ഹോളി ട്രാൻസ്ഫിഗറേഷൻ സെന്‍ററിൽ 73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി
Friday, October 11, 2019 10:54 PM IST
ഓറഞ്ചുബർഗ് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അഭിമാനമായ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്‍ററിൽ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും 73,000 ഡോളർ സംഭാവന നൽകി.

ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായേയും ഭദ്രാസന കൗൺസിൽ അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഇടവക വികാരിയും ഭദ്രാസന സെക്രട്ടറിയുമായ റവ. ഡോ. വർഗീസ് എം. ഡാനിയേൽ സ്വാഗതം ചെയ്തു.

സെപ്റ്റംബർ 30നു നടന്ന ചടങ്ങിൽ ഇടവകയുടെ ട്രസ്റ്റിയും സെക്രട്ടറിയും ചേർന്ന് 73,000 ഡോളറിന്‍റെ ചെക്ക് ഭദ്രാസനാധ്യക്ഷനെ ഏൽപിച്ചു.ദൈവത്തിന്‍റെ അളവറ്റ കരുണയാലും ഭദ്രാസനാംഗങ്ങളുടെ പ്രാർഥനയാലും ഉന്നതങ്ങളിലേക്ക് കുതിക്കുന്ന റിട്രീറ്റ് സെന്‍റർ തലമുറകൾക്ക് പ്രയോജനകരമായി മാറുമെന്നതിൽ സംശയമില്ലെന്നു ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ, സാജൻ മാത്യു, കമ്മിറ്റി അംഗങ്ങളായ അജിത് വട്ടശേരിൽ, പോൾ കറുകപ്പള്ളിൽ, കെ.ജി. ഉമ്മൻ ഇടവകയുടെ സെക്രട്ടറി ബിജോ തോമസ് എന്നിവർ സംബന്ധിച്ചു.ഹോളി ട്രാൻസ്ഫിഗറേഷൻ സെന്ററിന്റെ ഫണ്ട് ശേഖരണത്തിൽ പങ്കുചേർന്ന് നല്ല ഒരു തുക സംഭാവനയായി നൽകിയ ഇടവകയോടുള്ള നന്ദിയും സ്നേഹവും കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്:രാജൻ വാഴപ്പള്ളിൽ