ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ ആണവനയത്തിൽ നിർണായകമായ മാറ്റം വരുത്തിക്കൊണ്ട് ആദ്യമായി 12 ആണവ പോർമുനകൾ വിന്യാസ സജ്ജമാക്കിയതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയുധശേഖരങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രശസ്ത സ്വീഡിഷ് സംഘടനയായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2026 ജനുവരിയോടെ ഇന്ത്യയുടെ ആകെ ആണവ പോർമുനകളുടെ എണ്ണം 190 ആയി വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആദ്യമേ ആണവായുധം ഉപയോഗിക്കില്ല എന്ന പ്രഖ്യാപിത നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ മിസൈലുകളിലേക്ക് പെട്ടെന്ന് ഘടിപ്പിക്കാൻ പാകത്തിൽ പോർമുനകൾ സജ്ജമാക്കി നിർത്തുന്നത് ഇതാദ്യമായാണ്. അതിർത്തിയിലെ നിലവിലെ വെല്ലുവിളികളും അയൽരാജ്യങ്ങളുടെ വർധിച്ചുവരുന്ന സൈനിക ശേഷിയും കണക്കിലെടുത്ത് പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
എങ്കിലും, പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ആഗോള റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല. പതിറ്റാണ്ടുകളായി രാജ്യം തുടരുന്ന 'ഏറ്റവും കുറഞ്ഞ ആണവ പ്രതിരോധം' എന്ന നയത്തിന് അനുസൃതമായി തന്നെയാണ് നിലവിലെ നീക്കങ്ങളെന്നാണ് സൂചനകൾ.
2026-ന്റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തരകൊറിയ, ഇസ്രയേൽ എന്നീ ഒമ്പത് രാജ്യങ്ങളുടെ പക്കലായി ലോകത്താകെ ഏകദേശം 12,187 ആണവായുധങ്ങളുണ്ട്. ആഗോളതലത്തിൽ ആണവ വാർഹെഡുകളുടെ ആകെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴാണ് ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ഇന്ത്യ തങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നത്.
Tags : Missiles Nuclear Warhead Latest News