പ്രഫ. ഡോ.ജോസ് ജെയിംസിന്‍റെ ന്യൂയോർക്ക് സന്ദർശനം ഓഗസ്റ്റ് 23 മുതൽ
Friday, August 16, 2019 7:38 PM IST
ന്യൂയോർക്ക്: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറും മുൻ കായിക വകുപ്പ് മേധാവിയുമായിരുന്ന പ്രഫ.ഡോ.ജോസ് ജെയിംസ് ന്യൂയോർക്ക് സന്ദർശിക്കുന്നു.

കാനഡയിൽ നിന്നും ഓഗസ്റ്റ് 23നു (വെള്ളി) ന്യൂയോർക്കിലെത്തുന്ന അദ്ദേഹം മൂന്നു ദിവസത്തെ ഹൃസ്വ സന്ദർശനത്തിനു ശേഷം 26നു കേരളത്തിലേക്ക് മടങ്ങും. അനവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് നാലാം തവണയാണ് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നത്.

1998 മുതൽ 2004 വരെ എം.ജി.യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗൺസിലംഗം, സിൻഡിക്കേറ്റ് സെക്രട്ടറി, എംജി യൂണിവേഴ്സിറ്റി കോളജ് ഡവലപ്മെന്‍റ് കൗൺസിൽ ഡയറക്ടർ, റിസർച്ച് ഗൈഡ്, അഖിലേന്ത്യാ യൂണിവേഴ്സിറ്റിയുടെയും യുജിസി യുടെയും വിവിധ കമ്മിറ്റികളിൽ അംഗം, യു‌എഇ യിലെ റാസൽഖൈമ റോയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഡീൻ, മാലി ദ്വീപിലെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് കൺസൾറ്റൻറ്, മാലി ദ്വീപ് ഐലൻഡ് ഡവലപ്മെന്‍റ് കമ്പനി അക്കാഡമിക് ഡയറക്ടർ തുടങ്ങിയവ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തിൽ അനവധി കായികമേളകൾ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്‍റ് ചീഫ് ടെക്നിക്കൽ കോഓർഡിനേറ്റർ ആയിരുന്നു.

ഇന്ത്യൻ അസോസിയേൻ ഓഫ് സ്‌പോർട്സ് മാനേജ്‌മെന്റ് സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധികീരിച്ചിട്ടുണ്ട്.

കത്തോലിക്ക സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയൻ കോളജ് ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

വിവരങ്ങൾക്ക്: പ്രഫ. ജെയിംസ് ജോസഫ് 347 278 5973, 91 9447150789 (വാട്സ് ആപ്പ്)

റിപ്പോർട്ട്: ജീമോൻ റാന്നി