ഫോമ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സണ്ണി ഏബ്രഹാമിനെ കല നോമിനേറ്റു ചെയ്തു
Wednesday, December 4, 2019 8:43 PM IST
ഫിലഡല്‍ഫിയ: ഫോമ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനുമായ സണ്ണി ഏബ്രഹാമിനെ നോമിനേറ്റ് ചെയ്തതായി 'കല' പ്രസിഡന്‍റ് ഡോ. ജയ്‌മോള്‍ ശ്രീധര്‍ അറിയിച്ചു.

കഴിഞ്ഞ 42 വര്‍ഷങ്ങളായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവര്‍വാലിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് തികഞ്ഞ കായികപ്രേമികൂടിയായ സണ്ണി ഏബ്രഹാം. കലയുടേയും ഫോമയുടേയും ഔദ്യോഗിക സ്ഥാനങ്ങള്‍ നിരവധി തവണ അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം തികഞ്ഞ പ്രതീക്ഷയോടെയാണ് അംഗ സംഘടനകളും നേതാക്കളും നോക്കിക്കാണുന്നത്.

സ്കൂള്‍ പഠനകാലത്തുതന്നെ ബാലജനസഖ്യങ്ങളിലൂടെ സംഘടനാ രംഗത്ത് കടന്നുവന്ന സണ്ണി ഏബ്രഹാം നിരവധി കലാ സാംസ്കാരിക മുന്നേറ്റങ്ങളുടേയും കായിക മാമാങ്കങ്ങളുടേയും അമരക്കാരനായിരുന്നു. ആത്മീയ ആചാര്യന്മാരും രാഷ്ട്രീയ നേതാക്കന്മാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുമുള്‍പ്പടെ വന്‍ സുഹൃദ് സഞ്ചയത്തിനുടമയാണ് അദ്ദേഹം.


ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് മാത്യു സി.പി.എ, ജോജോ കോട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം