പിന്‍മാറ്റ കരാര്‍ അംഗീകരിപ്പിക്കാന്‍ തീവ്രയജ്ഞ പരിപാടിയുമായി ബോറിസ്
Tuesday, October 8, 2019 12:26 PM IST
ലണ്ടന്‍: പുതുതായി അവതരിപ്പിച്ച ബ്രെക്‌സിറ്റി പിന്‍മാറ്റ കരാറിലെ ഭിന്നത മറികടക്കാനുള്ള കഠിനശ്രമത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ കസ്റ്റംസ് പരിശോധന ഒഴിവാക്കുമെന്ന നിര്‍ദേശമുള്‍പ്പെടുത്തിയിട്ടുണ്‌ടെങ്കിലും ബാക്ക്‌സ്റ്റോപ്പ് ഒഴിവാക്കിയ ബോറിസിന്റെ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടില്ല.

പദ്ധതി മുഴുവനായി പ്രസിദ്ധീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതി യൂണിയനു കൈമാറിയതല്ലാതെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ബ്രിട്ടന്‍ തയാറായിരുന്നില്ല. വിവിധ യൂറോപ്യന്‍ രാജ്യ തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കരാറിന് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബോറിസ് ഇപ്പോള്‍.

ഇതിനിടെ, ബ്രെക്‌സിറ്റ് കരാറില്‍ 19-നകം സമവായത്തിലെത്താനായില്ലെങ്കില്‍ സമയംനീട്ടി നല്‍കാനാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തുനല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്‌കോട്ടിഷ് കോടതിയില്‍ നല്‍കിയ രേഖകളില്‍ സൂചിപ്പിച്ചിട്ടുള്ളത് ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കരാറില്‍ ധാരണയിലെത്തിയാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31-ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണിത്.

യൂറോപ്യന്‍ യൂണിയനോട് ബ്രെക്‌സിറ്റ് തീയതി ജനുവരി 31-ലേക്കു നീട്ടാനാവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച നിയമം (ബെന്‍ നിയമം) പാസാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടി എം.പി. ഹിലരി ബെന്നിന്റെ പേരിലുള്ളതാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നല്‍കിയ രേഖകളിലെ പരാമര്‍ശം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍