പുതുവർഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Thursday, January 16, 2020 7:00 PM IST
ഹണ്ട്സ്‍വില്ല: പുതുവർഷത്തിലെ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്സസിലെ ഹണ്ട്സ്‍വില്ല ജയിലിൽ ജനുവരി 15 നു വൈകിട്ടു 6.30 നു നടപ്പാക്കി. മിസിസിപ്പിയിൽ നിന്നുള്ള ജോൺ ഗാർഡറുടേതായിരുന്നു വധശിക്ഷ.

2005 ലായിരുന്നു സംഭവം. വിവാഹബന്ധം വേൾപ്പെടുത്താൻ തീരുമാനിക്കുന്നതിനിടെ നോർത്ത് ടെക്സസിൽ ഭാര്യ റ്റാമി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ ഇരിക്കുകയായിരുന്ന ഭാര്യയെ വെടിവച്ചു കൊന്ന കേസിലാണ് ഇയാളെ വധശിക്ഷക്കു വിധിച്ചത്. ജീവിച്ചിരിക്കുമ്പോൾ വിവാഹബന്ധം വേർപെടുത്താൻ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭർത്താവ് ജോണ്‍ ഗാർഡനർ (64) വെടിയുതിര്‍ത്തത്.

റ്റാമി ജോണിന്‍റെ അ‍​​ഞ്ചാമത്തെ ഭാര്യയായിരുന്നു. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാൾക്ക് വിനോദമായിരുന്നു.വധശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കകം മരണം സ്ഥീകരിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിൽ അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ടെക്സസ്. 2019ൽ ആകെ അമേരിക്കൻ നടപ്പാക്കിയ 22 എണ്ണത്തിൽ ഒമ്പതും ടെക്സസിലായിരുന്നു. മാരകമായ വിഷമിശ്രിതം കുത്തിവച്ചു നടത്തുന്ന വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിർബാധം തുടരുകയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ