സംഗീതോത്സവം സീസണ്‍ 4: ബെനഡിക്ട് ഷൈന്‍, വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ ആദരിക്കുന്നു
Friday, February 28, 2020 3:54 PM IST
ലണ്ടന്‍: സംഗീതവും നൃത്തവും കോര്‍ത്തിണക്കി യുകെയിലെ പ്രമുഖ യുവഗായകരും മുതിര്‍ന്നവരുമടക്കം 45 ഓളം ഗായകപ്രതിഭകള്‍ അണി ചേര്‍ന്നു സംഗീത വിസ്മയമൊരുക്കുന്ന സംഗീതോത്സവം സീസണ്‍ 4 വേദിയിൽ ജ്ഞാനപീഠം ജേതാവ് പദ്മശ്രീ ഒഎന്‍വി കുറുപ്പ് അനുസ്മരണത്തിനൊപ്പം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മൂന്നു വ്യക്തികളെ ആദരിക്കുന്നതിനും സാക്ഷ്യം വഹിക്കും.

പൊതുപ്രവര്‍ത്തന രംഗത്തു മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യുക്മ സ്ഥാപക പ്രസിഡന്‍റ് വര്‍ഗീസ് ജോണ്‍, മാധ്യമരംഗത്തും കലാ സാംസ്കാരിക സംഘടനാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), തോപ്പില്‍ ജോപ്പന്‍, ജോസഫ് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തു ശ്രദ്ധിക്കപ്പെട്ട യുകെ മലയാളിയായ ബെനഡിക്ട് ഷൈന്‍ എന്നിവരെ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 4 ന്‍റെ വേദിയില്‍ ആദരിക്കും.

ബ്രിസ്റ്റോള്‍ ബ്രാഡ് ലിസ്റ്റോക്ക് കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ, യുക്മ നാഷണല്‍ പ്രസിഡന്‍റ് മനോജ് പിള്ള എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖ്യസ്പോണ്‍സറായി ഒരുക്കുന്ന സംഗീതോത്സവത്തില്‍ 15 ല്‍പരം ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകളും ഒരുക്കിയിട്ടുണ്ട്.

കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന ഫുള്‍ എച്ച്ഡി എല്‍ഇഡി സ്ക്രീന്‍ സംഗീതോത്സവം സീസണ്‍ 4 നു മാറ്റേകും.പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി ലൈവ് സംപ്രേഷണം ചെയ്യും. മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോര്‍ഡിന്‍റെ (കെസിഎഫ്) വനിതകള്‍ ഒരുക്കുന്ന ലൈവ് ഭക്ഷണശാലയും വേദിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കും.

വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൗണ്ടേഷനുമായി (കെസിഎഫ്) സഹകരിച്ചു നടത്തുന്ന പരിപാടികള്‍ ഫെബ്രുവരി 29 നു (ശനി) ഉച്ചകഴിഞ്ഞ് 3 മുതല്‍ 11 വരെ വാറ്റ്ഫോര്‍ഡിലെ ഹോളി വെല്‍ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടി.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന കലാമാമാങ്കത്തിലേക്ക് ഏവരെയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ജോമോന്‍ മാമ്മൂട്ടില്‍ 07930431445, സണ്ണിമോന്‍ മത്തായി 07727 993229, മനോജ് തോമസ് : 07846 475589.

വേദിയുടെ വിലാസം : HolyWell Communtiy Cetnre,Watford,WD18 9QD.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ