ഇറ്റലിയിൽ അടിയന്തരാവസ്ഥ നീട്ടിയേക്കും
Saturday, July 11, 2020 9:07 PM IST
റോം: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സൂചന നല്‍കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇത് അടുത്ത മാസത്തേക്കു കൂടി നീട്ടാനാണ് ആലോചന.

വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ഇറ്റാലിയന്‍ ഭരണകൂടം പിന്തുടര്‍ന്നു വരുന്ന രീതിയാണിത്. അടിയന്തരാവസ്ഥയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ചുവപ്പു നാടകള്‍ മറികടന്നു വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സാധിക്കും.

ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ചു മരിച്ചത് 35,000 പേരാണ്. ചൈനയ്ക്കു ശേഷം ആദ്യമായി മഹാമാരി ആഞ്ഞടിച്ച രാജ്യമായിരുന്നു ഇറ്റലി. 242,000 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.

ഇപ്പോള്‍ വൈറസ് ബാധയുടെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ നീട്ടുന്നതു പരിഗണിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ