നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
Sunday, December 8, 2019 12:57 PM IST
ഓഷ്വിറ്റ്‌സ്: ജര്‍മന്‍ ചാന്‍സലറായ ശേഷം അംഗല മെര്‍ക്കല്‍ ആദ്യമായി ഓഷ്വിറ്റ്‌സ് സന്ദര്‍ശിച്ചു. പോളണ്ടിലെ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് മോചിപ്പിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെര്‍ക്കലിന്റെ സന്ദര്‍ശനം.

നാസികള്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ജര്‍മനിക്ക് അവസാനിക്കാത്ത ഉത്തരവാദിത്വമാണുള്ളതെന്ന് സന്ദര്‍ശനവേളയില്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം ജര്‍മനിക്കാരുടെ ദേശീയ വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണെന്നും അവര്‍ പറഞ്ഞു.

ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മെര്‍ക്കലിന്റെ ഓഷ്വിറ്റ്‌സ് സന്ദര്‍ശനവും ഈ അഭിപ്രായപ്രകടനവും. 1.1 മില്യന്‍ ആളുകളെയാണ് നാസി ഭരണകൂടം ഓഷ്വിറ്റ്‌സ് ക്യാംപില്‍ വച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ജൂതരുമായിരുന്നു.

പോഷിഷ് പ്രധാനമന്ത്രി മത്തേവൂസ് മോറാവീക്കിയും ഓഷ്വിറ്റ്‌സ് തടവറയില്‍ നിന്ന് ജീവനോടെ പുറത്തുവന്ന ബോഗ്ദാന്‍ സ്റ്റാനിസ്‌ളാവ് ബാര്‍ട്ടനികോവ്‌സ്‌കിയും സന്ദര്‍ശനവേളയില്‍ മെര്‍ക്കലിന് ഒപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍