ശക്തി സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം; കാടകം മികച്ച നാടകം, സംവിധായകൻ പ്രകാശൻ തച്ചങ്ങാട്
അനിൽ സി. ഇടിക്കുള
Friday, May 2, 2025 1:25 PM IST
അബുദാബി: പ്രമുഖ നാടകപ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച തെരുവ് നാടകമത്സരത്തിൽ മികച്ച നാടകമായി ശക്തി തിയറ്റേഴ്സ് നാദിസിയ മേഖല അവതരിപ്പിച്ച "കാടകം' തെരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് ശക്തി തിയറ്റേഴ്സ് ഷാബിയ മേഖല അവതരിപ്പിച്ച വെട്ടുകിളികളും ശക്തി തിയറ്റേഴ്സ് നജ്ദ യൂണിറ്റ് അവതരിപ്പിച്ച ദുരന്തഭൂമിയും പങ്കിട്ടെടുത്തു.
കാടകം സംവിധാനം ചെയ്ത പ്രകാശൻ തച്ചങ്ങാടിനെ മികച്ച സംവിധായകനായും രണ്ടാമത്തെ സംവിധായികയായി "വെട്ടുകിളികൾ' സംവിധാനം ചെയ്ത ശ്രീഷ്മ അനീഷിനെയും തെരഞ്ഞെടുത്തു.
മികച്ച നടനായി കാടകത്തിൽ അഭിനയിച്ച ശ്രീബാബു പിലിക്കോടിനേയും രണ്ടാമത്തെ നടനായി ഒണ്ടാരിയോ തിയറ്റേഴ്സ് ദുബായി അവതരിപ്പിച്ച ചതുരകൂപത്തിലെ നന്ദകുമാറിനെയും തെരഞ്ഞെടുത്തു.
മികച്ച നടി രൂഷ്മ (ചതുരകൂപം), രണ്ടാമത്തെ നടി ഷീന സുനിൽ (കാടകം). മികച്ച ബാലതാരമായി ദുരന്ത ഭൂമിയിൽ അഭിനയിച്ച(അൻവിത സരോയെ തെരഞ്ഞെടുത്തപ്പോൾ അഖണ്ഡ ദുബായി അവതരിപ്പിച്ച "ഗർ' എന്ന നാടകത്തിൽ അഭിനയിച്ച ദൈഷ്ണയ്ക്കായിരുന്നു രണ്ടാം സ്ഥാനം.
ശക്തി പ്രസിഡന്റ് കെ. വി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ, അൽ നസ്ർ ജനറൽ സർവീസസ് മാനേജിംഗ് ഡയറക്ടർ രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.
ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ശക്തി ആക്ടിംഗ് ജനറൽ സെക്രട്ടറി വി.വി. നികേഷ്, കലാവിഭാഗം സെക്രട്ടറി അജിൻ പോത്തെറ, അസി. കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.