ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Friday, March 5, 2021 9:14 PM IST
ലണ്ടൻ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന ഫിലിപ്പ് രാജകുമാരനെ തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സർക്കാർ ഉടമസ്ഥതയിലുള്ള സെന്‍റ് ബാർത്തലോമിവ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ലണ്ടനിലെ കിംഗ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിലേക്കാണ് മാറ്റിയത്. കുറച്ചു ദിവസങ്ങൾ കൂടി അദ്ദേഹം ഇവിടെ ചികിത്സയിൽ തുടരുമെന്ന് കൊട്ടാര വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂണിൽ നൂറു ​​വയസ്സ് തികയുന്ന എഡിൻബർഗ് ഡ്യൂക്കിനെ മഞ്ഞയും പച്ചയും നിറമുള്ള നാഷണൽ ഹെൽത്ത് സർവീസിന്‍റെ ആംബുലൻസിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ ഫിലിപ്പ് രാജകുമാരന്‍റെ ആരോഗ്യനില വഷളായതിനെതുടർന്നു ഫെബ്രുവരി 16നാണ് ചികിത്സക്കായി കിംഗ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയോളം അദ്ദേഹം അവിടെ ചികിത്സയിൽ ആയിരുന്നു. തുടർന്ന് രോഗം മൂർച്ഛിക്കുകയും അദ്ദേഹത്തെ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.