3,500 കേന്ദ്രങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രക്ഷോഭം
Sunday, September 27, 2020 1:05 PM IST
സ്റ്റോക്ഹോം: കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടന്നു വരുന്ന ഫ്റൈഡേ ഫോര്‍ ഫ്യൂച്ചര്‍ പ്രക്ഷോഭം ഇത്തവണ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 3500 സ്ഥലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു.

ലോകനേതാക്കളില്‍നിന്ന് അടിയന്തര നടപടിയാവശ്യപ്പെട്ടായിരുന്നു ഇത്തവണത്തെ പ്രക്ഷോഭം. ലോകമെമ്പാടും സ്കൂള്‍വിദ്യാര്‍ഥികളും യുവാക്കളും തെരുവിലിറങ്ങി. കോവിഡ് വ്യാപനത്തിനിടെ സാമൂഹികഅകലം പാലിച്ചായിരുന്നു പ്രകടനങ്ങള്‍. ചിലയിടങ്ങളില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിനുപേര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്ററ് പങ്കുവെച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സ്വീഡനില്‍ ഗ്രെറ്റ ത്യുന്‍ബെയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 50 പേര്‍ മാത്രമാണിവിടെ സമരത്തില്‍ പങ്കെടുത്തത്. 2018 ഓഗസ്ററില്‍ തുടങ്ങിയ ഗ്രെറ്റയുടെ വെള്ളിയാഴ്ചസമരത്തിന് 110 ആഴ്ചയാവുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഓസ്ട്രേലിയ, ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ളാദേശ്, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ചൈന, യു.എസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം നടന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ