ജർമനിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 19,000 കടക്കുമെന്ന് മെര്‍ക്കലിന്‍റെ മുന്നറിയിപ്പ്
Tuesday, September 29, 2020 11:12 PM IST
ബെര്‍ലിന്‍: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രിസ്മസ് ആകുന്നതോടെ 19,200 വരെയെത്താമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കൽ മുന്നറിയിപ്പു നൽകി. ഇപ്പോഴത്തെ അവസ്ഥയില്‍ ചാന്‍സലര്‍ എന്ന നിലയിൽ ആശങ്കയുണ്ടെന്നും അതിനാൽ എല്ലാവരും മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് കോവിഡ് വ്യാപനം തടയണമെന്നും വക്താവ് സ്റ്റെഫാൻ സൈബർട് പറഞ്ഞു. പല യൂറോപ്യന്‍ രാജ്യങ്ങളിലും രോഗ വ്യാപനം നിയന്ത്രണാതീതമായി വര്‍ധിക്കുന്നതും സൈബർട് ചൂണ്ടിക്കാട്ടി.

ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്തിയുമായും മന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനു മുന്നോടിയായാണ് മെര്‍ക്കലിന്‍റെ അഭിപ്രായ പ്രകടനം.

ജർമനിയിൽ കൊറോണ കേസുകളുടെ എണ്ണം ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അണുബാധ നിരക്ക് നിലവിൽ 1.18 എന്ന അനുപാതത്തിൽ നിൽക്കുന്നതായി ബെർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പുതിയ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആക്ടീവ് കേസുകൾ 25,000 ത്തിലധികമാണ്. ആഗോളതലത്തിൽ 22-ാം സ്ഥാനത്തുള്ള ജർമനിയിൽ 2,88,745 രോഗികളാണുള്ളത്. 9,545 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗവിമുക്തി നേടിയത് 2, 52,400 പേരാണ്. 1,56,42,654 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 26,800 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതിൽ 353 പേർ അത്യാഹിത വിഭാഗത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ