വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനവുമായി ജര്‍മനി
Wednesday, February 26, 2020 10:18 PM IST
ബർലിൻ: വംശീയതയ്ക്കെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജര്‍മനിയുടെ ആഹ്വാനം. ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ആണ് രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.

വംശീയമായ മുന്‍വിധികള്‍ തുടച്ചുനീക്കാന്‍ എല്ലാ രാജ്യങ്ങളിലും ശ്രമങ്ങളുണ്ടാകണമെന്ന് ആവശ്യപ്പെട്ട മാസ്, വംശീയതയും വിദ്വേഷവുമാണ് കഴിഞ്ഞ ആഴ്ച ജര്‍മനിയില്‍ പത്തു പേരുടെ ജീവനെടുത്ത ആക്രമണത്തിനു പിന്നിലെന്നും ചൂണ്ടിക്കാട്ടി.

വിദ്വേഷത്തില്‍ അധിഷ്ടിതമായ കുറ്റകൃത്യങ്ങളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം. വംശീയത ഒരു രോഗമാണ്. ലോകം മുഴുവന്‍ അതിന്റെ തിക്തഫലം അനുഭവിക്കുന്നുണ്ടെന്നും ഹെയ്കോ മാസ് കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ