ബെർലിൻ: ബാഡൻ-വുർട്ടംബർഗ് സംസ്ഥാനത്തിലെ എസ്ളിംഗൻ ആം നെക്കറിലെ കാതറിനൻസ് സ്കൂളിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ കത്തിയാക്രമണത്തിൽ ഒരു അധ്യാപികയ്ക്കും ഏഴുവയസുള്ള പെണ്‍കുട്ടിക്കും പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി കുത്തേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റകൃത്യത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സ്കൂൾ പരിസരത്ത് വെച്ചാണ് സംഭവം.
സ്കൂളിൽ പരിചാരകരും കുട്ടികളുമായി ഒരു അവധിക്കാല പരിചരണമുണ്ടായിരുന്നു. സ്കൂളിൽ നിന്നാണ് അടിയന്തര കോൾ വന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. എന്നാൽ, സ്കൂളിൽ വെച്ചാണോ സംഭവം നടന്നതെന്നും സ്ത്രീയും കുട്ടിയും ഹോളിഡേ കെയറിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കുറ്റവാളി അഭയാർഥിയാണന്നും സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.