ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശേരി അതിരൂപതയ്ക്ക് സമ്മാനിച്ചു
Tuesday, October 8, 2019 7:06 PM IST
കൊളോണ്‍:കാലം ചെയ്ത മാർപാപ്പ വിശുദ്ധ ജോണ്‍ പോൾ രണ്ടാമന്‍റെ തിരുശേഷിപ്പ് പോളണ്ടിലെ ക്രാക്കോവ് അതിരൂപത ചങ്ങനാശേരി അതിരൂപതയ്ക്ക് സമർപ്പിച്ചു. കഴിഞ്ഞ ദിവസം പോളണ്ട് സന്ദർശിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുൻ അതിരൂപതാധ്യക്ഷനും എമരിറ്റസ് കർദിനാൾ ആർച്ച് ബിഷപ്പുമായ സ്റ്റനിസ്ളാവ് ഡ്വിറ്റ്സിൽ നിന്നും അതിരൂപതയിലെ വിശ്വാസികൾക്ക് അൾത്താര വണക്കത്തിനായി സ്വീകരിച്ചു.
ജോണ്‍പോൾ രണ്ടാമന്‍റെ ഇന്‍റർനാഷണൽ പേഴ്സണൽ സെക്രട്ടറിയുമായി 37 വർഷം സേവനം ചെയ്തിട്ടുണ്ട് എമരിറ്റസ് കർദിനാൾ ഡ്വിറ്റ്സ്.

കർദ്ദിനാൾ ഡ്വിറ്റ്സുമായി കൂടിക്കാഴ്ച നടത്തിയ മാർ പെരുന്തോട്ടം മൂന്നു ദിവസം ക്രാക്കോവിൽ ചെലവഴിച്ചു. സെന്‍റ് മേരീസ് കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ചു. ജോണ്‍ പോൾ രണ്ടാമനോടൊപ്പം രണ്ടുതവണ ഇന്ത്യ സന്ദർശിച്ച കർദിനാൾ ഡ്വിറ്റ്സ് രണ്ടുതവണയും കേരളത്തിൽ എത്തിയിരുന്നു. അന്നത്തെ സന്ദർശന മുഹൂർത്തങ്ങളും ഡ്വിറ്റ്സ് പെരുന്തോട്ടം പിതാവുമായി പങ്കുവച്ചു. തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നൽകിയതിന് നന്ദി പറഞ്ഞ മാർ പെരുന്തോട്ടം കർദ്ദിനാൾ ഡ്വിറ്റ്സിനെ കേരളത്തിലേയ്ക്ക് വീണ്ടും ക്ഷണിക്കുകയും ചെയ്തു.

മാർ പെരുന്തോട്ടത്തിന്‍റെ പോളണ്ട് സന്ദർശനത്തിനൊപ്പം ജർമനിയിലെ കൊളോണിൽ സേവനം ചെയ്യുന്ന ഫാ. ജേക്കബ് ആലയ്ക്കൽ സിഎംഐയും ഉണ്ടായിരുന്നു. ക്രാക്കോവിലെ ലോകപ്രശസ്തമായ കറ്റെഡ്ര വാവെൽസ്ക (വാവെൽ കത്തീഡ്രൽ ഓഫ് സെന്‍റ് സ്റ്റാനിസ്ലാവ്, വാക്ലാവ്), ജോണ്‍ പോൾ രണ്ടാമൻ മ്യൂസിയം, ഓഷ്വിറ്റ്സിലെ കോണ്‍സെൻട്രേഷൻ ക്യാന്പ്, വി. ഫൗസ്റ്റിനയുടെ കോണ്‍വെന്‍റ്, ജോണ്‍പോൾ രണ്ടാമന്‍റെ ജന്മഗൃഹം എന്നിവയും സന്ദർശിച്ച് ഇരുവരും പ്രാർഥന നടത്തി.

സ്പെയിൻ, റൊമാനിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മാർ പെരുന്തോട്ടം ജർമനിയിലെത്തിയത്. ജർമനിയിലെ ബാംബെർഗ് രൂപതയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി അതിരൂപതയിലെ വൈദികരുമായി കൂടിക്കണ്ട ശേഷമാണ് കൊളോണിലെത്തിയത്. കൊളോണിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗം ഫാ.ജോർജ് വെന്പാടുംതറയുമായും പിതാവ് ആശയവിനിമയം നടത്തി.

പിതാവുമായി ലേഖകൻ കൊളോണിൽ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിവരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ