ട്രംപിന്‍റെ അധികാരം പരിമിതപ്പെടുത്തി സെനറ്റിൽ പ്രമേയം
Friday, February 14, 2020 9:49 PM IST
വാഷിങ്ടൻ ഡിസി: ഇറാനെതിരെ ആക്രമണം നടത്തുന്നതിനുള്ള അമേരിക്കൻ പ്രസിഡന്‍റിന്‍റെ അധികാരം പരിമിതപ്പെടുത്തി യുഎസ് സെനറ്റ് പ്രമേയം പാസാക്കി. ഇറാനെതിരെ യുദ്ധം വേണ്ട എന്നാണ് പ്രമേയത്തിൽ ചൂണ്ടികാണിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ പാർട്ടിയിലെ എട്ടംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. പ്രമേയത്തിന് അനുകൂലമായി 55 വോട്ടു ലഭിച്ചപ്പോൾ, 45 അംഗങ്ങളാണ് എതിർത്തു വോട്ടു ചെയ്തത്.

സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ചു മെക്കോണലിന്‍റെ എതിർപ്പ് മറികടന്നാണ് അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. ‌‌ഇറാനിയൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടതു കോൺഗ്രസുമായി ആലോചിക്കാതെയാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

വെർജിനിയ ഡമോക്രാറ്റിക് സെനറ്റർ ടിം കെയ്നാണ് പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സൂസൻ കോളിൻസ് (മെയിൻ), റാന്‍റ് പോൾ (കെന്‍റുക്കി), മൈക്ക്‌ലി (യുട്ട) എന്നിവർ പ്രമേയത്തിന്‍റെ സഹഅവതാരകരായിരുന്നു. ഇനി ഇറാനുമായി യുദ്ധം ആവശ്യമെങ്കിൽ കോൺഗ്രസുമായി ആലോചിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ