിയാല്‍ അനാവശ്യ ചെലവുകളും കര്‍ഷകരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കാമെന്ന വാദം ശരിയാണെന്ന് പിന്നീട് കാലം തെളിയിച്ചു.
ഹരിത വിപ്ലവം ദോഷമുണ്ടാക്കുമെന്ന വാദത്തിനിടെ, മണ്ണിലെ പോഷകങ്ങളുടെ ലഭ്യത നിര്‍ണയിക്കുന്നതിനായി ‘ന്യൂട്രിയന്റ് ബഫര്‍ പവര്‍’ എന്ന ശാസ്ത്രീയ ആശയം അദ്ദേഹം രൂപപ്പെടുത്തി. രാസവളങ്ങളെ അമിതമായി ആശ്രയിക്കുന്ന ഹരിതവിപ്ലവ കൃഷിരീതികള്‍ക്കു വലിയൊരു ശാസ്ത്രീയ വെല്ലുവിളിയായിരുന്നു ഇത്. മണ്ണിന്റെ സ്വാഭാവികശേഷി മനസിലാക്കി വളപ്രയോഗം നടത്തിയാല്‍ അനാവശ്യമായ രാസവള പ്രയോഗം ഒഴിവാക്കാമെന്നും കര്‍ഷകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാമെന്നും അദ്ദേഹം തെളിയിച്ചു.
അമേരിക്കന്‍ കമ്പനിയായ മൊണ്‍സാന്റോയുമായി സഹകരിച്ച് ഇന്ത്യ വികസിപ്പിച്ച ‘ബിടി വഴുതന’ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചപ്പോള്‍ അതുസംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച സ്വതന്ത്ര വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ. കെ.പി. പ്രഭാകരന്‍നായര്‍. ഈ വിഷയത്തില്‍ ഇന്ത്യയിലെ സുപ്രധാനമായ ശാസ്ത്ര-നയരൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബിടി വഴുതനയുടെ സുരക്ഷാ പരിശോധനകളിലെ പോരായ്മകള്‍ ഡോ. കെ.പി. പ്രഭാകരന്‍നായരുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാണിച്ചു.
ബിടി വഴുതനയ്ക്ക് അനുമതി നല്‍കുന്നതിനായി സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ടുകളും പരീക്ഷണരീതികളും അപൂര്‍ണവും അശാസ്ത്രീയവുമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നതിന് കുറ്റമറ്റതും സുതാര്യവുമായ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനിവാര്യമാണെന്ന സമിതി അധ്യക്ഷന്റെ വാദം ഒടുവില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. 2010 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനിശ്ചിതകാല മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു തനത് വഴുതന ഇനങ്ങളുടെ ഉറവിടമാണ് ഇന്ത്യ. അവിടേക്ക് ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ പരീക്ഷിക്കുന്നത് തനത് ഇനങ്ങളുടെ ജനിതകശുദ്ധി നശിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
Leader Page
വേമ്പനാട്ടു കായലിനെ സംബന്ധിച്ച് ശരിയായ പഠനം നടത്തിയ ദീപികയെയും തയാറാക്കിയ ലേഖകനെയും അഭിനന്ദിക്കുന്നു. വേമ്പനാട്ടു കായലിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ ശരിക്കും മനസിലാക്കി വേണം കായലിനെ സംരക്ഷിക്കാന്‍.
വേലിയേറ്റസമയത്ത് വെള്ളം കയറാനും വേലിയിറക്കത്തില് ഇറങ്ങാനുമുള്ള ബാലന്‍സിംഗ് കായലിനു നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ട് പൊങ്ങിയതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കായല്‍ വെള്ളം എടുക്കുന്നില്ല. മീനച്ചിലാര്‍, പമ്പയാര്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങി അഞ്ചു നദികളിലെ വെള്ളമാണ് കായലിലെത്തുന്നത്. അടിത്തട്ട് പൊങ്ങിയതിനാല്‍ കായല്‍ വെള്ളം എടുക്കുന്നില്ല. ശരിക്കും വേമ്പനാട്ടു കായല്‍ ശ്വാസം മുട്ടുകയാണ്.
അടിത്തട്ട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഓക്സിജന്‍ ലെവലും കുറഞ്ഞു. കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി അടിയന്തരമായ നടപടികള്‍ ഉണ്ടാകണം. നിയമസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. ഉടന്‍തന്നെ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നിയമസഭാ സ്പീക്കര്‍
Leader Page
കേരളത്തിൽ സ്വാഭാവിക റബറിന്റെ വില കിലോഗ്രാമിന് 300 രൂപയിലെത്തിയത് കർഷകർക്ക് ആശ്വാസകരമാണ്. ഈ മാസം രണ്ടിന് കോട്ടയത്തും കൊച്ചിയിലും നാലാംതരം റബർ ഷീറ്റിന് 300 രൂപയാണ് റബർ ബോർഡ് രേഖപ്പെടുത്തിയത്.
ചില ടയർ നിർമാണ കമ്പനികൾ 303 രൂപയ്ക്കുവരെ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. നവംബർ നാലിന് ആഭ്യന്തരവില 300 രൂപയായിരുന്നപ്പോൾ ബാങ്കോക്കിൽ സമാനയിനം റബറിന് ഏകദേശം 261.87 രൂപയായിരുന്നു. വ്യത്യാസം 38.13 രൂപ; വിദേശ വിലയുടെ 14.6 ശതമാനം. എന്നാൽ ചരക്കു കൂലി, ഇറക്കുമതിത്തീരുവ, നികുതി എന്നിവ ഉൾപ്പെടാത്തതിനാൽ ഇവ നേരിട്ട് താരതമ്യം ചെയ്യാനാവില്ല. 2024-25ൽ ഇന്ത്യയുടെ സ്വാഭാവിക റബർ ഇറക്കുമതി ഏകദേശം 5.51 ലക്ഷം ടണ്ണായിരുന്നു.
ആഭ്യന്തര ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള സ്ഥിരമായ അന്തരമാണ് ഇറക്കുമതിയുടെ അടിസ്ഥാന കാരണം. ഈ സാഹചര്യത്തിൽ ഉയർന്ന വിലയുടെ നേട്ടം വ്യവസായങ്ങൾക്കൊപ്പം കർഷകർക്കും നീതിപൂർവം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാം. ഇന്ത്യയിലെ സ്വാഭാവിക റബർ ഉപഭോഗത്തിന്റെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ടയർ വ്യവസായത്തിനാണ്. മഴമൂലമുള്ള ഉത്പാദനതടസം, വ്യവസായങ്ങളുടെ സംഭരണാവശ്യങ്ങൾ, ഇറക്കുമതിച്ചെലവിലെ വർധന, ചരക്കുലഭ്യതയിലെ കാലതാമസം എന്നിവ വിലവർധനയ്ക്ക് കാരണങ്ങളാകാം.
ആസിയാൻ കരാറും ഇറക്കുമതിയും
ഇന്ത്യയുടെ സംയുക്ത റബർ ഇറക്കുമതി 2019-20ലെ 52,164 ടണ്ണിൽനിന്ന് 2023-24ൽ 1,14,818 ടണ്ണായി ഉയർന്നു. വർധന ഏകദേശം 120 ശതമാനം. എന്നാൽ, ഇറക്കുമതി വർധന മാത്രം നിയമലംഘനത്തിന്റെ തെളിവല്ല. ആസിയാൻ വ്യാപാരക്കരാറിൽ ഉത്പന്ന വർഗീകരണവും ഉത്ഭവരാജ്യവും അനുസരിച്ച് തീരുവ വ്യത്യാസപ്പെടുന്നു. ഇവിടെ കസ്റ്റംസ് വകുപ്പിന്റെ ഉത്തരവാദിത്വം നിർണായകമാണ്.
ഇറക്കുമതി രേഖകൾ, ഉത്പന്ന വർഗീകരണം, പ്രഖ്യാപിത മൂല്യം, ഉത്ഭവ സർട്ടിഫിക്കറ്റ്, അടച്ച തീരുവ എന്നിവ പരിശോധിക്കാൻ വകുപ്പിന് അധികാരമുണ്ട്. സംശയാസ്പദ ചരക്കുകളിൽ സാമ്പിൾ പരിശോധനയും നിയമ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കാം. എന്നാൽ, ഇത്തരം പരിശോധനകളിലൂടെ എത്ര ക്രമക്കേടുകൾ കണ്ടെത്തിയെന്നും കർഷകർക്ക് എന്തു പ്രയോജനം ലഭിച്ചെന്നും വ്യക്തമാക്കുന്ന സമഗ്ര കണക്കുകൾ ലഭ്യമല്ല.
പ്രത്യേക പരിശോധന ആരാണു നടത്തേണ്ടത്? കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡിന്റെ നേതൃത്വത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും അംഗീകൃത പരീക്ഷണശാലകളും പരിശോധന നടത്തണം. വിദേശ വ്യാപാര ഡയറക്ടറേറ്റ്, റബർ ബോർഡ് എന്നിവ സാങ്കേതിക വിവരങ്ങൾ നൽകണം. റബർ ഉത്പാദക സംഘങ്ങൾക്കും കർഷക സംഘടനകൾക്കും തെളിവുകളോടുകൂടിയ പരാതികൾ സമർപ്പിക്കാം. ഇതിനായി പുതിയ സ്ഥാപനം അനിവാര്യമല്ല; നിലവിലുള്ള സംവിധാനങ്ങളുടെ ഏകോപനവും സമയബന്ധിത പരിശോധനയുമാണ് പ്രധാനം. ഇപ്രകാരം നടക്കാത്തത് അപലപനീയം തന്നെ.
വിലവ്യതിയാനവും റബർ കൃഷിയുടെ ലാഭക്ഷമതയും
കർഷകരുടെ തീരുമാനങ്ങളെ നിലവിലെ വില, പ്രതീക്ഷിക്കുന്ന ഭാവി വില, ഉത്പാദനച്ചെലവ്, വിപണിയിലെ അനിശ്ചിതത്വം എന്നിവ സ്വാധീനിക്കുന്നു. ഒരു ഹെക്ടറിൽ പ്രതിവർഷം 1,500 കിലോഗ്രാം റബർ ഉത്പാദിപ്പിക്കുന്ന തോട്ടത്തിന് കിലോഗ്രാമിന് 200 രൂപ ലഭിച്ചാൽ മൊത്തവരുമാനം മൂന്ന് ലക്ഷം രൂപയും 300 രൂപ ലഭിച്ചാൽ 4.50 ലക്ഷം രൂപയുമാണ്. വ്യത്യാസം 1.50 ലക്ഷം രൂപ. എന്നാൽ ഇത് അറ്റാദായമല്ല. തൊഴിലാളിക്കൂലി, സംസ്കരണം, പരിപാലനം, മൂലധനച്ചെലവ് എന്നിവ കുറയ്ക്കണം. 2025-26ലെ കേരളത്തിന്റെ ശരാശരി കൃഷി ലാഭക്ഷമത സംബന്ധിച്ച സ്ഥിരീകരിച്ച കണക്കുകൾ ലഭ്യമല്ല.
റബർ ബോർഡിന്റെ പോരായ്മകൾ
ആഭ്യന്തര-അന്താരാഷ്ട്ര വിലകൾ, ഉത്പാദനം, ഉപഭോഗം, ഇറക്കുമതി എന്നിവ റബർ ബോർഡ് പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ കൃഷിച്ചെലവ്, ഹെക്ടറിലെ അറ്റാദായം, പാൽ-ഷീറ്റ് ലാഭ താരതമ്യം എന്നിവ ഉൾപ്പെടുത്തിയ ജില്ലാതല പ്രതിമാസ സാമ്പത്തിക റിപ്പോർട്ടുകൾ പതിവായി ലഭ്യമാകുന്നില്ല. ഉത്പാദക സംഘാംഗങ്ങളെയും മറ്റ് കർഷകരെയും ഉൾപ്പെടുത്തി പ്രതിനിധിസ്വഭാവമുള്ള സർവേകൾ നടത്തണം. റബർ ബോർഡിന്റെ പ്രവർത്തനം സാങ്കേതിക ഉപദേശത്തിൽ ഒതുങ്ങാതെ കർഷകരുടെ സാമ്പത്തിക താത്പര്യ സംരക്ഷണത്തിലേക്കും വ്യാപിപ്പിക്കണം.
ഉയർന്ന വിലയിൽനിന്ന് സുസ്ഥിര വരുമാനത്തിലേക്ക്
വില 300 രൂപയിലെത്തിയത് ആശ്വാസകരമാണെങ്കിലും ഈ വില തുടർച്ചയായി ഉറപ്പാക്കാനാവില്ല. ആഭ്യന്തര ഉത്പാദനം വർധിക്കുമ്പോൾ വില കുറയാം. എന്നാൽ, വിപണിയിലെ യഥാർഥ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം കർഷകരുടെ ലാഭക്ഷമത സംരക്ഷിക്കേണ്ടതുണ്ട്. ടയർ വ്യവസായങ്ങളുടെ നിയമവിരുദ്ധമായ വിപണി സ്വാധീനവും അന്യായമായ ഇറക്കുമതി ആനുകൂല്യങ്ങളും നിയന്ത്രിക്കുക; ഉത്പാദക സംഘങ്ങളുടെ വിലപേശൽ ശേഷി വർധിപ്പിക്കുക; കൃഷിച്ചെലവ് കുറയ്ക്കുക; കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുക - ഇവയായിരിക്കണം നയപരമായ മുൻഗണനകൾ.
കേന്ദ്രസർക്കാർ, വിദേശവ്യാപാര ഡയറക്ടറേറ്റ്, കസ്റ്റംസ്, റബർ ബോർഡ്, കേരള സർക്കാർ എന്നിവയുടെ ഏകോപിത പ്രവർത്തനം അനിവാര്യമാണ്. റബർ വ്യവസായത്തിന്റെ വളർച്ച കർഷകരുടെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാനത്തിലാകരുത്. കർഷകർക്കും വ്യവസായങ്ങൾക്കും നീതിപൂർവമായ നേട്ടം ഉറപ്പാക്കുന്ന, സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ വിപണി സംവിധാനമാണ് കേരളത്തിന് ആവശ്യം.
അടിയന്തരമായി നടപ്പാക്കേണ്ടവ
•ടാപ്പിംഗ് പുനരുജ്ജീവിപ്പിക്കുക: തൊഴിലാളി ക്ഷാമവും മഴയുംപ്രധാന തടസങ്ങളാണ്. ജില്ലാതല പരിശീലനം ലഭിച്ച ടാപ്പിംഗ് തൊഴിലാളി സംഘങ്ങൾ രൂപീകരിക്കുകയും ഉത്പാദനക്ഷമമായ, ടാപ്പിംഗ് നിർത്തിയ തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വേണം.
•ഉത്പാദക സംഘങ്ങളെ ശക്തിപ്പെടുത്തുക: പാൽ സംഭരണം, റബറിന്റെ അംശ പരിശോധന, സംസ്കരണം, കൂട്ടായ വിപണനം എന്നിവ വിപുലീകരിക്കണം. ജില്ലാതല പ്രവർത്തന പരിശോധന നിർബന്ധമാക്കണം.
•വിപണി വിവരങ്ങൾ ലഭ്യമാക്കുക: പ്രതിവാര വിപണി വരവ്, വ്യവസായ സംഭരണം, വാങ്ങൽ, ഇറക്കുമതി എന്നിവയുടെ വിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കണം.
•ഇറക്കുമതി നിയന്ത്രണം ശക്തമാക്കുക: ഉത്പാദനാനുപാത മാനദണ്ഡങ്ങളുടെ പുനഃപരിശോധന പൂർത്തിയാക്കണം. കസ്റ്റംസ് പരിശോധനാ ഫലങ്ങളും നിയമ ലംഘനങ്ങൾക്കെതിരായ നടപടികളും പ്രസിദ്ധീകരിക്കണം, കർഷകർക്ക് ലഭിക്കണം.
•സംഭരണത്തിനും വിപണനത്തിനും വായ്പ: ഉത്പാദക സംഘങ്ങൾക്ക് കുറഞ്ഞ പലിശയുള്ള സംഭരണവായ്പയും നേരിട്ടുള്ള വ്യവസായ വിൽപന സംവിധാനവും ഏർപ്പെടുത്തണം. അടിയന്തര പണാവശ്യങ്ങൾ മൂലമുള്ള കുറഞ്ഞവില വിൽപന ഒഴിവാക്കാൻ കർഷകർക്ക് അവസരം ഉണ്ടാവണം.
•ലാഭക്ഷമത നിരീക്ഷിക്കുക: റബർ ബോർഡ് ജില്ലാതല ചെലവ്–വരുമാന സർവേകളും വില വ്യതിയാന പഠനങ്ങളും നടത്തണം. കണ്ടെത്തലുകൾ കർഷകർക്ക് ലഭ്യമാക്കണം.
വിദേശ വ്യാപാര ഡയറക്ടറേറ്റിന്റെ ഉത്തരവാദിത്വം
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടറേറ്റ് ഇറക്കുമതി അനുമതികൾ, കയറ്റുമതി ബാധ്യതകൾ, അസംസ്കൃത വസ്തുക്കളുടെ ഉപയോഗ മാനദണ്ഡങ്ങൾ എന്നിവ നിയന്ത്രിക്കുന്നു.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്: മുൻകൂർ ഇറക്കുമതി അനുമതി, ഉത്പാദന-അസംസ്കൃത വസ്തു അനുപാത മാനദണ്ഡങ്ങൾ, കയറ്റുമതി ബാധ്യതകളുടെ പരിശോധന. മുൻകൂർ അനുമതിയിലൂടെ കയറ്റുമതിക്കുള്ള ഉത്പന്നങ്ങൾ നിർമിക്കാൻ നിശ്ചിത അസംസ്കൃത വസ്തുക്കൾ ബാധകമായ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാം.
എന്നാൽ നിർദിഷ്ട കയറ്റുമതി ബാധ്യത നിറവേറ്റണം. ഉത്പാദനാനുപാത മാനദണ്ഡങ്ങൾ ഇറക്കുമതിക്ക് അനുവദനീയമായ അളവ് നിർണയിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക റേഡിയൽ ടയറിന്റെ 100 കിലോഗ്രാം ഉത്പാദനത്തിന് 38 കിലോഗ്രാം സ്വാഭാവിക റബർ അനുവദിക്കുന്ന മാനദണ്ഡമുണ്ട്. ഇത് എല്ലാ ടയറുകൾക്കും ബാധകമല്ല. 2015-16ൽ ഇറക്കുമതി അനുമതി വ്യവസ്ഥകളിലും പ്രവേശന തുറമുഖങ്ങളിലും നിയന്ത്രണ പരിഷ്കാരങ്ങൾ നടപ്പാക്കി.
2025 മാർച്ച് 20ന് എട്ട് വാഹന ടയർ ഉത്പാദന മാനദണ്ഡങ്ങളുടെ പുനഃപരിശോധന ആരംഭിച്ചു. യഥാർഥ അസംസ്കൃത വസ്തു ഉപയോഗം, സാങ്കേതിക പുരോഗതി, ഉത്പാദനനഷ്ടം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആവശ്യപ്പെട്ടത്. പരിശോധന ആരംഭിച്ചതിന്റെ രേഖ ലഭ്യമാണ്; സമർപ്പിക്കപ്പെട്ട വിവരങ്ങളുടെ പൂർണരൂപവും അന്തിമ കണ്ടെത്തലുകളും പൊതുവായി സ്ഥിരീകരിക്കാനായിട്ടില്ല. പാർലമെന്ററി പരിശോധനയിൽ പ്രധാനമായി ഉയർന്നത് കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ അമിതമായ തീരുവരഹിത ഇറക്കുമതിക്ക് അവസരമൊരുക്കാമെന്ന ആശങ്കയാണ്. സാങ്കേതിക പുരോഗതിക്കനുസരിച്ച് മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നും ശിപാർശയുണ്ടായി.
എന്നാൽ, എട്ട് മാനദണ്ഡങ്ങളുടെയും അന്തിമ പരിഷ്കരണവും കർഷകർക്ക് ലഭിച്ച നേട്ടവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ, വിദേശവ്യാപാര ഡയറക്ടറേറ്റ് പരിശോധന പൂർത്തിയാക്കി പരിഷ്കരിച്ച മാനദണ്ഡങ്ങളും നടപ്പാക്കൽ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കേന്ദ്ര വാണിജ്യമന്ത്രാലയം സമയപരിധി നിശ്ചയിക്കണം. കസ്റ്റംസ് വകുപ്പ് ഇറക്കുമതിയും തീരുവയും പരിശോധിക്കണം. റബർ ബോർഡ് കർഷകർക്കുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം വിലയിരുത്തണം. കർഷക സംഘടനകൾക്ക് വിവരാവകാശ നിയമപ്രകാരം പൊതുവായി വെളിപ്പെടുത്താവുന്ന വിവരങ്ങൾ ആവശ്യപ്പെടുകയും ബന്ധപ്പെട്ട മന്ത്രാലയത്തിനും പാർലമെന്ററി സമിതികൾക്കും നിവേദനം നൽകുകയും ചെയ്യാം.
റബർവില 300 രൂപയായി ഉറപ്പുനൽകാൻ ഡയറക്ടറേറ്റിനു കഴിയില്ല. എന്നാൽ, നിയമവിരുദ്ധമായ ഇറക്കുമതി ആനുകൂല്യങ്ങൾ തടയാൻ ബാധകമായ നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതുണ്ട്. ആയതിന്റെ വിശദാംശങ്ങൾ കർഷകർക്കും ലഭ്യമാക്കണം. ടയർ നിർമാതാക്കളുടെ സംഘടനയും വിപണിമത്സരവും പ്രമുഖ ടയർ നിർമാതാക്കളുടെ വാങ്ങൽ തീരുമാനങ്ങളും റബറിന്റെ ആവശ്യകതയെ സ്വാധീനിക്കുന്നു. വാങ്ങൽശേഷി ഏതാനും സ്ഥാപനങ്ങളിൽ കേന്ദ്രീകരിക്കുന്നത് കർഷകരുടെ വിലപേശൽശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
എന്നാൽ ഇതുമാത്രം രഹസ്യ ധാരണയുടെയോ വിപണികൃത്രിമത്തിന്റെയോ തെളിവല്ല. വില താഴ്ത്താനോ നികുതിവെട്ടിപ്പ് നടത്താനോ നിയമവിരുദ്ധ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനോ ടയർ നിർമാതാക്കളുടെ സംഘടന ധാരണയുണ്ടാക്കിയെന്നതിന് സ്ഥിരീകരിച്ച തെളിവുകൾ ഇവിടെ ലഭ്യമല്ല. വ്യവസായങ്ങളുടെ അന്യായമായ വിപണിസ്വാധീനം നിയന്ത്രിക്കാൻ ഇന്ത്യൻ മത്സര കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെടാം. എന്നാൽ, നിയമനടപടിക്ക് വാങ്ങൽക്കരാറുകൾ, വിലനിർണയ രേഖകൾ, ഇടപാടു വിവരങ്ങൾ തുടങ്ങിയ തെളിവുകൾ ആവശ്യമാണ്.
Leader Page
ജെൻസൻ ഹുവാംഗിന്റെ പതനം നിർമിതബുദ്ധി (എഐ) മേഖലയെ തളർത്തുമോ? എല്ലാവരും ചോദിക്കുന്നു. ഈ ചൊവ്വ, വ്യാഴം ദിനങ്ങൾ അതിനു പ്രാരംഭ ഉത്തരം നൽകും. ചൊവ്വാഴ്ച എൻവിഡിയയുടെ മൂന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച എഐ മേഖലയിലെ മുൻനിര കമ്പനി ആന്ത്രോപിക്കിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടക്കുന്നു. രണ്ടും നിർണായകമാണ്.
വർഷങ്ങളായി ജെൻസനൊപ്പം കമ്പനി റിസൽട്ട് വിശദീകരിക്കാൻ മാധ്യമങ്ങൾക്കും അനലിസ്റ്റുകൾക്കും മുമ്പിൽ എത്തിയിരുന്ന ചീഫ് ഫിനാൻഷ്യൽ ഓഫീസർ കോളറ്റ് ക്രെസ് സിഇഒ പദവികൂടി വഹിക്കുകയാണ്. കമ്പനി ആദ്യമായി നിയമിച്ച ചെയർമാൻ ഹാർവി ജോൺസ്, ക്രെസിന്റെ കൂടെ വരുമോ എന്നു വിപണി ശ്രദ്ധിക്കും.
വരുമാനപ്രതീക്ഷ താഴും
റിസൽട്ടിനേക്കാൾ പ്രധാനം ഭാവി വരുമാനവും ലാഭവും സംബന്ധിച്ച കമ്പനിയുടെ പ്രതീക്ഷയാണ്. മുൻകാലങ്ങളിലേതുപോലെ ആവേശകരമല്ല പ്രതീക്ഷ എങ്കിൽ ഓഹരിവില വീണ്ടും ഇടിയും. ഓഹരിക്ക് കഴിഞ്ഞ ഒരാഴ്ചകൊണ്ടു 12ഉം അഞ്ച് ആഴ്ചകൊണ്ട് 32ഉം ശതമാനം വിലയിടിഞ്ഞു. ജൂലൈയിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനി വരുമാനം 106 ശതമാനം വർധിപ്പിച്ച് 9,622 കോടി ഡോളറിൽ എത്തിച്ചു. ലാഭമാർജിൻ 75 ശതമാനമാക്കി. അറ്റാദായം 5,969 കോടി ഡോളർ. മൂന്നാം പാദത്തിൽ വരുമാനം 10,800 കോടി ഡോളറും ലാഭമാർജിൻ 74 ശതമാനവും ആകുമെന്നാണു ജെൻസൻ ഓഗസ്റ്റിൽ പറഞ്ഞത്. ജൂലൈ 27 മുതൽ ഒക്ടോബർ 25 വരെയാണു കമ്പനിയുടെ മൂന്നാം പാദം. ഇതുവരെ എല്ലാ പാദത്തിലും പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് എൻവിഡിയ പുറത്തുവിട്ടിരുന്നു. ഇത്തവണയും അങ്ങനെയാകും എന്നു ന്യായമായും കരുതാം.
ഓഹരിവില എങ്ങോട്ട്?
എന്നാൽ, ജെൻസൻ ഇല്ലാത്ത നാലാം പാദത്തെ(ഒക്ടോബർ-ജനുവരി)പ്പറ്റി അത്രയ്ക്കു പ്രതീക്ഷ ഉണ്ടാവില്ല. വളർച്ച കുറയുമെന്ന സൂചന നൽകിയാൽ ഓഹരി വീണ്ടും ഇടിയും. ജെൻസൻ ഇല്ലാത്ത കമ്പനിയുടെ ഓഹരിവില 25 ശതമാനം കുറയും എന്നു ചില ബ്രോക്കറേജുകൾ ഈ ദിവസങ്ങളിൽ പറഞ്ഞു. പലരും ഓഹരിയുടെ ഒരു വർഷത്തെ ലക്ഷ്യവില ഗണ്യമായി താഴ്ത്തി. എച്ച്എസ്ബിസി 365ൽനിന്നു 170 ഡോളർ ആയും ബെയാർഡ് 500ൽനിന്ന് 200 ഡോളർ ആയും ലക്ഷ്യവില കുറച്ചു. ട്രൂയിസ്റ്റ് ആൻഡ് വില്യം ബ്ലെയർ 346ൽനിന്ന് 174 ഡോളറാക്കി ലക്ഷ്യവില. നീദാമും ബേൺസ്റ്റൈനും 200 ഡോളറിലേക്കു ലക്ഷ്യവില താഴ്ത്തി.
ഇന്ത്യക്കാർക്കും നഷ്ടം
ഓഹരി ഉടനെ തിരിച്ചുകയറില്ല എന്നാണു ലക്ഷ്യവില താഴ്ത്തിയ ബ്രോക്കറേജുകൾ പറയുന്നത്. അതായത്, എൻവിഡിയയിൽ നിക്ഷേപിച്ച ഫണ്ടുകൾക്കും വ്യക്തികൾക്കും വലിയ നഷ്ടം വരും. അതു വിപണിയെ വല്ലാതെ ഉലയ്ക്കും. മ്യൂച്വൽ ഫണ്ടുകൾ വഴിയും അല്ലാതെയും എൻവിഡിയയിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരും നഷ്ടം സഹിക്കണം. എൻവിഡിയയുടെ 47,800 ജീവനക്കാരിൽ 10,000 ഓളം പേർ ഇന്ത്യയിലാണു ജോലി ചെയ്യുന്നത്. അവർക്കു ശമ്പളത്തിനൊപ്പം കമ്പനി ഓഹരികളും നൽകിയിരുന്നു. അതിന്റെ വില നോക്കി സമ്പാദ്യം കണക്കാക്കിയവർക്കും ഇപ്പോൾ നഷ്ടം സഹിക്കേണ്ടിവരും. അമേരിക്കയിലെ 26,000 ജീവനക്കാരിലും ധാരാളം ഇന്ത്യക്കാരുണ്ട്.
ആന്ത്രോപിക് സൂചനയാകും
വ്യാഴാഴ്ച ഐപിഒ നടത്തുന്ന ആന്ത്രോപിക്കിൽ എൻവിഡിയ 1000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആന്ത്രോപിക്കിന്റെ വിലനിർണയം, ഹുവാങ് ഇല്ലാത്ത എഐ മേഖലയുടെ ഭാവിക്കു സൂചനയാകും. രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം പ്രതീക്ഷിച്ച് ഐപിഒയ്ക്ക് ഒരുങ്ങിയതാണു കമ്പനി. ഇപ്പോൾ 1.4 ലക്ഷം കോടി ഡോളറാണു പ്രതീക്ഷ. അതു വീണ്ടും താണാൽ വിപണിക്കു വലിയ ആഘാതമാകും.
തിരിച്ചുവിളിക്കാൻ ഒപ്പുശേഖരണം
ഇതിനിടെ ഹുവാങ്ങിനെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് തുടങ്ങിയ ഓൺലൈൻ നിവേദനങ്ങൾക്ക് വലിയ പിന്തുണയാണു ലഭിച്ചത്. ഒപ്പുകളുടെ എണ്ണം ഇന്നലെ പകൽ 6,000 പേരിൽനിന്ന് ഒരു ലക്ഷത്തിലേക്കു കയറി. അതിൽ 5,000 പേരും കമ്പനി ജീവനക്കാരാണ്. ഒപ്പിട്ടവരിൽ ഇലോൺ മസ്കും മറ്റു പല ബിസിനസുകാരുമുണ്ട്.
നിവേദനങ്ങളിലൂടെ കമ്പനി ബോർഡുകളുടെ തീരുമാനം തിരുത്തിച്ച സംഭവങ്ങളുണ്ട്. സഹസ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാനെ 2023ൽ പുറത്താക്കിയ ഓപ്പൺ എഐ കമ്പനി അഞ്ചു ദിവസം കഴിഞ്ഞു തീരുമാനം തിരുത്തി. അന്നു ജീവനക്കാരും നിക്ഷേപകരും നിവേദനം നടത്തിയിരുന്നു. എല്ലാം തുറന്നുപറയുന്നില്ല എന്നു കുറ്റപ്പെടുത്തിയാണ് ആൾട്ട്മാനെ നീക്കിയത്. ഹുവാങ്ങിനാകട്ടെ ചാരക്കേസും ജീവനക്കാരുമായി ഒന്നിലേറെ അവിഹിതങ്ങളുമുണ്ട്. അവ അത്ര ചെറിയ വിഷയങ്ങളല്ല.
Leader Page
വേമ്പനാട്ട് കായലും അതിനോടു ചേർന്നുകിടക്കുന്ന തണ്ണീർത്തടങ്ങളും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെയും കാർഷിക പ്രതിസന്ധികളെയും മറികടക്കാൻ ഇനി നമുക്കു മുന്നിലുള്ളത് കൂട്ടായ പ്രവർത്തനത്തിന്റെയും ശാസ്ത്രീയമായ പരിഹാരങ്ങളുടെയും വഴിയാണ്. വേന്പനാട്ട് കായലിന്റെ ജലസംഭരണശേഷി ഗണ്യമായി കുറഞ്ഞതാണ് ഏറ്റവും വലിയ പ്രതിസന്ധി. മീനച്ചിലാർ, പന്പ, അച്ചൻകോവിലാർ, മണിമലയാർ, മൂവാറ്റുപുഴ തുടങ്ങിയ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും ചെളിയും അടിഞ്ഞുകൂടി കായലിന്റെയും നദികളുടെയും അടിത്തട്ട് ഉയർന്നിരിക്കുന്നു.
ഇതിനു പരിഹാരമായി, കായലിലും നദികളിലും അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യാനുള്ള ഒറ്റത്തവണ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയില്ലാതെതന്നെ, നീക്കം ചെയ്യുന്ന മണ്ണും ചെളിയും നിർമാണ ആവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കുന്നതിലൂടെ ഈ പദ്ധതി ലാഭകരമായി നടപ്പാക്കാൻ സാധിക്കും. കൂടാതെ, കായലിന്റെ ജലസംഭരണശേഷി വീണ്ടെടുക്കാൻ ശാസ്ത്രീയമായ ഡ്രഡ്ജിംഗ് അനിവാര്യമാണ്. ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്ന കട്ടയും ചെളിയും വേന്പനാട് തണ്ണീർത്തടത്തിന്റെ സുരക്ഷയ്ക്കും നിർമാണത്തിനുമായി ഉപയോഗിക്കണം.
തോടുകളുടെ പുനരുജ്ജീവനവും ജലഗതാഗതവും
വേന്പനാട് തണ്ണീർത്തടത്തിലെ പല പഞ്ചായത്തുകളിലും നൂറുകണക്കിന് കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന തോടുകൾ നികത്തപ്പെടുകയോ പോളയും പായലും കുളവാഴയും മാലിന്യവും തിങ്ങിനിറഞ്ഞ് ഒഴുക്ക് നിലയ്ക്കുകയോ ചെയ്തിട്ടുണ്ട്. പായലിനൊപ്പം ചെളിയിൽ വേരുറപ്പിക്കുന്ന പ്രത്യേക തരം പുല്ലുകളും ജലപ്രവാഹത്തെ തടസപ്പെടുത്തുന്നു. നിലവിലുള്ള എല്ലാ തോടുകളും സംരക്ഷിക്കുന്നതിനായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കണം. കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കുകയും തോടുകൾക്കു കുറുകെ വള്ളങ്ങളുടെ ഗതാഗതത്തിന് തടസമാകുന്ന രീതിയിൽ നിർമിച്ചിട്ടുള്ള താഴ്ന്ന പാലങ്ങളും ബണ്ടുകളും പൊളിച്ചുമാറ്റി ഉയരം കൂട്ടുകയും വേണം.
ചെറുവള്ളങ്ങൾക്ക് ഉള്ളിലേക്കു കടന്നുവരാനും ചരക്കുഗതാഗതം നടത്താനും സാധിക്കുന്ന വിധത്തിൽ തോടുകളെ മാറ്റിയെടുത്താൽ, കായലിന്റെ ഉൾപ്രദേശങ്ങളിലേക്കും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകും. തൊഴിലുറപ്പ് പദ്ധതി പോലുള്ള സംവിധാനങ്ങളെ കൃത്യമായി വിനിയോഗിച്ച് ഓരോ വർഷവും നിശ്ചിത പ്രദേശങ്ങളിലെ തോടുകൾ വൃത്തിയാക്കുന്നതിലൂടെ ജലമലിനീകരണം ഒരു പരിധിവരെ തടയാനാകും.
ശാസ്ത്രീയ കൃഷിരീതികളും രാസവള നിയന്ത്രണവും
കുട്ടനാട്ടിലെ അമിതമായ രാസവള-കീടനാശിനി പ്രയോഗം കായലിലെ മത്സ്യസന്പത്തിനെയും സൂക്ഷ്മജീവികളെയും നശിപ്പിക്കുകയാണ്. മണ്ണുപരിശോധന നടത്തി ശാസ്ത്രീയ കൃഷിരീതി കർശനമാക്കണം. പരന്പരാഗതമായി കർഷകർ ചെയ്തിരുന്നതുപോലെ, കൃഷിയില്ലാത്ത സമയങ്ങളിൽ പാടശേഖരങ്ങളിലേക്ക് കായൽവെള്ളം കയറ്റിയിറക്കുന്ന രീതി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പുറംമടകൾ തുറന്നിട്ട് കായലിലെ വെള്ളം പാടങ്ങളിലൂടെ ഒഴുകിപ്പോകാൻ അനുവദിക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കും. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കൃഷികലണ്ടർ പരിഷ്കരിക്കുകയും ഒക്ടോബറിൽതന്നെ കൃഷിയിറക്കി ഫെബ്രുവരിയോടെ കൊയ്ത്ത് പൂർത്തിയാക്കുകയും ചെയ്താൽ വേനൽക്കാലത്തെ ഉപ്പുവെള്ളഭീഷണിയിൽനിന്ന് വിളകളെ രക്ഷിക്കാനാകും. മാർച്ച് അവസാനത്തോടെ തണ്ണീർമുക്കം ബണ്ട് തുറക്കാൻ സാധിച്ചാൽ പാടങ്ങളിൽ ഉപ്പുവെള്ളം കയറ്റാൻ സാധിക്കും.
ഉത്തരവാദിത്വ ടൂറിസം
വലിയ ഹൗസ് ബോട്ടുകളുടെയും വിനോദസഞ്ചാര യാനങ്ങളുടെയും അനിയന്ത്രിതമായ സഞ്ചാരം മത്സ്യത്തൊഴിലാളികളുടെ വലകൾ നശിപ്പിക്കുകയും കായലിൽ എണ്ണയും മാലിന്യങ്ങളും കലരാൻ കാരണമാവുകയും ചെയ്യുന്നു. ഇതിനു പരിഹാരമായി, കായലിൽ വിനോദസഞ്ചാര ബോട്ടുകൾക്കായി പ്രത്യേക ജലപാതകൾ നിശ്ചയിക്കുകയും മത്സ്യബന്ധന മേഖലകളെ സംരക്ഷിക്കുകയും വേണം. ടൂറിസത്തിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം കായൽ സംരക്ഷണത്തിനായി മാറ്റിവയ്ക്കണം. വിദേശ വിനോദസഞ്ചാരികളിൽനിന്നു ലഭിക്കുന്ന ഈ തുക ഉപയോഗിച്ച് കായലിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനും ജലശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്താനും സാധിക്കും. കൂടാതെ, ആർ ബ്ലോക്ക്, കൈനകരി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കാവുന്നതാണ്. മലരിക്കൽ ആന്പൽ ടൂറിസത്തെ മാതൃകയാക്കി ബൃഹത്തായ കുട്ടനാട് ടൂറിസം സിറ്റി എന്ന ആശയവും നടപ്പിലാക്കാവുന്നതാണ്.
Leader Page
കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് മനുഷ്യന്റെ അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും അസാധാരണമായ ചരിത്രമാണ്. കായലിനെയും വെള്ളത്തെയും ആശ്രയിച്ച് ജീവിച്ചിരുന്ന ജനത, പട്ടിണിയിൽനിന്നുള്ള മോചനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി വെള്ളക്കെട്ടുകളെ കൃഷിഭൂമികളാക്കി മാറ്റുകയായിരുന്നു. തലമുറകളുടെ അധ്വാനവും സാങ്കേതികവിദ്യയിലെ മാറ്റങ്ങളും ചേർന്നാണ് കുട്ടനാട്ടിലെ വിശാലമായ പാടശേഖരങ്ങൾ രൂപപ്പെട്ടത്. എന്നാൽ, ഇന്ന് അതേ കൃഷിഭൂമി വെള്ളപ്പൊക്കത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലനിയന്ത്രണത്തിലെ അപാകതകളുടെയും സമ്മർദത്തിലാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിന് താഴെ (ശരാശരി 0.6 മീറ്റർ മുതൽ 2.2 മീറ്റർ വരെ താഴെ) നെൽകൃഷി ചെയ്യുന്ന അപൂർവ ഭൂപ്രദേശമാണ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന കുട്ടനാടൻ കാർഷിക വ്യവസ്ഥയെ ‘ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക വ്യവസ്ഥ’ ആയി അംഗീകരിച്ചിട്ടുണ്ട്.
പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികൾ കുട്ടനാട്ടിലെ ജലവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന നദികളാണ്. പെരിയാർ വേന്പനാട്ട് കായലിലേക്ക് ഒഴുകിയെത്തുന്നെങ്കിലും കുട്ടനാടിന്റെ നദീതടപരിധിയിൽ അതിനെ ഉൾപ്പെടുത്താനാവില്ല.
ഈ നദികൾ വെള്ളം മാത്രമല്ല, പശ്ചിമഘട്ടത്തിൽനിന്നുള്ള എക്കലും ജൈവസന്പുഷ്ടമായ മണ്ണും കൊണ്ടുവരുന്നു. കുട്ടനാട്ടിലെ മണ്ണിന്റെ രൂപീകരണത്തിലും കൃഷിക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിലും ഈ എക്കലിന് നിർണായക പങ്കുണ്ട്. 2018ലെ പ്രളയത്തിനുശേഷം കായലിൽ എക്കൽ അടിഞ്ഞുകൂടുന്നതിനെ പലപ്പോഴും പ്രശ്നമായാണ് കാണുന്നത്. കായലിന്റെ ആഴം കുറയുന്നതും നീരൊഴുക്ക് തടസപ്പെടുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ കുട്ടനാടിന്റെ കാർഷിക ചരിത്രത്തിൽ എക്കൽ വലിയ സന്പത്താണ്. എക്കൽ നിക്ഷേപിച്ചുണ്ടായ മണ്ണാണ് പാടശേഖരങ്ങൾ നിർമിക്കാൻ സഹായിച്ചത്.
പട്ടിണിയിൽനിന്ന് നെല്ലറയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷിയുടെ വളർച്ചയ്ക്കു പിന്നിൽ ഭക്ഷ്യസുരക്ഷയെന്ന വലിയ ആവശ്യമുണ്ടായിരുന്നു. പഴയകാലത്ത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം പ്രധാനമായും മത്സ്യബന്ധനത്തെയും കായലിനെയും ആശ്രയിച്ചായിരുന്നു. വെള്ളത്തിൽ ജോലി ചെയ്യുകയും മീൻ പിടിക്കുകയും കായൽത്തിട്ടകളിൽ താമസിക്കുകയും ചെയ്തിരുന്ന ജനതയ്ക്ക് സ്ഥിരമായ ഭക്ഷ്യലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു.
തകഴിയുടെ ‘രണ്ടിടങ്ങഴി’ പോലുള്ള കൃതികളിൽ പ്രതിഫലിക്കുന്ന പട്ടിണിയുടെയും കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളുടെയും പശ്ചാത്തലം ഈ ചരിത്രം വ്യക്തമാക്കുന്നു. നെൽകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കായൽനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയതിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അധ്വാനം നിർണായകമായിരുന്നു. പ്രത്യേകിച്ച്, ദളിത് വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളുടെ കായികാധ്വാനമാണ് അനേകം പാടശേഖരങ്ങളുടെ നിർമാണത്തിനു പിന്നിൽ. വെള്ളംനിറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് കുത്തിയെടുത്ത് ബണ്ടുകൾ നിർമിക്കുകയും പാടങ്ങൾ ഒരുക്കുകയും ചെയ്തത് അത്യന്തം ശ്രമകരമായ ജോലിയായിരുന്നു. 1880ന് മുന്‍പുള്ള ചെറിയ കായൽനിലങ്ങളിൽനിന്ന് പിന്നീട് വലിയ പാടശേഖരങ്ങളിലേക്കുള്ള വളർച്ച പല ഘട്ടങ്ങളിലായാണ് നടന്നത്. 1900കളുടെ തുടക്കത്തിലും തുടർന്നുള്ള കാലത്തും കായൽ കുത്തിയെടുക്കൽ വ്യാപിച്ചു. ജോസഫ് മുരിക്കൻ ഉൾപ്പടെയുള്ള പ്രമുഖ കർഷകരുടെ നേതൃത്വത്തിൽ ആഴമേറിയ പ്രദേശങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റി. ഈ പാടശേഖരങ്ങൾ നിർമിക്കുന്നതിൽ അന്നത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എൻജിനിയറിംഗ് മികവും പ്രകടമായിരുന്നു.
വെള്ളപ്പൊക്കവും കാർഷിക പ്രതിസന്ധിയും
കുട്ടനാട്ടിലെ കൃഷി പ്രകൃതിയുടെ കാലാവസ്ഥാ താളത്തിനനുസരിച്ചായിരുന്നു ഒരുകാലത്ത് മുന്നോട്ടു പോയിരുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ സാധാരണയായി കൃഷി ഒഴിവാക്കും. പുഞ്ചകൃഷിയിൽ ഒക്ടോബറോടെ ആരംഭിച്ച് ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കുട്ടനാടിന്റെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും മടവീഴ്ചയും. കായലിന്റെയും നദികളുടെയും ആഴം കുറയൽ, നീരൊഴുക്ക് തടസപ്പെടുത്തൽ, തണ്ണീർത്തടം നികത്തൽ എന്നിവ മൂലം വെള്ളം കായലിലേക്ക് വലിയുന്നത് തടസപ്പെട്ടത്. 2018ലെ പ്രളയശേഷം കുട്ടനാട്ടിലെ കൃഷിഭൂമിയേക്കാൾ ഒരു അടി ഉയരത്തിലാണ് കായലിലെ ജലനിരപ്പ്. അതിനാൽ, കായലിലേക്ക് വേണ്ടത്ര വെള്ളം വലിയുന്നില്ല. വേന്പനാട്ട് തണ്ണീർ തടത്തിനു ചുറ്റമുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കായലിലെ അധിക നിക്ഷേപം മാറ്റിയാൽ മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ.
കായൽനിലത്തിലേക്ക് ഉപ്പുവെള്ളം വേണ്ടത്ര കയറിയിറങ്ങാത്തതിനാൽ, കൃഷിക്കുപയോഗിക്കുന്ന ജലം ഇപ്പോൾ മലിനമാണെന്ന് ലോവർ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർ പരാതിപ്പെടുന്നു. ഓരുവെള്ളം വേണ്ടത്ര കയറാത്തതിനാൽ, പാടങ്ങളിലെ അമ്ലതയിലും മാറ്റം വന്നിട്ടുണ്ട്. ഇതിനെമറികടക്കാൻ കൃഷിക്കായി നിലമൊരുക്കുന്പോൾ കൂടുതൽ കക്ക ഉപയോഗിക്കേണ്ടിവരുന്നെന്ന് കുട്ടനാട് നെടുമുടി, കാവാലം, കുറിച്ചി പാടശേഖരത്തെ കർഷകർ പറഞ്ഞു.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ പ്രവർത്തനത്തിലെ അപാകതകളും അശാസ്ത്രീയമായ റോഡ്-പാലം നിർമാണങ്ങളും കായലിലെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. കായൽതീരങ്ങളിലെ കണ്ടൽക്കാടുകളുടെ നാശവും നീർത്തടങ്ങൾ നികത്തിയുള്ള നിർമാണപ്രവർത്തനങ്ങളും അധികജലത്തെ ഉൾക്കൊള്ളാനുള്ള പ്രകൃതിയുടെ ശേഷി ഇല്ലാതാക്കി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് പുറമെ, ഒക്ടോബർ-നവംബറിലുണ്ടാകുന്ന അപ്രതീക്ഷിത അതിതീവ്ര മഴയും ന്യൂനമർദങ്ങളും പുഞ്ചകൃഷിയുടെ വിതയെയും രണ്ടാംകൃഷിയുടെ കൊയ്ത്തിനെയും ഒരുപോലെ തകർക്കുന്നു.
വെള്ളപ്പൊക്കത്തിനുശേഷം പാടശേഖരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കും ബണ്ടുകൾ പുനർനിർമിക്കാനുള്ള ഭീമമായ ചെലവും കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. കൂടാതെ, പ്രളയജലം കെട്ടിനിൽക്കുന്നത് മൂലം മണ്ണിൽ പായലും കളകളും വ്യാപകമായി വളരുകയും കൃഷിച്ചെലവ് ഇരട്ടിയാക്കുകയും ചെയ്യുന്നു. കൃഷി സംരക്ഷിക്കുന്നതിനായി അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് കുട്ടനാടൻ ജലാശയങ്ങളെ മലിനമാക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് മാസങ്ങളോളം അടച്ചിടുന്നത് കായലിലെ സ്വാഭാവിക വേലിയേറ്റ-വേലിയിറക്കങ്ങളെ തടയുന്നു. തന്മൂലം ജലത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞ് മത്സ്യസന്പത്ത് നശിക്കാനും പായൽ വളരാനും കാരണമാകുന്നു. കാർഷിക ആവശ്യങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇന്ന് ഏറ്റവും പ്രധാനം.
വെള്ളപ്പൊക്ക ഭീഷണി തടയുക എന്ന ലക്ഷ്യമുള്ളതിനാലാണ് കുട്ടനാട്ടിൽ താമസിക്കുന്ന കർഷകർ രണ്ടാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൃഷിയില്ലാത്ത സമയത്ത് മഴക്കാലത്ത് നദികളിലെ ജലനിരപ്പ് ഉയരുന്പോൾ പാടങ്ങളിലേക്ക് എത്തുന്ന അധികവെള്ളം തള്ളുന്നത് തടയാൻ നിയന്ത്രിത പന്പിംഗ് നടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പാടശേഖരങ്ങളിലെ നിലവിലെ പെട്ടിയും പറയും പന്പിംഗ് സംവിധാനത്തിനൊപ്പം സബ്മേഴ്സിബിൾ പന്പിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
ഏകവിളയിൽനിന്ന് സംയോജിത കൃഷിയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷി നിലനിർത്താൻ പഴയ കൃഷിരീതികൾ അതേപടി തുടരുക മാത്രം പോരെന്ന് IRTCBSF (സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കുള്ള അന്താരാഷ്ട്ര ഗവേഷണ-പരിശീലന കേന്ദ്രം) ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. പാടശേഖരങ്ങളെ അടിസ്ഥാനമാക്കി വിശാലമായ സംയോജിത കൃഷിരീതിയിലേക്കു മാറണം. നെൽകൃഷിയോടൊപ്പം മത്സ്യകൃഷി, താറാവ് വളർത്തൽ, തെങ്ങ് തുടങ്ങിയവയെ കൂട്ടിച്ചേർക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കണം. ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് പ്രയോജനപ്പെടുന്ന രീതിയിൽ കൃഷി ക്രമീകരിക്കുന്പോൾ കർഷകർക്ക് വരുമാനത്തിന്റെ ഒന്നിലധികം മാർഗങ്ങൾ തുറക്കും. ചെറിയ തുണ്ടുകളായി വിഭജിക്കപ്പെട്ട കൃഷിഭൂമികളിൽനിന്ന് മാത്രം കർഷകർക്ക് സ്ഥിരമായ വരുമാനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാടശേഖര അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. വെള്ളപ്പൊക്കത്തെ പൂർണമായി തടയാൻ ശ്രമിക്കുന്നതിനുപകരം വെള്ളത്തിന് ഒഴുകാനും സംഭരിക്കാനും ഇടം നൽകുന്ന പ്രകൃതിയോട് ഇണങ്ങിയ സമീപനമാണ് കുട്ടനാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Leader Page
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രമേഹം. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം, വർധിച്ചുവരുന്ന മാനസികസമ്മർദം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്. ഇത് മുതിർന്ന ജനസംഖ്യയുടെ ഏകദേശം 11.4 ശതമാനത്തോളം വരും. കണക്കുകൾ പ്രകാരം ഏകദേശം 136 ദശലക്ഷം ആളുകൾ പ്രീഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹത്തിന് തൊട്ടുമുന്‍പുള്ള അവസ്ഥയിലാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇവരിൽ പകുതിയിലധികം പേർക്കും അഞ്ചു വർഷത്തിനുള്ളിൽ പ്രമേഹം വരാൻ സാധ്യതയുണ്ട്.
പ്രമേഹത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. ഇൻസുലിൻ കണ്ടുപിടിത്തത്തിൽ നിർണായക പങ്കു വഹിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ഈ ദിനമായി തെരഞ്ഞെടുത്തിരിക്കുന്നത്. 2026ലെ ലോകപ്രമേഹദിനത്തിന്റെ സന്ദേശം ‘പ്രമേഹത്തിനെതിരേ നേരത്തേയുള്ള ഇടപെടൽ’ എന്നതാണ്. രോഗം തുടക്കത്തിലേ തിരിച്ചറിയുക, സങ്കീർണതകൾ തടയുക എന്നിവയാണ് ഈ സന്ദേശത്തിന്റെ കാതൽ.
അറിയാതെ വളരുന്ന രോഗം
പ്രമേഹം ഒരു നിശബ്ദ കൊലയാളിയായിട്ടാണ് കണക്കാക്കുന്നത്. പ്രമേഹത്തിന്റെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ വർഷങ്ങളോളം ശരീരത്തിൽ നിലനിൽക്കുന്നു എന്നതാണ്. ചിലരിൽ വൃക്കരോഗം, ഹൃദ്രോഗം, കാഴ്ചക്കുറവ് തുടങ്ങിയ സങ്കീർണതകൾ ഉണ്ടായശേഷമാണ് പ്രമേഹം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിൽ പ്രമേഹരോഗമുള്ളവർ, ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലികളുള്ളവർ, ഗർഭകാലത്ത് പ്രമേഹമുള്ള സ്ത്രീകൾ എന്നിവർ നേരത്തേതന്നെ പ്രത്യേകം ശ്രദ്ധിക്കുകയും അതിനനുസരിച്ചുള്ള പരിശോധനകൾ നടത്തുകയും വേണം.
ശരീരത്തെ എങ്ങനെ ബാധിക്കുന്നു
അമിതമായ ദാഹം, ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിത വിശപ്പ്, ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, മുറിവകളുണങ്ങാനുള്ള കാലതാമസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഹൃദ്രോഗം, വൃക്കരോഗം, കാഴ്ചക്കുറവ്, നാഡീവ്യൂഹങ്ങളുടെ തകരാർ, നിരന്തരമായുള്ള അണുബാധ തുടങ്ങിയ സങ്കീർണതകൾ കണ്ടെത്തുന്പോഴായിരിക്കും പ്രമേഹമുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്.
പ്രമേഹത്തിന്റെ വിവിധ തരങ്ങൾ
രോഗകാരണങ്ങളും ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളും അടിസ്ഥാനമാക്കി പ്രമേഹത്തെ പല വിഭാഗങ്ങളായി തരം തിരിക്കാം.
1. ടൈപ്പ് 1 പ്രമേഹം: ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഈ രോഗത്തിന് കാരണം. സാധാരണയായി കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ഈ പ്രമേഹത്തിന് ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമാണ്.
2. ടൈപ്പ് 2 പ്രമേഹം: ഏറ്റവും സാധാരണയായി കാണപ്പെടുന്ന പ്രമേഹമാണ്. ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുകയും കാലക്രമേണ ഇൻസുലിൻ ഉത്പാദനം അപര്യാപ്തമാകുകയും ചെയ്യുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം, ജനിതകഘടകങ്ങൾ, എന്നിവ ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, മരുന്നുകൾ, ആവശ്യമായ സാഹചര്യങ്ങളിൽ ഇൻസുലിൻ എന്നിവയിലൂടെ ഇതു നിയന്ത്രിക്കാം.
3. ഗർഭകാല പ്രമേഹം: ഗർഭകാലത്ത് ആദ്യമായി തിരിച്ചറിയുന്ന പ്രമേഹമാണിത്. ഗർഭകാലത്തുള്ള ഹോർമോണ്‍ വ്യതിയാനങ്ങൾ ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് പ്രധാന കാരണം. പ്രസവശേഷം പലരിലും ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
4. മറ്റു പ്രത്യേക കാരണങ്ങളാലുള്ള പ്രമേഹം
-പാൻക്രിയാസിനെ ബാധിക്കുന്ന രോഗങ്ങൾ മൂലമുള്ള പ്രമേഹം
-ജനിതക കാരണങ്ങളാലുള്ള പ്രമേഹം
-ചില മരുന്നുകളുടെ (ഉദാ: സ്റ്റിറോയ്ഡുകൾ) ദീർഘകാല ഉപയോഗം
Leader Page
“അടിത്തട്ടുവരെ തെളിഞ്ഞുകാണുന്ന കണ്ണാടിച്ചില്ലുപോലെയായിരുന്നു അന്നത്തെ കായൽ...” എണ്‍പതുകളിലെ പ്രഭാതങ്ങളിൽ കൊതുന്പുവള്ളവുമായി കായലിലേക്ക് ഇറങ്ങിയിരുന്ന കുമരകം സ്വദേശി ശശിധരന്റെ വാക്കുകളിൽ ഇന്നും ആ പഴയ തെളിനീരിന്റെ ഓർമകളുണ്ട്. കക്കയും മീനും സമൃദ്ധമായിരുന്ന കായൽ മടിത്തട്ടിൽ ഉച്ചവരെ അധ്വാനിച്ചാൽ ആറംഗ കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാമായിരുന്നു. എന്നാൽ ഇന്ന്, തെളിനീരിനു പകരം ചെളിയും കരിയും നിറഞ്ഞ് കറുത്ത പാട മൂടി. വേന്പനാട് കായലിന്റെ ഇന്നത്തെ ദുരവസ്ഥ തീരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിലോ വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക്കിലോ മാത്രം ഒതുങ്ങുന്നില്ല. കണ്ണുകൾക്ക് കാണാനാകാത്ത നിരവധി വിഷാംശങ്ങൾ കായൽജലത്തിലും അടിത്തട്ടിലെ എക്കലിലും ജലജീവികളിലും അടിഞ്ഞുകൂടുകയാണ്. പുറമേയ്ക്കു ശാന്തമെന്നു തോന്നിക്കുന്ന കായലിന്റെ ഉള്ളറകളിൽ, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ഗുരുതരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഹൗസ് ബോട്ടുകളിൽനിന്നുള്ള മലിനജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ, കൃഷിയിടങ്ങളിൽനിന്നുള്ള രാസവസ്തുക്കൾ എന്നിവ വേന്പനാടിന്റെ ജലഗുണത്തെയും ജൈവ വൈവിധ്യത്തെയും ഒരുപോലെ അപകടത്തിലാക്കുന്നു. മത്സ്യങ്ങളിലൂടെ ഈ വിഷാംശങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിലേക്കു കടന്നെത്തുന്നു. ഒരുകാലത്ത് മത്സ്യസന്പത്തിന്റെയും കക്കയുടെയും നിറസാന്നിധ്യമുണ്ടായിരുന്ന കായൽ ഇന്നു പലവിധ മലിനീകരണ ഭീഷണികൾ നേരിടുകയാണ്.
ജൈവമാലിന്യങ്ങൾ നേരിട്ടു കായലിലേക്ക്
വേന്പനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഹൗസ് ബോട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ജലവാഹനങ്ങൾ പ്രാദേശിക സന്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. എന്നാൽ, നിയന്ത്രണമില്ലാത്ത ഹൗസ് ബോട്ട് സർവീസുകളും അവയിൽനിന്നുള്ള മാലിന്യം തള്ളലും കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായി. കായലിൽ അറുനൂറിലധികം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്ന കണക്കുകൾ ഈ മേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഹൗസ്ബോട്ടുകളിൽ പലതിനും കൃത്യമായ ശുചീകരണ സംവിധാനങ്ങൾ ഇല്ല. ഹൗസ് ബോട്ടുകളിൽനിന്ന് പുറന്തള്ളുന്ന മലിനജലം, ജൈവ മാലിന്യങ്ങൾ, അടുക്കള മാലിന്യം എന്നിവയാണ് പ്രധാന ഭീഷണി. ആവശ്യമായ സീവേജ് ട്രീറ്റ്മെന്റ് സംവിധാനങ്ങളില്ലാത്ത ബോട്ടുകളിൽനിന്ന് ശുദ്ധീകരിക്കാത്ത മലിനജലം കായലിലേക്ക് ഒഴുക്കിവിട്ടാൽ അത് രോഗാണുക്കളുടെ വ്യാപനത്തിനും ജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാരണമാകും. വേന്പനാട്ടു കായലിലെ ഹൗസ് ബോട്ടുകളിലെ മാലിന്യം ശേഖരിക്കാൻ സർക്കാർ നിയന്ത്രണത്തിൽ സംവിധാനമുണ്ടെങ്കിലും അതു ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
മനുഷ്യവിസർജ്യവും ശുദ്ധീകരിക്കാത്ത മലിനജലവും ജലാശയങ്ങളിൽ കലരുന്പോൾ കോളിഫോം, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ അളവ് ഉയരും. കായലിന്റെ ചില ഭാഗങ്ങളിൽ കോളിഫോം ബാക്ടീരിയകളുടെ ഉയർന്ന സാന്നിധ്യം വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. കവണാറ്റിൻകര, ചീപ്പുങ്കൽ, നെടുമുടി, വടക്കേക്കായൽ തുടങ്ങിയ പ്രദേശങ്ങളിലെ ജലസാന്പിളുകളിൽ ഉയർന്ന കോളിഫോം സാന്ദ്രത രേഖപ്പെടുത്തിയതായി വിവിധ യൂണിവേഴ്സിറ്റികൾ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. 2023ൽ പ്രസിദ്ധീകരിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പഠനം വേന്പനാട് കായലിലെ വിവിധ മേഖലകളിൽ മലവിസർജ്യ സൂചക ബാക്ടീരിയകളുടെയും ഇ-കോളിയുടെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എറണാകുളം മേഖലയിലാണ് പഠനത്തിൽ താരതമ്യേന ഉയർന്ന സാന്നിധ്യം രേഖപ്പെടുത്തിയത്. ഇ-കോളി ഉൾപ്പടെയുള്ള രോഗാണുക്കൾ മനുഷ്യരിൽ വയറിളക്കം, അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
പ്ലാസ്റ്റിക്, ഇന്ധനചോർച്ച, എണ്ണപ്പാട
കാലവർഷത്തിലെ വെള്ളപ്പൊക്കത്തോടൊപ്പം നദികളിലൂടെ ഒഴുകിയെത്തി കായലിൽ അടിയുന്ന മാലിന്യങ്ങൾക്കൊപ്പം വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികൾ, പാക്കറ്റുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയും ഭീഷണി സൃഷ്ടിക്കുന്നു. പാതിരാമണൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യേണ്ടിവന്നത് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ ചെറുകണികകളായി വിഘടിച്ച് മൈക്രോപ്ലാസ്റ്റിക്കുകളായി മാറും. ഇവ മത്സ്യങ്ങളും മറ്റ് ജലജീവികളും ഭക്ഷണമാക്കാൻ സാധ്യതയുണ്ട്. കായലിന്റെ അടിത്തട്ടിലും എക്കലിലും അടിഞ്ഞുകൂടുന്ന ഇത്തരം കണികകൾ ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഹൗസ് ബോട്ടുകളുടെയും മോട്ടോർ ബോട്ടുകളുടെയും എൻജിനുകളിൽനിന്നുള്ള ഡീസൽ, ലൂബ്രിക്കന്റ് ഓയിൽ, ഗ്രീസ് തുടങ്ങിയവയുടെ ചോർച്ചയും ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. വെള്ളത്തിന്റെ ഉപരിതലത്തിൽ രൂപപ്പെടുന്ന എണ്ണപ്പാട ജലവും അന്തരീക്ഷവും തമ്മിലുള്ള വാതകവിനിമയത്തെ തടസപ്പെടുത്താം. ഇതിലെ ചില രാസഘടകങ്ങൾ ജലജീവികൾക്ക് വിഷാംശമുണ്ടാക്കുകയും ചെയ്യുന്നു. പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ പോലുള്ള പെട്രോളിയം മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യവും ഭീഷണിയാണ്.
Leader Page
ചൈനാക്കാരിക്കു പുറമേ കീഴ്ജീവനക്കാരിയുമായും അവിഹിതം. എൻവിഡിയ മേധാവി ജെൻസൻ ഹുവാംഗിനു കസേര നഷ്ടമായി. കലിഫോർണിയൻ സമയം ബുധനാഴ്ച രാത്രി (ഇന്ത്യയിൽ വ്യാഴം പകൽ) നടന്ന എൻവിഡിയ ഡയറക്ടർ ബോർഡ് കമ്പനിയുടെ സഹസ്ഥാപകന്‍ രാജിവയ്ക്കാൻ അവസരം നൽകി. പുറത്താക്കപ്പെടൽ എന്ന അപമാനം ഒഴിവാക്കി.
ലോകം അറിയുന്ന എൻവിഡിയ എന്നതു ജെൻസന്റെ കമ്പനിയാണ്. എൻവിഡിയ സമം ജെൻസൻ എന്നർഥം. കംപ്യൂട്ടർ ഗെയിമുകൾ നിർമിച്ചിരുന്ന കമ്പനിയെ നിർമിത ബുദ്ധി (എഐ) യുടെ സിരാകേന്ദ്രമായി വളർത്തിയത് അദ്ദേഹമാണ്. ബോർഡ് അദ്ദേഹത്തോട് മര്യാദ കാണിച്ചു.
രാജിവച്ചില്ലെങ്കിൽ പുറത്താക്കൽ അല്ലാതെ ബോർഡിനു മാർഗമില്ലായിരുന്നു. എൻവിഡിയ കമ്പനിയുടെ ചട്ടപ്രകാരം ബോർഡിനു ഭൂരിപക്ഷ തീരുമാനപ്രകാരം സിഇഒയെ പിരിച്ചുവിടാം. കാരണംപോലും വിശദീകരിക്കേണ്ട. കമ്പനിയിൽ 3.6 ശതമാനം മാത്രം ഓഹരിയുള്ള ജെൻസന് സമ്മർദം ചെലുത്താൻ വഴികളുണ്ടായിരുന്നില്ല.
പെരുമാറ്റച്ചട്ടലംഘനം
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്ത പുതിയ അവിഹിതം അദ്ദേഹത്തിനെതിരേ നടപടി എടുക്കാൻ കമ്പനിയെ നിർബന്ധിക്കുകയായിരുന്നു. കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിന്റെ പ്രത്യക്ഷ ലംഘനമാണ് ആ ബന്ധം. 2008ൽ കമ്പനിയിൽ ചേർന്ന് ഇപ്പോൾ ഹെൽത്ത് ഡിവിഷന്റെ ആഗോള ചുമതല വഹിക്കുന്ന കിംബർലി പവലുമായാണു ബന്ധം. വിവാഹിതയായ കിംബർലി എന്ന നാൽപത്തൊമ്പതുകാരിയുമൊത്തു സാൻ ഹൊസെയിലെ ഹോട്ടലിലും മറ്റും ജെൻസൻ തങ്ങി. വൈസ് പ്രസിഡന്റ് പദവിയിലുള്ള അവർ ജെൻസനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന മാനേജരാണ്.
ആലീസ് ഹുവാംഗ് ചൈനയിൽ
സിംഗപ്പുരിലെ മെഗാസ്പീഡ് കമ്പനിയുടെ സിഇഒ എന്ന നിലയിൽ പരിചയപ്പെട്ട ആലീസ് ഹുവാംഗുമായി ജെൻസൻ മൂന്നു വർഷമായി ബന്ധത്തിലാണ്. എൻവിഡിയയുടെ ഗ്രാഫിക് പ്രോസസറുകൾ വാങ്ങിയ ആലീസ് ചൈനയുടെ ചാരവനിതയാണെന്നു യുഎസ് ഇന്റലിജൻസ് വിലയിരുത്തുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതറിയിച്ചിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല. ഒക്ടോബർ അവസാനം ന്യൂയോർക്ക് ടൈംസും വാൾ സ്ട്രീറ്റ് ജേണലും അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതോടെയാണു വിഷയം പൊതു സമൂഹത്തിൽ വന്നത്.
ആലീസ് ഹുവാംഗ് ഇപ്പോൾ മെഗാസ്പീഡിലും സിംഗപ്പുരിലും ഇല്ല. അവർ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ ഉണ്ടെന്നു ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാരപ്പണിയെപ്പറ്റി അമേരിക്കൻ എഫ്ബിഐ അന്വേഷക്കുന്നുണ്ട്.
ജോബ്സ് പോയപ്പോൾ
1985ൽ ആപ്പിൾ കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ്സിനെ നീക്കിയപ്പോൾ അദ്ദേഹം വേറെ കമ്പനി ഉണ്ടാക്കി. ജോബ്സിന്റെ ഏകാധിപത്യ പ്രവണതയുടെ പേരിലായിരുന്നു നീക്കം ചെയ്യൽ. 12 വർഷത്തിനു ശേഷം ആപ്പിൾ പാപ്പരത്തത്തിന്റെ വക്കിലായി. ജോബ്സിനെ പുതിയ കമ്പനി സഹിതം വാങ്ങിയാണു കമ്പനി രക്ഷപ്പെട്ടത്. പിന്നീട് ആപ്പിൾ ലോകത്തിലെ ഏറ്റവും വിലപ്പെട്ട കമ്പനിയായി. (എൻവിഡിയ കൈയടക്കിയ ആ പദവി ആപ്പിൾ ഈയിടെ തിരിച്ചു പിടിച്ചു).
രാജിയിലൂടെ ജെൻസന് സ്വന്തം സംരംഭം തുടങ്ങാനോ വേറേ കമ്പനിയിൽ ചേരാനോ ഉള്ള സാധ്യത നിലനിൽക്കുകയാണ്. എഐ മേഖലയുടെ ഗതിവിഗതികൾ കൃത്യമായി പ്രവചിക്കാൻ ജെൻസനോളം കഴിവുള്ള മറ്റാരും ഇന്നില്ല. ജെൻസനെ ജോലിക്കെടുക്കുന്നതു വലിയ ബഹുമതിയായി കണക്കാക്കുമെന്നു ടെസ്ല മേധാവി ഇലോൺ മസ്ക് ഇന്നലെ പറഞ്ഞതു ശ്രദ്ധേയമാണ്. എന്നാൽ ലോകാഭിപ്രായത്തെ മറികടന്ന് അദ്ദേഹത്തെ ജോലിക്കെടുക്കാൻ മസ്ക് തുനിയും എന്നു തോന്നുന്നില്ല. എൻവിഡിയ വിട്ട് ഒരു ഭാവി ജെൻസൻ ഇതു വരെയും ചിന്തിച്ചിട്ടില്ല. അതുകൊണ്ടു തീരുമാനം വൈകുമെന്നു ന്യായമായും കരുതാം.
Leader Page
പ്രകൃതിയുടെ ഓരോ തുടിപ്പിനും കാതോർത്ത് കാനനപാതകളിലൂടെ കാമറയും ബൈനോക്കുലറുമായി നടന്ന ‘ഇന്ത്യയുടെ പക്ഷിമനുഷ്യൻ’ ഡോ. സലിം അലിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യം ദേശീയ പക്ഷിനിരീക്ഷണ ദിനമായും ആചരിക്കുന്നു. കേരളത്തിന്റെ അത്യപൂർവമായ ജൈവവൈവിധ്യവും പക്ഷിലോകവും ആദ്യമായി ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെടുത്തിയതും ആഗോളശ്രദ്ധയിൽ കൊണ്ടുവന്നതും അലിയാണ്.
ശ്രീ ചിത്തിര തിരുനാളിന്റെ ക്ഷണം
1932ൽ ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണത്തിൽ പങ്കെടുത്ത സലിം അലിയുടെ പഠനങ്ങൾ ശ്രദ്ധയിൽപെട്ട തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിലെ പക്ഷിസമ്പത്തിനെക്കുറിച്ച് സമഗ്ര പഠനം നടത്താൻ സലിം അലിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തി. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും തിരുവിതാംകൂർ സർക്കാരിന്റെയും സംയുക്ത സഹകരണത്തോടെ 1933 ജനുവരിയിലാണ് അദ്ദേഹം ഈ ചരിത്ര നിയോഗത്തിനായി കേരളമണ്ണിൽ കാലുകുത്തുന്നത്.
19 കേന്ദ്രങ്ങൾ; കാൽനടയായി കാനനപാതകളിലൂടെ
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബൂർഡില്ലൺ, ഫെർഗൂസൺ, കിൻലോക്ക് തുടങ്ങിയ ബ്രിട്ടീഷ് പ്രകൃതിസ്നേഹികൾ ചില ഒറ്റപ്പെട്ട പഠനങ്ങൾ നടത്തിയിരുന്നെങ്കിലും കേരളത്തിൽ നടന്ന ആദ്യത്തെ സമഗ്രവും ശാസ്ത്രീയവുമായ പക്ഷി സർവേ 1933ലേതായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും തെരഞ്ഞെടുക്കപ്പെട്ട 19 പ്രധാന കേന്ദ്രങ്ങളിലായിരുന്നു പഠനം.
മറയൂരിൽനിന്ന് ആരംഭിച്ച പര്യവേക്ഷണം ചാലക്കുടി, പറമ്പിക്കുളം, മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ തുടങ്ങിയ അടിക്കാടുകൾ നിറഞ്ഞ മലയോരമേഖലകളിലൂടെ തുടർന്നു. കുരിയാർകുറ്റിയിലെ ഒരു ചെറിയ സത്രത്തിലിരുന്നാണ് സലിം അലി തന്റെ ഡാറ്റകൾ ഏകോപിപ്പിച്ച് പ്രാഥമിക വർഗീകരണത്തിന് രൂപം നൽകിയത്.
തട്ടേക്കാടിന്റെ കണ്ടെത്തലും പക്ഷിസങ്കേതവും
ഈ പര്യവേക്ഷണങ്ങൾക്കിടയിലാണ് എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ സവിശേഷമായ ആവാസവ്യവസ്ഥ അദ്ദേഹം കണ്ടെത്തുന്നത്. ഉപദ്വീപീയ ഇന്ത്യയിലെതന്നെ ഏറ്റവും സമ്പന്നമായ പക്ഷിസങ്കേതമാണ് തട്ടേക്കാടെന്ന് പ്രഖ്യാപിച്ചത് സലിം അലിയായിരുന്നു. ആ വാക്കുകളോടുള്ള ആദരവായി 1983ൽ കേരളത്തിലെ ആദ്യ പക്ഷിസങ്കേതം ‘ഡോ. സലിം അലി പക്ഷിസങ്കേതം’ എന്ന പേരിൽ തട്ടേക്കാട്ട് നിലവിൽ വന്നു.
സർ സി.പി.യുടെ നിർബന്ധവും കേരളത്തിലെ പക്ഷികളും
പര്യവേക്ഷണ വിവരങ്ങളിൽ തത്പരനായ അന്നത്തെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ പ്രത്യേക നിർബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങിയാണ് സലിം അലി താൻ ശേഖരിച്ച വിവരങ്ങൾ ഗ്രന്ഥരൂപത്തിലാക്കാൻ തയാറായത്. 1935-37 കാലഘട്ടത്തിൽ ബ്രിട്ടീഷ് പക്ഷിശാസ്ത്രജ്ഞനായ ഹ്യൂ വിസ്ലറുമായി ചേർന്ന് ‘ദി ഓർണിത്തോളജി ഓഫ് തിരുവിതാംകൂർ ആൻഡ് കൊച്ചിൻ’ എന്ന പേരിൽ എട്ടു ഭാഗങ്ങളുള്ള ഗവേഷണ പ്രബന്ധമായി ഇത് പുറത്തുവന്നു.
പിന്നീട് 1953ൽ ‘ബേർഡ്സ് ഓഫ് തിരുവിതാംകൂർ ആൻഡ് കൊച്ചിൻ’ എന്ന പുസ്തകമായും അമ്പതുകളിൽ ശേഖരിച്ച വിവരങ്ങൾകൂടി ഉൾപ്പെടുത്തി വിപുലീകരിച്ച് 1969ൽ ‘ബേർഡ്സ് ഓഫ് കേരള’ എന്ന ക്ലാസിക് ഗ്രന്ഥമായും മാറുകയായിരുന്നു.
Leader Page
കേരളത്തിന്റെ ജൈവമണ്ഡലത്തിലെ ഏറ്റവും സന്പന്നമായ ഒരു തണ്ണീർത്തട സമുച്ചയമാണ് വേന്പനാട്. കുട്ടനാടൻ ചതുപ്പുകളും കോൾപ്രദേശങ്ങളും ചേർന്ന് 13,969 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ മേഖല ‘കേരളത്തിന്റെ നെല്ലറ’ കൂടിയാണ്. ഏകദേശം ആറായിരം വർഷങ്ങൾക്ക് മുൻപ് ഒരു ബാരിയർ ബീച്ച് ലഗൂണായി രൂപപ്പെട്ട ഈ പ്രകൃതിദത്ത ജലാശയം ഇന്നു മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളും കൈയേറ്റങ്ങളും മൂലം ശ്വാസംമുട്ടി നശിക്കുകയാണ്.
വേമ്പനാട് കായൽ ആലപ്പുഴ മുതൽ അഴീക്കോട് വരെ 203.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതും അറബിക്കടലിലേക്ക് കൊച്ചി, മുനന്പം എന്നീ അഴികളാൽ ബന്ധപ്പെട്ടിരിക്കുന്നതുമാണ്. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ 10,074 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് കായലിന്റെ തെക്കുഭാഗത്ത് എല്ലാ വർഷവും എത്തിക്കുന്നത്. ഇതിൽ 67 ശതമാനം തെക്കുപടിഞ്ഞാറൻ കാലവർഷത്തിലും 12 ശതമാനം വടക്കുകിഴക്കൻ കാലവർഷത്തിലുമാണ്. കൂടാതെ പെരിയാർ, മുവാറ്റുപുഴ നദികൾ കായലിന്റെ വടക്ക്, മധ്യമേഖലകളിൽ വൻതോതിൽ ശുദ്ധജലം എത്തിക്കുന്നു.
ബണ്ടും സ്പിൽവേയും പാരിസ്ഥിതിക ആഘാതങ്ങളും
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും കുട്ടനാടൻ പരിസ്ഥിതി വ്യവസ്ഥയിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. കുട്ടനാട്ടിലെ നെൽകൃഷിയെ രക്ഷിക്കാനാണ് നിർമിച്ചതെങ്കിലും ദീർഘവീക്ഷണമില്ലാതെടുത്ത തിടുക്കം, ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. 1956ൽ രൂപകൽപന ചെയ്ത് ആദ്യ രണ്ടു ഘട്ടങ്ങൾ 1975ൽ ഉദ്ഘാടനം ചെയ്യപ്പെട്ട തണ്ണീർമുക്കം ബണ്ട് കുട്ടനാട്ടിലെ നെൽകൃഷിക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി നിർമിച്ചതായിരുന്നു. എന്നാൽ, ശാസ്ത്രീയമായ പരിപാലനത്തിന്റെ അഭാവവും ബണ്ട് കൂടുതൽ സമയം അടച്ചിട്ടതും കായലിന്റെ സ്വാഭാവിക അന്തരീക്ഷത്തെ മാറ്റിമറിച്ചു. ബണ്ടിന്റെ മൂന്നാം ഘട്ടം 2014ൽ നിർമാണം ആരംഭിച്ച് 2019ലാണ് പൂർത്തിയായത്. കായൽ വടക്കൻ മേഖല (ഉപ്പുവെള്ളം നിറഞ്ഞത്), തെക്കൻ മേഖല (ശുദ്ധജലം/കുറഞ്ഞ ഉപ്പുവെള്ളം) എന്നിങ്ങനെ രണ്ടായി വേർതിരിഞ്ഞു. ബണ്ടിനു തെക്കുഭാഗത്ത് നീരൊഴുക്ക് തടസപ്പെട്ടതോടെ എക്കലും പായലും ജൈവ അവശിഷ്ടങ്ങളും വലിയതോതിൽ അടിഞ്ഞുകൂടി. കായലിലെ വെള്ളക്കെട്ട് കുറയ്ക്കാൻ നിർമിച്ച 24 കിലോമീറ്റർ ദൈർഘ്യമുള്ള എസി റോഡും (ആലപ്പുഴ-ചങ്ങനാശേരി റോഡ്) അനുബന്ധ കനാലുകളും പോളപ്പായലും മാലിന്യങ്ങളും അടിയാൻ കാരണമായി.
കിഴക്കൻമലയിൽനിന്ന് പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികളിലൂടെ എത്തുന്ന അധികജലം കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കാതെ അറബിക്കടലിലേക്ക് ഒഴുക്കിവിടാൻ പന്പാനദിയിൽ 1955ലാണ് തോട്ടപ്പള്ളി സ്പിൽവേ കമ്മിഷൻ ചെയ്തത്. കടൽ ഏറ്റവും പ്രക്ഷുബ്ധമായ തോട്ടപ്പള്ളിയിൽ സ്പിൽവേ നിർമിച്ചത് ആദ്യ തെറ്റായി. നാട്ടിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സമയത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ (രണ്ടു മീറ്റർ ഉയരത്തിലുള്ള തിര) സ്പിൽവേ വഴി വേണ്ടത്ര ജലം പുറത്തേക്ക് ഒഴുക്കാൻ സാധിക്കില്ല. കൂടാതെ ലീഡിംഗ് ചാനലിന്റെ ആഴക്കുറവും കടലിലേക്കു വെള്ളമൊഴുകുന്ന ചാനലിൽ മണൽ അടിഞ്ഞുകൂടുന്നതും തിരിച്ചടിയായി. തോട്ടപ്പള്ളിയേക്കാൾ കടൽ ശാന്തമായ സ്ഥലത്തു സ്പിൽവേ നിർമിക്കണമെന്ന ഇറ്റാലിയൻ എൻജിനിയർമാരുടെ നിർദേശം അന്‍പതുകളിൽ ചെവിക്കൊണ്ടിരുന്നെങ്കിൽ ഈ പ്രതിസന്ധി വരില്ലായിരിന്നു. സ്പിൽവേയിലേക്ക് വെള്ളമെത്തിക്കുന്ന ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടിയാലും ലവണാശം കൂടുതലുള്ള കടൽവെള്ളം തിരിച്ചു കയറുകയല്ലാതെ, കൂടുതൽ ഡിസ്ചാർജ് നടക്കാൻ സാധ്യതയില്ല. 2018, 2019 പ്രളയസമയത്ത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തടസമായിനിന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി.
കുട്ടനാട് പാക്കേജ് നടപ്പാക്കലിലെ വീഴ്ച
തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാനും പ്രളയ നിയന്ത്രണം ശാസ്ത്രീയമാക്കാനും ഉദ്ദേശിച്ചാണ് കുട്ടനാട് പാക്കേജ് വിഭാവനം ചെയ്തത്. കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ 2007ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1,840 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ‘കുട്ടനാട് പാക്കേജ്’ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടത്. തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള കല്ലുബന്ധിത ഭാഗം മാറ്റി ഷട്ടർ സ്ഥാപിക്കുക, ശാസ്ത്രീയമായി ബണ്ടു തുറക്കുക, വടക്കൻ ഭാഗത്തെയും തെക്കൻ ഭാഗത്തെയും ലവണാംശം നിലനിർത്താനും കായൽ ശുചീകരണത്തിനുംവേണ്ടി ഒക്ടോബർ മുതൽ മേയ് വരെയുള്ള വരണ്ട മാസങ്ങളിൽ കൃഷിസമയം ക്രമീകരിച്ച് ഷട്ടറുകൾ തുറന്നിടുക, കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക ജലസഞ്ചാരം പുനഃസ്ഥാപിക്കുക, തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുക, കടൽമുഖത്ത് അടിയുന്ന മണൽ നീക്കുക, സ്പിൽവേ ഷട്ടറുകൾ പുതുക്കുക എന്നിവയായിരുന്നു പ്രധാന നിർദേശം. ഈ നിർദേശം പൂർണമായി നടപ്പിലാക്കാത്തതു വേന്പനാട് തണ്ണീർതട ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കു കാരണമായി.
Leader Page
ലാറ്റിൻ ഭാഷയിൽ, പുരാതന റോമാ സാമ്രാജ്യത്തിലെ ഏതാനും പേർ എഴുതിയ വിശേഷപ്പെട്ട ജീവചരിത്രങ്ങളുടെ സമാഹാരമാണ് ‘ഹിസ്റ്റോറിയ ഒഗസ്ത’. ഇത് എഡി നാലാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടത്. റോമാ ചക്രവർത്തിമാരെക്കുറിച്ചുള്ള ജീവചരിത്രത്തിലാണ് ലോകത്തെ സ്വാധീനിച്ച, മഹത്തായ ജീവിതദർശനങ്ങളാലും നിരീക്ഷണങ്ങളാലും ഏവരെയും വിസ്മയിപ്പിച്ച, അനേകം എഴുത്തുകാർക്ക് പ്രിയപ്പെട്ട തത്വചിന്തകനായി മാറിയ മാർകസ് ഒറേലിയസിനെക്കുറിച്ച് (121-180) വിവരണമുള്ളത്. പിന്നീട് പല ചക്രവർത്തിമാരുടെയും ജീവചരിത്രങ്ങളിൽനിന്ന് ഒറേലിയസിനെക്കുറിച്ച് വിവരം ലഭിക്കുന്നുണ്ട്. റോമാ ചക്രവർത്തിയായിരുന്ന അദ്ദേഹം കുറിച്ചുവച്ച ചിന്തകൾ പിന്നീട് ‘മെഡിറ്റേഷൻസ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
അദ്ദേഹം പരിത്യാഗ ദർശനത്തിന്റെ വക്താവായിരുന്നു. ഈ ലോകത്തിലെ സമ്പത്തിലും സുഖങ്ങളിലും ഭ്രമിക്കാത്ത ഭരണകർത്താവായിരുന്നു അദ്ദേഹം. ഇതൊന്നും പ്രസിദ്ധീകരിക്കാൻവേണ്ടി എഴുതിയതായിരുന്നില്ല; തന്നോടുതന്നെ എന്ന പോലെ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വിശ്വ തത്വചിന്തയായി രൂപാന്തരം പ്രാപിച്ചത്. മാർകസ് ഒറേലിയസ് ഒരു പുനരുത്ഥാന മന്ത്രമാണ് തരുന്നത്. ജീവിതപതനത്തിൽ മനസിനു നഷ്ടം വരാതിരിക്കാൻ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ‘മെഡിറ്റേഷൻസ്’ എന്ന ഗ്രന്ഥം. “മുറിവേറ്റു എന്ന ബോധത്തെ നിരാകരിക്കുക; അപ്പോൾ മുറിവ് ഇല്ലാതാകും.”- അദ്ദേഹം എഴുതി.
ചെറിയ കാര്യങ്ങളിൽ സന്തോഷം ഉണ്ടാകാത്തവർക്ക് സന്തോഷം എന്ന സൗഭാഗ്യം ഒരിക്കലും കിട്ടുകയില്ല. അവർ വിദൂരമായ വലിയ കാര്യങ്ങളുടെ സന്തോഷത്തിനായി നിത്യേനയുള്ള സന്തോഷം നശിപ്പിക്കും. ഒടുവിൽ അവർക്ക് വലിയ കാര്യത്തിലുള്ള സന്തോഷം ലഭിക്കുകയാണെങ്കിൽ അതൊരു വാശിയുടെയും മത്സരത്തിന്റെയും ഫലമായി കിട്ടിയതാണെന്ന ചിന്ത മനസിനടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അതിൽനിന്ന് ശരിയായ സന്തോഷം കിട്ടുകയില്ല. പല അഭിപ്രായങ്ങളും ചിന്തകളും നമ്മുടെ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നുണ്ട്. പല വ്യക്തികളും അവരുടെ സ്ഥാപിത താല്പര്യത്തിന്റെ പേരിൽ അഭിപ്രായങ്ങളും നിഗമനങ്ങളും കടത്തിവിടുകയാണ്.
ഇതെല്ലാം നമ്മളെ ബാധിക്കുന്ന കാര്യമാണോ? എന്താണ് ഇതിന്റെയൊക്കെ സത്യാവസ്ഥ? അത് അന്വേഷിക്കാൻപോലും സമയം തരാത്തവിധം വീണ്ടും അവർ പുതിയ അവകാശവാദങ്ങളും ചിന്തകളും കൊണ്ടുവന്ന് മറിക്കുകയാണ്. ഇത് പുതിയ കാര്യമല്ല; എന്നുമുണ്ടായിരുന്നു. സമൂഹത്തെ അബദ്ധതാല്പര്യങ്ങളും വ്യാജവ്യാമോഹങ്ങളും എപ്പോഴും പ്ലേഗ് പോലെ പിടികൂടുന്നു. ഇതിനെക്കുറിച്ച് ഒറേലിയസ് എഴുതുന്നത് ശ്രദ്ധേയമാണ്: “നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകളല്ല. നമ്മൾ കാണുന്നതെല്ലാം വീക്ഷണമാണ്, സത്യമല്ല.” കാണുന്നവരൊക്കെ ഓരോ വീക്ഷണം അവതരിപ്പിക്കും. പല വീക്ഷണങ്ങൾ ഉണ്ടാകുന്നത് സത്യത്തിലെത്തിച്ചേരാൻ സഹായിക്കുന്നതിനേക്കാൾ ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ഒന്നോ രണ്ടോ അഭിപ്രായങ്ങൾ പരിശോധിക്കാം. എന്നാൽ ആയിരം അഭിപ്രായങ്ങൾ രംഗം കലുഷിതമാക്കും. സത്യം കലക്കവെള്ളംപോലെ ആയിത്തീരും.
ഒരു ദിവസം രാവിലെ ഉണരുമ്പോൾ എങ്ങനെ ചിന്തിച്ചു തുടങ്ങണമെന്ന് ഒറേലിയസ് പറയുന്നുണ്ട്: അത് ദോഷൈകവീക്ഷണമല്ല, സത്യത്തെക്കുറിച്ചുള്ള അറിവാണ്. “നിങ്ങൾ അപ്പോൾ സ്വയം പറയണം: ഇന്നു ഞാൻ കണ്ടുമുട്ടുന്നവർ അനാവശ്യമായി ഇടപെടുന്നവരും നന്ദിയില്ലാത്തവരും അഹങ്കാരികളും സത്യസന്ധതയില്ലാത്തവരും അസൂയക്കാരും ദേഷ്യപ്പെടുന്നവരുമായിരിക്കും. അവർ ഇങ്ങനെയായത് അവർക്ക് തിന്മയും നന്മയും വേർതിരിച്ചെടുക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ഞാൻ നന്മയുടെ സൗന്ദര്യവും തിന്മയുടെ വൃത്തികേടും കണ്ടിട്ടുണ്ട്. തെറ്റ് ചെയ്യുന്നവന് എന്റെ സ്വഭാവവുമായോ മനസുമായോ ചില സാമ്യങ്ങളൊക്കെയുണ്ട്. അതായത് ഞങ്ങളിൽ ദൈവികതയുടെ പങ്ക് ഒരുപോലെയാണ്. അതുകൊണ്ടുതന്നെ അവർക്ക് എന്നെ മുറിപ്പെടുത്താനാകില്ല. എന്നെ കുറ്റകൃത്യത്തിലേക്ക് താഴ്ത്തിക്കൊണ്ടു പോകാനാവില്ല.”
എന്നാല്‍ റോം കത്തിയെരിഞ്ഞപ്പോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ, സ്വന്തം തംബുരുവില്‍ വിരലോടിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു. അവിടെ സ്വന്തം കൊട്ടാരം പണിയാന്‍ നീറോ തന്നെ തീയിട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. മാര്‍കസ് ഒറേലിയസ് അങ്ങനെ സ്വയം ചീത്തയായില്ല. അദ്ദേഹം നല്ല കാര്യങ്ങള്‍, അതെത്ര അപ്രിയമാണെങ്കിലും, പഠിച്ചു. മുഖത്തുനോക്കി സത്യം പറയുന്നവരോട് വെറുപ്പു തോന്നരുതെന്ന് മതചിന്തകനായ ഡയഗ്നീറ്റസ് പറഞ്ഞുകൊടുത്തത് അദ്ദേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഒറേലിയസ് ഒന്നും താന്‍ കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെടാതെ നമ്മെ മഹാസത്യങ്ങള്‍ക്കിടയിലൂടെ നടത്തിച്ചു. പലരും പലപ്പോഴായി പറഞ്ഞതില്‍നിന്ന് സത്യങ്ങള്‍ തെരഞ്ഞെടുക്കാനും അതിന്റെ അന്തരാര്‍ഥങ്ങള്‍ മനസിലാക്കാനും ഒറേലിയസ് ശീലിച്ചു. ഇതൊരു സിദ്ധിയാണ്; ആന്തരിക ഊര്‍ജമാണ്.
നമുക്ക് എന്തെല്ലാം വഴികള്‍ ജീവിതത്തിന്റെ പ്രശ്നബാഹുല്യങ്ങള്‍ക്കിടയില്‍ തെളിഞ്ഞുകിട്ടുന്നുണ്ട്. പക്ഷേ, ഉള്ളിലെ സംശയാലു അതിനെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എല്ലാറ്റിനെയും ദോഷൈക മനോഭാവത്തോടെ നിരാകരിക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇരുട്ടില്‍ തപ്പിത്തടയേണ്ടിവരുന്നതെന്ന് സൂചിതമാകുന്നു.
ഒറേലിയസ് എന്ന ചക്രവര്‍ത്തി ചരിത്രത്തിന്റെ ഗഹനമായ വിസ്മൃതിയില്‍ മറഞ്ഞുവെങ്കിലും, അദ്ദേഹം പലപ്പോഴായി കുറിച്ചിട്ട ചിന്തകള്‍ നശിച്ചില്ല; മെഡിറ്റേഷന്‍സ് എന്ന പുസ്തകമായി അതു നമ്മുടെ മുമ്പിലുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളായി അത് വായനക്കാരെ വിശുദ്ധരാക്കുകയും ജ്ഞാനികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പത്താം നൂറ്റാണ്ടു വരെ ഈ കൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. പത്താം നൂറ്റാണ്ടില്‍ ചെസാറിയായിലെ ബിഷപ് അരിത്തസ് തന്റെ കൈയെഴുത്ത് പ്രതികളുടെ ശേഖരത്തില്‍നിന്ന് കണ്ടെടുത്തതാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ നാം കാണുന്ന കൃതിക്ക് ആധാരമായിട്ടുള്ളത്. അദ്ദേഹം അത് ഹെരാക്ലിയായിലെ ആര്‍ച്ച്ബിഷപ് ദിമിത്രിയസിന് അയച്ചുകൊടുത്തതോടെയാണ് ഒറേലിയസിന്റെ ചിന്തകള്‍ക്ക് വെളിച്ചംകാണാനുള്ള വഴി തെളിഞ്ഞത്.
ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം: “എല്ലാ വസ്തുക്കളും അനുഭവത്തില്‍ വിരസവും കാലത്തില്‍ നൈമിഷികവും ഉള്ളടക്കത്തില്‍ ക്ഷണികവുമാണ്. എല്ലാ അര്‍ഥത്തിലും മരിച്ചവരും മറയ്ക്കപ്പെട്ടവരും കണ്ടിരുന്ന ആ ദിനങ്ങള്തന്നെയാണ് നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്. വസ്തുക്കള്‍ നമ്മുടെ ശരീരകവാടത്തിന്റെ പുറത്താണ് നില്‍ക്കുന്നത്. അവ എന്താണോ അവ മാത്രമാണ്. അവയ്ക്ക് അവയെക്കുറിച്ച് സ്വയമൊന്നുമറിയില്ല. അവ അവയെക്കുറിച്ച് സ്വന്തമായ ഒരു വിധിനിര്‍ണയവും നടത്തുന്നില്ല. അപ്പോള്‍ വിധി നിര്‍ണയങ്ങള്‍ നടത്തുന്നത് നമ്മുടെ മാര്‍ഗദര്‍ശിയും നിയന്താവുമായ യുക്തിയാണ്.”
Leader Page
കാമറയ്ക്കു പിന്നിൽ ശാന്തനും സൗമ്യനുമായിരുന്നു ഷാജികുമാർ. പക്ഷേ കാമറക്കണ്ണുകളിലൂടെ അദ്ദേഹം കണ്ടത് ദൃശ്യങ്ങളുടെ തിരയിളക്കമായിരുന്നു. ചടുലവും സംഘർഷഭരിതവുമായ ദൃശ്യങ്ങൾ ഷാജിയുടെ കാമറയിലൂടെ പ്രേക്ഷകർ ആസ്വദിച്ചപ്പോൾ അതെല്ലാം വെളളിത്തിരയിലെ വിസ്മയങ്ങളായി.
നരനും പുലിമുരുകനും പോലെ ഒരു സിനിമാട്ടോഗ്രാഫർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ചിത്രങ്ങൾ അതിസാഹസികമായാണ് അദ്ദേഹം കാമറയിൽ പകർത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ജോലി കണ്ടുനില്ക്കുന്ന ആർക്കും അതു പുറമേ തോന്നിയിരുന്നില്ല. ഒട്ടും ബഹളങ്ങളില്ലാതെ, വളരെ സാധാരണ രീതിയിലാണ് അദ്ദേഹം പല സാഹസിക രംഗങ്ങളും പകർത്തിയത്. എന്നാൽ അത്തരം രംഗങ്ങളിൽ സംവിധായകനും സഹതാരങ്ങൾക്കും അദ്ദേഹം പകർന്നു നല്കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. അതുകൊണ്ടുതന്നെയാവാം മാസ് ദൃശ്യവിരുന്നൊരുക്കാൻ സംവിധായകരുടെ ആദ്യ ചോയ്സ് ആയി ഷാജി മാറിയതും.
പെരുമ്പാവൂരിന്റെ ബന്ധങ്ങളിൽ സിനിമയിലേക്ക്
സിനിമാ ഛായാഗ്രാഹകനാകുക ഷാജിയുടെ എക്കാലത്തെയും മോഹമായിരുന്നു. പെരുന്പാവൂരുകാരനായ അദ്ദേഹത്തിന് നാട്ടുകാരായ രണ്ടു സിനിമാക്കാർ തന്നെ അതിനു സഹായം നല്‍കുകയും ചെയ്തു. നടൻ ജയറാമും നിർമാതാവ് ആന്റണി പെരുന്പാവൂരും. പ്രീഡിഗ്രി പഠനത്തിനുശേഷം സിനിമ തലയ്ക്കുപിടിച്ച അദ്ദേഹം കൂട്ടുകാരന്റെ ബന്ധുവായ കാമറാമാൻ അഴഗപ്പന്റെ അസിസ്റ്റന്റായി കരിയർ തുടങ്ങി. പിന്നീട് വിപിൻ മോഹനൊപ്പവും ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ചെറുപ്പം മുതൽ ഷാജിയുടെ കഴിവിനെ അടുത്തറിയാവുന്ന ജയറാമാണ് ആദ്യമായി ഒരു സ്വതന്ത്ര കാമറാമാനാകാനുള്ള അവസരം ഒരുക്കിയത്. 2001ൽ റിലീസായ ജയറാം ചിത്രം "ഉത്തമനി' ലൂടെ ഛായാഗ്രാഹകനായി മികച്ച തുടക്കമാണ് അദ്ദേഹം നേടിയത്. പിന്നീടങ്ങോട്ട് ഓരോ ചിത്രങ്ങളിലൂടെയും ഷാജികുമാർ എന്ന കാമറാമാന്റെ പൾസ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടുതുടങ്ങി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുൻനിര താരങ്ങളുടെയെല്ലാം ഇഷ്ട കാമറാമാനായി ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മാറി.
അദ്ഭുതപ്പെടുത്തിയ നരൻ
ഷാജിയുടെ കരിയറിലെ വഴിത്തിരവായിരുന്നു ജോഷി സംവിധാനം ചെയ്ത നരൻ എന്ന ചിത്രം. അതിലേക്കു വഴിതുറന്നത് നാട്ടുകാരനായ നിർമാതാവ് ആന്റണി പെരുന്പാവൂർ. കാമറ കൊണ്ട് ഇന്ദ്രജാലം കാട്ടേണ്ട ഒട്ടേറെ സീനുകളുള്ള ചിത്രം ആന്റണി, ഷാജിയെ ഏൽപിച്ചതും അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസംകൊണ്ടായിരുന്നു. ചിത്രം റിലീസായപ്പോൾ ഏറെ സംസാരവിഷമായത് കാമറ തന്നെയായിരുന്നു. അതോടെ ഷാജികുമാറിന് മാസ് സിനിമകളുടെ ഛായാഗ്രാഹകൻ എന്ന മുഖമുദ്ര വന്നു. എങ്കിലും എല്ലാ രീതിയിലുള്ള ചിത്രങ്ങളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. കാമറാമാനെ സംബന്ധിച്ച് എല്ലാ അർഥത്തിലും റിസ്്ക് നിറഞ്ഞ ചിത്രമായിരുന്നു നരൻ.
കുത്തിയൊഴുകുന്ന പുഴയ്ക്കു നടുവിൽ മരത്തിൽ പിടിച്ചുയരുന്ന മുള്ളൻകൊല്ലി വേലായുധന്റെ സീനുകൾ പ്രേക്ഷകർ കോരിത്തരിപ്പോടെയാണ് കണ്ടതെങ്കിലും കാമറാമാനെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയായിരുന്നു. കനത്ത മഴക്കാലത്തായിരുന്നു കാടിനുള്ളിലെ ഷൂട്ടിംഗ്. പുഴയിലെ കുത്തൊഴുക്കിൽ അതിസാഹസികമായാണ് ഷാജി ചിത്രീകരണം പൂർത്തിയാക്കിയത്. ജോഷി എന്ന ക്രാഫ്റ്റ്മാൻ മനസിൽ കണ്ട ദൃശ്യങ്ങൾ അതേ മാസ്മരികതയോടെ ചിത്രീകരിക്കാൻ ഷാജിക്കു കഴിഞ്ഞു.
പുലിമുരുകൻ മാസ്റ്റർപീസ്
നരനുശേഷം കാമറയിൽ അദ്ഭുതം കാട്ടിയ മറ്റൊരു ചിത്രമായിരുന്നു പുലിമുരുകൻ. ഷാജിയുടെ മാസ്റ്റർപീസ് എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ഏതു നിമിഷവും കടുവയുടെ ആക്രമണം പ്രതീക്ഷിച്ച് ജീവൻ പണയം വച്ച് ചിത്രീകരിച്ച സിനിമയെന്നാണ് ഷാജി പല അഭിമുഖങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ ഓർമിച്ചത്. കടുവയുടെ സാന്നിധ്യത്തിനൊപ്പം വഴുക്കലും അപകടം നിറഞ്ഞതുമായ പുഴകളിലെ ചിത്രീകരണവുമെല്ലാം വളരെ സാഹസികമായാണ് ഷാജി കൈകാര്യം ചെയ്തത്. കടുവയുടെ പരിശീലകർ നല്കുന്ന സിഗ്നലുകൾക്കനുസരിച്ചുള്ള ചിത്രീകരണം ഭയപ്പെടുത്തുന്നതായിരുന്നുവെങ്കിലും കാമറാമാൻ എന്ന രീതിയിൽ അതുതന്നെ ഏറെ ത്രില്ലടിപ്പിച്ചുവെന്ന് അദ്ദേഹം ഓർമിച്ചിരുന്നു.
തുടരുന്ന ഹിറ്റുകൾ
മോഹൻലാലിന്റെ മെഗാഹിറ്റ് ചിത്രം "തുടരും' ഷാജിയുടെ മറ്റൊരു പൊൻതൂവലായി. ചിത്രത്തിലെ രാത്രിസീനുകളുടെ പെർഫെക്ഷൻ അപാരമായിരുന്നു. സിനിമയുടെ പ്രധാന ലൊക്കേഷനുകളായ വാളയാറിലും ധോണിയിലുമെല്ലാം ഷാജിയുടെ കാമറ പറന്നുനടന്നു. ഉൾക്കാടും ഉരുൾപൊട്ടലും മഴയുമെല്ലാം ആ സിനിമയുടെ പ്രധാന ആകർഷണമായപ്പോൾ ഷാജിയുടെ കാമറയുടെ പങ്ക് ചെറുതല്ലായിരുന്നു.
വിജയങ്ങൾക്കിടയിലെ വേദനകൾ
സിനിമയിലെ വിജയങ്ങൾക്കിടയിലും വ്യക്തിജീവിതത്തിൽ ഒട്ടേറെ വേദനകൾ അദ്ദേഹത്തിനുണ്ടായി. പെരുന്പാവൂരിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ സിനിമാ സ്വപ്നങ്ങൾക്ക് എന്നും പിന്തുണ നല്‍കിയത് അമ്മയാണ്. പഠനം പാതിവഴിയിൽ നിറുത്തി കാമറാമാനാകാൻ തുനിഞ്ഞപ്പോൾ അമ്മയുടെ പിന്തുണ വളരെ വലുതായിരുന്നു. പക്ഷേ ആദ്യ ചിത്രമായ ഉത്തമന്റെ റിലീസിനു തൊട്ടുമുന്‍പ് അമ്മ മരിച്ചു. പുലിമുരുകൻ തിയറ്ററിൽ തകർത്തോടുന്പോൾ ആ വിജയം കാണാൻ ഭാര്യയുണ്ടായില്ല. കാൻസറിന്റെ ഇരയായി അവർ.
ഇപ്പോൾ മോഹൻലാലിനും തരുൺ മൂർത്തിക്കുമൊപ്പം ഒരുക്കിയ അതിമനോഹരം എന്ന ചിത്രം റിലീസിനു തയാറെടുക്കുന്പോൾ ഷാജിയും യാത്രപറയുകയാണ്. ആ വിടപറച്ചിൽ വലിയൊരു ആഘാതമാണ് സഹപ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും നല്‍കുന്നത്.
Leader Page
സായംസന്ധ്യയുടെ ചുവപ്പിനു കീഴിൽ വള്ളത്തിൽ കരിമീനും കൊഞ്ചും പിടിച്ച് പാട്ടുംപാടി തുഴഞ്ഞുപോയൊരു കാലമുണ്ടായിരുന്നു വേന്പനാടിന്. വാരിയെടുത്ത കക്കയുമായി നിരനിരയായി നീങ്ങിയ വള്ളങ്ങൾ, കായലിലെ ചെളി കുത്തിയെടുത്ത സ്ഥലത്തെ അരിയും തേങ്ങയുമായി മാർക്കറ്റുകളിലേക്ക് യാത്രയായ പത്തേമാരികൾ, മീൻ വിൽക്കാനും താറാവുമുട്ട വാങ്ങാനുമായി കടവുകൾതോറും അടുക്കുന്ന ചെറുവള്ളങ്ങൾ, ഓലപ്പന്തലുകൾ, കണ്ടൽക്കാടുകളുടെ തണൽപറ്റി നീന്തിയ അപൂർവ മത്സ്യങ്ങൾ... വേന്പനാട് ഒരു കായൽ മാത്രമല്ലായിരുന്നു; ആയിരക്കണക്കിന് മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഉതിർന്നുപോകാത്ത ജീവതാളമായിരുന്നു.
കേരളം അമൂല്യവും ജൈവശാസ്ത്രപരമായി സന്പന്നവുമായി നിരവധി തണ്ണീർത്തടങ്ങളാൽ അനുഗൃഹീതമാണ്. മൂന്നു റാംസർ സൈറ്റുകളുള്ള കേരളത്തിൽ 4,354 തണ്ണീർത്തടമുണ്ട്. വേന്പനാട് കോൾ തണ്ണീർത്തടം ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ റാംസർ സൈറ്റുകളിൽ ഒന്നാണ്. വേന്പനാട് കായൽ, കുട്ടനാട് ചതുപ്പ് പ്രദേശങ്ങൾ, കോൾ തണ്ണീർത്തടങ്ങൾ എന്നിവ ഈ തണ്ണീർത്തടസമുച്ചയത്തിന്റെ ഭാഗമാണ്. 1100 കിലോമീറ്റർ ചതുരശ്ര വിസ്തൃതിയിൽ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ രണ്ടു മീറ്റർ വരെ താഴെയായി കരപ്പാടം, കായൽ, കരി എന്നിങ്ങനെ പരന്നുകിടക്കുന്ന തണ്ണീർത്തടത്തിലെ കുട്ടനാട് പ്രദേശം കേരളത്തിന്റെ നെല്ലറ എന്നും പുഞ്ചവയൽ എന്നും അറിയപ്പെട്ടിരുന്നു.
അറബിക്കടലിനെ തൊട്ടുരുമ്മുന്ന ജലാശയം
കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിനെ തൊട്ടുരുമ്മി കിടക്കുന്ന വേന്പനാട്, സംസ്ഥാനത്തെ ഏറ്റവും വലിയ കായലും രാജ്യത്തെ ഏറ്റവും നീളം കൂടിയ തണ്ണീർത്തടവുമാണ്. ആലപ്പുഴ മുതൽ വടക്ക് അഴീക്കോട് വരെ 96 കിലോമീറ്റർ നീളം, 500 മീറ്റർ മുതൽ 14 കിലോമീറ്റർ വരെ വീതി (ശരാശരി നാലു കിലോമീറ്റർ), 216 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. പല നാട്ടിൽ പല പേരിലാണ് വേന്പനാട് കായൽ അറിയപ്പെടുന്നത്. വീരൻപുഴ, കൊച്ചി കായൽ, കൈതപ്പുഴ, പുന്നമട, വൈക്കം കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട ഭൗമഫലകങ്ങളുടെ ചലനം മൂലം ഇന്ത്യൻ ഉപഭൂഖണ്ഡം രൂപപ്പെട്ടപ്പോൾ വേന്പനാട്ടുകായൽ ഉണ്ടായിരുന്നില്ല. പശ്ചിമഘട്ട മലനിരകൾ കഴിഞ്ഞാൽ കടലാണ് ഉണ്ടായിരുന്നത്. പതിനായിരിക്കണക്കിനു വർഷങ്ങളുടെ പരിണാമത്തിനു വിധേയമായാണ് ഇന്നു കാണുന്ന മലനാട്, ഇടനാട്, തീരപ്രദേശം ഉൾപ്പെടുന്ന കേരളം രൂപപ്പെടുന്നത്. വേന്പനാട് കായൽ രൂപപ്പെട്ടത് ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് സംഭവിച്ച ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ, സമുദ്രനിരപ്പിലെ വ്യതിയാനങ്ങൾ, നദികളുടെ അവശിഷ്ട നിക്ഷേപം എന്നിവയുടെ ഫലമായാണ്.
പതിനായിരക്കണക്കിനു വർഷം മുന്‍പ് ഹിമയുഗത്തിനുശേഷം ഭൂമയിൽ താപനില ഉയരുകയും സമുദ്രനിരപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. കടൽ കരയിലേക്ക് കയറുകയും പിന്നീട് സാവധാനം തിരിച്ചുപോവുകയും ചെയ്തു. പ്രാചീന കേരളത്തിൽ അനുഭവപ്പെട്ട തുലാവർഷം, ഇടവപ്പാതി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം തോട്ടപ്പള്ളി മുതൽ കൊച്ചി അഴി വരെയുള്ള പ്രദേശത്ത് മണൽതിട്ട രൂപപ്പെട്ടു. ഇതിന്റെ ഫലമായി മണൽതിട്ടയ്ക്കുള്ളിലുള്ള ഭാഗം ആദ്യം ഉൾക്കടലായും പിന്നീട്, സമുദ്രത്തിൽനിന്ന് വേർപെട്ട് തടാകമായും മാറി. മലന്പ്രദേശത്തുനിന്ന് തടാകത്തിലേക്ക് ഒഴികിയെത്തിയ നദികൾ കൊണ്ടുവന്ന എക്കൽ അടിഞ്ഞ് ഉയർന്ന പ്രദേശങ്ങൾ രൂപപ്പെട്ടു.
സഹ്യപർവതത്തിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ, മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പന്പ എന്നീ ആറു പ്രധാന നദികൾ വേന്പനാട്ടുകായലിൽ വന്നുചേർന്നു. കായലിന്റെ തെക്കൻ ഭാഗത്ത് നിരന്തരം മണ്ണും എക്കലും അടിഞ്ഞുകൂടിയാണ് കുട്ടനാട് എന്ന താഴ്ന്ന ഭൂപരിധി രൂപപ്പെട്ടത്. പണ്ട് വേന്പനാട്ടു കായലിന്റെ ഭാഗമായിരുന്ന പല പ്രദേശങ്ങളും നദികളുടെ എക്കൽ നിക്ഷേപം മൂലം കരഭൂമിയായും പാടശേഖരങ്ങളായും മാറി. ആറു നദികളിൽനിന്നുള്ള ശുദ്ധജലവും കടലിൽനിന്നുള്ള ഉപ്പുരസമുള്ള വെള്ളവും ചേരുന്ന സവിശേഷമായ ഒരു അഴിമുഖമായാണ് വേന്പനാട് കായൽ ഇന്ന് നിലനിൽക്കുന്നത്.
പ്രകൃതി ഒരുക്കിയ അതിവിശിഷ്ടമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ് വേന്പനാട്ടിൽ നടക്കുന്നത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴവെള്ളത്തെ സംഭരിച്ചുനിർത്താനും സാവധാനം കടലിലേക്ക് ഒഴുക്കാനും ഇടുക്കി അണക്കെട്ടിനോളം വെള്ളം ഉൾക്കൊള്ളാനും ഈ തണ്ണീർത്തടത്തിന് ശേഷിയുണ്ട്. പാതിരാമണൽ, പെരുന്പളം, പള്ളിപ്പുറം, വൈപ്പിൻ, വില്ലിംഗ്ടണ്‍ ഉൾപ്പടെ നിരവധി ദ്വീപികൾ വേന്പനാട് കായലിലുണ്ട്.
അപൂർവ പ്രതിഭാസവും ജൈവവൈവിധ്യവും
ആറുമാസം ശുദ്ധവെള്ളവും ആറുമാസം ഉപ്പുവെള്ളവും മാറിമാറി നിലനിൽക്കുന്ന അപൂർവം തണ്ണീർത്തടങ്ങളിൽ ഒന്നാണിത്. മഴക്കാലത്ത് നദികളിൽനിന്നുള്ള ശുദ്ധജലവും വേനൽക്കാലത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളവും തള്ളിക്കയറി കായലിനെ ജീവസുറ്റതാക്കുന്നു.
കൈത, മരോട്ടി, കായൽ കണ്ടൽ, കരക്കണ്ടൽ തുടങ്ങി 300ലധികം സസ്യവർഗങ്ങൾ വെള്ളപ്പൊക്കത്തെ തടയാൻ പ്രകൃതിയൊരുക്കിയ സംരക്ഷണ ഭിത്തിയായി ഇവിടെ നിലകൊള്ളുന്നു. കായലിന്റെ അടിത്തട്ടിൽ, പ്രത്യേകിച്ച് കണ്ണമംഗലം, കുമരകം ഭാഗങ്ങളിൽ അപൂർവമായ കറുത്ത കക്കയുടെ വൻ നിക്ഷേപവുമുണ്ട്.
വിദൂര ഭൂഖണ്ഡങ്ങളിൽനിന്നുപോലും എത്തുന്ന ദേശാടനപ്പക്ഷികളുടെയും സൂര്യവാലൻ, കൊരിച്ചുണ്ടൻ എരണ്ട തുടങ്ങിയ അപൂർവ ഇനങ്ങളുടെയും താവളമായ കുമരകം പക്ഷിസങ്കേതം ഈ തണ്ണീർത്തടത്തിന്റെ ഭാഗമാണ്. കൃഷി, മത്സ്യബന്ധനം, ടൂറിസം തുടങ്ങി ഒട്ടേറെ മേഖലകളെ തുണയ്ക്കുന്ന, 60,000ത്തോളം കുടുംബങ്ങൾക്ക് ഉപജീവനമേകുന്ന ഈ സങ്കീർണ ആവാസവ്യവസ്ഥയുടെ പ്രാധാന്യം പരിഗണിച്ചാണ് 2002ൽ വേന്പനാടിനെ അന്താരാഷ്ട്രപ്രാധാന്യമുള്ള ‘റാംസർ പ്രദേശമായി’ പ്രഖ്യാപിച്ചത്.
കുപ്പത്തൊട്ടിയാകുന്ന പറുദീസ
എന്നാൽ, ഇന്ന് ഈ പറുദീസയ്ക്കുമേൽ നാശത്തിന്റെ കറുത്ത നിഴൽ വീണിരിക്കുന്നു. ഒഴുക്ക് നിലച്ച് ആറ് നദികളുടെയും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന കുപ്പത്തൊട്ടിയായി കായൽ മാറി. ടൈഫോയ്ഡ് അടക്കമുള്ള ജലജന്യ രോഗങ്ങൾ തീരഗ്രാമങ്ങളിൽ പടരുകയാണ്. ഇ-കോളി അടക്കമുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയും ആവാസകേന്ദ്രമായി മാറിയ കായൽവെള്ളത്തിൽ തൊടാൻപോലും ജനങ്ങൾ ഇപ്പോൾ ഭയക്കുന്നു.
അന്തരീക്ഷ വ്യതിയാനവും ആഗോളതാപനവും കായലിന്റെ സ്വാഭാവിക താളത്തെ തെറ്റിച്ചു. പ്രളയവും ഓഖി പോലുള്ള കൊടുങ്കാറ്റുകളും സമുദ്രക്ഷോഭങ്ങളും നാടിനെ ഭീതിയിലാഴ്ത്തുന്പോൾ, അടുത്ത ദുരന്തം കായൽക്കരയിലേക്കാണോ എന്ന ആശങ്കയിലാണ് ജനങ്ങൾ. “ഇങ്ങനെ പോയാൽ വരും ദശകങ്ങൾക്കപ്പുറം വേന്പനാട് എന്നൊരു കായൽ ഉണ്ടാകില്ല.” സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) നൽകുന്ന മുന്നറിയിപ്പ് പ്രകൃതിയെ കീഴടക്കാമെന്ന മനുഷ്യന്റെ അതിമോഹത്തിനേറ്റ തിരിച്ചടിയാണ്. വേന്പനാട് മരിച്ചാൽ ഇല്ലാതാകുന്നത് ഒരു ജലാശയം മാത്രമല്ല, ഒരു സംസ്കാരവും പതിനായിരങ്ങളുടെ ജീവിതവുമാണ്. വേന്പനാടിന്റെ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാകും? നാളെയുടെ പുലരികളിൽ ഈ കായലിനെ നമുക്ക് എങ്ങനെ തിരികെപ്പിടിക്കാം?
Leader Page
ദാരിദ്ര്യവും ദാമ്പത്യതകർച്ചയും കാരണം കടുത്ത വിഷാദരോഗത്തിന് അടിമപ്പെടുകയും ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു ജെ.കെ. റൗളിംഗിന്. എന്നാൽ, തന്റെ മാനസിക തകർച്ചകളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചാണ് അവർ ‘ഹാരി പോട്ടർ’ എന്ന അദ്ഭുതലോകം സൃഷ്ടിച്ച് ലോകത്തെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിയായത്.
ഇത്തരം യഥാർഥ അതിജീവന അനുഭവങ്ങൾ ഒരുപാടു പേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്. ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ഈ വർഷത്തെ പ്രമേയംതന്നെ ‘ജീവിതാനുഭവങ്ങളുടെ ശബ്ദം: യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റങ്ങൾ’ എന്നതാണ്. മനുഷ്യർ നേരിടുന്ന യഥാർഥ പ്രയാസങ്ങൾക്ക് കാതോർക്കാനുള്ള ആഹ്വാനമാണിത്.
ഓഫിസിലെ കസേരയിലിരുന്ന് കൈകൾ വിറയ്ക്കുന്നത് മറയ്ക്കാൻ ശ്രമിക്കുന്ന മുപ്പതുകാരൻ, അകാരണമായ ഭയത്താൽ ഉറക്കം നഷ്ടപ്പെടുന്ന വിദ്യാർഥികൾ, വിഷാദത്തിന്റെ കറുത്ത തടവറയിൽ അകപ്പെട്ടുപോകുന്ന വീട്ടമ്മമാർ, ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ കഴിയാതെ നിരാശയുടെ പിടിയിൽ കഴിയുന്ന മധ്യവയസ്കർ - ഇത്തരത്തിലുള്ള വേദനയുടെ വ്യത്യസ്ത മുഖങ്ങളാണ് അനുദിനവും നാം കണ്ടുവരുന്നത്.
എന്നാൽ, അവരെയെല്ലാം ഒരുപോലെ അലട്ടുന്നത് ‘എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിക്കുന്നു?’ എന്ന ഒറ്റപ്പെടലിന്റെ ചിന്തയാണ്. അതുകൊണ്ടുതന്നെ, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകാനും അതിജീവനത്തിനുള്ള വഴികൾ കാട്ടിക്കൊടുക്കാനും നാം മുന്നോട്ടു വരേണ്ടത് അത്യന്താപേക്ഷിതമാണ്.
Leader Page
ചാരപ്പണിക്കു പെൺകെണി. എക്കാലത്തെയും വിജയകരമായ തന്ത്രം. നിർമിതബുദ്ധി (എഐ) മേഖലയെ അടക്കിവാഴുന്ന എൻവിഡിയയുടെ മേധാവി ഈ അതിപുരാതന കെണിയിൽ കുരുങ്ങി. ആഴ്ചകൾക്കു മുൻപു ലോകത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്ന കമ്പനിയുടെ ഭാവിക്കുമേൽ ചോദ്യചിഹ്നം ഉയർത്തിയ വലിയ വീഴ്ച.
എൻവിഡിയ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ(സിഇഒ) ജെൻസൻ ഹുവാംഗ്, ആലീസ് ഹുവാംഗ് എന്ന ബിസിനസുകാരിയുമായി അവിഹിതബന്ധം പുലർത്തി എന്നതു വിഷയത്തിന്റെ ഒരു വശം മാത്രം. ആലീസ് ചൈനയുടെ ചാരവനിത ആണെന്നതാണു പ്രധാന കാര്യം. അതിനൂതന എഐ സാങ്കേതികവിദ്യയുടെ ഉടമകളാണ് എൻവിഡിയ. അതു ചൈനയ്ക്കു കിട്ടാതിരിക്കാൻ എൻവിഡിയയുടെ പുത്തൻ ഗ്രാഫിക് പ്രോസസർ യൂണിറ്റു (ജിപിയു)കളുടെ കയറ്റുമതിക്ക് അമേരിക്ക കർക്കശ നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്. എൻവിഡിയയുടെ രഹസ്യങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നതു സ്വാഭാവികം. എഐയിൽ മുന്നിലെത്താൻ അതാവശ്യമാണല്ലോ.
അസാധാരണമായ ഒരു സാഹചര്യമാണ് എൻവിഡിയ നേരിടുന്നത്. പെൺകെണിയിൽ കുടുങ്ങിയാൽ പ്രഫഷണൽ സിഇഒമാരെ പുറത്താക്കുന്നതാണു പതിവ്. ഇന്റൽ കോർപറേഷൻ ബ്രയൻ ക്രിസാനിച്ചിനെ 2018ലും മക്ഡോണൾഡ്സ് സിഇഒ സ്റ്റീവ് ഈസ്റ്റർബ്രൂക്കിനെ 2019ലും പുറത്താക്കിയത് ജീവനക്കാരുമായി അവിഹിതം നടത്തിയതിനാണ്. കമ്പനി നിയമം അനുവദിക്കാത്തതാണു കീഴ്ജീവനക്കാരുമായുള്ള ബന്ധം. ഉടമകളെ അങ്ങനെ കൈകാര്യം ചെയ്യാറില്ല. ആമസോൺ ഉടമ ജെഫ് ബെസോസിന് ഒരു ടെലിവിഷൻ അവതാരകയുമായി ബന്ധം ഉണ്ടായപ്പോൾ വിവാഹമോചനം വേണ്ടിവന്നെങ്കിലും കമ്പനിയിൽ ഒരു നടപടിയും ഇല്ലായിരുന്നു.
നിരപരാധിയെന്നു ട്രംപ്
ജെൻസന്റെ അവിഹിതമല്ല, ചൈനീസ് ചാരവനിതയുമായുള്ള ബന്ധമാണ് അമേരിക്കയ്ക്കു വിഷയം. ആലീസ് ചാരവനിതയാണെന്ന് ജെൻസൻ അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയുമെന്നു കരുതുന്നു എന്നുമാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആണ് അന്വേഷണം നടത്തുന്നത്. എൻവിഡിയ കമ്പനിയുടെ ഡയറക്ടർ ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാരവൃത്തി ആരോപണം ചൈന നിഷേധിച്ചു.
ആലീസ് ചൈനയ്ക്കുവേണ്ടിയാണു പ്രവർത്തിക്കുന്നതെന്നു കരുതാൻ തക്ക വിവരം ജെൻസനു ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണത്തിൽ അറിയേണ്ടത്. അങ്ങനെ തെളിഞ്ഞാൽ കമ്പനിയിൽനിന്നു മാറേണ്ടിവരും. രാജ്യദ്രോഹ കേസ് വരെ ഉണ്ടാകാം. മറിച്ചു തെളിഞ്ഞാൽ അവിഹിതത്തിന്റെ പേരുദോഷം മാത്രം ശേഷിക്കും.
വിലക്കുള്ളതു വാങ്ങി
2023 മുതൽ 2025 വരെയാണു ജെൻസൻ -ആലീസ് ബന്ധത്തിന്റെ നാളുകൾ. സിംഗപ്പുർ ആസ്ഥാനമായുള്ള കമ്പനിയുടെ സിഇഒ പല രാജ്യങ്ങളിലും ജെൻസന്റെ കൂടെ കറങ്ങി. എൻവിഡിയയിൽ നിന്ന് 480 കോടി ഡോളറിന്റെ ജിപിയുകൾ വാങ്ങി. ചൈനയിലേക്കു കയറ്റുമതി ചെയ്യാൻ വിലക്കുള്ളവയും അക്കൂട്ടത്തിൽപെട്ടു. ദക്ഷിണേഷ്യയിലെ പല ഡാറ്റാ സെന്ററുകളിലും എത്തിയ ആ ജിപിയുകൾ ആലിബാബ അടക്കമുള്ള ചൈനീസ് കമ്പനികൾ വിദൂരബന്ധം (Remote access) വഴി ഉപയോഗിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു വിവാദമായപ്പോൾ കയറ്റുമതി വിലക്കിൽ വിദൂരബന്ധം പെടുന്നില്ല എന്നാണ് എൻവിഡിയ നൽകിയ വിശദീകരണം.
ട്രംപ് നേരത്തേ അറിഞ്ഞു
യുഎസ് ഏജൻസികൾ 2023 മുതൽ ആലീസ് ഹുവാംഗിന്റെ നടപടികൾ ശ്രദ്ധിച്ചിരുന്നു. 2025ൽ അവർ നൽകിയ വിവരം വച്ച് സിംഗപ്പുർ അധികൃതർ അവരെ ചോദ്യം ചെയ്തു. എൻവിഡിയ അധികൃതർ യുഎസ് വാണിജ്യ അണ്ടർ സെക്രട്ടറി ജെഫ്രി കെസ്ലർ വഴി അന്ന് ആലിസിനു വേണ്ടി ഇടപെട്ടു. ഇതേ കാലത്തുതന്നെ ലൈംഗികാപവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉപദേശിക്കുന്ന ഹെല്ലർ എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനവുമായി ജെൻസൻ ഒരു കോൺട്രാക്റ്റ് ഉണ്ടാക്കി എന്ന് ഈയിടെ വെളിച്ചത്തുവന്നു.
അക്കാലത്തുതന്നെ ട്രംപിന് ഇതേപ്പറ്റി വിവരം കിട്ടി. പക്ഷേ ഒന്നും ചെയ്തില്ല. എങ്കിലും ആലിസ് ഹുവാംഗ് പിന്നീടു പരസ്യവേദികളിൽ പ്രത്യക്ഷപ്പെട്ടില്ല. കഴിഞ്ഞ മേയിൽ ട്രംപ് ചൈനയ്ക്കു പോയപ്പോൾ കൂടെപ്പോകേണ്ട ബിസിനസുകാരിൽ ജെൻസനെ ആദ്യം പെടുത്തിയില്ല. അവസാനനിമിഷം തിരുകിക്കയറ്റുകയായിരുന്നു. അതിനു മുൻപുതന്നെ ഈ ബന്ധത്തിന്റെ ചില കഥകൾ വാഷിംഗ്ടണിൽ പരന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണു വിവരങ്ങൾ പുറത്താക്കിയത് എന്നാണു സംസാരം.
ചോർത്തിയത് എന്ത്?
ജെൻസൻ ഹുവാംഗിൽനിന്ന് എന്തു രഹസ്യങ്ങളാണ് ആലിസ് ചോർത്തിയത് എന്ന് ഇനിയും കണ്ടെത്തണം. സാങ്കേതികവിദ്യയേക്കാൾ രാഷ്ട്രീയവും നയപരവുമായ രഹസ്യവിവരങ്ങൾ ആകാം ചൈന ലക്ഷ്യമിട്ടത് എന്നാണു പലരും കരുതുന്നത്. വിശ്വസ്ത മിത്രമായ ജെൻസന് ചൈന -യുഎസ് ബന്ധം, കയറ്റുമതി നയം തുടങ്ങിയ കാര്യങ്ങളിലെ ട്രംപിന്റെ ചിന്താഗതി അറിയാം. കിടപ്പറബന്ധത്തിൽ അവ ചികഞ്ഞെടുക്കാൻ ചാരവനിതയ്ക്കു പ്രയാസമില്ലല്ലോ.