റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസ് വീസ വൈകിപ്പിച്ചതായി ആരോപണം
Thursday, December 5, 2019 9:27 PM IST
വാഷിംഗ്ടണ്‍: റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വീസ നല്‍കുന്നത് അമേരിക്ക മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് മോസ്കോ ആരോപിച്ചു. ഈ നടപടി ഇതിനകം തന്നെ ഇരു രാജ്യങ്ങളുമായുള്ള തകര്‍ന്ന ബന്ധത്തെ കൂടുതല്‍ തകര്‍ക്കുമെന്നും മോസ്കോ.

ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന അന്താരാഷ്ട്ര ഓഡിറ്റ് മാനേജ്മെന്‍റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനിരുന്ന റഷ്യന്‍ ട്രഷറി ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തിനു വീസ നല്‍കാന്‍ മോസ്കോയിലെ യുഎസ് എംബസി വിസമ്മതിച്ചതായി വാഷിംഗ്ടണിലെ റഷ്യന്‍ എംബസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുടന്തന്‍ ന്യായം കാരണം അവരുടെ സ്വന്തം കോണ്‍സുലാറുകളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്,' എംബസി പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് അധികാരികളുടെ ഇത്തരം നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മോസ്കോയിലെ യുഎസ് എംബസി ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല, എന്നാല്‍ 2017 ല്‍ റഷ്യയിലെ തങ്ങളുടെ സ്റ്റാഫുകളുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ മോസ്കോ ഉത്തരവിട്ടതു മുതല്‍ കോണ്‍സുലാര്‍ വിഭാഗത്തില്‍ മതിയായ സ്റ്റാഫുകളില്ലെന്ന് യുഎസ് എംബസി പ്രതികരിച്ചു. എന്നാല്‍ യു എസ് എംബസിയുടെ അവകാശവാദങ്ങളെ വിശ്വസിക്കുന്നില്ലെന്ന് റഷ്യന്‍ എംബസി അറിയിച്ചു.

മോസ്കോയ്ക്കെതിരായ ഉപരോധ ബില്ലിന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന്, റഷ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടിവന്നിരുന്നു.

സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെെ എക്യരാഷ്ട്ര പൊതുസഭയിലേക്ക് പോകുന്ന ഒരു റഷ്യന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് വീസ നല്‍കാന്‍ വാഷിംഗ്ടണ്‍ വിസമ്മതിച്ചിരുന്നു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ