ഡോ. കെ.സി.സുരേഷിന് സാഹിത്യശ്രേഷ്ഠ പുരസ്കാരം
Thursday, November 9, 2017 1:29 PM IST
പെർത്ത്: മലയാളി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ നവാഗത എഴുത്തുകാർക്കായുള്ള പ്രഥമ സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് ഡോ. കെ.സി.സുരേഷിന് തിരഞ്ഞെടുത്തു. നവംബർ 18 ന് (ശനി) പെർത്തിൽ നടക്കുന്ന സാംസ്കാരിക സദസിൽ വച്ച് മലയാളത്തിന്‍റെ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പുരസ്കാരം സമ്മാനിക്കും.

മൂവാറ്റുപുഴ സ്വദേശിയായ ഡോ. സുരേഷിന്‍റെ “ശിഖരങ്ങൾ തേടുന്ന വവ്വാലുകൾ എന്ന ചെറുകഥയും കാവുതീണ്ടുന്ന കരിന്പനകൾ എന്ന സാഹിത്യ സൃഷ്ടിയുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

സംസ്ഥാന സർക്കാർ സർവീസിൽ വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ഡിപ്പാർട്ട്മെന്‍റിൽ നിന്നും വിരമിച്ച കെ.സി.സുരേഷ് ഇപ്പോൾ കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തുവരികയാണ്. സാഹിത്യ വാസനക്കൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ഡോ. സുരേഷ് മുവാറ്റുപുഴ മുനിസിപ്പൽ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകൻ കൂടിയായിരുന്നു ഗ്രന്ഥകർത്താവ്. വാൽമീകി ബുക്സ് എന്ന ഓണ്‍ലൈൻ ബുക്സ് പോർട്ടലിൽ 12 ഓളം രചനകൾ സുരേഷിന്േ‍റതായുണ്ട്.

പെർത്തിലെ കലാ സാംസ്കാരിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തിവരുന്ന ഷൈജു കോലഞ്ചേരി (കവിത) ചാണ്ടി മാത്യു (കഥ, നാടകം) റ്റിജു ജോർജ് സഖറിയ (ചെറുകഥാ,സാഹിത്യം) അഭിലാഷ് നാഥ് (സിനിമ)

അനിത് ആന്‍റണി (ഷോർട്ട് ഫിലിം) എന്നിവർക്കും ഓസ്ട്രേലിയയിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ച മലയാളം നോവലിന്‍റെ രചയിതാവായ അഡലൈഡ് സ്വദേശി അനിൽ കോനാട്ടിനും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ ടിജു ജോർജ് സഖറിയ അറിയിച്ചു.

റിപ്പോർട്ട്: കെ.പി. ഷിബു