ലൂക്കനിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ജനുവരി 26 ന്
Friday, January 24, 2020 6:32 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്‍ററിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 നു (ഞായർ) ഉച്ചകഴിഞ്ഞു 3:30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന തുടർന്നു നൊവേന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ ദിനം കഴുന്ന് ( അമ്പ്) എഴുന്നള്ളിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. എല്ലാ സെബാസ്റ്റ്യൻ, സെബി, ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തും.

വിശ്വാസം കാത്തു പരിപാലിക്കുന്നതിനു മാതൃക കാട്ടിത്തന്ന റോമയിലെ വിശുദ്ധ വേദസാക്ഷി സെബാസ്ത്യാനോസ് സഹദായുടെ ജീവിതം നമുക്കു പ്രചോദനമാകട്ടെ. ഒരു കാലത്ത് നമ്മുടെ നാട്ടിലെ പഞ്ഞം, പട, വസന്ത തുടങ്ങിയവയിൽ നിന്നു മോചനം ലഭിക്കാനായി വിശുദ്ധ സെബാസ്ത്യാനോസിനോട് പൂർവികർ പ്രാർഥിച്ചിരുന്നു. മാറാരോഗങ്ങളാലും പകർച്ചവ്യാധികളാലും വിഷമിക്കുന്നവരുടെ മധ്യസ്ഥനായ സെബസ്ത്യാനോസിന്‍റെ മാധ്യസ്ഥം തേടി പ്രാർഥിക്കുവാനും വിശുദ്ധന്‍റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ