വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് സമ്മർഫെസ്റ്റ് നടത്തി
Wednesday, August 14, 2019 10:46 PM IST
കൊളോണ്‍ : വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും സമ്മർഫെസ്റ്റും സംയുക്തമായി നടത്തി. കൊളോണ്‍ റ്യോസ്റാത്തിലെ സെന്‍റ് സെർവാറ്റിയൂസ് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ ജോസ് കുന്പിളുവേലിൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് ജോളി എം പടയാട്ടിൽ സ്വാഗതം ആശംസിച്ചു.

ഡബ്ല്യുഎംസി മുൻ ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹിയും ജർമൻ മലയാളിയുമായ ജോണ്‍ കൊച്ചുകണ്ടത്തിലിന്‍റെ നിര്യാണത്തിൽ യോഗം ശ്രദ്ധാജ്ജ്ഞലിയർപ്പിച്ചു.

സംഘടനയുടെ ആനുകാലിക വിഷയങ്ങളിൽ ഉൗന്നിയ ചർച്ചകളിൽ ജോസഫ് കില്ലിയാൻ (ഗ്ലോബൽ ജനറൽ സെക്രട്ടറി),തോമസ് അറന്പൻകുടി (ഗ്ലോബൽ ട്രഷറാർ), ജോളി തടത്തിൽ (യൂറോപ്പ് റീജിയൻ ചെയർമാൻ),ഗ്രിഗറി മേടയിൽ (യൂറോപ്പ് റീജിയൻ പ്രസിഡന്‍റ്), ജോസുകുട്ടി കളത്തിപ്പറന്പിൽ (പ്രൊവിൻസ് ട്രഷറർ), ബാബു ചെന്പകത്തിനാൽ, സോമശേഖരപിള്ളൈ, ജോണ്‍ മാത്യു, മാത്യു തൈപ്പറന്പിൽ, അച്ചാമ്മ അറന്പൻകുടി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രൊവിൻസ് സെക്രട്ടറി മേഴ്സി തടത്തിൽ നന്ദി പറഞ്ഞു. ചിന്നു പടയാട്ടിലിന്‍റെ നേതൃത്വത്തിൽ നടന്ന ബാർബിക്യു പാർട്ടിയോടെ പരിപാടികൾ സമാപിച്ചു.

കാൽനൂറ്റാണ്ടിലേയ്ക്കു കടക്കുന്ന ഡബ്ല്യുഎംസിയുടെ സിൽവർ ജൂബിലിയാഘോഷങ്ങൾ 2020 ജൂലൈ മൂന്നു മുതൽ അഞ്ചുവരെ കോഴിക്കോട് നടക്കുമെന്ന് ഗ്ലോബൽ സെക്രട്ടറി അറിയിച്ചു. പ്രൊവിൻസിൽ നിന്നും കൂടുതൽ അംഗങ്ങൾ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാൻ യോഗത്തിൽ തീരുമാനമായി. കേരള സർക്കാരിന്‍റെ കേരള പുനർ നിർമിതി ത്വരിത ഗതിയിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് അഭ്യർഥിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് സഹായധനമായി ഡബ്ല്യുഎംസി ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ