"ഫത്ഹെ മുബാറക്': ഐസിഎഫ് മദ്രസകളിൽ വിദ്യാരംഭം
അബ്ദുല്ല നാലുപുരയിൽ
Thursday, May 1, 2025 1:39 PM IST
കുവൈറ്റ് സിറ്റി: ഓൾ ഇന്ത്യ സുന്നി എഡ്യൂക്കേഷണൽ ബോർഡിന് കീഴിൽ കുവൈറ്റ് ഐസിഎഫ് നടത്തി വരുന്ന മദ്രസകളിൽ പ്രവേശനോത്സവം "ഫത്ഹെ മുബാറക്' സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ജലീബ് മദ്റസയിലും വെള്ളിയാഴ്ച രാവിലെ എട്ടിന് ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ മദ്രസകളിലുമാണ് പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാരംഭം കുറിക്കപ്പെടുന്നത്.
മദ്രസ മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഒത്തുചേരുന്ന വിദ്യാരംഭ സംഗമങ്ങളിൽ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥി ആയിരിക്കുമെന്ന് ഐസിഎഫ് കുവൈറ്റ് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ മദ്രസ മാനേജ്മെന്റ് കമ്മിറ്റികളുടെയും ഐസിഎഫ് റീജിയൺ കമ്മിറ്റികളുടെയും നേതൃത്വത്തിൽ തയാറെടുപ്പുകൾ പൂർത്തിയായതായി ഐസിഎഫ് നാഷണൽ കമ്മിറ്റി അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ആവശ്യമുള്ളവർക്ക് 51535588, 65932531, 99493803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇതു സംബന്ധമായി ചേർന്ന കാബിനറ്റ് യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഷമീർ മുസ്ലിയാർ സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു.