ലോസ് ആഞ്ചലസ് സെന്‍റ് പയസ് ടെന്‍റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാൾ ഭക്തിനിർഭരമായി
Friday, September 13, 2019 8:43 PM IST
ലോസ് ആഞ്ചലസ്: സെന്‍റ് പയസ് ടെന്‍റ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ പത്താം പിയൂസിന്‍റെ തിരുനാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ കൊടിയേറ്റുകർമം നിർവഹിച്ചതോടെ തിരുനാളിനു തുടക്കം കുറിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനയിൽ ഫാ. മാത്യു മുഞ്ഞനാട്ട് മുഖ്യ കാർമികത്വം വഹിച്ചു.

ഞായറാഴ്ച നടന്ന തിരുനാൾ റാസയിൽ ഫാ. ബോബൻ വട്ടംപുറത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാ.കുര്യാക്കോസ് കുമ്പക്കീൽ, ഫാ.അബ്രോസ്, ഫാ.സിജു മുടക്കോടിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ഷിന്‍റോ പനച്ചിക്കാട്ട് തിരുനാൾ സന്ദേശം നൽകി. തുടർന്നു ആഘോഷമായ പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശിർവാദവും നടന്നു. തിരുനാളിന്‍റെ രണ്ടു ദിവസങ്ങളിലും കലാസന്ധ്യയും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

സെന്‍റ് സ്റ്റീഫൻസ് കൂടാര യോഗത്തിലെ കുടുംബാംഗങ്ങളായിരുന്നു ഇത്തവണ തിരുനാൾ പ്രസുദേന്തിമാർ. വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാരായ ജോസഫ് വട്ടാടികുന്നേൽ, ഫിലിപ്പ് ഓട്ടപ്പള്ളി, തിരുനാൾ കൺവീനർ വി.സി. കല്ലിപ്പുറത്ത്, കുടാരയോഗം പ്രസിഡന്‍റ് ജോസ് കൊങ്ങംപുഴക്കാലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാളിന് നേതൃത്വം നൽകി

റിപ്പോർട്ട്: സിജോയ് പറപ്പള്ളി