തത്വമസി തത്വം പകര്‍ന്നു ഷിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി
Monday, January 13, 2020 8:19 PM IST
ഷിക്കാഗോ: ഭൗതിക സുഖങ്ങൾക്കു പിന്നാലെ ഓടുന്ന ജീവിതങ്ങള്‍ക്ക്, ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കിയ അറുപതു നാളുകള്‍ക്കുശേഷം, ആനന്ദ് പ്രഭാകറിന്‍റേയും പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍ സ്വാമികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ മണ്ഡലമകര വിളക്ക് പൂജകള്‍ ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഷിക്കാഗോ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ സമാപനമായി.

കൊടിയ തണുപ്പിനെയും അവഗണിച്ച് മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്ഭക്തജന തിരക്കാണ് .ക്ഷേത്ര സന്നിധിയില്‍ അനുഭവപ്പെട്ടത്.

വൈകുന്നേരം 5 ന് മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഭിഷേകം നടത്തി തുടര്‍ന്നു വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷ ത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയശേഷം ആണ് 2019 2020 മകരവിളക്ക് പൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു ശരണാഘോഷ മുഖരിതവും വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്‍റെ തിരുസന്നിധാനത്തില്‍ ദീപാരാധന നടത്തി. തുടന്നു നടന്ന കലശപൂജകള്‍ക്കും സങ്കല്‍പ്പ പൂജകള്‍ക്കും ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി. ശേഷം അയ്യപ്പന്‍റെ പ്രിയപ്പെട്ട അഭിഷേകമായ പുഷ്പാഭിഷേകത്താല്‍ പൂമൂടല്‍ നടത്തി.

തുടര്‍ന്നു ഷിക്കാഗോയിലേയും, ഫേസ്ബുക്ക് വഴി അയ്യപ്പ പൂജകള്‍ ലൈവായി കണ്ടുകൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പഭക്തര്‍ക്കും ദിവ്യാനുഭൂതി പകര്‍ന്നുകൊണ്ട് ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ ആനന്ദ് പ്രഭാകറിന്‍റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും തലപൊലിയുടെയും അകമ്പടിയോടെ ബിജു കൃഷ്ണന്‍ സ്വാമി തലയില്‍ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, ശാസ്ത്രാ സൂക്തം ഉരുക്കഴിച്ച്, ആരതി ഉഴിഞ്ഞ് ശ്രീ അനുരാഗ് ഗുരുക്കള്‍ സ്വീകരിച്ച്, തിരുവാഭരണപ്പെട്ടി സന്നിധാനത്തില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും, മുന്നില് പടിപൂജയും, നമസ്കാര മന്ത്രങ്ങളും, അഷ്‌ടോത്തര അര്‍ച്ചനയും, ദീപാരാധനയും, മന്ത്രപുഷപവും, സാമവേദ പാരായണവും, ഉറക്കുപാട്ടും, ഹരിവരാസനവും പാടി നട അടച്ചു. ശേഷം ചിക്കാഗോ ഗീതാമണ്ഡലം സ്ത്രീ ശക്തി കുടുംബാംഗങ്ങള്‍ ത്തിനായിദീര്‍ഘമംഗല്യത്തിനും കുടുംബസൗഭാഗ്യത്തിനുമായി അയ്യപ്പ സ്വാമിക്കായി അതിമനോഹരമായ ഹരിവാരസനം തിരുവാതിര കാണിക്കയായി സമര്‍പ്പിച്ചു. അതിനുശേഷം നടന്ന മഹാ പ്രസാദത്തോടെ വിതരണത്തോടെ 2019 2020 ചിക്കാഗോ ഗീതാമണ്ഡലം മകരവിളക്ക് പൂജകള്‍ക്ക് സമാപനം ആയി.

തുടര്‍ന്നു ഷിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്‍റ് ശ്രീ ജയ് ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അയ്യപ്പ സമാഗമ സമ്മേളനം കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്കുട്ടി ഉദ്ഘാടനം ചെയ്തു. "അയ്യപ്പ തത്വവും ശബരിമല കര്‍മ്മസമിതിയും" എന്ന വിഷയത്തില്‍ കെ എച്ച് എന്‍ എ മുന്‍ അധ്യക്ഷനും ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരിയുമായ സുരേന്ദ്രന്‍ നായര്‍ തിട്ടമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ എച്ച് എന്‍ എ അധ്യക്ഷന്‍ ഡോ. സതീശ് അമ്പാടി, കെ എച്ച് എന്‍ എ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് കൊച്ചുണ്ണി, കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍, കെ എച്ച് എന്‍ എ മുന്‍ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, മറ്റു കെ എച്ച് എന്‍ എ ഭാരവാഹികളും ആശംസകള്‍ നേർന്നു. ചടങ്ങിൽ ജയ് ചന്ദ്രന്‍ ഷിക്കാഗോയുടെ സ്വന്തം അനുഗ്രഹീത യുവ കവി ശ്രീ മഹേഷ് കൃഷ്ണനെ അദ്ദേഹത്തിന്‍റെ സാഹിത്യ സംഭാവനകള്‍ക്കായി പൊന്നാട നല്‍കി ആദരിച്ചു.

ഈവര്‍ഷത്തെ മകരവിളക്ക് പൂജ സ്‌പോണ്‍സര്‍ ചെയ്ത ജയ് ചന്ദ്രനും കുടുബത്തിനും, അയ്യപ്പ പൂജകള്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ബിജു കൃഷ്ണന്‍ സ്വാമികള്‍ക്കും സഹകാര്‍മികനായി പ്രവര്‍ത്തിച്ച അനുരാഗ് ഗുരുക്കള്‍ക്ക രവി ദിവാകരന്‍, ശിവപ്രസാദ് പിള്ള എന്നിവര്‍ക്കും ഭജനകള്‍ക്ക് നേതൃത്വം നല്‍കിയ സജി പിള്ള, രശ്മി മേനോന്‍ എന്നിവര്‍ക്ക ഗീതാമണ്ഡലം സ്പിരിച്വല്‍ ലീഡര്‍ ആനന്ദ് പ്രഭാകര്‍, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്‌പോണ്‍സര്‍ ചെയ്ത ഭക്തര്‍ക്കും ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഈവര്‍ഷത്തെ അയ്യപ്പ പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം