ലണ്ടൻ മലയാള സാഹിത്യവേദി "പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 ന്
Friday, February 28, 2020 12:18 AM IST
ലണ്ടൻ: മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന "പുരസ്കാരസന്ധ്യ 2020' ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടക്കും. ചടങ്ങിൽ മലയാള കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നൽകി ആദരിക്കും.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തും. ലണ്ടൻ മലയാള സാഹിത്യവേദി കോഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓർഡിനേറ്റർ സന്തോഷ്‌ ഫിലിപ്പ് നന്തികാട്ട് നന്ദിയും പറയും.

പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എംപി യും മുൻ കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. പോൾ മണലിലും ആശസകൾ നേർന്നു സംസാരിക്കും.

കിളിരൂർ രാധാകൃഷ്ണൻ , കെ.എ. ഫ്രാൻസിസ് , കാരൂർ സോമൻ , മാത്യു നെല്ലിക്കുന്ന് , ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നൽകി ആദരിക്കും.