ഒഐസിസി ഇറ്റലി നിർമിച്ച വീടിന്‍റെ താക്കോൽദാനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു
Friday, October 16, 2020 9:07 PM IST
പാറക്കടവ്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎയുടെ നിയമസഭ സമാജിക ഗോൾഡൻ ജൂബിലിയുടെ സ്മരണയ്ക്കായി ജോമോൻ തോമസ് കുഴിക്കാട്ടിലിന്‍റെ നേതൃത്വത്തിൽ ഒഐസിസി ഇറ്റലി (റോമ) നിർമിച്ച് കെപിസിസിക്കുവേണ്ടി സമർപ്പിച്ച ഭവനത്തിന്‍റെ താക്കോൽ ദാനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.

ഒക്ടോബർ 13 നു നടന്ന ചടങ്ങിൽ ഒഐസിസി ഇറ്റലി (റോമ) ജോയിന്‍റ് സെക്രട്ടറി ജോസഫ് വലിയപറന്പിൽ സ്വാഗതം ആശംസിച്ചു. എറണാകുളം എംഎൽഎ ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. ഭവനനിർമാണത്തിന്‍റെ തുക കെപിസിസിക്കുവേണ്ടി അങ്കമാലി എംഎൽഎ റോജി എം. ജോണ്‍ കൈമാറി. മുൻ എംഎൽഎ പി.ജെ.ജോയി മുഖ്യപ്രഭാഷണം നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുബാഷ്, ഒഐസിസി ഇറ്റലി (റോമ) കോഓർഡിനേറ്റർ ബെർബി ഫെർണാണ്ടസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. കെ.എസ്.ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.പി.നാരായണൻ , ജില്ലാ ബ്ലോക്ക് നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പാറക്കടവ് പ്രളയാനന്തര കൂട്ടായ്മ ചെയർമാനും ഭവനർനിർമാണ കമ്മിറ്റി ചെയർമാനുമായ പൗലോസ് കല്ലറയ്ക്കൽ നന്ദി പറഞ്ഞു.

പാറക്കടവ് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ സുനിത കുന്നുംപുറത്തിനാ‍ണ് വീട് ലഭിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ