ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി
Wednesday, February 26, 2020 10:11 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ദയാവധത്തിന് രാജ്യത്തെ പരമോന്ന കോടതി അനുമതി നൽകി. അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധത്തിന്റെ വകഭേദങ്ങള്‍ നിരോധിക്കുന്ന വകുപ്പ് ജര്‍മന്‍ ക്രിമിനല്‍ നടപടിചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയാണ് ജര്‍മനിയിലെ കാള്‍സ്റൂ ആസ്ഥാനമായുള്ള പരമോന്നത കോടതി വിധി. കോടതിയുടെ ഫുള്‍ ബഞ്ചിന്‍റെ ഉത്തരവോടെ ജര്‍മന്‍ നിയമ വ്യവസ്ഥയിലെ 217-ാം ഖണ്ഡിക ഇതോടെ അസാധുവായി. ജര്‍മനി ആകാംക്ഷയോടെയാണ് കാത്തിരുന്ന സുപ്രധാന വിധി ബുധനാഴ്ചയാണ് ഉണ്ടായത്.

മാറാരോഗങ്ങള്‍ ബാധിച്ച് മരണം കാത്തിരിക്കുന്നവർക്കും ആരോഗ്യ രംഗത്തെ പ്രഫഷണലുകൾക്കും കോടതി വിധി ഏറെ ആശ്വാസകരമായി.

ദയാവധം ബിസിനസായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതിനുള്ള നിരോധനം രാജ്യം തുടരുന്നത്. ജര്‍മനിയില്‍ ഇതിനു സൗകര്യമില്ലാത്തതിനാല്‍ പലരും ദയാവധം നിയമവിധേയമായ വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് സ്വിറ്റ്സര്‍ലന്‍ഡിലും നെതര്‍ലന്‍ഡിലും ബെല്‍ജിയത്തിലും ലക്സംബര്‍ഗിലും പോയി ഇതിനു വിധേയരാകുന്നു എന്ന പ്രത്യേകതയും നിലവിലുണ്ട്.

2015 ല്‍ നിലവില്‍ വന്ന അടിസ്ഥാന നിയമം ലംഘനത്തിനു വീഴ്ചയുണ്ടാകാത്ത തരത്തിലുള്ള വിധിയാണ് ഉണ്ടായിരിക്കുന്നതെന്നു ഫെഡറല്‍ ഭരണഘടനാ കോടതി പ്രസിഡന്‍റ് ആന്‍ഡ്രിയാസ് വോകുഹ്ളെ പറഞ്ഞു. സ്വയം നിര്‍ണയിക്കാവുന്ന മരണത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യവും മൂന്നാം കക്ഷികളില്‍ നിന്നുള്ള ഓഫറുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. രോഗികള്‍, ദയാവധം തൊഴിലാളികള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് നിയമം ജഡ്ജിമാര്‍ പുന:പരിശോധിച്ചത്.

മാരകമായ രോഗികളുടെ സാന്ത്വന ചികില്‍സ നടത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഡോക്ടര്‍ ഭയപ്പെട്ടിരുന്നു. ചില കേസുകളില്‍ രോഗികള്‍ക്ക് മാരകമായ മരുന്ന് നല്‍കാന്‍ സ്വാതന്ത്ര്യം ലഭിക്കണമെന്നും അവര്‍ ആഗ്രഹിച്ചത് ഇതോടെ സഫലമായി. ജര്‍മനിയിൽ ദയാവധത്തിന് 2015 മുതല്‍ അഞ്ച് വര്‍ഷം വരെ തടവാണ് നിലവില്‍ ലഭിച്ചിരുന്നത്.

അതേസമയം വിധിക്കെതിരെ ജര്‍മന്‍ കത്തോലിക്ക സഭ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. മാനസികവും ശാരീരികവുമായ വൈകല്യമുള്ള 300,000 പേരെ കൊലപ്പെടുത്താനുള്ള നാസി പ്രചാരണം കാരണം അസിസ്ററഡ് ഡൈയിംഗ്, ദയാവധം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജര്‍മനിയില്‍ പ്രത്യേകിച്ചും ഒരു സെന്‍സിറ്റീവ് പ്രശ്നമാണ്. നാസികള്‍ കൊലപാതകത്തെ "ദയാവധ പരിപാടി" എന്നാണ് എക്കാലവും വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ