ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്‌കാര സന്ധ്യയില്‍ പ്രതിഭകളെ ആദരിച്ചു
Wednesday, March 4, 2020 11:56 AM IST
കോട്ടയം: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 നു ശനിയാഴ്ച വൈകുന്നേരം നാലിനു കോട്ടയം ഹോട്ടല്‍ അര്‍ക്കാഡിയയില്‍ നടന്നു . ചടങ്ങില്‍ മലയാള കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകള്‍ ചൊല്ലി. ലണ്ടന്‍ മലയാള സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓര്‍ഡിനേറ്റര്‍ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എംപി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, പത്രപ്രവര്‍ത്തകനും കേരള ലളിതകല അക്കാദമി മുന്‍ ചെയര്‍മാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്
കെ.എ. ഫ്രാന്‍സിസ് , ലണ്ടനില്‍ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികള്‍ രചിച്ച പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍, അമേരിക്കന്‍ സാഹിത്യ-സാംസ്‌കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നില്‍ക്കുന്ന മാത്യു നെല്ലിക്കുന്ന്, ജര്‍മനിയിലെ കലാസാംസ്‌കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.