വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച കേസ്; ഡ്രൈവറെ കണ്ടെത്താൻ സഹായം തേടി പോലീസ്
Thursday, May 5, 2022 10:30 PM IST
പി.പി. ചെറിയാൻ
ഡാളസ്: ഡാളസിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.

സഹോദരങ്ങൾ ഉൾപ്പെടെ അഞ്ചുപേർ സഞ്ചരിച്ച കാറിൽ പെട്ടെന്നു ദിശതെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് വന്നിടിക്കുകയായിരുന്നു. എസ്പറാൻസ് റോഡിൽ 13,900 ബ്ലോക്കിലായിരുന്നു സംഭവം.

കാറോടിച്ചിരുന്ന ക്രിസ്റ്റൽ (16), സഹോദരൻ ആൻഡ്രിസ് (15) എന്നിവരാണു മരിച്ചത്. ഇവർ റിച്ചാർഡ്സണിലെ ജെ. ജെ. പിയേഴ്സ് ഹൈസ്കൂൾ വിദ്യാർഥികളാണ്.പിൻസീറ്റിലുണ്ടായിരുന്ന മൂന്നുപേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാൾ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംമ്പ്രാനൊ റിവറാ എന്നാണ് ഇയാളുടെ പേരെന്നു പോലീസ് പറഞ്ഞു.

(Rivera) റിവറെയെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് കെന്നത്ത് വാട്ട്സനെ 214 671 0015 നമ്പറിൽ വിളിച്ചു ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.