പ്രതീകാത്മക ചിത്രം
സായാഹ്നത്തിന്റെ വിളറിയ മഞ്ഞവെളിച്ചത്തിൽ, വളവുകൾ നിറഞ്ഞ മലഞ്ചെരിവുകളിലൂടെ ബാർബറ തന്റെ കാർ അതിവേഗത്തിൽ പായിക്കുകയാണ്. വേഗം അവളുടെ സിരകളിൽ ലഹരിയായി പടരുന്നു. സ്റ്റിയറിംഗിൽ വിരലമർത്തുമ്പോൾ അവളിൽ ഏതോ അദൃശ്യനായ പിശാച് ഉണരുന്നുണ്ടെന്ന് കാമുകൻ ഫെഡ്ജ് പറയാറുണ്ട്. സ്പീഡോമീറ്ററിലെ സൂചി നൂറും കടന്ന് വിറയ്ക്കുന്നു.
സൈഡ് ഗ്ലാസിലൂടെ പാലങ്ങളും പാളങ്ങളും ചാരനിറമുള്ള ഭിത്തികളും റെയിൽപാളങ്ങളും ഭ്രാന്തുപിടിച്ചപോലെ പിന്നിലേക്ക് ഓടിമറയുന്നു. അകലെ, പർവതങ്ങളിലെവിടെയോ ഉത്ഭവിക്കുന്ന ഒരു പുഴ കുത്തിയൊഴുകുന്നതിന്റെ ഭയാനക ഗർജനം അവൾ കേൾക്കുന്നുണ്ട്. യാത്രയുടെ സമാപ്തിയിൽ ബാർബറ വിഭ്രാന്തിയുടെ മായാവലയത്തിലകപ്പെടുന്നു. മുന്നിലൊരു നീലക്കാർ തന്നെ വെല്ലുവിളിച്ചുകൊണ്ട് കുതിച്ചുപായുന്നു. അതിനെ മറികടക്കാനുള്ള വാശിയിൽ അവൾ ആക്സിലറേറ്റർ ആഞ്ഞുചവിട്ടുന്നു.
വീതികുറയുകയും വളവുകൾ ഒന്നിനുപുറകെ ഒന്നായി സർപ്പാവേശത്തിൽ വരിയിട്ടുനിൽക്കുകയും ചെയ്യുന്ന ഇടുങ്ങിയ പാതയുടെ അവസാനമെത്തുമ്പോൾ അവൾ ഞെട്ടിപ്പോകുന്നു. അതൊരു കാറായിരുന്നില്ല; നിർവികാരമായി മന്ദഹസിക്കുന്ന ഒരു മരണത്തിന്റെ ദൂതൻ. തിരിച്ചറിഞ്ഞപ്പോഴേക്കും റോഡ് തീർന്നുപോയിരുന്നു, ആഴം കാണാത്ത അന്ധകാരഗർത്തം അവളെയും കാറിനെയും എന്നന്നേക്കുമായി വിഴുങ്ങി.
പ്രഭാതസവാരിക്കിറങ്ങിയ ഒരാൾ അഗാധതയുടെ വക്കിലേക്ക് നീണ്ടുപോയ കാർ ചക്രങ്ങളുടെ കറുത്ത പാടുകൾ ഭയത്തോടെ ശ്രദ്ധിക്കുന്നു. പിറ്റേദിവസം പത്രത്താളുകളിൽ ഒരു മരണവാർത്തകൂടി ഇടംപിടിക്കുന്നു-ബാർബറയുടെ പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം. എന്നാൽ ആ വാർത്തയുടെ ഒാരത്ത്, എഡിറ്റർ എഴുതിച്ചേർത്ത ആ ഒരു വാചകം വരികൾക്കിടയിലൂടെ ചോരയൊഴുക്കി നിന്നു. -ആ വഴിയിൽ ദിവസത്തിൽ ഒരു മരണം സംഭവിക്കുന്നുണ്ട്.
പ്രശസ്ത ജർമൻ കഥാകൃത്ത് ടെർട്രൂഡ് ഹുസ്സൈൻഗെറിന്റെ ‘വുമൺ ഡ്രൈവർ’ എന്ന ഈ കഥ, വി. രാജകൃഷ്ണൻ തന്റെ ‘ചെറുകഥയുടെ ഛന്ദസ്’ എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നത് യാദൃച്ഛികമല്ല; അത് ആധുനിക മനുഷ്യന്റെ ആത്മഹത്യാപരമായ തിടുക്കത്തിന്റെ നേർകാഴ്ചയാണ്.
മരണവേഗത്തിലോടുന്ന വണ്ടികൾ
കഥയിലെ ബാർബറ ഒരു വ്യക്തി മാത്രമല്ല. വേഗത്തെ ജീവിതത്തിന്റെ ലഹരിയാക്കുകയും അപകടസാധ്യതയെ സ്വന്തം കഴിവിന്റെ പ്രകടനമായി കാണുകയും ചെയ്യുന്ന ഒരു മനോഭാവത്തിന്റെ പ്രതീകമാണ്. മരണത്തെ മുന്നിൽ കണ്ടിട്ടും അതിനെ തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന്റെ ദുരന്തമാണത്. മരണദൂതന്മാർ ഇന്നും മന്ദഹസിക്കുന്നുണ്ട്. മലഞ്ചെരിവുകളിലെ ഇടുങ്ങിയ പാതകളിൽ മാത്രമല്ല, നമ്മുടെ നാട്ടിലെ തിരക്കേറിയ ദേശീയപാതകളിലും നഗരവീഥികളിലും ഗ്രാമീണ റോഡുകളിലും അവർ സഞ്ചരിക്കുന്നുണ്ട്.
സ്റ്റിയറിംഗിൽ കൈകൾ അമരുമ്പോൾ തലച്ചോറിൽ പിശാചുക്കൾ ഉണരുന്നവരുണ്ട്. വലിയ വണ്ടികൾ, വിലകൂടിയ വണ്ടികൾ, ശക്തിയേറിയ എൻജിനുകൾ. അവയുടെ സ്റ്റിയറിംഗിൽ കൈകൾ അമരുമ്പോൾ ചിലരിൽ അധികാരത്തിന്റെ ലഹരിയുണരുന്നു. റോഡുകൾ തങ്ങൾക്ക് തീറെഴുതിക്കിട്ടിയതാണെന്ന മട്ടിലുള്ള പെരുമാറ്റം. മറ്റുള്ളവരുടെ ജീവനെയും സഞ്ചാരാവകാശത്തെയും പരിഗണിക്കാത്ത മനോഭാവം.
കൗമാരക്കാരിൽ ചിലർക്ക് റോഡുകൾ പ്രായപൂർത്തി പ്രഖ്യാപിക്കാനുള്ള വേദികളാണ്. അതിവേഗത്തിൽ വാഹനമോടിച്ച് തങ്ങളുടെ വളർച്ചയും പക്വതയും തെളിയിക്കാമെന്ന മിഥ്യാബോധം. അപകടകരമായ അഭ്യാസങ്ങളിലൂടെ പൗരുഷം പ്രകടിപ്പിക്കാനുള്ള ശ്രമം. എന്നാൽ ശരീരം പ്രായപൂർത്തിയാകുന്നതിനൊപ്പം വിവേകവും ഉത്തരവാദിത്വബോധവും വളരണമെന്ന തിരിച്ചറിവ് അവിടെ നഷ്ടപ്പെടുന്നു. നമ്മുടെ കുട്ടികൾക്കും വേഗത്തിൽ വയസാകുന്നുണ്ട്; പക്ഷേ അവരിൽ ഉത്തരവാദിത്വബോധം അതേ വേഗത്തിൽ വളരുന്നുണ്ടോ?
റോഡുകളിലെ പ്രകടനങ്ങൾ
ഒരു നാടിന്റെ സംസ്കാരം ദൃശ്യപ്പെടുന്നത് പൊതുയിടങ്ങളിലാണ്. ഗതാഗതവും വാഹനങ്ങളുടെ ഒഴുക്കും അതിന്റെ ക്രമവും താളവും സംസ്കാരത്തിന്റെ അടയാളങ്ങളാണ്. അതുനോക്കി ഒരാൾക്ക് നാടിന്റെ സംസ്കാരത്തെ വായിക്കാം. മറ്റൊരാളുടെ സഞ്ചാരാവകാശത്തെ അംഗീകരിക്കുക, കാൽനടയാത്രക്കാരന് വഴികൊടുക്കുക, വേഗം നിയന്ത്രിക്കുക, ട്രാഫിക് സിഗ്നലുകൾ പാലിക്കുക, അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ക്ഷമയോടെ പ്രവർത്തിക്കുക തുടങ്ങിയവ കേവലം നിയമാനുസൃതമായ പ്രവർത്തനങ്ങളല്ല. അവ സാമൂഹിക ധാർമികതയുടെ പ്രകടനങ്ങളാണ്.
പുതിയ കാലത്ത് ഒരാൾ ഒരു വസ്തു വാങ്ങുന്നത് അതിന്റെ ഉപയോഗമൂല്യത്തിനു മാത്രമല്ല. അതിലൂടെ മറ്റുള്ളവരുടെ മുന്നിൽ തന്റെ സമ്പത്തും സാമൂഹിക പദവിയും അയാൾ പ്രകടിപ്പിക്കുന്നു. ഉപഭോഗസംസ്കാരത്തെക്കുറിച്ചുള്ള സാമൂഹികശാസ്ത്രപരമായ പഠനങ്ങൾ പ്രദർശനമൂല്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. വാഹനങ്ങളുടെ കാര്യത്തിൽ ഈ സാമൂഹിക പ്രദർശനം പലപ്പോഴും റോഡിലെ പെരുമാറ്റത്തിലേക്കുകൂടി വ്യാപിക്കുന്നു. വിലയേറിയ വാഹനത്തിന്റെ ഉടമസ്ഥത തനിക്ക് റോഡിൽ കൂടുതൽ അധികാരമുണ്ടെന്ന തെറ്റായ ബോധത്തിലേക്ക് ചിലരെ നയിക്കുന്നു. ഇവിടെയാണ് ഉപഭോഗ പ്രദർശന സംസ്കാരം ആധിപത്യ മനോഭാവവുമായി ഇടകലരുന്നത്. വാഹനത്തിന്റെ ഭൗതികശക്തി വ്യക്തിയുടെ സാമൂഹികശക്തിയായി വ്യാഖ്യാനിക്കപ്പെടുന്നു.
റോഡ് എല്ലാവരുടേതുമാണെന്ന ജനാധിപത്യബോധത്തിനു പകരം ശക്തിയുള്ളവന് കൂടുതൽ അവകാശമുണ്ടെന്ന കാടൻ നിയമം അവിടെ പ്രവർത്തിക്കുന്നു. റോഡിൽ മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കേണ്ടിവരുന്നത് സ്വന്തം പദവിക്ക് കോട്ടംവരുത്തുന്നതായും വേഗം കുറയ്ക്കേണ്ടിവരുന്നത് സ്വന്തം കഴിവിനോ അധികാരത്തിനോ നേരേയുള്ള വെല്ലുവിളിയായും ചിലർ കാണുന്നു. ഇത് വ്യക്തികളുടെ അപചയം മാത്രമല്ല. സമ്പത്തും അധികാരവും സാമൂഹിക പദവിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപഭോഗസംസ്കാരത്തിന്റെ പ്രകടനമാണിത്.
ഉറപ്പില്ലാത്ത നിയമങ്ങൾ?
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും നിയമലംഘനത്തിന് നടപടിയുണ്ടാകുമെന്നും വ്യക്തികൾ തിരിച്ചറിയുമ്പോഴാണ് പൊതുവഴിയിൽ നിയമം കൃത്യമായി പാലിക്കപ്പെടുന്നത്. എന്നാൽ നിയമലംഘനത്തിന് ശിക്ഷ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെന്നും ഒരാൾക്ക് തോന്നുമ്പോൾ അയാളുടെ പെരുമാറ്റത്തിൽ അധികാരബോധവും നിയമലംഘനവും വർധിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ശിക്ഷയുടെ കാഠിന്യത്തേക്കാൾ ശിക്ഷ ലഭിക്കുമെന്ന ഉറപ്പാകണം കുറ്റകൃത്യങ്ങളെ തടയുന്നതിൽ നിർണായകമാകുന്നത്. റോഡിലെ കാമറകൾ, പൊലിസ് സാന്നിധ്യം, സിഗ്നലുകൾ എന്നിവ പുറമേനിന്നുള്ള നിയന്ത്രണ സംവിധാനങ്ങളാണ്.
നിയമമല്ല നൈതികത
നിയന്ത്രണങ്ങൾ ഇല്ലാത്തപ്പോഴും നിയമം പാലിക്കണം എന്ന ബോധ്യം വളരേണ്ടതുണ്ട്. നിയമം ലംഘിക്കരുത് എന്നതിനപ്പുറം എന്തുകൊണ്ട് ലംഘിക്കരുത് എന്ന ധാർമികബോധം പ്രധാനമാണ്. ഒരു വ്യക്തി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് കാമറയെയോ പൊലിസിനെയോ ഭയന്നല്ല, മറിച്ച് താൻ മുന്നോട്ടെടുത്താൽ മറുവശത്തുനിന്ന് വരുന്ന ഒരാളുടെ ജീവൻ അപകടത്തിലാകാമെന്ന ബോധ്യംകൊണ്ടാണെങ്കിൽ അയാളുടെ ചിന്ത ശരിയായ രീതിയിൽ സഞ്ചരിച്ചുതുടങ്ങിയെന്ന് ഉറപ്പിക്കാം. മറ്റൊരാളുടെ ജീവനെ സ്വന്തം ജീവന്റെ അത്രതന്നെ വിലമതിക്കാൻ കഴിയുക എന്നതാണ് നല്ല റോഡ് സംസ്കാരത്തിന്റെ അടിസ്ഥാനം.
വാഹനം ഓടിക്കുന്ന വ്യക്തി നിരന്തരം ഓർക്കേണ്ട സുപ്രധാന കാര്യമാണ് - താൻ റോഡിൽ എടുക്കുന്ന ഓരോ തീരുമാനവും മറ്റൊരാളുടെ ജീവിതത്തെ ബാധിക്കാമെന്നത്, ഒരു നിമിഷത്തെ അക്ഷമ, ഒരു തെറ്റായ ഓവർടേക്കിംഗ്, അനാവശ്യ മത്സരയോട്ടം, ഫോണിലേക്കുള്ള നോട്ടം-ഇവയൊക്കെ മറ്റൊരാളുടെ ജീവിതത്തിന്റെ അവസാനമായി മാറാം.
റോഡിലേക്ക് ഇറങ്ങുന്ന നിരാശർ
മനുഷ്യർ ഇന്നു പൊതുവെ നിരാശരാണ്. സംഘർഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും ഇത്തരം സംഘർഷങ്ങൾ ഡ്രൈവിംഗിൽ കലരുന്നുണ്ട്. ദേഷ്യവും വിദ്വേഷവും ചിലപ്പോൾ വേഗമായി പരിണമിക്കുന്നു. ജീവിതത്തിലെ പരാജയങ്ങളെയും നിരാശകളെയും അതിവേഗത്തിൽ വാഹനമോടിച്ച് മറക്കാൻ ശ്രമിക്കുന്നവരുണ്ട്. റോഡിലെ മത്സരംകൊണ്ട് എന്തു നേടാൻ. ഒരിക്കലും പിന്നീട് കാണാൻ സാധ്യതയില്ലാത്ത അദൃശ്യനായ ഒരു ഡ്രൈവറെ മറികടക്കുന്നതിലൂടെ എന്താണ് ഒരാൾ തെളിയിക്കുന്നത്? ആരോടാണ് അയാൾ മത്സരിക്കുന്നത്?
മറ്റൊരു വാഹനം മുന്നിൽ കയറുന്നത് വ്യക്തിപരമായ അപമാനമായി കാണുക, ഹോൺ മുഴക്കി ഭീഷണിപ്പെടുത്തുക, വഴികൊടുക്കാത്തവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുക തുടങ്ങിയവ റോഡിലെ ആക്രമണസ്വഭാവത്തിന്റെ ഭാഗമാണ്. ഡ്രൈവിംഗിലെ ചെറിയ വൈകാരികപ്രശ്നമല്ല. വ്യക്തിയുടെ ആത്മനിയന്ത്രണത്തിന്റെയും സാമൂഹിക പക്വതയുടെയും പ്രശ്നമാണ്.
വേഗവും പൗരുഷവും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ശരിയാണോ? അമിതവേഗത്തിൽ വാഹനമോടിക്കുന്നതിലൂടെ പുരുഷത്വം തെളിയിക്കാമെന്ന ധാരണ യഥാർഥത്തിൽ പക്വതയില്ലായ്മയുടെ പ്രകടനമാണ്. മറ്റുള്ളവരുടെ ജീവനും സ്വന്തം ജീവനും അപകടത്തിലാക്കുന്ന പ്രവൃത്തി ധൈര്യമല്ല; ഉത്തരവാദിത്വമില്ലായ്മയാണ്.
റോഡപകടങ്ങൾക്ക് വ്യക്തികളുടെ അശ്രദ്ധ മാത്രമല്ല കാരണം. റോഡുകളുടെ അപര്യാപ്തത, അശാസ്ത്രീയ നിർമാണം, അപകടക വളവുകൾ, മതിയായ സൂചനാബോർഡുകളുടെ അഭാവം, വെളിച്ചക്കുറവ്, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ അഭാവം, റോഡ് കൈയേറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളും പങ്കുവഹിക്കുന്നു. വാഹനങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യ വളരുകയാണ്.
എയർബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ തുടങ്ങിയവ വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്നു. എന്നാൽ വാഹനങ്ങളുടെ സാങ്കേതികസുരക്ഷ മാത്രം മതിയാകില്ല. സുരക്ഷിതമായ റോഡുകൾ, ശാസ്ത്രീയമായ ഗതാഗതസംവിധാനം, കാര്യക്ഷമമായ നിയമനിർവഹണം എന്നിവയും ആവശ്യമാണ്.
റോഡുപാപങ്ങൾ
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ പള്ളികളും ക്ഷേത്രങ്ങളും മോസ്കുകളും കേവലം ആരാധനാലയങ്ങൾ മാത്രമല്ല. വലിയ സാമൂഹിക സ്വാധീനവും ജനങ്ങളുമായി നിരന്തര സമ്പർക്കവുമുള്ള സ്ഥാപനങ്ങളാണ്. മതനേതാക്കളുടെ വാക്കുകൾ കുടുംബങ്ങളിലേക്കും യുവജനങ്ങളിലേക്കും സാധാരണ വിശ്വാസികളുടെ ദൈനംദിന ജീവിതത്തിലേക്കും എത്തുന്നുണ്ട്.
ആ സ്വാധീനം റോഡ് നൈതികതയുടെ രൂപീകരണത്തിന് ഉപയോഗിച്ചുകൂടേ? മതങ്ങൾ മനുഷ്യന്റെ ധാർമിക ജീവിതത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നുണ്ട്. പാപം, പുണ്യം, വിശുദ്ധി, ആത്മനിയന്ത്രണം, സഹജീവിസ്നേഹം, കാരുണ്യം തുടങ്ങിയ ആശയങ്ങൾ മതപ്രബോധനങ്ങളുടെ കേന്ദ്രത്തിലുണ്ട്. എന്നാൽ ഈ ആശയങ്ങൾ മനുഷ്യന്റെ പൊതുജീവിതത്തിലേക്ക് എത്രത്തോളം വ്യാപിക്കുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഒരു വ്യക്തി മതപരമായ എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി നിർവഹിക്കുകയും ആരാധനാലയങ്ങളിൽ സ്ഥിരമായി പോകുകയും ചെയ്തശേഷം റോഡിൽ മറ്റുള്ളവരുടെ ജീവനുമായി നിരുത്തരവാദപരമായി പെരുമാറുന്നുവെങ്കിൽ മതബോധത്തിൽ അടിസ്ഥാനപരമായ വൈരുധ്യമുണ്ട്. എന്തുകൊണ്ടാണ് മതനേതാക്കളും ധ്യാനഗുരുക്കന്മാരും ഈ വിഷയത്തിൽ വേണ്ടത്ര സംസാരിക്കാത്തത്? പ്രബോധനങ്ങൾ സ്വകാര്യജീവിതത്തിലെ പെരുമാറ്റങ്ങളെ സ്പർശിക്കുകയും പൊതുജീവിതത്തിലെ ഉത്തരവാദിത്വലംഘനങ്ങളെ അവഗണിക്കുകയും ചെയ്യുന്നുണ്ടോ?
മറ്റൊരാളുടെ ജീവനെടുക്കാൻ ഇടയാക്കുന്ന അശ്രദ്ധയും അമിതവേഗവും ധാർമിക പ്രശ്നമാണെന്ന ധാരണ മനുഷ്യമനസുകളിൽ ഉയരേണ്ടതുണ്ട്. യുവജനസംഗമങ്ങളിലും കുടുംബസമ്മേളനങ്ങളിലും മതബോധന ക്ലാസുകളിലും ഞായറാഴ്ച പ്രസംഗങ്ങളിലും റോഡ് നൈതികത പരാമർശിക്കപ്പെടണം. മതങ്ങളുടെ യഥാർഥ ശക്തി മനുഷ്യനെ ഭയപ്പെടുത്തുന്നതിലല്ല, മറിച്ച്, മനുഷ്യനിൽ കരുണയും ഉത്തരവാദിത്വബോധവും വളർത്തുന്നതിലാണ്.
Drive carefully.
സ്റ്റിയറിംഗിൽ കൈകൾ വയ്ക്കുമ്പോൾ ഓർക്കുക; ആ യാത്ര നമ്മെ എത്തിക്കേണ്ടത് മരണഗർത്തത്തിലേക്കല്ല, മറിച്ച് സ്നേഹമുള്ളവരുടെ അരികിലേക്കാണ്; നമ്മുടെയും അവരുടെയും.
അപകടങ്ങളും മരണങ്ങളും
വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ജീവിതനിലവാരത്തിൽ യൂറോപ്പിനൊപ്പം കുതിക്കുമ്പോഴും റോഡുകളുടെ കാര്യത്തിൽ എത്ര പിറകിലാണ് നാം. തൊട്ടടുത്തു കിടക്കുന്ന സംസ്ഥാനങ്ങൾപോലും റോഡുകളുടെ കാര്യത്തിൽ നമ്മളേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. ആധുനിക കേരളം നേരിടുന്ന ഏറ്റവും സങ്കീർണവും എന്നാൽ വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടാത്തതുമായ സാമൂഹിക-ആരോഗ്യ പ്രതിസന്ധിയാണ് റോഡുകളിൽ സംഭവിക്കുന്ന തുടർച്ചയായ അപകടങ്ങളും മരണങ്ങളും.
രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ വികസിക്കുകയും വാഹനസാന്ദ്രത വർധിക്കുകയും ചെയ്യുമ്പോഴും അതിനനുസൃതമായ പൗരബോധവും ഗതാഗത അച്ചടക്കവും വളരുന്നില്ലെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മൾ അതിവേഗം എത്തിച്ചേർന്നിരിക്കുന്നത്.
റോഡപകടങ്ങളൾ കേവലം ഗതാഗതനിയമങ്ങളുടെ ലംഘനമോ ഡ്രൈവിംഗ് പിഴവോ മാത്രമായി ചുരുക്കിക്കാണുന്നത് ശരിയല്ല. പൊതുജനാരോഗ്യത്തെയും സാമൂഹിക സുരക്ഷയെയും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നമാണ്. അപകടത്തിൽ മരിക്കുന്നയാളുടെ ജീവിതം മാത്രമല്ല അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ നിലനിൽപ്പുകൂടിയാണ് തകരുന്നത്. അംഗവൈകല്യങ്ങളോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുടെ ശാരീരികവും മാനസികവുമായ ദുരിതങ്ങൾ മറുവശത്തുണ്ട്.
Tags : intoxicating speed Deepika DeepikaNewspaper BreakingNews fast—an intoxicating speed