രാജേഷ് കുമാറിന് സോഷ്യൽ എക്സലൻസ് അവാർഡ്
Thursday, May 1, 2025 5:31 PM IST
സിംഗപ്പുർ സിറ്റി: കല സിംഗപ്പുർ സോഷ്യൽ എക്സലൻസ് അവാർഡ് പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റർ രാജേഷ് കുമാറിന്. വാർഷിക വിഷു നൈറ്റ് ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അംബാസിഡർ കെ. കേശവപാണി രാജേഷ് കുമാറിന് അവാർഡ് കെെമാറി.
കല പ്രസിഡന്റ് ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിംഗപ്പുർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് കുമാർ മുഖ്യാതിഥിയായിരുന്നു. സിംഗപ്പുരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം.
2012ൽ സിംഗപ്പുരിലെ ഇന്ത്യൻ ന്യൂസ് പേപ്പർ എന്ന നിലയിലാണ് പ്രവാസി എക്സ്പ്രസ് എന്ന മാധ്യമ സ്ഥാപനത്തിന് രാജേഷ് തുടക്കം കുറിക്കുന്നത്.
സിംഗപ്പുരിലെ നാടക പ്രവർത്തങ്ങൾക്ക് വേദിയായിരുന്ന സിംഗപ്പുർ കൈരളി കലാനിലയം പുനരുജ്ജീവിപ്പിക്കാൻ മുൻകൈ എടുത്തത് രാജേഷ് കുമാറാണ്. പിന്നീട് നിരവധി നാടകങ്ങൾ അരങ്ങിൽ എത്തിക്കാനും രാജേഷ് നേതൃത്വം വഹിച്ചു.
കൂടാതെ സിംഗപ്പുർ കൈരളി ഫിലിം ഫോറം എന്ന കൂട്ടായ്മ സംഘടിപ്പിക്കുകയും ഇൻഡിപെൻഡന്റ് സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജേഷ്, നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.
അകലെ, അൺ മാസ്ക്ഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ ശ്രമങ്ങളും നയിച്ചുകൊണ്ടും പ്രശംസ നേടിയിട്ടുണ്ട്.
സിംഗപ്പുർ സാംസ്കാരിക രംഗത്തും കലാ രംഗത്തും യുവ തലമുറയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെ കൂടി മുൻനിർത്തിയാണ് രാജേഷ് കുമാറിന് ഈ അംഗീകാരം നൽകിയത്.
ശ്രീകാന്ത് മേനോൻ (നടൻ), ബിനോ എബ്രഹാം, ജിന്റോ ജോസ്, ജോർജ് വർഗീസ്, ജയകുമാർ നാരായണൻ, ക്യാപ്റ്റൻ രാജേഷ് കുറുപ്പ് എന്നിവർ ബിസിനസ് എക്സലൻസ് അവാർഡിന് അർഹരായി.