യുഎന്‍ വാക്സിന്‍: ജര്‍മനി നൂറു ബില്യന്‍ യൂറോ നൽകി
Saturday, October 3, 2020 9:33 PM IST
ബര്‍ലിന്‍: ആഗോള തലത്തില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് ജര്‍മനി നൂറു മില്യൺ യൂറോ സംഭാവന നല്‍കി. 800 മില്യൺ യൂറോ ആണ് ജര്‍മനി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇനി 35 ബില്യൺ യൂറോ കൂടിയുണ്ടെങ്കിലേ പദ്ധതി യാഥാര്‍ഥ്യമാകൂ.

അതേസമയം വികസ്വര രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ ആവശ്യത്തിന് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്നതിലേക്കാണ് ജര്‍മനി ഈ തുക നല്‍കുന്നതെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

2021 മാർച്ചിനകം ജർമനിയിൽ കോവിഡ് വാക്സിൻ വിതരണത്തിനായി സജ്ജമാകുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ അറിയിച്ചു. ഹൃദ്രോഹികൾക്കും പ്രമേഹ രോഗികൾക്കും ശ്വാസകോശ സംബന്ധമായി രോഗമുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമായിരിക്കും ആദ്യ പരിഗണന. ജർമനിയിലെ മൂന്നു പ്രമുഖ കന്പനികൾ കോവിഡ് വാക്സിന്‍റെ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ ജർമൻ നിർമിത കോവിഡ് വാക്സിന് അംഗീകാരം നൽകാനാവുമെന്നും ജെൻസ് സ്ഫാൻ പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ കടുത്ത നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. സ്പെയ്ൻ, പോളണ്ട്, ഫിൻലൻഡ്, ചെക്ക് റിപ്പബ്ലിക്, സ്ളോവാക്യ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച തന്നെ പുതിയ നിയന്ത്രണങ്ങളിൽ പ്രാബല്യത്തിലായി.

നെതർലൻഡ്സ്, വടക്കൻ അയർലൻഡ്, ചെക്ക് റിപ്പബ്ളിക്, ലാത്വിയ, സ്ളോവാക്യ, റോമാനിയ എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം റിക്കാർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഫ്രാൻസിൽ വീണ്ടും പ്രതിദിന രോഗബാധ പതിനായിരം പിന്നിട്ടു. ജർമനിയിൽ ഒക്ടോബർ മൂന്നിലെ കണക്കുകൾ പ്രകാരം 2563 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ